Saturday, August 27, 2011

വിജിലന്‍സ് ഡയറക്ടര്‍ വ്യാജരേഖ ചമച്ചു

പാമൊലിന്‍ കേസില്‍ തുടരന്വേഷണം അട്ടിമറിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെള്ളപൂശാനും വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ വ്യാജരേഖ ചമച്ചതായി തെളിഞ്ഞു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ വ്യക്തമായ തെളിവുണ്ടെന്നു കാണിച്ച് വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് നല്‍കിയ കുറിപ്പിന് നിയമസാധുതയില്ലെന്ന് വരുത്താനാണ് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തി വ്യാജരേഖ ഉണ്ടാക്കിയത്.

പ്രോസിക്യൂട്ടറുടെ കുറിപ്പ് അസംബന്ധമാണെന്നും അതില്‍ അദ്ദേഹം ഒപ്പിടാത്തതിനാല്‍ തിരിച്ചയക്കുന്നുവെന്നും കുറിപ്പിനോടൊന്നിച്ചുള്ള ആമുഖക്കത്തിനുതാഴെ എഴുതി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയതായാണ് ഡയറക്ടര്‍ വ്യാജരേഖ ചമച്ചത്. എന്നാല്‍ , ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഡയറക്ടര്‍ മെയ് 13ന് തട്ടിക്കൂട്ടി നല്‍കിയ റിപ്പോര്‍ട്ടിനൊപ്പമുള്ള കേസ് ഡയറിയില്‍ ഈ ആമുഖക്കത്തുണ്ടെങ്കിലും അതില്‍ ഇങ്ങനെ എഴുതിയിട്ടില്ല. കേസ് ഡയറിയില്‍ 4209 മുതല്‍ 4509 വരെ പേജുകള്‍ തുടരന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ 4471-ാമത്തെ പേജായി വച്ചത് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ആമുഖക്കത്താണ്. തുടരന്വേഷണത്തിന്റെ നിയമസാധുതകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ കുറിപ്പ് ഇതോടൊപ്പം വയ്ക്കുന്നുവെന്നാണ് കത്തിലുള്ളത്. തുടര്‍ന്ന്, 4477 വരെയുളള പേജുകളില്‍ കുറിപ്പും കൊടുത്തിട്ടുണ്ട്. ഇതിലെവിടെയും വിജിലന്‍സ് ഡയറക്ടറുടെ കൈപ്പടയിലുള്ള കുറിപ്പില്ല. മെയ് ഏഴിനാണ് ഡയറക്ടര്‍ക്ക് പ്രോസിക്യൂട്ടര്‍ കുറിപ്പ് നല്‍കിയത്. കുറിപ്പിനൊപ്പമുള്ള ആമുഖക്കത്തില്‍ മെയ് എട്ടിന് താന്‍ കുറിപ്പെഴുതി അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയെന്നാണ് വ്യാജരേഖയില്‍ പറയുന്നത്. കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഡയറക്ടര്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണം ഉയരുകയും ചെയ്തപ്പോഴാണ് വ്യാജരേഖ ചമച്ചത്. കോടതിയില്‍ സമര്‍പ്പിക്കുന്ന കേസ് ഡയറിയില്‍ യഥാര്‍ഥ രേഖകളാണ് വയ്ക്കേണ്ടത്. ഏതെങ്കിലും സാഹചര്യത്തില്‍ അതിന് കഴിയാതെവരുമ്പോള്‍ ശരിപ്പകര്‍പ്പ് നല്‍കുന്നതിനുള്ള കാരണം ബോധിപ്പിക്കുകയും അതില്‍ ബന്ധപ്പെട്ടവര്‍ ഒപ്പിടുകയും വേണം. ഇതും ചെയ്തിട്ടില്ല. പ്രോസിക്യൂട്ടറുടെ യഥാര്‍ഥ കുറിപ്പും ആമുഖരേഖയുമാണ് നല്‍കിയതെന്നാണ് ഇതും വ്യക്തമാക്കുന്നത്. കൂടാതെ, ഇത്തരത്തിലുള്ള കുറിപ്പ് ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചയക്കുകയാണെങ്കില്‍ അത് ഡയറിയുടെ ഭാഗമായി വയ്ക്കാറുമില്ല.

