Thursday, August 25, 2011

വല്ലാര്‍പാടം: അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെച്ച് കബോട്ടാഷ് ഭേദഗതിക്കായി മുറവിളി

കൊച്ചി: കബോട്ടാഷ് നിയമത്തിന്റെ ഭേദഗതി വരുത്തിയില്ലെങ്കില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍  പദ്ധതി അനിശ്ചിതത്വത്തിലാവുമെന്ന പ്രചാരണം  ശക്തിപ്രാപിക്കുമ്പോള്‍ (ഡ്രഡ്ജിംഗും കണ്ടെയ്‌നറുകള്‍ കൈകാര്യംചെയ്യുന്നതിലെ ഭീമമായ തുക വര്‍ധനയുമാണ് വല്ലാര്‍പാടത്തുനിന്ന് കപ്പലുകളെ അകറ്റിനിര്‍ത്തുന്നതെന്ന യാഥാര്‍ഥ്യത്തിനുനേരെ അധികാരികളടക്കം കണ്ണടയ്ക്കുന്നു.

വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം അഴിമതി നടന്നിട്ടുള്ളത് ഡ്രഡ്ജിംഗിന്റെ നടപടികളുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പൂര്‍ത്തീകരിക്കേണ്ട ചാനലുകള്‍ക്ക്  ആഴംവെയ്പ്പിക്കല്‍ നടപടി ഇപ്പോഴും ഭാഗികമായാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. കപ്പല്‍ചാനലുകള്‍ക്ക് ആഴംകൂട്ടുന്നതിനാവശ്യമായ ഡ്രഡ്ജിംഗ് സൗകര്യങ്ങളില്ലാത്ത കപ്പലാണ് കൊച്ചിയില്‍ ഈ ജോലിചെയ്തിരുന്നത്. പുതിയ തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ അധികാരമേറ്റെടുത്തപ്പോള്‍ ഇത് മനസിലാക്കി ഈ കപ്പല്‍ തുറമുഖത്ത് പിടിച്ചിട്ടിരുന്നു. തുറമുഖ ട്രസ്റ്റ് അറിയാതെ ഈ കപ്പലുമായി കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കപ്പല്‍ പുറംകടലില്‍നിന്നും പിടിച്ച് തുറമുഖത്ത് കൊണ്ടുവന്ന സംഭവവും നടന്നിരുന്നു. ഡ്രഡ്ജിംഗിന്റെ പേരില്‍ നടന്നിരുന്ന പകല്‍കൊള്ളയെക്കുറിച്ച് തുറമുഖട്രസ്റ്റിലുള്ളവര്‍ക്ക് കാര്യങ്ങളെല്ലാം അറിയാമെങ്കിലും ഇതിന്റെ ഗുണഫലം അനുഭവിച്ചവര്‍ ഉന്നതരായതുകൊണ്ട് വസ്തുതകള്‍ പുറത്തുവരുന്നില്ല.
വല്ലാര്‍പാടത്ത് വലിയ കപ്പലുകള്‍ അടുക്കണമെങ്കില്‍ പതിനാലര മീറ്റര്‍ ആഴമുണ്ടാകണം. പതിനയ്യായിരം കണ്ടെയ്‌നറുകള്‍ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന കപ്പലുകള്‍ ഇന്ന് മെഴ്‌സ്‌ക്, എംഎസ്‌സി, സിഎംഎ, സിജിഎം, കോസ്‌ക്കോ തുടങ്ങിയ കമ്പനികള്‍ക്കുണ്ട്. ഇത്തരം കപ്പലുകള്‍ വിദൂരഭാവിയില്‍പോലും കൊച്ചിയിലടുക്കുമെന്ന വിശ്വാസം വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലുള്ളവര്‍ക്കില്ല. വല്ലാര്‍പാടത്തേക്ക് കൂറ്റന്‍ ക്രെയിനുകള്‍ കൊണ്ടുവന്ന് 'ജിന്‍ഹുവ' എന്ന കപ്പല്‍ മൂന്നുമാസമാണ് വല്ലാര്‍പാടത്ത് അടുക്കാതെ പുറംകടലില്‍ നങ്കൂരമിട്ടത്. ഈ കപ്പല്‍ പുറംകടലില്‍ കിടന്നതിന്റെ നഷ്ടപരിഹാരം തുറമുഖ ട്രസ്റ്റ് അധികൃതര്‍ നല്‍കണമെന്നാണ് ദുബൈ പോര്‍ട്ട് വേള്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ഉദ്ഘാടനം ചെയ്ത വല്ലാര്‍പാടത്ത് കഴിഞ്ഞ ആറുമാസത്തിനകം 1,36,734 കണ്ടെയ്‌നറുകളാണ് കൈകാര്യംചെയ്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം കൊച്ചി തുറമുഖത്ത് 3,10,816 കണ്ടെയ്‌നറുകള്‍ കൈകാര്യംചെയ്തിരുന്നു. ഇതില്‍ 78,248 കണ്ടെയ്‌നറുകളും ആഭ്യന്തര കണ്ടെയ്‌നറുകളായിരുന്നു. വല്ലാര്‍പാടത്തുള്ളതിന്റെ നാലിലൊന്ന് ആധുനിക സൗകര്യങ്ങള്‍ കൊച്ചി തുറമുഖത്തുണ്ടായിരുന്നില്ലെന്ന വസ്തുതയും പരിശോധിക്കപ്പെടേണ്ടതുണ്ട്.

