Wednesday, August 31, 2011

ജഡ്ജിമാരുടെ നിയമനം: സമഗ്രനിയമം വേണം

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് സമഗ്രനിയമം വേണമെന്ന് പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ. കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ അവതരിപ്പിച്ച ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. ജുഡീഷ്യറിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണോ വേണ്ടയോ എന്ന ചര്‍ച്ച സജീവമായി നില്‍ക്കെയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പുതിയ നിര്‍ദേശം.

വീരപ്പ മൊയ്ലി നിയമമന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലില്‍ ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിനുള്ള വ്യവസ്ഥകളായിരുന്നു മുഖ്യമായും ഉള്‍പ്പെട്ടിരുന്നത്. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാര്‍ക്കെതിരെ ഉയരുന്ന പരാതികള്‍ പരിശോധിച്ച് നടപടി നിര്‍ദേശിക്കുന്നതിന് ദേശീയ ജുഡീഷ്യല്‍ മേല്‍നോട്ടസമിതി രൂപീകരിക്കണമെന്ന് ബില്ലില്‍ ശുപാര്‍ശ ചെയ്തിരുന്നു. പരാതികള്‍ കഴമ്പുള്ളതാണോയെന്ന് ആദ്യം ഒരു പരിശോധനാസമിതി വിലയിരുത്തും. ഗൗരവമുള്ളതാണെന്ന് കണ്ടാല്‍ മേല്‍നോട്ടസമിതി വിശദമായ അന്വേഷണം നടത്തും. ജഡ്ജി തെറ്റുചെയ്തെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ നീക്കുന്നതിന് രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യാം. ഈ ശുപാര്‍ശ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ജഡ്ജിയെ പുറത്താക്കി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും. ജഡ്ജിമാര്‍ സ്വത്ത് വെളിപ്പെടുത്തുക, ജഡ്ജിയെന്ന നിലയില്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയവയും ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു.

ദേശീയ ജുഡീഷ്യല്‍ മേല്‍നോട്ടസമിതിയില്‍ ജുഡീഷ്യറിയുടെയും എക്സിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും പ്രാതിനിധ്യമുണ്ടാകണമെന്നാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്നോട്ടുവയ്ക്കുന്ന പ്രധാന ഭേദഗതി. നിലവിലുള്ള ബില്ലില്‍ മേല്‍നോട്ടസമിതിയില്‍ ജുഡീഷ്യറിയില്‍നിന്നാണ് കൂടുതല്‍ പ്രാതിനിധ്യം. നിയമനിര്‍മാണ സഭകള്‍ക്ക് പ്രാതിനിധ്യമില്ല. ജുഡീഷ്യറിയിലെ പുഴുക്കുത്തുകള്‍ തടയുന്നതിനുള്ള സംവിധാനത്തില്‍ നിയമനിര്‍മാണ സഭകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നും ലോക്സഭയില്‍നിന്നും രാജ്യസഭയില്‍നിന്നും നിയമപണ്ഡിതരായ ഓരോ അംഗങ്ങളെ വീതം മേല്‍നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ട്. ജഡ്ജിമാര്‍ പാലിക്കേണ്ട മര്യാദകളുടെ കാര്യത്തില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരണം. ക്ലബ്, സൊസൈറ്റി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുക, ബന്ധുക്കളെ സ്വന്തം കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കാതിരിക്കുക, സമ്മാനങ്ങളോ ആതിഥേയത്വമോ സ്വീകരിക്കാതിരിക്കുക, പൊതുസംവാദങ്ങളില്‍നിന്ന് മാറിനില്‍ക്കുക, മത- ജാതി താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാതിരിക്കുക തുടങ്ങിയ മര്യാദകളാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കേസില്‍ വാദംകേള്‍ക്കുന്നതിനിടെ തുറന്നകോടതിയില്‍ ഭരണഘടനാസ്ഥാപനങ്ങള്‍ക്കും നിയമപരമായി നിലവില്‍വന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് ജഡ്ജിമാര്‍ പിന്‍വലിയണമെന്ന പുതിയൊരു നിര്‍ദേശവും ജഡ്ജിമാര്‍ പാലിക്കേണ്ട മര്യാദകളുടെ ഭാഗമായി സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ പ്രാഥമിക വിലയിരുത്തലിന് പരിശോധനാസമിതി മുമ്പാകെ വരുമ്പോള്‍ രഹസ്യവിചാരണ വേണമെന്ന വ്യവസ്ഥയും നിര്‍ദേശിക്കുന്നു. പരാതിയില്‍ കഴമ്പില്ലെന്ന കണ്ടെത്തലാണെങ്കില്‍ ജഡ്ജിമാര്‍ അനാവശ്യമായി അവഹേളിതരാകുന്ന സ്ഥിതി ഒഴിവാക്കുന്നതിനാണ് രഹസ്യവിചാരണയെന്ന ശുപാര്‍ശ.
(എം പ്രശാന്ത്)

deshabhimani 310811

1 comment:

  1. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് സമഗ്രനിയമം വേണമെന്ന് പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ. കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ അവതരിപ്പിച്ച ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. ജുഡീഷ്യറിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണോ വേണ്ടയോ എന്ന ചര്‍ച്ച സജീവമായി നില്‍ക്കെയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പുതിയ നിര്‍ദേശം.

    ReplyDelete