Thursday, August 25, 2011

പാമൊലിന്‍: വിജിലന്‍സ് ഡയറക്ടര്‍ ഗൂഢാലോചന നടത്തി

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിസ്ഥാനത്തു നിന്ന്ഒഴിവാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ ഗൂഢാലോചന നടത്തി. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നീക്കത്തെ കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് വ്യാജവാര്‍ത്ത ചമച്ച അതേ മാതൃകയില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കുവേണ്ടി ചൊവ്വാഴ്ച മാതൃഭൂമിയും മനോരമയും പ്രസിദ്ധീകരിച്ച വാര്‍ത്തകളിലും കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ മറനീക്കി പുറത്തുവന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചത് നിയമോപദേശം തേടാതെയാണെന്ന് വ്യക്തമായി.

സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ കുറിപ്പ് അസംബന്ധം എന്ന് വിശേഷിപ്പിച്ച് തള്ളിയ ഡയറക്ടര്‍ ഇത്തരം സാഹചര്യത്തില്‍ എന്തുകൊണ്ട് മറ്റ് നിയമവിദഗ്ധരുടെ ഉപദേശം തേടിയില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ നിയമം അറിയാവുന്നവരോടെല്ലാം ചോദിച്ചിരുന്നെന്ന് പറഞ്ഞതായി ഡയറക്ടര്‍ "മനോരമ" യോട് പറഞ്ഞിട്ടുണ്ട്. മെയ് ഏഴിനാണ് പ്രോസിക്യൂട്ടര്‍ കുറിപ്പ് നല്‍കിയത്. മെയ്13ന് തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. അഞ്ച് ദിവസത്തിനുള്ളില്‍ ആരോടാണ് നിയമോപദേശം തേടിയതെന്നും അതിന്റെ ഒപ്പിട്ട രേഖ എവിടെയെന്നും ഡയറക്ടര്‍ കോടതിയില്‍ ബോധിപ്പിക്കേണ്ടിവരും. ഉമ്മന്‍ചാണ്ടിക്കുവേണ്ടി പരസ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച ഡയറക്ടറുടെ കീഴിലാണ് ഇപ്പോഴും അന്വേഷണം നടക്കുന്നതെന്നത് വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു. വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശത്തില്‍ അദ്ദേഹം ഒപ്പിട്ടില്ലെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ "ചോര്‍ത്തി" നല്‍കിയ വാര്‍ത്ത അവകാശപ്പെടുന്നത്.

എന്നാല്‍ , ഈ വാര്‍ത്തയോടൊപ്പം മാനോരമ നല്‍കിയ ഫോട്ടോസ്റ്റാറ്റില്‍ നിന്നുതന്നെ കള്ളത്തരം പുറത്തുവന്നു. വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി എ അഹമ്മദിന്റെ കത്തിന് താഴെ വിജിലന്‍സ് ഡയറക്ടര്‍ ഏകപക്ഷീയമായി എഴുതിച്ചേര്‍ത്ത കുറിപ്പ് സഹിതമാണ് മനോരമ വാര്‍ത്ത നല്‍കിയത്. എന്നാല്‍ , പ്രോസിക്യൂട്ടര്‍ നല്‍കിയത് നിയമോപദേശമല്ല. ഫയല്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ നിഗമനങ്ങളടങ്ങുന്ന കുറിപ്പാണ്. ഇങ്ങനെ കുറിപ്പ് അയക്കുമ്പോള്‍ അതില്‍ ഒപ്പിടേണ്ടതില്ല. മാത്രമല്ല, കുറിപ്പിനോടൊപ്പം നല്‍കിയ ആമുഖ കത്തില്‍ പ്രോസിക്യൂട്ടര്‍ ഒപ്പിട്ടിട്ടുമുണ്ട്. വിജിലന്‍സ് ആവശ്യപ്പെട്ടാല്‍ നല്‍കുന്നതാണ് നിയമോപദേശം. ആമുഖ കത്തില്‍ ഒപ്പിട്ടിട്ടും കുറിപ്പില്‍ ഒപ്പിട്ടിട്ടില്ലെന്ന സാങ്കേതികത്വം പറഞ്ഞ് ഒരു കുറിപ്പ് തള്ളിയതുതന്നെ ഡയറക്ടറുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ അപാകം ചൂണ്ടിക്കാട്ടി കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നിട്ടും പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ടിന്റെപേരില്‍ ഡയറക്ടര്‍ പുകമറ സൃഷ്ടിക്കുന്നതും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ്. ഈ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റാത്തത് കേസില്‍ താന്‍ ഇടപെടുന്നില്ലെന്നതിന്റെ തെളിവാണെന്ന ഉമ്മന്‍ചാണ്ടിയുടെ വാദവും പൊളിഞ്ഞു. സുപ്രീംകോടതി വിധി അനുസരിച്ച് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഒരിക്കല്‍ നിയമിച്ചുകഴിഞ്ഞാല്‍ സര്‍ക്കാരിന് മാറ്റാന്‍ കഴിയില്ല. ഇത് മറച്ചുവച്ചാണ് മുഖ്യമന്ത്രി കള്ളം പറയുന്നത്.

പാമൊലിന്‍ : അപ്പീലിനില്ലെന്ന് മുഖ്യമന്ത്രി

പാമൊലിന്‍ കേസില്‍ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ കേസില്‍ താന്‍ നാണം കെടുന്നതല്ലേ എല്‍ഡിഎഫിന് നല്ലതെന്നും മുഖ്യമന്ത്രി ചോദിച്ചു. രാജിവച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി നാണംകെട്ട് പുറത്തുപോകേണ്ടിവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 10 വര്‍ഷം ഭരിച്ചപ്പോള്‍ എല്‍ഡിഎഫിന് ഈ കേസില്‍ തനിക്കെതിരെ ഒരു തെളിവും കൊണ്ടുവരാനായില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകണമെന്ന് യുഡിഎഫിലും കോണ്‍ഗ്രസിലും അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ , അപ്പീല്‍ സമര്‍പ്പിക്കുന്നതിനോട് യോജിപ്പില്ല. അന്വേഷണം തടസ്സപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ല. ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ആരോടും പരിഭവമില്ല. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ പലരും ആവശ്യപ്പെട്ടിട്ടും താന്‍ അംഗീകരിച്ചില്ല.

എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ ആദിവാസി ഭൂമി വീണ്ടെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സമയമാകുമ്പോള്‍ എടുക്കുമെന്നായിരുന്നു മറുപടി. ഹൈക്കോടതി നല്‍കിയ സമയപരിധി കഴിഞ്ഞത് ചൂണ്ടിക്കാണിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. കുട്ടനാട്ടില്‍ മുരിക്കന്റെ ഭൂമി വാങ്ങിയ 217 കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു

deshabhimani 250811

1 comment:

  1. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിസ്ഥാനത്തു നിന്ന്ഒഴിവാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ ഗൂഢാലോചന നടത്തി. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നീക്കത്തെ കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് വ്യാജവാര്‍ത്ത ചമച്ച അതേ മാതൃകയില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കുവേണ്ടി ചൊവ്വാഴ്ച മാതൃഭൂമിയും മനോരമയും പ്രസിദ്ധീകരിച്ച വാര്‍ത്തകളിലും കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ മറനീക്കി പുറത്തുവന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചത് നിയമോപദേശം തേടാതെയാണെന്ന് വ്യക്തമായി.

    ReplyDelete