Saturday, August 27, 2011

ഹസാരെ സംഘത്തില്‍ ഭിന്നത

നിരാഹാരസത്യഗ്രഹം നീട്ടിക്കൊണ്ടുപോകുന്നതിനെച്ചൊല്ലി ഹസാരെ സംഘത്തില്‍ ഭിന്നത രൂക്ഷമായി. ഹസാരെ ഉടന്‍ സത്യഗ്രഹമവസാനിപ്പിക്കണമെന്നും പാര്‍ലമെന്റിനെ ഭീഷണിപ്പെടുത്തുന്ന സമീപനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ഹസാരെ സംഘത്തിലെ പല പ്രമുഖരും രംഗത്തുവന്നു. സംഘത്തിലെ ചിലര്‍ നിക്ഷിപ്‌ത താല്‍പ്പര്യങ്ങള്‍ക്കായി ഹസാരെയെ ദുരുപയോഗം ചെയ്യുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്‌.

കര്‍ണാടകത്തിലെ മുന്‍ ലോകായുക്തയും ജന്‍ ലോക്‌പാല്‍ ബില്‍ തയ്യാറാക്കുന്നതില്‍ പ്രധാനപങ്ക്‌ വഹിക്കുകയും ചെയ്‌ത ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്‌ഡെ, സ്വാമി അഗ്നിവേശ്‌ എന്നിവരാണ്‌ സത്യഗ്രഹം നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ രംഗത്തുവന്ന പ്രമുഖര്‍. പാര്‍ലമെന്റ്‌ തന്റെ വഴിക്കു വന്നുകൊള്ളണമെന്ന ഹസാരെയുടെ നിലപാട്‌ ശരിയില്ലെന്നും ജനാധിപത്യപരമല്ലെന്നും ജസ്റ്റിസ്‌ ഹെഗ്‌ഡെ പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയാണ്‌ പോകുന്നതെന്നതിനാല്‍ ഹസാരെ സംഘത്തിലെ ഒരംഗമാണ്‌ എന്ന തോന്നല്‍ തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിനെ ഭീഷണിപ്പെടുത്തുന്ന രീതി ഗാന്ധിയനല്ലെന്ന്‌ സ്വാമി അഗ്നിവേശ്‌ പറഞ്ഞു. കിരണ്‍ബേദി, അരവിന്ദ്‌ കെജ്‌രിവാള്‍ എന്നിവര്‍ ഹസാരെയെ തെറ്റായ മാര്‍ഗത്തിലൂടെ നയിക്കുന്നതായും അഗ്നിവേശ്‌ കുറ്റപ്പെടുത്തി.

അസംബന്ധമായ ആവശ്യങ്ങള്‍ ഉന്നയിപ്പിച്ച്‌ ഹസാരെയുടെ ജീവന്‍ പന്താടുന്ന ഒരു `ഉപജാപകസംഘം' ഹസാരെയോടൊപ്പമുണ്ടെന്ന്‌ ഔട്ട്‌ലുക്ക്‌ വാരികയുടെ എഡിറ്റര്‍-ഇന്‍-ചീഫ്‌ വിനോദ്‌മേത്ത പറഞ്ഞു. `ജനകീയ ശക്തി'യുടെ പേരുപറഞ്ഞുകൊണ്ട്‌ നടക്കുന്ന അപകടകരമായ ഈ കളിയെ അപലപിക്കേണ്ടതാണ്‌. രാജ്യവുമായി ഒരു ഏറ്റുമുട്ടലിന്റെ പാതയിലേക്കാണ്‌ ഉപജാപകവൃന്ദം ഹസാരെയെ നയിക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്‍ ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ ഗവണ്‍മെന്റ്‌ തീരുമാനിച്ച സാഹചര്യത്തില്‍ സത്യഗ്രഹം നീട്ടിക്കൊണ്ടുപോകുന്നതിന്‌ ഒരു ന്യായവുമില്ലെന്ന്‌ സുപ്രിം കോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ വര്‍മ്മ അഭിപ്രായപ്പെട്ടു. സ്‌തംഭനാവസ്ഥ ഒഴിവാക്കുന്നതിന്‌ ഹസാരെ സംഘം തയ്യാറാക്കിയ ജന്‍ ലോക്‌പാല്‍ ബില്ലും അരുണാറോയിയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ ബില്ലും ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കണമെന്ന്‌ അഭ്യര്‍ഥിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ വര്‍മ്മ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയിരുന്നു. ജന്‍ ലോക്‌പാല്‍ ബില്‍ തന്നെ നടപ്പാക്കണമെന്ന്‌ ശാഠ്യം പിടിക്കരുതെന്നും പാര്‍ലമെന്റിന്റെ പരമാധികാരത്തെ ചോദ്യം ചെയ്‌തുകൊണ്ട്‌ ജനാധിപത്യത്തെ വെല്ലുവിളിക്കരുതെന്നും നടി ശബാന ആസ്‌മി ആവശ്യപ്പെട്ടു.

janayugom 270811

2 comments:

  1. നിരാഹാരസത്യഗ്രഹം നീട്ടിക്കൊണ്ടുപോകുന്നതിനെച്ചൊല്ലി ഹസാരെ സംഘത്തില്‍ ഭിന്നത രൂക്ഷമായി. ഹസാരെ ഉടന്‍ സത്യഗ്രഹമവസാനിപ്പിക്കണമെന്നും പാര്‍ലമെന്റിനെ ഭീഷണിപ്പെടുത്തുന്ന സമീപനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ഹസാരെ സംഘത്തിലെ പല പ്രമുഖരും രംഗത്തുവന്നു. സംഘത്തിലെ ചിലര്‍ നിക്ഷിപ്‌ത താല്‍പ്പര്യങ്ങള്‍ക്കായി ഹസാരെയെ ദുരുപയോഗം ചെയ്യുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്‌.

    ReplyDelete
  2. ന്യൂഡല്‍ഹി: 1968 ല്‍ ലോക്പാല്‍ നിലവില്‍ വരണമെന്ന ചര്‍ച്ച തുടങ്ങിയതുമുതല്‍ ബില്ലിന് അനുകൂലമായ നിലപാടാണ് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും കൈക്കൊള്ളുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞു. 40 വര്‍ഷമായി ബില്‍ നിലവില്‍ വരാത്തത് ഭരണാധികാരികളുടെ വീഴ്ചയാണ്. പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണം. ഇടതുകക്ഷികളുടെ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ ഗവണ്‍മെന്റുമായുണ്ടാക്കിയ പൊതുമിനിമം പരിപാടിയില്‍ ലോക്പാലും ഉള്‍പ്പെടുത്തിയിരുന്നു. അണ്ണാ ഹസാരെയുടെ സമരത്തോടെ ലോക്പാല്‍ വിഷയം ഇന്ത്യ മുഴുവന്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. കുറച്ചുകാലമായി നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത അഴിമതി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും വിശ്വാസ്യതയെ ബാധിക്കുന്നതാണ്. വേണ്ട സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പാര്‍ലമെന്റിനു കഴിഞ്ഞിട്ടില്ല. അഴിമതി നടന്നു കഴിഞ്ഞാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ എടുക്കുന്ന വമ്പിച്ച കാലതാമസം പൊതുജനങ്ങളില്‍ മോശമായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്പാല്‍ ബില്ലിനെ സംബന്ധിച്ച് സിപിഐ എം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ReplyDelete