Wednesday, August 31, 2011

നിയമനം: റെയില്‍വേ അനാസ്ഥ കാട്ടുന്നു

പുതിയ നിയമനങ്ങള്‍ നടത്തുന്നതില്‍ റെയില്‍വേ കടുത്ത അനാസ്ഥ കാണിക്കുന്നതായി പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് ഒഴിവുള്ളപ്പോഴും സമയബന്ധിതമായി നിയമനം നടത്തുന്നില്ല. ആശ്രിതനിയമനവും കൃത്യമായി ഉണ്ടാകുന്നില്ല. കായികതാരങ്ങളുടെ വിഭാഗത്തില്‍നിന്നുള്ള നിയമനം നടക്കാത്തതിനാല്‍ അനവധി പേരുടെ അവസരം നഷ്ടപ്പെടുത്തി-ടി ആര്‍ ബാലു ചെയര്‍മാനായ സമിതി പാര്‍ലമെന്റില്‍വച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. റെയില്‍വേ നിയമനരീതി അടിമുടി പരിഷ്കരിക്കണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ഗ്രൂപ്പ്സി, ഡി തസ്തികകളില്‍ ഉണ്ടായ 1,66,100 ഒഴിവുകള്‍ നികത്താന്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് കാട്ടുന്ന അനാസ്ഥയില്‍ സമിതി അത്ഭുതം രേഖപ്പെടുത്തി.

ഇതില്‍ 85,663 തസ്തികകളും ഡി ഗ്രൂപ്പില്‍ വരുന്നതാണ്. ഈ തസ്തികകളിലേക്കുള്ള നിയമനം എന്ന് പൂര്‍ത്തിയാക്കണമെന്നു പോലും റെയില്‍വേ തീരുമാനിച്ചിട്ടില്ല. ഒഴിവുകളും താല്‍ക്കാലിക നിയമനവും വര്‍ധിപ്പിക്കുന്നത് ആശങ്കാജനകമാണ്. വിരമിച്ചവരെ ഉള്‍പ്പെടെ ലോക്കോമോട്ടീവ്, സുരക്ഷാമേഖലയിലും മറ്റും നിയമിക്കുന്നത് അപകടകരമാണ്. നിയമനം നടത്തിയശേഷം 18 മാസം പരിശീലനമാണെന്നും അതിനാല്‍ താല്‍ക്കാലിക ജീവനക്കാരെ വേണ്ടിവരുമെന്നാണ് റെയില്‍വേയുടെ വിശദീകരണം. എന്നാല്‍ , ഒഴിവുകള്‍ വരുന്ന മുറയ്ക്ക് നിയമനം നടത്തിയാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം.

പട്ടികജാതി-വര്‍ഗ, ഒബിസി നിയമനങ്ങളും തൃപ്തികരമല്ല. 2010 ഏപ്രില്‍ ഒന്നിലെ കണക്കനുസരിച്ച് പട്ടികജാതിയില്‍ 8304ഉം, പട്ടികവര്‍ഗത്തില്‍ 10939ഉം ഒബിസിയില്‍ 5336ഉം ഒഴിവുണ്ട്. 2012 മാര്‍ച്ചിനുള്ളില്‍ ഈ ഒഴിവുകള്‍ നികത്തണമെന്ന് ഇപ്പോള്‍ സര്‍ക്കാര്‍തന്നെ നിര്‍ദേശം കൊടുത്തിരിക്കുകയാണ്. ആശ്രിതനിയമനത്തെക്കുറിച്ച് മതിയായ വിവരം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാതെ റെയില്‍വേ പെരുമാറുന്നത് ക്രൂരമാണെന്ന് കമ്മിറ്റി വിലയിരുത്തി. റെയില്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുത്ത വകയില്‍ ചിലയിടങ്ങളില്‍ സര്‍ക്കാര്‍ ജോലിവാഗ്ദാനം നല്‍കിയിരുന്നു. 2010 നവംബറിലെടുത്ത ഈ തീരുമാനത്തിന്റെ ഭാഗമായുള്ള തൊഴിലുകള്‍ ഇന്നും കൊടുത്തിട്ടില്ല. നിയമനങ്ങള്‍ സംബന്ധിച്ച പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തൃപ്തികരമായി പ്രവര്‍ത്തിക്കുന്നില്ല. ലക്ഷക്കണക്കിനു പരാതികള്‍ ഉണ്ടെന്നിരിക്കെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിതിടെ റെയില്‍വേയില്‍ രേഖപ്പെടുത്തിയത് 107 എണ്ണം മാത്രമാണ്. പരാതികള്‍ സ്വീകരിക്കാനും അവ പരിഹരിക്കാനുള്ള പഴഞ്ചന്‍ സംവിധാനം അടിയന്തരമായി മാറ്റണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

സ്പോര്‍ട്സ് ക്വോട്ടയിലുള്ള നിയമനം നടത്താത്തതിനെ സമിതി നിശിതമായി വിമര്‍ശിച്ചു. 2007 മുതല്‍ 2010 വരെയുള്ള മൂന്നുവര്‍ഷങ്ങളിലായി 3543 ഒഴിവാണ് സ്പോര്‍ട്സ് ക്വോട്ടയില്‍ വന്നത്. എന്നാല്‍ , റെയില്‍വേ നിയമിച്ചത് 1328 പേരെമാത്രം. നിയമനരീതി പരിഷ്കരിക്കുന്നതിന് ഇപ്പോള്‍ സര്‍ക്കാരിന്റെ പക്കലുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കണം.

deshabhimani 310811

1 comment:

  1. പുതിയ നിയമനങ്ങള്‍ നടത്തുന്നതില്‍ റെയില്‍വേ കടുത്ത അനാസ്ഥ കാണിക്കുന്നതായി പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് ഒഴിവുള്ളപ്പോഴും സമയബന്ധിതമായി നിയമനം നടത്തുന്നില്ല. ആശ്രിതനിയമനവും കൃത്യമായി ഉണ്ടാകുന്നില്ല. കായികതാരങ്ങളുടെ വിഭാഗത്തില്‍നിന്നുള്ള നിയമനം നടക്കാത്തതിനാല്‍ അനവധി പേരുടെ അവസരം നഷ്ടപ്പെടുത്തി-ടി ആര്‍ ബാലു ചെയര്‍മാനായ സമിതി പാര്‍ലമെന്റില്‍വച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. റെയില്‍വേ നിയമനരീതി അടിമുടി പരിഷ്കരിക്കണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ഗ്രൂപ്പ്സി, ഡി തസ്തികകളില്‍ ഉണ്ടായ 1,66,100 ഒഴിവുകള്‍ നികത്താന്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് കാട്ടുന്ന അനാസ്ഥയില്‍ സമിതി അത്ഭുതം രേഖപ്പെടുത്തി.

    ReplyDelete