ന്യൂഡല്‍ഹി: അണ്ണ ഹസാരെ മുന്നോട്ടുവച്ച മൂന്നു നിര്‍ദേശവും ഉള്‍പ്പെടുത്തി ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭയും അംഗീകരിച്ചു. സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷപാര്‍ടികള്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ദിവസങ്ങളായി നിലനിന്ന പ്രതിസന്ധിക്ക് സമാപ്തിയായത്. ശക്തവും ഫലപ്രദവുമായ ലോക്പാല്‍ എന്ന ആവശ്യം പാര്‍ലമെന്റ് ചര്‍ച്ചചെയ്ത് ഏകകണ്ഠമായി അംഗീകരിച്ചതിനാല്‍ 12 ദിവസമായി തുടരുന്ന നിരാഹാരസമരം അണ്ണ ഹസാരെ ഞായറാഴ്ച രാവിലെ അവസാനിപ്പിക്കും. ഇരുസഭയിലും ശനിയാഴ്ച നടന്ന ചര്‍ച്ചയുടെ സാരാംശം പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കൈമാറും.
പാര്‍ലമെന്റ് അംഗീകരിച്ച പ്രമേയമനുസരിച്ച് താഴെത്തട്ടുവരെയുള്ള സര്‍ക്കാര്‍ജീവനക്കാര്‍ ലോക്പാല്‍ പരിധിയില്‍വരും. സംസ്ഥാനങ്ങളില്‍ ഭരണഘടനയ്ക്കനുസൃതമായി ലോകായുക്ത രൂപീകരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസിലും പൗരാവകാശരേഖ സ്ഥാപിക്കും. ഹസാരെസംഘവുമായി തര്‍ക്കമുണ്ടായിരുന്നത് ഈ മൂന്നു നിബന്ധനയിലായിരുന്നു. ആദ്യം ഇവ അംഗീകരിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് നാലുനാളായി തുടരുന്ന ചര്‍ച്ച അനിശ്ചിതത്വത്തിലായി. പ്രതിപക്ഷപാര്‍ടികളെല്ലാം ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടിയും ഹസാരെ ഉന്നയിക്കുന്ന മൂന്നു പ്രശ്നങ്ങള്‍ക്കുവേണ്ടിയും രംഗത്തുവന്നതോടെയാണ് കോണ്‍ഗ്രസ് വഴങ്ങിയത്. രാവിലെ തുടങ്ങിയ ചര്‍ച്ചയ്ക്കൊടുവില്‍ രാത്രി എട്ടരയോടെയാണ് ഇരുസഭയും പ്രമേയം അംഗീകരിച്ചത്. തുടര്‍ന്ന് പ്രമേയത്തിന്റെ പകര്‍പ്പ് മന്ത്രി വിലാസ്റാവു ദേശ്മുഖ് രാംലീല മൈതാനിയിലെത്തി അണ്ണ ഹസാരെയ്ക്ക് നല്‍കി. രാംലീല മൈതാനിയില്‍ ദേശ്മുഖ്തന്നെ പ്രമേയവും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സന്ദേശവും വായിച്ചു. ജനങ്ങളുടെ ഇച്ഛാശക്തി വിജയിച്ചിരിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. തുടര്‍ന്ന് സംസാരിച്ച അണ്ണ ഹസാരെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നന്ദി അറിയിച്ചു. ജന്‍ലോക്പാലിനുവേണ്ടിയുള്ള സമരം ഭാഗികമായി വിജയിച്ചു. എങ്കിലും ഇത് ജനങ്ങളുടെ വിജയമാണ്; മാധ്യമങ്ങളുടെയും വിജയമാണ്. ഈ സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് താന്‍ നിരാഹാരം അവസാനിപ്പിക്കും- ഹസാരെ വ്യക്തമാക്കി.
ശനിയാഴ്ച പകല്‍ 11ന് ലോക്പാല്‍ ബില്‍സംബന്ധിച്ച് മന്ത്രി പ്രണബ് മുഖര്‍ജി പ്രസ്താവന നടത്തി. തുടര്‍ന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് സംസാരിച്ചു. ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടിയാണ് എല്ലാവരും സംസാരിച്ചത്. ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് അഴിമതി തടയാനുള്ള ശക്തമായ നിയമം എന്ന കാര്യത്തില്‍ സമവായമുണ്ടായി. 12 ദിവസമായി അണ്ണ ഹസാരെ നടത്തുന്ന സമരത്തിനൊപ്പമാണ് ജനവികാരമെന്നും അത് കാണാതെ പോയാല്‍ പാര്‍ലമെന്റിന്റെ ഉത്തരവാദിത്തം മറക്കലാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഹസാരെസംഘത്തിന്റെ സമരരീതിയെയും അംഗങ്ങള്‍ ശക്തമായി വിമര്‍ശിച്ചു. ആരെങ്കിലും പറയുന്നതുകേട്ട് അതുപോലെ പ്രവര്‍ത്തിക്കാനുള്ളതല്ല സഭ. ജനങ്ങള്‍ തെരഞ്ഞെടുത്ത് വിട്ടവരാണ് ഇവിടെയിരിക്കുന്നതെന്ന കാര്യം മറക്കരുതെന്നും അംഗങ്ങള്‍ ഓര്‍മിപ്പിച്ചു. മറ്റൊരു വാര്‍ത്തയും ലോകത്തില്ലെന്നവിധം ചില ദൃശ്യമാധ്യമങ്ങള്‍ നടത്തിയ പ്രചാരണവും കടുത്ത വിമര്‍ശനത്തിന് വിധേയമായി. ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന് ചര്‍ച്ചയ്ക്കുശേഷം പ്രണബ് മുഖര്‍ജി ലോക്സഭയെ അറിയിച്ചു. ലോക്പാല്‍ ബില്ലുകൊണ്ടുമാത്രം അഴിമതി തടയാനാകില്ലെന്ന് താന്‍ ഹസാരെ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ബഹുതല പരിഹാരങ്ങളാണ് ആവശ്യം. ലോക്പാലിനൊപ്പം ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലും പരാതിപരിഹാര ബില്ലും കൊണ്ടുവരും- പ്രണബ് പറഞ്ഞു.
(ദിനേശ്വര്‍മ)
നിലപാടുകളില്‍ ചാഞ്ചാടി സര്‍ക്കാര്‍ ; ഡല്‍ഹിയില്‍ നാടകീയരംഗങ്ങള്‍
ന്യൂഡല്‍ഹി: അണ്ണ ഹസാരെ നിരാഹാരം അവസാനിപ്പിക്കുമെന്നും ലോക്പാലിനുവേണ്ടിയുള്ള സമരം തീരുമെന്നും വാര്‍ത്ത പ്രചരിച്ച ശനിയാഴ്ച എല്ലാ നീക്കങ്ങളും ഉണ്ടായത് പാര്‍ലമെന്റിലെ ചര്‍ച്ച കേന്ദ്രീകരിച്ച്. എന്നാല്‍ ഓരോഘട്ടത്തിലും സര്‍ക്കാര്‍ നിലപാടുകള്‍ മാറിമറിഞ്ഞു. ഇത് തലസ്ഥാനത്ത് നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. രാവിലെ മുതല്‍ മന്ത്രിമാരായ പ്രണബ് മുഖര്‍ജി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ ഹസാരെ സംഘത്തിലെ പ്രശാന്ത്ഭൂഷണ്‍ , മേധാപട്കര്‍ , മനീഷ് സിസോദിയ എന്നിവരുമായി ചര്‍ച്ച തുടങ്ങിയിരുന്നു. പ്രമേയമുണ്ടാകും, വോട്ടിനിടും, സഭയുടെ വികാരം ഹസാരെയെ അറിയിക്കും തുടങ്ങി വ്യത്യസ്തമായ അറിയിപ്പുകളാണ് ചര്‍ച്ച നടന്ന ഖുര്‍ഷിദിന്റെ വീട്ടില്‍നിന്ന് പുറത്തുവന്നുകൊണ്ടിരുന്നത്. വെറും ചര്‍ച്ച പോര, തങ്ങള്‍ ഉന്നയിച്ച മൂന്നുനിബന്ധന ഉള്‍ക്കൊള്ളുന്ന പ്രമേയം വോട്ടിനിടണം എന്ന് ഹസാരെ സംഘം ശഠിച്ചു. പാര്‍ലമെന്റിന്റെ ചട്ടക്കൂടിനുള്ളില്‍നിന്നേ പ്രമേയം കൊണ്ടുവരാനാകൂ എന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു. സഭയുടെ വികാരം പൂര്‍ണമായും ഹസാരെക്കൊപ്പമല്ലെന്ന് കണ്ട് പ്രമേയം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ , പ്രമേയം പാസാക്കാതെ സമരം നിര്‍ത്തില്ലെന്ന് ഹസാരെ പ്രഖ്യാപിച്ചു. പ്രമേയം തങ്ങള്‍ക്ക് കാണണമെന്നും ഹസാരെ സംഘം നിര്‍ബന്ധം പിടിച്ചു. ഇതോടെയാണ് ശബ്ദവോട്ടോടെ പ്രമേയം പാസാക്കാമെന്നും പ്രമേയം ഹസാരെയെ കാണിക്കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചത്.