വിജിലന്‍സ് കോടതിയിലുള്ള കേസ് ഡയറിയുടെ ഭാഗമായുള്ള കത്തില്‍ ഡയറക്ടര്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട് അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയതായി വ്യാജരേഖ ചമച്ചത് ആഗസ്ത് എട്ടിന് കോടതി ഉത്തരവ് വന്നശേഷമാണ്. ആമുഖക്കത്തിനുതാഴെ എഴുതിയതായി പറയുന്ന കുറിപ്പില്‍ ഡയറക്ടറുടെ ധാര്‍ഷ്ട്യം നിറഞ്ഞ ചില പ്രയോഗങ്ങള്‍കൂടിയുണ്ട്. ആമുഖക്കത്തില്‍ ഒപ്പിടാന്‍ ധൈര്യം കാണിച്ച പ്രോസിക്യൂട്ടര്‍ ധൈര്യവും വ്യക്തിത്വവുമുണ്ടെങ്കില്‍ കുറിപ്പിലും ഒപ്പിടണമായിരുന്നുവെന്നാണ് എഴുതിയത്. ഈ രേഖയുണ്ടാക്കിയത് ഡയറക്ടര്‍ അല്ലായിരുന്നെങ്കില്‍ അത് മാധ്യമങ്ങളില്‍ വന്നപ്പോള്‍ നിഷേധിക്കണമായിരുന്നു. അതും ചെയ്തില്ല. വ്യാജരേഖയുടെ പകര്‍പ്പ് മനോരമ, മാതൃഭൂമി പത്രങ്ങള്‍ക്ക് "ചോര്‍ത്തി" നല്‍കി. ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാന്‍ ആഗസ്ത് 24ന് പത്രങ്ങള്‍ അത് പ്രസിദ്ധീകരിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ് തള്ളുകയും അവഹേളിക്കുകയും ചെയ്ത ഡയറക്ടര്‍ ഒരു നിയമവിദഗ്ധന്റെയും നിയമോപദേശം തേടിയിട്ടില്ല. കുറിപ്പില്‍ പ്രോസിക്യൂട്ടര്‍ ഒപ്പിട്ടില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ കുറിപ്പിന്റെ ആമുഖക്കത്തിലെ ഒപ്പ് വിസ്മരിക്കുന്നു. ഒരു കുറിപ്പ് ഇതോടൊപ്പം അയക്കുന്നുവെന്ന് എഴുതിയാല്‍പ്പിന്നെ കുറിപ്പില്‍ ഒപ്പിടേണ്ട ആവശ്യമില്ല.
(എം രഘുനാഥ്)

ദേശാഭിമാനി 270811

2 comments:

  1. പാമൊലിന്‍ കേസില്‍ തുടരന്വേഷണം അട്ടിമറിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെള്ളപൂശാനും വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ വ്യാജരേഖ ചമച്ചതായി തെളിഞ്ഞു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ വ്യക്തമായ തെളിവുണ്ടെന്നു കാണിച്ച് വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് നല്‍കിയ കുറിപ്പിന് നിയമസാധുതയില്ലെന്ന് വരുത്താനാണ് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തി വ്യാജരേഖ ഉണ്ടാക്കിയത്.

    ReplyDelete
  2. ഡെസ്മണ്ട് നെറ്റോയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . അഴിമതിക്കാരെ സംരക്ഷിക്കാന്‍ അച്ചാരം വാങ്ങിയ വ്യക്തിയാണ് അദ്ദേഹം. പാമൊലിന്‍ , ടൈറ്റാനിയം കേസുകള്‍ അട്ടിമറിക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയ ഇയാള്‍ ഒരുനിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. ഇത്തരക്കാരെ വച്ച് അന്വേഷിച്ചാല്‍ പാമൊലിന്‍ കേസില്‍ ശരിയായ പ്രതികള്‍ പിടിയിലാവില്ലെന്നും വിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete