Tuesday, August 30, 2011

ആന്റണിയുടെ മുതലക്കണ്ണീര്‍ ജനവഞ്ചനയും രാജ്യദ്രോഹവും

ഗവണ്‍മെന്റില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെടാന്‍ കാരണം അഴിമതിയും ചുവപ്പുനാടയുമാണെന്നു കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി പരിതപിക്കുന്നു. അഴിമതിയും ചുവപ്പുനാടയുമാണ് ഗവണ്‍മെന്റ് സേവനങ്ങള്‍ ജനങ്ങളിലെത്തുന്നതിനു മുഖ്യപ്രതിബന്ധമെന്നും അതാണ് ജനകീയ പ്രതിഷേധങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. കേരളത്തെ ദാരിദ്ര്യവിമുക്തമാക്കാന്‍ കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോ അരി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കു വിതരണം ചെയ്യുന്നുവെന്നു പറയപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയ്തുകൊണ്ടു തിരുവനന്തപുരത്ത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

അഴിമതിക്കെതിരെ അന്നാ ഹസാരെ കഴിഞ്ഞ 13 ദിവസമായി നടത്തി വന്നിരുന്ന ഉപവാസ സത്യഗ്രഹസമരം കേന്ദ്രസര്‍ക്കാരിനെയും പാര്‍ലമെന്റിനെയും വരച്ച വരയില്‍ നിര്‍ത്തി പൊതുവികാരപ്രഖ്യാപനം നടത്തിച്ച അതേദിവസം തന്നെ ആന്റണി നടത്തിയ പ്രസംഗം പരമവിചിത്രമെന്നല്ലാതെ മറ്റെന്തു പറയാന്‍! ആന്റണി നിര്‍ണായക പങ്കുവഹിക്കുന്ന കേന്ദ്രഗവണ്‍മെന്റാണ് സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ ഏറ്റവും അഴിമതി നിറഞ്ഞതെന്നു മറന്നുകൊണ്ടാണോ അദ്ദേഹം സംസാരിക്കുന്നത്? രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണങ്ങളായ 2 ജി സ്‌പെക്ട്രം അഴിമതിയും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും ആന്റണിക്കു നേതൃത്വം നല്‍കുന്ന മന്‍മോഹന്‍ മന്ത്രിസഭക്കും അതിലെ അംഗങ്ങള്‍ക്കും നേരിട്ടു പങ്കുള്ള അഴിമതികളാണെന്ന വസ്തുത വിസ്മരിച്ചുകൊണ്ടാണോ അദ്ദേഹം സംസാരിക്കുന്നത്?  ഇരു കുംഭകോണങ്ങളെപ്പറ്റിയും പരിശോധന നടത്തിയ രാജ്യത്തിന്റെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും അദ്ദേഹത്തിന്റെ ഓഫീസിനും നേരെയാണ് വിരല്‍ ചൂണ്ടുന്നതെന്നു വിസ്മരിച്ചുകൊണ്ടാണോ അദ്ദേഹം സംസാരിക്കുന്നത്?

മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത പോത്തന്‍കോട് പ്രസംഗം ശരിയാണെങ്കില്‍ ആന്റണിയുടെ കപടനാട്യമാണ് ഒരിക്കല്‍ കൂടി തുറന്നു കാട്ടപ്പെടുന്നത്. താന്‍ നിര്‍ണായക പങ്കാളിത്തം വഹിക്കുന്ന ഗവണ്‍മെന്റിലെയും പാര്‍ട്ടിയിലെയും ഉന്നതന്മാര്‍ ഉള്‍പ്പെട്ട ഭീമന്‍ അഴിമതികള്‍ക്കെതിരെ ഒരക്ഷരം മിണ്ടാതെ, ചെറുവിരലനക്കാതെ നിഷ്‌കളങ്കമായ പര്‍വ്വതപ്രഭാഷണം നടത്തുന്നത് അദ്ദേഹത്തിന്റെ ആദര്‍ശധീരതയുടെ പരിവേഷം വെറും കപടനാട്യമല്ലാതെ മറ്റൊന്നുമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുക മാത്രമാണ് ചെയ്യുന്നത്. അതല്ല, അഴിമതിക്കും ചുവപ്പുനാടക്കുമെതിരായ അദ്ദേഹത്തിന്റെ ജല്പനങ്ങള്‍ സത്യസന്ധവും ആത്മാര്‍ഥവുമാണെങ്കില്‍ അത്തരം സാമൂഹ്യതിന്മകള്‍ക്കു വളംവെച്ചു പ്രോത്സാഹിപ്പിക്കുന്ന മന്‍മോഹന്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് അവക്കെതിരായ ജനമുന്നേറ്റത്തില്‍ പങ്കുചേരണം. അവസരോചിതമെന്നോ അവസരവാദപരമെന്നോ വിശേഷിപ്പിക്കാവുന്ന രാജിനാടകങ്ങള്‍ അഭിനയിച്ചു തഴക്കമുള്ള ആന്റണിക്കു തന്റെ സത്യസന്ധതയും ആദര്‍ശധീരതയും തെളിയിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല.

സ്വാതന്ത്ര്യത്തിന്റെ കഴിഞ്ഞ 64 വര്‍ഷക്കാലമായി വളര്‍ന്ന് ഇന്ത്യയെ അപ്പാടെ ഗ്രസിച്ചിരിക്കുന്ന അഴിമതിക്ക് ഇക്കാലയളവില്‍ ഏറെയും ഭരണം നിര്‍വഹിച്ച കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കുമല്ലാതെ ആര്‍ക്കാണ് ഉത്തരവാദിത്വം? അവര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സാമ്പത്തിക രാഷ്ട്രീയ നയങ്ങളല്ലാതെ മറ്റെന്തു കാരണമാണ് ആന്റണിക്കു ചൂണ്ടിക്കാട്ടാനുള്ളത്?
അഴിമതിക്കാരെ പിടികൂടുന്നതിനും കുറ്റവിചാരണ ചെയ്തു തുറുങ്കിലടക്കുന്നതിനും കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റുമാണ് മുഖ്യപ്രതിബന്ധം. രാജ്യത്തെ കൊള്ളയടിച്ച് സഹസ്ര കോടി രൂപ കടത്തി വിദേശബാങ്കുകളില്‍ പൂഴ്ത്തിവെക്കാന്‍ കൂട്ടുനിന്നതും അവരെ സംരക്ഷിക്കുന്നതും മറ്റാരുമല്ല. ഇന്ത്യന്‍ ജനത മാന്‍ഡേറ്റ് നല്‍കി അധികാരത്തിലേറ്റിയ ആന്റണിയും മന്‍മോഹന്‍സിംഗുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ നടത്തുന്ന മുതലക്കണ്ണീരൊഴുക്കല്‍ കേവലം കപടനാട്യം മാത്രമല്ല. അത് ജനവഞ്ചനയും രാജ്യദ്രോഹവുമാണ്.

janayugom editorial 300811

1 comment:

  1. ഗവണ്‍മെന്റില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെടാന്‍ കാരണം അഴിമതിയും ചുവപ്പുനാടയുമാണെന്നു കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി പരിതപിക്കുന്നു. അഴിമതിയും ചുവപ്പുനാടയുമാണ് ഗവണ്‍മെന്റ് സേവനങ്ങള്‍ ജനങ്ങളിലെത്തുന്നതിനു മുഖ്യപ്രതിബന്ധമെന്നും അതാണ് ജനകീയ പ്രതിഷേധങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. കേരളത്തെ ദാരിദ്ര്യവിമുക്തമാക്കാന്‍ കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോ അരി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കു വിതരണം ചെയ്യുന്നുവെന്നു പറയപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയ്തുകൊണ്ടു തിരുവനന്തപുരത്ത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

    ReplyDelete