ലോക്പാലില്‍ ഉള്‍പ്പെടുത്തണമെന്ന് തങ്ങള്‍ ഉന്നയിച്ച മൂന്നുകാര്യങ്ങള്‍ക്കും പാര്‍ലമെന്റില്‍ എല്ലാ പാര്‍ടി നേതാക്കളും പിന്തുണ നല്‍കിയിട്ടും സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് ഹസാരെ സംഘം രാവിലെ ആരോപിച്ചു. സമരം തീരുന്നുവെന്ന ആഹ്ലാദത്തില്‍ രാംലീലയില്‍ അനുയായികള്‍ ദേശീയപതാക പാറിക്കുന്നുണ്ടായിരുന്നു രാവിലെ മുതല്‍ . വേദിയില്‍ സംസാരിച്ചവരും സമരം തീര്‍ന്നേക്കുമെന്ന സൂചന നല്‍കി. രണ്ടുദിവസത്തിനു ശേഷം രാവിലെ അനുയായികളെ അഭിസംബോധന ചെയ്ത അണ്ണ ഹസാരെ 150 ലോക്സഭാംഗങ്ങള്‍ ക്രിമിനലുകളാണെന്ന് പറഞ്ഞു. ജനപ്രവാഹത്തില്‍ ആവേശഭരിതനായ ഹസാരെ ഉച്ചയ്ക്കും പ്രസംഗിച്ചു. പൂര്‍ണവിശ്രമം വേണമെന്നും ആശങ്കയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രക്തസമ്മര്‍ദം കുറഞ്ഞു. ഹൃദയമിടിപ്പുകൂടി. വേണ്ടിവന്നാല്‍ ആശുപത്രിയിലേക്ക് മാറ്റാനും നീക്കമുണ്ടായി. എന്നാല്‍ , ഇനിയും നാലുദിവസം കൂടി ഇതുപോലെ പോകാമെന്ന് ഹസാരെ പറഞ്ഞു. നടന്‍ ആമിര്‍ഖാനും സംവിധായകന്‍ രാജ്ഇറാനിയും ഹസാരെയെ സന്ദര്‍ശിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വഴിയിലൂടെ ഹസാരെയുടെ ആവശ്യങ്ങള്‍ നടപ്പാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ നിരാഹാരത്തില്‍നിന്ന് പിന്മാറണമെന്ന് ഹര്‍ഷാരവങ്ങള്‍ക്കിടെ ആമിര്‍ഖാന്‍ അഭ്യര്‍ഥിച്ചു.
