Friday, August 26, 2011

മാധ്യമങ്ങള്‍ക്ക് ചാകര

നിരാഹാരം നിര്‍ത്തണമെന്ന് ലോക്സഭയുടെ അഭ്യര്‍ഥന

ന്യൂഡല്‍ഹി: അണ്ണ ഹസാരെയുടെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രിയുടെ ഉറപ്പ് പരിഗണിച്ച് സമരം നിര്‍ത്തണമെന്നും ലോക്സഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. അഴിമതിവിരുദ്ധചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസംഗത്തിനൊടുവില്‍ പാര്‍ലമെന്റുതന്നെ ഹസാരെയോട് സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിക്കണമെന്ന് പറഞ്ഞു. ഫലപ്രദമായ ലോക്പാല്‍ബില്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റ് പ്രതിബദ്ധമാണെന്നും അത് കൊണ്ടുവരുമെന്നും പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. പാര്‍ലമെന്റിന്റെ പൊതുവികാരം മാനിച്ച് ഹസാരെ നിരാഹാരസമരത്തില്‍നിന്ന് പിന്മാറണമെന്ന് സ്പീക്കര്‍ മീരാകുമാര്‍ അഭ്യര്‍ഥിച്ചു.

ഏഴുവര്‍ഷത്തെ ഭരണത്തിനിടെ തെറ്റുപറ്റിയിട്ടുണ്ടാകാമെന്നും എന്നാല്‍ , 20 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതം ആത്മാര്‍ഥതയോടെയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് ചിലതെങ്കിലും സംഭാവന നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ വ്യക്തിപരമായ കുറ്റപ്പെടുത്തല്‍ വേദനിപ്പിച്ചു. അഴിമതി ഗുരുതര പ്രശ്നമാണ്. അതിനെ ഗൗരവമായി നേരിടണം. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. തങ്ങളുടെ അധികാരത്തിനും പദവിക്കും ഉള്ളില്‍നിന്നുകൊണ്ടുള്ള ശക്തമായ ബില്ലാണ് അന്തിമമായി വരിക. ജനലോക്പാല്‍ ബില്ലും അരുണാറോയ്, ജയപ്രകാശ് നാരായണ്‍ എന്നിവരുടെ ബില്ലുകളും പാര്‍ലമെന്റ് ചര്‍ച്ചചെയ്യണം. വിലപ്പെട്ട എല്ലാ നിര്‍ദേശവും കൂട്ടിച്ചേര്‍ത്താവും ബില്‍ പാസാക്കുക. ഹസാരെയോട് ബഹുമാനമേയുള്ളൂ. അദ്ദേഹമാണ് പ്രശ്നത്തിന്റെ ഗൗരവം ഏവരെയും ബോധ്യപ്പെടുത്തിയത്. ഹസാരെയെ "അഭിവാദ്യം" ചെയ്യുന്നു. അറസ്റ്റുണ്ടായതില്‍ ഖേദമുണ്ട്. അഴിമതി തടയുകയെന്നത് പാര്‍ലമെന്റിന്റെ കൂട്ടുത്തരവാദിത്തമാണ്- പ്രധാനമന്ത്രി പറഞ്ഞു.

അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന് ഡിവൈഎഫ്ഐയുടെ ഐക്യദാര്‍ഢ്യം

ന്യൂഡല്‍ഹി: രാജ്യത്ത് ശക്തമാകുന്ന അഴിമതിവിരുദ്ധപ്രസ്ഥാനത്തോട് ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് ഐക്യദാര്‍ഢ്യം പ്രഖ്യാപിപ്പിച്ചു. അഴിമതിക്കെതിരായ പൊതുജനവികാരമാണ് ഇപ്പോഴത്തെ സമരത്തിന് പിന്നിലെ ചാലകശക്തിയെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.

അഴിമതിക്കെതിരായ പോരാട്ടം നിരന്തരം നടത്തുന്ന സംഘടനയാണ് ഡിവൈഎഫ്ഐ. അഴിമതി കൈകാര്യം ചെയ്യുന്നതിന് കാര്യക്ഷമമായ ലോക്പാല്‍ ബില്‍ വേണം. പ്രധാനമന്ത്രി ഇതിന്റെ പരിധിയില്‍ വരണം. ലോക്പാല്‍ വന്നതുകൊണ്ട് മാത്രം അഴിമതി തടയാനാകില്ല. നവഉദാര പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്നതാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ . 2ജി സ്പെക്ട്രം, കെജി എണ്ണഖനനം തുടങ്ങിയ അഴിമതികളിലെല്ലാം വന്‍ കോര്‍പറേറ്റുകളാണ് ഗുണഭോക്താക്കള്‍ . ഒരുവിഭാഗം മാധ്യമങ്ങള്‍പോലും ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ്. ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം കഴിഞ്ഞദിവസം രാജ്യസഭ പാസാക്കി.

ഇപ്പോഴത്തെ അഴിമതിവിരുദ്ധപ്രസ്ഥാനത്തെ നവഉദാര നയങ്ങള്‍ക്കും മറ്റുമെതിരായ വിശാലമുന്നണിയാക്കി മാറ്റേണ്ടതുണ്ട്. നയങ്ങളിലെ മാറ്റം അനിവാര്യമാണ്. രാജ്യത്തെ പ്രകൃതിവിഭവങ്ങള്‍ പൊതുഉടമസ്ഥതയിലാകുമെന്ന് ഉറപ്പാക്കണം. ശക്തമായ ദേശീയ ജുഡീഷ്യല്‍ കമീഷന് രൂപം നല്‍കണം. ജനാധിപത്യ പ്രക്രിയയെ പണാധിപത്യത്തില്‍നിന്ന് മോചിപ്പിക്കുന്നതിന് ആവശ്യമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും കൊണ്ടുവരണം. അഴിമതിവിരുദ്ധപ്രസ്ഥാനം ശക്തിപ്പെടുത്താന്‍ എല്ലാ യുവജനങ്ങളും മുന്നോട്ടുവരണം- ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തു.

മാധ്യമങ്ങള്‍ക്ക് ചാകര

ന്യൂഡല്‍ഹി: അണ്ണാഹസാരെ നിരാഹാരം തുടങ്ങിയശേഷം ന്യൂഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് ചാകരക്കാലം. സമരത്തിന് പത്തുദിവസം തികഞ്ഞ ഘട്ടത്തില്‍ വര്‍ധിച്ച ആവേശത്തിലാണ് ചാനലുകളും പത്രങ്ങളും. രാംലീലാമൈതാനിയില്‍ താല്‍ക്കാലിക സ്റ്റുഡിയോ സ്ഥാപിച്ചാണ് സംപ്രേഷണം. പകല്‍ എല്ലാ 15 ന്യൂസ്ബുള്ളറ്റിനിലും വിഷയം ഹസാരെ സമരംതന്നെ. മൈതാനിയില്‍ സജീവമായി രംഗത്തുള്ള 110 ഇന്ത്യന്‍ ചാനലുകളില്‍ ഭൂരിഭാഗത്തിനും തത്സമയസംപ്രേഷണത്തിന് സൗകര്യമുണ്ട്. പത്രങ്ങളിലെ പ്രധാന എഡിറ്റര്‍മാര്‍മുതല്‍ ജൂനിയര്‍ റിപ്പോര്‍ട്ടര്‍മാര്‍വരെ മൈതാനിയിലുണ്ട്. ഉച്ചയ്ക്കുശേഷം ഇവിടെ വച്ച് തന്നെയാണ് വാര്‍ത്തകള്‍ നിശ്ചയിക്കുന്നതും മറ്റും.

അച്ചടിമാധ്യമരംഗത്തെ പ്രധാനികളായ ഹിന്ദുസ്ഥാന്‍ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങള്‍ ദിവസവും ഒന്നാം പേജും എഡിറ്റ് പേജുമടക്കം ആറു പേജാണ് ഹസാരെ വാര്‍ത്തകള്‍ക്ക് മാത്രമായി നീക്കിവയ്ക്കുന്നത്. ഇവരുടെ ചുവടുപിടിച്ച് മറ്റ് ഇംഗ്ലീഷ് പത്രങ്ങളും ഹസാരെ പതിപ്പുകളായി മാറി. രാവിലെയും വൈകിട്ടുമായി ഇറങ്ങുന്ന ഹിന്ദിപത്രങ്ങളിലും ഹസാരെ തന്നെ മുഖ്യം. പ്രാദേശികപത്രങ്ങളില്‍ അനുകൂലിച്ചും എതിര്‍ത്തും വാര്‍ത്തകളുണ്ട്. "ഐ ആം അണ്ണാ" എന്നെഴുതിയ തൊപ്പിധരിച്ച് രാംലീലാ മൈതാനിയില്‍ കഴിഞ്ഞുവരികയായിരുന്ന കൊടുംക്രിമിനലിനെ കഴിഞ്ഞദിവസം ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തത് ഹിന്ദിപത്രങ്ങളില്‍ ചിത്രം സഹിതം പ്രസിദ്ധീകരിച്ചു.

അഴിമതിവിരുദ്ധ പ്രസ്ഥാനം ജനാധിപത്യത്തിന്റെ കരുത്ത്: കരസേന മേധാവി

മുംബൈ: അഴിമതിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ ജനങ്ങളുടെയും ജനാധിപത്യ സംവിധാനങ്ങളുടെയും കരുത്ത് വര്‍ധിക്കുന്നതിന്റെ സൂചനയാണെന്ന് കരസേന മേധാവി ജനറല്‍ വി കെ സിങ്. മുന്‍ എംപി സന്തോഷ് ഭാരതീയയുടെ നേതൃത്വത്തില്‍ ജുഹൂവില്‍നടന്ന വിനോദ വ്യവസായരംഗത്തുള്ളവരുമായുള്ള സംഭാഷണത്തിനിടെയാണ് കരസേന മേധാവിയുടെ പ്രതികരണം.

കൗതുകകരവും പ്രക്ഷുബ്ധവുമായ അന്തരീക്ഷത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജനാധിപത്യത്തിന്റെ ശക്തിയെന്തെന്നതിന് സാക്ഷിയാവുകയാണ് നാമിന്ന്- വി കെ സിങ് പറഞ്ഞു. കശ്മീര്‍മുതല്‍ കന്യാകുമാരിവരെയും ഗുജറാത്ത് മുതല്‍ മിക്കവാറും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിവിധ കാരണങ്ങള്‍കൊണ്ട് അസ്വസ്ഥത നിലനില്‍ക്കുന്നുണ്ട്. ചിലത് ബാഹ്യ സഹായം കൊണ്ടുനടക്കുന്ന പ്രക്ഷോഭങ്ങളാണെങ്കില്‍ മറ്റുചിലത് ന്യായമായ കാരണങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണ്. ഒരു പ്രക്ഷോഭം ആരു നയിക്കുന്നു എന്നല്ല എന്തുകൊണ്ടാണ് അത് സൃഷ്ടിക്കപ്പെട്ടത് എന്നാണ് പരിശോധിക്കേണ്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബാധിച്ച നക്സലൈറ്റ് പ്രശ്നത്തിനുപിന്നില്‍ സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളാണ്-വി കെ സിങ് പറഞ്ഞു.

സമരക്കാരെ ഭയന്ന് മെട്രോ സ്റ്റേഷന്‍ അടച്ചു

ന്യൂഡല്‍ഹി: അണ്ണ ഹസാരെയുടെ സമരത്തെ പിന്തുണയ്ക്കുന്നവരെ ഭയന്ന് ന്യൂഡല്‍ഹിയില്‍ മെട്രോ റെയില്‍ കോര്‍പറേഷന്റെ നാല് സ്റ്റേഷന്‍അടച്ചു. പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യുന്നതു തടയുന്നതിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകള്‍ അടച്ചത്. ഭൂഗര്‍ഭ ഗതാഗത ശൃംഖല ഉപയോഗപ്പെടുത്തി പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ വസതിക്കു സമീപത്തേക്ക് എത്തുന്നത് തടയാനാണ് ഈ നടപടി. ഉദ്യോഗ് ഭവന്‍ , റേസ്കോഴ്സ്, ജോര്‍ബാഗ്, ഖാന്‍ മാര്‍ക്കറ്റ് സ്റ്റേഷനുകളാണ് അടച്ചത്. പകല്‍ മൂന്നോടെയാണ് സ്റ്റേഷനുകള്‍ അടച്ചത്. ഇതുമൂലം കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ ജോലികഴിഞ്ഞ് മടങ്ങാനാവാതെ ബുദ്ധിമുട്ടി.

deshabhimani 260811

2 comments:

  1. അണ്ണ ഹസാരെയുടെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രിയുടെ ഉറപ്പ് പരിഗണിച്ച് സമരം നിര്‍ത്തണമെന്നും ലോക്സഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. അഴിമതിവിരുദ്ധചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസംഗത്തിനൊടുവില്‍ പാര്‍ലമെന്റുതന്നെ ഹസാരെയോട് സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിക്കണമെന്ന് പറഞ്ഞു. ഫലപ്രദമായ ലോക്പാല്‍ബില്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റ് പ്രതിബദ്ധമാണെന്നും അത് കൊണ്ടുവരുമെന്നും പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. പാര്‍ലമെന്റിന്റെ പൊതുവികാരം മാനിച്ച് ഹസാരെ നിരാഹാരസമരത്തില്‍നിന്ന് പിന്മാറണമെന്ന് സ്പീക്കര്‍ മീരാകുമാര്‍ അഭ്യര്‍ഥിച്ചു.

    ReplyDelete
  2. ഹസാരെ നിരാഹാരമിരിക്കുന്ന രാംലീലാ മൈതാനിയില്‍ ആറു കൗണ്ടറുകളിലായി സംഭാവനയായി ലഭിച്ചത് അറുപത് ലക്ഷത്തോളം രൂപ. സംഭാവന നല്‍കുന്നവര്‍ക്ക് രസീത് നല്‍കിയാണ് പിരിവ്. പണം നല്‍കാന്‍ തയ്യാറായി ഒട്ടേറെ പേര്‍ കൗണ്ടറിലെത്തിയെങ്കിലും ആവശ്യത്തിന് പണമായെന്നതിനാല്‍ തല്‍ക്കാലം നിര്‍ത്തിയതായി സംഘാടകര്‍ അറിയിച്ചു. ജനങ്ങളുടെ പിന്തുണയാണ് പിരിവിലൂടെ കാണുന്നതെന്ന് ഓള്‍ ഇന്ത്യ എഗെയിന്‍സ്റ്റ് കറപ്ഷന്‍ (ഐഎസി) അംഗം നീരജ്കുമാര്‍ പറഞ്ഞു. ഇനി പണം ആവശ്യമായി വരുമ്പോഴേ പിരിവെടുക്കു. ബുധനാഴ്ച രാത്രി തന്നെ പിരിവ് നിര്‍ത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ പലരും സംഭാവനയുമായി വന്നെങ്കിലും വാങ്ങിയില്ല. പിരിച്ചതിന്റെ കൃത്യമായ കണക്ക് ഐഎസിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

    ReplyDelete