Wednesday, August 31, 2011

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം സ്തംഭിച്ചു

ഗ്രാമീണമേഖലയിലെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യമിടുന്ന ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ (എന്‍ആര്‍എച്ച്എം) പ്രവര്‍ത്തനം സംസ്ഥാനത്ത് സ്തംഭിച്ചു. ഗ്രാമീണാരോഗ്യരംഗത്ത് സമഗ്ര പുരോഗതി ലക്ഷ്യമിട്ട് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതിയായ എന്‍ആര്‍എച്ച്എം അഞ്ച് വര്‍ഷമായി കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് പുതുജീവന്‍ പകര്‍ന്ന പദ്ധതിയായിരുന്നു. ഇതിന്റെ നടത്തിപ്പ് അവതാളത്തിലായതോടെ ആരോഗ്യരംഗം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പദ്ധതിപ്രകാരം നിയോഗിച്ച ഡോക്ടര്‍മാരേയും നഴ്സുമാരേയും ഇതര ജീവനക്കാരേയും പലയിടത്തും പിന്‍വലിച്ചു. തസ്തികയ്ക്കനുസരിച്ച് ഡോക്ടര്‍മാരില്ലാത്തതും തിരക്ക് കൂടുതലുള്ളതുമായ ഗ്രാമീണ ആശുപത്രികളില്‍ നിയോഗിച്ച ഡോക്ടര്‍മാരെയാണ് പിന്‍വലിച്ചത്. ഇതോടെ ഈ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി. എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരെ ഉപയോഗിച്ച് സ്പെഷ്യല്‍ഒപി പ്രവര്‍ത്തിച്ചിരുന്ന ആശുപത്രികളില്‍ , ഇപ്പോള്‍ സാധാരണ ഒപിയില്‍ ഇരിക്കാന്‍ പോലും ഡോക്ടര്‍മാരില്ല.

ആരോഗ്യമന്ത്രി ചെയര്‍മാനായ എന്‍ആര്‍എച്ച്എം ഭരണസമിതിയാണ് ഓരോ മാസവും യോഗം ചേര്‍ന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യേണ്ടത്. എന്നാല്‍ പുതിയ മന്ത്രി അധികാരമേറ്റ് മൂന്നരമാസം കഴിഞ്ഞിട്ടും ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല. എന്‍ആര്‍എച്ച്എം സംബന്ധിച്ച ഒരുയോഗവും മന്ത്രി വിളിച്ചുകൂട്ടിയിട്ടില്ല. നാല് മാസത്തിനിടെ ഒരു തവണ മാത്രമാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി ചെയര്‍മാനായ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗത്തിന്റെ മിനുട്സ് ഇതുവരെ സെക്രട്ടറിയോ മന്ത്രിയോ അംഗീകരിച്ചിട്ടുമില്ല. ഇത് അംഗീകരിക്കാതെ പദ്ധതി പ്രവര്‍ത്തനം നടത്താനും കഴിയില്ല.

ഈ സാമ്പത്തിക വര്‍ഷം 225 കോടി രൂപയുടെ കേന്ദ്ര സഹായവും സംസ്ഥാന വിഹിതമായ 100 കോടിയോളം രൂപയും മുന്‍വര്‍ഷത്തെ നീക്കിയിരിപ്പും ഉള്‍പ്പെടെ ഏതാണ്ട് 400 കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കല്‍ (പ്ലാന്‍ ഇംപ്ലിമെന്റേഷന്‍ പ്രോഗ്രാം) കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷം അഞ്ചുമാസം പിന്നിട്ടിട്ടും ഇതിന്റെ 10 ശതമാനം തുക പോലും വിനിയോഗിച്ചിട്ടില്ല. എന്‍ആര്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സ്ഥിരം ഡയറക്ടര്‍ വേണമെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മറ്റ് നാല് വകുപ്പുകള്‍ക്കൊപ്പം അധിക ചുമതലയുള്ള ഡയറക്ടര്‍ മാത്രമാണുള്ളത്. വൈകിട്ട് എന്‍ആര്‍എച്ച്എം ആസ്ഥാനത്ത് നടത്തുന്ന സന്ദര്‍ശനത്തില്‍ ഒതുങ്ങിനില്‍ക്കുന്നു ഡയറക്ടറുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. ആരോഗ്യ വകുപ്പ് സെക്രട്ടറിയാകട്ടെ തിരിഞ്ഞുനോക്കാറുമില്ല. ജില്ലാതല ഗവേണിംഗ് ബോഡി യോഗങ്ങളും നാലുമാസത്തിലേറെയായി നടന്നിട്ടില്ല.

2006 മുതല്‍ 85-95 ശതമാനം ഫണ്ട് അതാത് സാമ്പത്തിക വര്‍ഷം തന്നെ വിനിയോഗിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക പ്രശംസ നേടിയ സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന ഡോ. അന്‍പുമണി രാമദാസും ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ഗുലാംനബി ആസാദും കേരളത്തെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. 108 ആംബുലന്‍സ് പദ്ധതി വിപുലീകരണം ഉള്‍പ്പെടെ സംസ്ഥാനം സമര്‍പ്പിച്ച ചില പദ്ധതികള്‍ നിരാകരിച്ചുവെങ്കിലും മുന്‍വര്‍ഷത്തെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് ഈ വര്‍ഷം 225 കോടി അനുവദിച്ചത്. 2005ലാണ് കേന്ദ്രം പദ്ധതി തുടങ്ങിയതെങ്കിലും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്നതിലും പദ്ധതി നടപ്പാക്കുന്നതിലും ഉദാസീനത കാട്ടിയിരുന്നു.

deshabhimani 310811

1 comment:

  1. ഗ്രാമീണമേഖലയിലെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യമിടുന്ന ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ (എന്‍ആര്‍എച്ച്എം) പ്രവര്‍ത്തനം സംസ്ഥാനത്ത് സ്തംഭിച്ചു. ഗ്രാമീണാരോഗ്യരംഗത്ത് സമഗ്ര പുരോഗതി ലക്ഷ്യമിട്ട് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതിയായ എന്‍ആര്‍എച്ച്എം അഞ്ച് വര്‍ഷമായി കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് പുതുജീവന്‍ പകര്‍ന്ന പദ്ധതിയായിരുന്നു. ഇതിന്റെ നടത്തിപ്പ് അവതാളത്തിലായതോടെ ആരോഗ്യരംഗം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പദ്ധതിപ്രകാരം നിയോഗിച്ച ഡോക്ടര്‍മാരേയും നഴ്സുമാരേയും ഇതര ജീവനക്കാരേയും പലയിടത്തും പിന്‍വലിച്ചു. തസ്തികയ്ക്കനുസരിച്ച് ഡോക്ടര്‍മാരില്ലാത്തതും തിരക്ക് കൂടുതലുള്ളതുമായ ഗ്രാമീണ ആശുപത്രികളില്‍ നിയോഗിച്ച ഡോക്ടര്‍മാരെയാണ് പിന്‍വലിച്ചത്. ഇതോടെ ഈ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി. എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരെ ഉപയോഗിച്ച് സ്പെഷ്യല്‍ഒപി പ്രവര്‍ത്തിച്ചിരുന്ന ആശുപത്രികളില്‍ , ഇപ്പോള്‍ സാധാരണ ഒപിയില്‍ ഇരിക്കാന്‍ പോലും ഡോക്ടര്‍മാരില്ല.

    ReplyDelete