പ്രതിസന്ധി രൂക്ഷമാക്കിയത് സര്‍ക്കാരെന്ന് സഖ്യകക്ഷികളും
ന്യൂഡല്‍ഹി: അഴിമതിക്കെതിരെ കര്‍ശനനടപടിയെടുക്കാത്ത യുപിഎ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ കക്ഷിഭേദമെന്യേ രൂക്ഷമായ വിമര്‍ശമുയര്‍ന്നു. ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാര്‍തന്നെയാണെന്ന് പ്രതിപക്ഷാംഗങ്ങളും യുപിഎ സഖ്യകക്ഷികളും പറഞ്ഞു. തീര്‍ത്തും ദുര്‍ബലമായ ലോക്പാല്‍ ബില്‍ പിന്‍വലിച്ച് പുതിയ ബില്‍ കൊണ്ടുവരണമെന്ന ആവശ്യം ഇടതുപക്ഷം ഉയര്‍ത്തിയപ്പോള്‍ പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഡിഎംകെയുംആവശ്യപ്പെട്ടു. പാര്‍ലമെന്റിനെയും രാഷ്ട്രീയക്കാരെയും ഇകഴ്ത്തിക്കാണിക്കുന്ന ഹസാരെയ്ക്കും സംഘത്തിനെതിരെയും രൂക്ഷമായ വിമര്‍ശവും ഉയര്‍ന്നു. ഉപവാസം അവസാനിപ്പിക്കാന്‍ അണ്ണ ഹസാരെയോട് എല്ലാ അംഗങ്ങളും ആവശ്യപ്പെട്ടു. പൗരസമൂഹത്തിന് സാധുത നല്‍കിയ യുപിഎ സര്‍ക്കാരാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഭൂരിപക്ഷം പാര്‍ടികളും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ടികളെ വിശ്വാസത്തിലെടുക്കാതെ പൗരസമൂഹത്തിന്റെ അഞ്ച് പ്രതിനിധികളെ ലോക്പാല്‍ ബില്ലിന്റെ കരട് രൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായെന്ന് ബിജെപിയും ഇടതുപക്ഷവും ബിഎസ്പി, ആര്‍ജെഡി, എസ്പി തുടങ്ങിയ കക്ഷികളും പറഞ്ഞു. രാംദേവിനെ അഞ്ച് കേന്ദ്രമന്ത്രിമാര്‍ വിമാനത്താവളത്തില്‍ പോയി സ്വീകരിച്ചതും അണ്ണഹസാരെയെ അറസ്റ്റ് ചെയ്തതും തെറ്റായെന്ന് അംഗങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഭൂരിപക്ഷം പാര്‍ടികളും ആവശ്യപ്പെട്ടു.
കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും മാത്രമാണ് പ്രധാനമന്ത്രിയ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടത്. അഴിമതിവിരുദ്ധ നിയമമനുസരിച്ച് പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാമെന്നിരിക്കെ അദ്ദേഹത്തെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ , ലോക്പാല്‍ ബില്ലിന്റെ പേരില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവരുന്നതിനെതിരെയും ലോക്സഭയില്‍ ശബ്ദമുയര്‍ന്നു. സിപിഐ എമ്മിലെ ബസുദേവ് ആചാര്യയും ഡിഎംകെയിലെ ഇളങ്കോവനും എഐഎഡിഎംകെയിലെ തമ്പിദുരൈയും ബിജെഡിയിലെ ഭര്‍തൃഹരി മെഹ്താബും ആണ് ഈ വിഷയം പ്രധാനമായും ഉയര്‍ത്തിയത്. ലോക്പാലില്‍തന്നെ ലോകായുക്തയുടെ രൂപീകരണവും വേണമെന്ന ജനലോക്പാല്‍ ബില്ലിന്റെ നിര്‍ദേശമാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമായത്. എംപിമാരെയും ലോക്പാലിന്റെ പരിധിയില്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. കോര്‍പറേറ്റുകള്‍ നടത്തുന്ന അഴിമതിയും മാധ്യമരംഗത്തിലെ അഴിമതിയും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ഭൂരിപക്ഷം അംഗങ്ങളും ഉയര്‍ത്തി. ഐക്യജനതാദളിലെ ശരദ് യാദവും ആര്‍ജെഡിയിലെ ലാലുപ്രസാദ് യാദവും ഹസാരെയുടെയും സംഘത്തിന്റെയും സമരരീതിയെ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിതര സംഘടനകളെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടു.
