Wednesday, August 31, 2011

കണ്ണൂര്‍ ഡിസിസിയില്‍ ഉപരോധം വാക്പോര്

കണ്ണൂര്‍ ഡിസിസിയില്‍ പ്രസിഡന്റ് പി രാമകൃഷ്ണനെ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ കെ സുധാകരന്റെ ആര്‍ക്കാര്‍ തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന് കണ്ണൂരില്‍ ഗ്രൂപ്പുപോര് മൂര്‍ധന്യാവസ്ഥയിലെത്തി. ബുധനാഴ്ച രാവിലെയാണ് രാമകൃഷ്ണനെ സുധാകരനെ അനുകൂലിക്കുന്നവര്‍ തടഞ്ഞുവെച്ചത്. രാമകൃഷ്ണനും സുധാകരനും കെപിസിസിക്ക് പരാതിയും കൊടുത്തിട്ടുണ്ട്. രമേശ് ചെന്നിത്തല നടത്തിയ ഇടപെലിനെത്തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനായി പി.പി തങ്കച്ചനെയും ആര്യാടന്‍ മുഹമ്മദിനെയും ചുമതലപ്പെടുത്തി.ഓഫീസില്‍ കയറ്റാത്തതിനെത്തുടര്‍ന്ന് മുറ്റത്തെ കൊടിമരച്ചുവട്ടില്‍ രാമകൃഷ്ണന്‍ കുത്തിയിരുന്നു.സുധാകരനോട് മാപ്പുപറയാതെ അകത്തുകയറാന്‍ സമ്മതിക്കില്ലെന്നാണ് തടഞ്ഞുവെച്ചവര്‍ പറഞ്ഞത്. പാര്‍ട്ടി അച്ചടക്കം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ എംപി സ്ഥാനവും പാര്‍ട്ടിസ്ഥാനവും രാജിവെക്കുമെന്ന് സുധാകരന്‍ പറഞ്ഞു. സുധാകരനെ നിയന്ത്രിക്കണമെന്നും ഡിസിസി പ്രസിഡന്റിനെ ചുമതലയേല്‍പ്പിച്ചത് സുധാകരനല്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

രാവിലെ ഓഫീസിനു പുറത്തെത്തിയ മാധ്യമപ്രവര്‍ത്തകരെയും പൊലീസിനെയും സുധാകരന്റെ അനുകൂലികള്‍ തടഞ്ഞു.കഴിഞ്ഞദിവസങ്ങളിലായി ഇരുവരും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടല്‍ ഇതോടെ പരസ്യസംഘര്‍ഷത്തിലെത്തി.കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിനെ ഉപരോധിച്ച സംഭവത്തില്‍ പുറത്താക്കപ്പെട്ട ചപ്പാരപ്പടവ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി അംഗവും വാര്‍ത്താസമ്മേളനം നടത്തി അച്ചടക്കനടപടി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഉമ്മന്‍ചാണ്ടിയുടെ പിന്തുണ പി രാമകൃഷ്ണനുണ്ട്. അതിനാല്‍ , വിശാല ഐഗ്രൂപ്പിന്റെപേരില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് സുധാകരപക്ഷം നടത്തുന്നത്.ബുധനാഴ്ച പുലര്‍ച്ചെ മുതല്‍തന്നെ സുധാകരന്റെ ആള്‍ക്കാര്‍ ഡിസിസി പരിസരത്തു തമ്പടിച്ചിരുന്നു.

അച്ചടക്കലംഘനം പൊറുക്കില്ല ചെന്നിത്തല

പത്തനംതിട്ട: പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കലംഘനം പൊറുക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ്ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുവഴക്ക് പരിഹരിക്കും. ഇനി അത് അനുവദിക്കില്ല. അച്ചടക്കം ലംഘിച്ചാല്‍ ആരായാലും കര്‍ശനനടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

deshabhimani 3108011

1 comment:

  1. കണ്ണൂര്‍ ഡിസിസിയില്‍ പ്രസിഡന്റ് പി രാമകൃഷ്ണനെ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ കെ സുധാകരന്റെ ആര്‍ക്കാര്‍ തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന് കണ്ണൂരില്‍ ഗ്രൂപ്പുപോര് മൂര്‍ധന്യാവസ്ഥയിലെത്തി.

    ReplyDelete