Tuesday, August 30, 2011

ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി

പാമൊലിന്‍ കേസില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ പോകുന്നതേയുള്ളൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതായി ആഗസ്ത് 25ന്റെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് ഡയറക്ടറില്‍നിന്ന്, വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കാന്‍ പോകുന്ന റിപ്പോര്‍ട്ട് എന്താണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കി, ഭാവി കാര്യങ്ങള്‍ അദ്ദേഹവും വിജിലന്‍സ് ഡയറക്ടറുംകൂടി ചര്‍ച്ചചെയ്ത് തീരുമാനിച്ചു എന്ന വ്യക്തമായ സൂചനയാണ് ഈ പരസ്യനിലപാട് നല്‍കുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി പത്രക്കാരോട് പറഞ്ഞ കാര്യങ്ങളെല്ലാം ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള വെപ്രാളപ്രകടനങ്ങളാണ്. പാമൊലിന്‍ കേസില്‍ കരുണാകരന്‍ ഉള്‍പ്പെടെ എട്ടുപേരെ പ്രതി ചേര്‍ത്ത് ചാര്‍ജ് ഷീറ്റ് നല്‍കിയത് 2001 മാര്‍ച്ച് 23ന് ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണ്. തുടര്‍ന്ന് അധികാരത്തില്‍വന്ന എ കെ ആന്റണി, കേസ് പിന്‍വലിക്കുന്നതിന് ഇടപെടലുകളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ , 2004ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ആ കാര്യം 2005 ജനുവരി 24ന് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

സുപ്രീംകോടതിയുടെ ഇടപെടല്‍ കാരണം വിചാരണ നടത്താന്‍ സാധിക്കാത്ത കേസില്‍ 2005 നവംബര്‍ 24ന് കേസ് പിന്‍വലിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തത് മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി മുന്‍കൈ എടുത്തുകൊണ്ടാണ്. 2006ല്‍ വി എസ് മന്ത്രിസഭഭഅധികാരത്തില്‍വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പിന്‍വലിക്കല്‍ തീരുമാനം റദ്ദാക്കി കേസ് വിചാരണ നടത്താന്‍ തീരുമാനിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരായ മറ്റ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ചോദിച്ച് 2006 ഒക്ടോബര്‍ 10ന് കേന്ദ്രത്തിന് കത്ത് നല്‍കുകയും ചെയ്തു.

ഒന്നാംപ്രതി കരുണാകരന്‍ 2007ല്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതി കേസിന്റെ വിചാരണ തടഞ്ഞു. ഇതിനെ ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അതില്‍ തീര്‍പ്പാകുംമുമ്പ് 2010 ഡിസംബര്‍ 23ന് കരുണാകരന്‍ മരണമടഞ്ഞു. അതോടെയാണ് കേസ് വിചാരണനടപടികള്‍ ആരംഭിക്കാന്‍ കോടതിക്ക് സാധിച്ചത്.

പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചപ്പോള്‍ , കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതുപോലെ തന്നെയും ഒഴിവാക്കിത്തരണമെന്ന ഹര്‍ജിയുമായി ടി എച്ച് മുസ്തഫ കോടതിയെ സമീപിച്ചു. ഇത്തരമൊരു ഹര്‍ജി വന്നപ്പോള്‍ വിജിലന്‍സിന് കോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ടിയിരുന്നു. അങ്ങനെയാണ്, 2001ല്‍ കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തില്‍ ലഭ്യമാകാത്ത ചില കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്നും കോടതിയില്‍ വിജിലന്‍സ് ആവശ്യപ്പെട്ടത്.

2001ല്‍ കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തില്‍ പുറത്തുവരാത്ത കാര്യമാണ് 2005ല്‍ കേസ് പിന്‍വലിച്ച് മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി നടത്തിയ വെളിപ്പെടുത്തല്‍ . 2005 ജനുവരി 20ലെ പ്രമുഖ പത്രങ്ങളെല്ലാം മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2006ല്‍ അധികാരത്തില്‍വന്ന വി എസ് സര്‍ക്കാരിന് ഇതില്‍ ഇടപെട്ട് തുടരന്വേഷണം ആവശ്യപ്പെടാന്‍ കഴിയാതെവന്നത് സുപ്രീം കോടതി എല്ലാ നടപടികളും സ്റ്റേ ചെയ്തത് കൊണ്ടാണ്. ടി എച്ച് മുസ്തഫയും കൂട്ടുപ്രതികളും വിടുതല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ തുടരന്വേഷണം അനിവാര്യമാക്കുകയാണ് ചെയ്തത്. വിജിലന്‍സ് കോടതി തന്നെയാണ് തുടരന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്. പത്ത് വര്‍ഷത്തെ കാലതാമസത്തിന് ഉമ്മന്‍ചാണ്ടി തന്നെയാണ് ഉത്തരം പറയേണ്ടത്.

കോടതിവിധിക്കെതിരെ അപ്പീല്‍ പോകുന്ന പ്രശ്നമേയില്ല എന്ന് ഉമ്മന്‍ചാണ്ടി പറയുന്നത്, മുഖ്യമന്ത്രിസ്ഥാനം ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ട് താന്‍ ഉദ്ദേശിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിക്കാമെന്ന പ്രതീക്ഷയിലാണ്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്ന് ഇങ്ങനെ പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിക്കുമോ? അന്വേഷണം തടസ്സപ്പെടുത്തുന്ന ഒന്നിനും താനില്ല, അന്വേഷണം നടക്കട്ടെ എന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന വസ്തുത അദ്ദേഹം മറച്ചുവയ്ക്കുകയാണ്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന് തനിക്കെതിരെ തെളിവുകള്‍ രേഖപ്പെടുത്താന്‍ സ്വാതന്ത്ര്യം ഉണ്ടാകണമെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് എങ്ങനെ സാധിക്കും? കേസിലെ പ്രതിയായ ജിജി തോംസന്റെ പേരിലുള്ള പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി കേസ് നടപടികള്‍ തടസ്സപ്പെടുത്തുകയല്ലേ ചെയ്യുന്നത്?

"എന്റെ ശക്തി കോടതിവിധിയോ വ്യാഖ്യാനമോ അല്ല. എന്റെ മനഃസാക്ഷിയാണ്"-ഉമ്മന്‍ചാണ്ടിയുടെ ആപ്തവാക്യമാണിത്! കോടതിവിധിയും വ്യാഖ്യാനവും എന്ത് പറഞ്ഞാലും താന്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരും എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അഴിമതി കേസില്‍പ്പെട്ട എല്ലാ യുഡിഎഫ് നേതാക്കളുടെയും സമീപനമാണിത്. തിഹാര്‍ ജയിലില്‍ കിടക്കുന്ന എ രാജയും കനിമൊഴിയും കല്‍മാഡിയും പൂജപ്പുര ജയിലിലെ ആര്‍ ബാലകൃഷ്ണപിള്ളയും എല്ലാം ഇതേ മനഃസാക്ഷിയുടെ ബലത്തിലാണ് നിരപരാധികളാണെന്ന് വിലപിക്കുന്നത്.

വിജിലന്‍സ് റെക്കോഡുകളില്‍ തിരുത്തല്‍ വരുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോവിന് ധൈര്യം കിട്ടിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നത് കൊണ്ടാണ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇങ്ങനെ ചെയ്യാമെങ്കില്‍ അദ്ദേഹത്തിന് കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെക്കൊണ്ട് മുഖ്യമന്ത്രിക്ക് എന്ത് വേണമെങ്കിലും ചെയ്യിക്കാന്‍ സാധിക്കും. ഈ ബലത്തിലാണ് അപ്പീല്‍ പോകുന്ന പ്രശ്നമില്ല എന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നത്.

2011 ആഗസ്ത് എട്ടിന്റെ വിജിലന്‍സ് കോടതിവിധി ഉമ്മന്‍ചാണ്ടിക്ക് എതിരായ കുറ്റപത്രമാണെന്നാണ് കേസിലെ രണ്ടാംപ്രതി ടി എച്ച് മുസ്തഫ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാവായ സഹപ്രവര്‍ത്തകന്‍ പറഞ്ഞ കാര്യമെങ്കിലും ഉമ്മന്‍ചാണ്ടി മുഖവിലയ്ക്കെടുക്കുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തുടരന്വേഷണ സൗകര്യം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുകയല്ലാതെ മറ്റൊരുമാര്‍ഗവുമില്ല.
തുടരന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്യേണ്ടി വരും. നേരത്തെ ചോദ്യംചെയ്തപ്പോള്‍ നല്‍കിയ ഉത്തരംകൂടി കോടതി പരിശോധിച്ചുകൊണ്ടാണ് പാമൊലിന്‍ ഇറക്കുമതിക്കാലത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നതോടെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് സാധിക്കാതെവരും. കേരളചരിത്രത്തിലാദ്യമായാണ് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യുന്ന സ്ഥിതിയാകും ഉണ്ടാവുക.

ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയരായി പ്രവര്‍ത്തിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറുകതന്നെ വേണം. അല്ലാതെയുള്ള അന്വേഷണം എങ്ങനെ നീതിപൂര്‍വകമാകും? വിജിലന്‍സ് ചോദ്യം ചെയ്യുന്നതിന് മുന്‍പ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് തന്റെ മനഃസാക്ഷി എന്താണെന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. മനഃസാക്ഷിയുടെ പേര് പറഞ്ഞ് അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ന്യായീകരണങ്ങള്‍ കേരളജനതയെ വിഡ്ഢികളാക്കുന്നതാണ്.

കോടിയേരി ബാലകൃഷ്ണന്‍ deshabhimani 300811

1 comment:

  1. പാമൊലിന്‍ കേസില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ പോകുന്നതേയുള്ളൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതായി ആഗസ്ത് 25ന്റെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് ഡയറക്ടറില്‍നിന്ന്, വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കാന്‍ പോകുന്ന റിപ്പോര്‍ട്ട് എന്താണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കി, ഭാവി കാര്യങ്ങള്‍ അദ്ദേഹവും വിജിലന്‍സ് ഡയറക്ടറുംകൂടി ചര്‍ച്ചചെയ്ത് തീരുമാനിച്ചു എന്ന വ്യക്തമായ സൂചനയാണ് ഈ പരസ്യനിലപാട് നല്‍കുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി പത്രക്കാരോട് പറഞ്ഞ കാര്യങ്ങളെല്ലാം ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള വെപ്രാളപ്രകടനങ്ങളാണ്.

    ReplyDelete