(വി ബി പരമേശ്വരന്‍)
സഭയിലെ ചര്‍ച്ചയെ ചൊല്ലിയും കോണ്‍ഗ്രസില്‍ തര്‍ക്കം
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ലോക്പാല്‍ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ വേണ്ടത്ര പ്രതിരോധിക്കാനാകാത്തത് കോണ്‍ഗ്രസില്‍ തര്‍ക്കത്തിനിടയാക്കി. യുപിഎ സര്‍ക്കാരിന്റെ അഴിമതികള്‍ ഒന്നൊന്നായി ഉന്നയിച്ച പ്രതിപക്ഷം രാഹുല്‍ഗാന്ധി വെള്ളിയാഴ്ച പ്രസ്താവന എഴുതി വായിച്ചതിനെ കണക്കിന് പരിഹസിച്ചിരുന്നു. ചട്ടങ്ങള്‍ മറികടന്നാണ് സ്പീക്കര്‍ രാഹുലിന് ശൂന്യവേളയില്‍ സമയം അനുവദിച്ചതെന്ന ആരോപണം പ്രതിപക്ഷം ശനിയാഴ്ചയും ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് നിരയില്‍ നിന്ന് സംസാരിച്ച സന്ദീപ് ദീക്ഷിത് പ്രതിപക്ഷത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു. രാഹുലിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കാനുമായില്ല. സന്ദീപിന്റെ പ്രസംഗത്തിന് കോണ്‍ഗ്രസ് അംഗങ്ങളുടെ വേണ്ടത്ര പിന്തുണയും ഉണ്ടായില്ല.
ചര്‍ച്ച കഴിഞ്ഞയുടന്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്ററി മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ വളഞ്ഞു. രാഹുല്‍ ബ്രിഗേഡില്‍ ഉള്‍പ്പെട്ട എംപിമാരായിരുന്നു കൂടുതലും. സന്ദീപ് ദീക്ഷിതിനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന ചോദ്യമാണ് കോണ്‍ഗ്രസ് എംപിമാര്‍ ഉയര്‍ത്തിയത്. തനിക്ക് അറിയില്ലെന്നു പറഞ്ഞ് ബന്‍സല്‍ ഒഴിഞ്ഞുമാറി. ചര്‍ച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ സന്ദീപ് പിന്നീട് സഭയില്‍ വന്നില്ല. തുടര്‍ന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വാണിജ്യമന്ത്രി ആനന്ദ്ശര്‍മയെയും ജ്യോതിരാദിത്യ സിന്ധ്യയെയും രംഗത്തിറക്കി. എന്നാല്‍ , ഇവരും ശോഭിച്ചില്ല. മുതിര്‍ന്ന മന്ത്രിമാരായ പി ചിദംബരവും കപില്‍ സിബലും ശനിയാഴ്ചത്തെ നിര്‍ണായക ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നത് തര്‍ക്കംമൂലമാണെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നു. ലോക്പാല്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന ആക്ഷേപത്തെ തുടര്‍ന്ന് പ്രഗത്ഭ അഭിഭാഷകര്‍ കൂടിയായ പി ചിദംബരവും കപില്‍ സിബലും ഇപ്പോള്‍ തന്നെ പാര്‍ടിയില്‍ ഒറ്റപ്പെട്ടിരിക്കയാണ്.
deshabhimani 280811
അണ്ണ ഹസാരെ മുന്നോട്ടുവച്ച മൂന്നു നിര്‍ദേശവും ഉള്‍പ്പെടുത്തി ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭയും അംഗീകരിച്ചു. സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷപാര്‍ടികള്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ദിവസങ്ങളായി നിലനിന്ന പ്രതിസന്ധിക്ക് സമാപ്തിയായത്. ശക്തവും ഫലപ്രദവുമായ ലോക്പാല്‍ എന്ന ആവശ്യം പാര്‍ലമെന്റ് ചര്‍ച്ചചെയ്ത് ഏകകണ്ഠമായി അംഗീകരിച്ചതിനാല്‍ 12 ദിവസമായി തുടരുന്ന നിരാഹാരസമരം അണ്ണ ഹസാരെ ഞായറാഴ്ച രാവിലെ അവസാനിപ്പിക്കും. ഇരുസഭയിലും ശനിയാഴ്ച നടന്ന ചര്‍ച്ചയുടെ സാരാംശം പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കൈമാറും.
ReplyDelete