Monday, August 29, 2011

സിബിഐ അന്വേഷണം അട്ടിമറിച്ച ബിജെപി-ലീഗ് ഗൂഢാലോചന പുറത്തായി: സിപിഐ എം

കോഴിക്കോട്: മാറാട് കലാപം സംബന്ധിച്ച സിബിഐ അന്വേഷണം അട്ടിമറിച്ചതിന് പിന്നിലെ ബിജെപി-ലീഗ് ഗൂഢാലോചന വെളിവായ വാര്‍ത്തകളാണ് സമീപ ദിവസങ്ങളില്‍ പുറത്തുവന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കലാപത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ത്തിയവരില്‍ മുന്‍പന്തിയിലായിരുന്നു ബിജെപി. 2003 മെയ് 5ന് നടന്ന രണ്ടാം മാറാട് കലാപത്തെ തുടര്‍ന്ന് ആര്‍എസ്എസുകാര്‍ ആട്ടിയോടിച്ച മുസ്ലിം കുടുംബങ്ങളുടെ പുനരധിവാസം ആര്‍എസ്എസ്-ബിജെപി സംഘം തടസപ്പെടുത്തിയത് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ്. ഈ ആവശ്യമുയര്‍ത്തി അവര്‍ സമരവും നടത്തി. എന്നാല്‍ ബിജെപി-ലീഗ് നേതാക്കള്‍ നടത്തിയ രഹസ്യചര്‍ച്ചകളെതുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതില്‍നിന്ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.

മാറാട് ഒത്തുതീര്‍പ്പിലെ ഒരു വ്യവസ്ഥയായിരുന്നു സിബിഐ അന്വേഷണം. ആ കരാറില്‍ ഒപ്പുവച്ച ആര്‍എസ്എസ്-ബിജെപി സംഘവും ലീഗും നടത്തിയത് നെറികെട്ട പ്രവൃത്തിയാണ്. ലീഗ് നേതാവ് പാണക്കാട് തങ്ങളുമായി രഹസ്യസംഭാഷണം നടത്തിയതിന് ബിജെപി നേതാവ് ശ്രീധരന്‍പിള്ളക്കെതിരെ ബിജെപി നേതാക്കള്‍തന്നെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ശ്രീധരന്‍പിള്ളയുടെ അക്കാലത്തെ വിദേശയാത്രകള്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സിബിഐ അന്വേഷണത്തെ എതിര്‍ത്ത ലീഗുമായി കൂട്ടുചേര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ആത്മാര്‍ഥത കാണിക്കാതിരുന്ന ബിജെപി നേതാക്കളുടെ നടപടി അങ്ങേയറ്റം ഹീനമാണ്.

മാറാട് അന്വേഷണ കമീഷന്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ശക്തികളുടെ ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. അതംഗീകരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു. ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി കേന്ദ്രം ശുപാര്‍ശ തള്ളി. വര്‍ഗീയ തീവ്രവാദ ശക്തികളെ സഹായിക്കാന്‍ ഗൂഢാലോചന നടത്തിയ ബിജെപി-ലീഗ് നേതാക്കളുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണം. മാറാട് കലാപം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ ബിജെപി-ലീഗ് നേതാക്കള്‍ക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളും പ്രതിഷേധിക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 290811

1 comment:

  1. മാറാട് കലാപം സംബന്ധിച്ച സിബിഐ അന്വേഷണം അട്ടിമറിച്ചതിന് പിന്നിലെ ബിജെപി-ലീഗ് ഗൂഢാലോചന വെളിവായ വാര്‍ത്തകളാണ് സമീപ ദിവസങ്ങളില്‍ പുറത്തുവന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കലാപത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ത്തിയവരില്‍ മുന്‍പന്തിയിലായിരുന്നു ബിജെപി. 2003 മെയ് 5ന് നടന്ന രണ്ടാം മാറാട് കലാപത്തെ തുടര്‍ന്ന് ആര്‍എസ്എസുകാര്‍ ആട്ടിയോടിച്ച മുസ്ലിം കുടുംബങ്ങളുടെ പുനരധിവാസം ആര്‍എസ്എസ്-ബിജെപി സംഘം തടസപ്പെടുത്തിയത് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ്. ഈ ആവശ്യമുയര്‍ത്തി അവര്‍ സമരവും നടത്തി. എന്നാല്‍ ബിജെപി-ലീഗ് നേതാക്കള്‍ നടത്തിയ രഹസ്യചര്‍ച്ചകളെതുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതില്‍നിന്ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.

    ReplyDelete