വല്ലാര്‍പാടം പദ്ധതി നടപ്പിലാക്കുന്നതിനുമുന്‍പ് കൊളംബോവഴി ട്രാന്‍സ്ഷിപ്പ്‌മെന്റ് നടക്കുമ്പോള്‍ പത്തുദിവസത്തെ സമയനഷ്ടവും മുന്നൂറ് ഡോളറിനടുത്ത് നഷ്ടവും ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്കുണ്ടാവുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുമാസത്തെ കയറ്റുമതിക്കാരുടെ അനുഭവം ഒട്ടും ആശാവഹമല്ല. കൊച്ചി തുറമുഖത്ത് കണ്ടെയ്‌നര്‍ കൈകാര്യംചെയ്യുന്നതിനുള്ള കൂലി 8000-9000 രൂപ ആയിരുന്നത് വല്ലാര്‍പാടത്തായപ്പോള്‍ 18000 രൂപയായി വര്‍ധിച്ചു. കസ്റ്റംസ് ക്ലിയറന്‍സിനും മറ്റുമായി കിലോമീറ്ററുകള്‍ അധികം ഓടേണ്ട ബാധ്യതയും കയറ്റുമതിക്കാര്‍ക്ക് വന്നുപെട്ടു. തങ്ങളുടെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്.

വല്ലാര്‍പാടം പദ്ധതിക്കുവേണ്ട ചിലവിന്റെ മൂന്നില്‍ രണ്ടുഭാഗവും നിര്‍വഹിച്ചിരിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ആറായിരം കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നാലായിരം കോടിയും മുടക്കുന്നത് സര്‍ക്കാരാണ്. എന്നാല്‍ ഇതില്‍നിന്നുള്ള വരുമാനത്തിന്റെ 66.6 ശതമാനവും മുപ്പതുവര്‍ഷത്തേക്ക് ദുബൈ പോര്‍ട്ട് വേള്‍ഡാണ് കൊണ്ടുപോകുന്നത്. പ്രതിവര്‍ഷം ഡ്രഡ്ജിംഗ് ഇനത്തില്‍തന്നെ 125 കോടി രൂപ കൊച്ചി തുറമുഖം കണ്ടെത്തേണ്ടതുണ്ട്.

കൊച്ചി തുറമുഖട്രസ്റ്റിന്റെ ഇപ്പോഴത്തെ അവസ്ഥ പഴയ ജന്മികളുടേതാണ്. സ്വന്തമായുള്ള സ്ഥലങ്ങള്‍ വിറ്റാണ് തുറമുഖ ട്രസ്റ്റ് ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത്. കഴിഞ്ഞിടെ ബോള്‍ഗാട്ടി ദ്വീപിനടുത്തുള്ള കണ്ണായ സ്ഥലം തുറമുഖ ട്രസ്റ്റ് വിറ്റിരുന്നു. വല്ലാര്‍പാടം പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ കൊച്ചി തുറമുഖത്ത് വിനോദസഞ്ചാര ഹബ് ആക്കി മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. വല്ലപ്പോഴും വന്നുപോകുന്ന വിനോദസഞ്ചാര നൗകകള്‍ തുറമുഖത്തിന്റെ പണപ്പെട്ടിക്ക് ഏറെയൊന്നും ഗുണംചെയ്യുന്നില്ലെന്നതാണ് വാസ്തവം. തുറമുഖങ്ങളെ ആധുനീകവല്‍ക്കരിക്കുകയും ആഭ്യന്തര കപ്പല്‍വ്യവസായത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന വാഗ്ദാനത്തിന്റെ മരണമണിയാണ് കബോട്ടാഷ് നിയമത്തിന്റെ ഇളവുകള്‍വഴി വിദേശകുത്തക കപ്പല്‍വ്യവസായികള്‍ ലക്ഷ്യമിടുന്നത്.

