Saturday, August 27, 2011

ഭക്ഷ്യസുരക്ഷ: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രം മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. കരടുബില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനായി അയച്ചിട്ടുണ്ടെന്നും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി കെ വി തോമസ് അറിയിച്ചു. മികച്ച വിളവ് ലഭിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കും. ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കാതെ എത്രയും വേഗം വിതരണം ചെയ്യുകയാണ് ലക്ഷ്യം. കേരളത്തിനുള്ള എപിഎല്‍ ഭക്ഷ്യധാന്യവിഹിതം പ്രതിമാസം പത്തര കിലോയെന്നത് 15 കിലോ ആയി കഴിഞ്ഞമാസംമുതല്‍ വര്‍ധിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ , വിലനിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രതിമാസ വിഹിതത്തിനു പുറമെ 4,61,790 ടണ്‍ അരിയും 1,52,411 ടണ്‍ ഗോതമ്പും കേരളത്തിന് അനുവദിച്ചിട്ടുണ്ട്. കേരളം അടുത്ത ദിവസം ആരംഭിക്കുന്ന ഒരു രൂപ അരി പദ്ധതിയെ സഹായിക്കും.പാലക്കാട്, വയനാട് ജില്ലകള്‍ക്ക് പിന്നോക്ക ജില്ലകളെന്ന നിലയില്‍ 1179 ടണ്‍ അരിയും 186 ടണ്‍ ഗോതമ്പും ബിപിഎല്‍ നിരക്കില്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തിനുള്ള ഭക്ഷ്യസബ്സിഡി 2009-10ല്‍ 1493.92 കോടി രൂപയായിരുന്നത് 2010-11ല്‍ 2099.21 കോടി രൂപയായും 2011-12ല്‍ 2106.12 കോടിയായും ഉയരും. ഭക്ഷ്യസുരക്ഷാ ബില്‍ വരുന്നതോടെ ഇത് വീണ്ടും വര്‍ധിക്കും.

പത്തനംതിട്ട കുന്നന്താനത്ത് 5000 ടണ്‍ ശേഷിയുള്ള ഗോഡൗണിന്റെ നിര്‍മാണം ആരംഭിച്ചു. ചിങ്ങവനത്ത് അനുവദിച്ച 5000 ടണ്‍ ഗോഡൗണ്‍കൂടി കുന്നന്താനത്തേക്ക് മാറ്റും. ചിങ്ങവനത്ത് സ്ഥലം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. ഇടുക്കി അറക്കുളത്ത് 5000 ടണ്‍ ഗോഡൗണിന്റെ പ്രവര്‍ത്തനം തുടങ്ങി. കൊച്ചി ഹാര്‍ബര്‍ ടെര്‍മിനല്‍ , മാവേലിക്കര എന്നിവിടങ്ങളില്‍ റെയില്‍സൈഡ് സംഭരണകേന്ദ്രങ്ങള്‍ തുടങ്ങാന്‍ റെയില്‍വേയുമായി ധാരണയായി. ഏലൂരില്‍ ഫാക്ടുമായി ചേര്‍ന്ന് കണ്ടെയ്നര്‍ ഫ്രെയിറ്റ് സ്റ്റേഷന്‍ ഉടന്‍ ആരംഭിക്കും. കണ്ണൂര്‍ ഫ്രെയിറ്റ് സ്റ്റേഷന്‍ നിര്‍മാണങ്ങള്‍ മുന്നോട്ടുപോകുന്നു. കേരളത്തില്‍ പൊതുവിതരണശൃംഖല മെച്ചപ്പെടുത്തുന്നതിന് ജില്ലകളില്‍ നബാര്‍ഡിന്റെ സഹായത്തോടെ സംസ്ഥാനസര്‍ക്കാര്‍ പുതിയ സംഭരണശാലകള്‍ തുടങ്ങണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പൊതുവിതരണശൃംഖല നവീകരിക്കുന്നതിന് കേരളം നല്‍കിയ പദ്ധതിക്ക് വേഗം അംഗീകാരം നല്‍കും- തോമസ് പറഞ്ഞു.

deshabhimani 270811

1 comment:

  1. ഭക്ഷ്യസുരക്ഷാ ബില്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രം മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. കരടുബില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനായി അയച്ചിട്ടുണ്ടെന്നും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി കെ വി തോമസ് അറിയിച്ചു. മികച്ച വിളവ് ലഭിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കും. ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കാതെ എത്രയും വേഗം വിതരണം ചെയ്യുകയാണ് ലക്ഷ്യം. കേരളത്തിനുള്ള എപിഎല്‍ ഭക്ഷ്യധാന്യവിഹിതം പ്രതിമാസം പത്തര കിലോയെന്നത് 15 കിലോ ആയി കഴിഞ്ഞമാസംമുതല്‍ വര്‍ധിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ , വിലനിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

    ReplyDelete