1958-ല്‍ നടപ്പിലായ ഇന്ത്യയിലെ മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ടിന്റെ 407-ാം വകുപ്പാണ് കബോട്ടാഷ് ആക്ട് എന്നറിയപ്പെടുന്നത്. രാജ്യത്തിനകത്തെ തുറമുഖങ്ങള്‍ക്കിടയിലെ ചരക്കുനീക്കത്തിന് ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍തന്നെ ഉപയോഗിക്കണമെന്ന് നിയമം അനുശാസിക്കുന്നു.

ആവശ്യമെങ്കില്‍ വിദേശ കപ്പലുകള്‍ ചാര്‍ട്ടര്‍ ചെയ്‌തെടുക്കാനും നിയമം അനുമതി നല്‍കുന്നുണ്ട്. ലോകത്തെ കപ്പല്‍വ്യവസായരംഗത്ത് ഇന്ത്യക്ക് 15-ാം സ്ഥാനമാണുള്ളത്. 12 വലിയ തുറമുഖങ്ങളും 185 ചെറുകിട തുറമുഖങ്ങളുമുള്‍പ്പെടുന്ന ഇന്ത്യ ലോകത്ത് അവഗണിക്കാനാവാത്ത ശക്തിയാണ്. രാജ്യത്തെ സമുദ്രവ്യാപാര വികസനത്തിനായി 60,398 കോടിയുടെ ദേശീയ സമുദ്രവ്യാപാര വികസന പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ കപ്പല്‍വ്യാപാരരംഗത്തെ അനിഷേധ്യമായ കുതിച്ചുകയറ്റത്തിന് തടയിടാനാണ് കബോട്ടാഷ് നിയമഭേദഗതിയെന്ന് ആഭ്യന്തര കപ്പല്‍വ്യവസായികള്‍ക്ക് പരാതിയുണ്ട്. ലോകവ്യാപാര സംഘടനയുടെ തുറന്ന വിപണി നിബന്ധനകള്‍ ഈ മേഖലയില്‍ ബാധകമല്ലെന്ന വസ്തുതയും അധികാരികള്‍ മറച്ചുവെയ്ക്കുന്നു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിസഭാംഗമടക്കമുള്ളവര്‍ കബോട്ടാഷ് ഭേദഗതി വേണമെന്ന് മുറവിളി കൂട്ടുമ്പോള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഈ നിയമം ഭേദഗതിവരുത്താന്‍ തയ്യാറായിട്ടില്ലെന്ന വസ്തുതയും മറച്ചുവെയ്ക്കപ്പെടുകയാണ്.

janayugom 250811

1 comment:

  1. കബോട്ടാഷ് നിയമത്തിന്റെ ഭേദഗതി വരുത്തിയില്ലെങ്കില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി അനിശ്ചിതത്വത്തിലാവുമെന്ന പ്രചാരണം ശക്തിപ്രാപിക്കുമ്പോള്‍ (ഡ്രഡ്ജിംഗും കണ്ടെയ്‌നറുകള്‍ കൈകാര്യംചെയ്യുന്നതിലെ ഭീമമായ തുക വര്‍ധനയുമാണ് വല്ലാര്‍പാടത്തുനിന്ന് കപ്പലുകളെ അകറ്റിനിര്‍ത്തുന്നതെന്ന യാഥാര്‍ഥ്യത്തിനുനേരെ അധികാരികളടക്കം കണ്ണടയ്ക്കുന്നു.

    ReplyDelete