സിപിഐഎം സംസ്ഥാനകമ്മറ്റി മുന്‍ അംഗമായിരുന്ന വെണ്‍പാല രാമചന്ദ്രന്‍ അന്തരിച്ചു. 83 വയസായിരുന്നു. അസുഖബാധിതനായി ചികില്‍സയിലായിരുന്നു. സംസ്കാരം പിന്നീട്.അവിഭക്തകമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ തിരുവല്ല താലൂക്ക്സെക്രട്ടറിയായിരുന്നു. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റിയംഗമായിരുന്നു.ഭാര്യ: കലയാര്‍ വട്ടപ്പറമ്പില്‍ പൊന്നമ്മ, മക്കള്‍ : വിആര്‍ ഗീത,അഡ്വ: സുരേഷ്,സുഭാഷ്,വിആര്‍ സുനില്‍ ,വിആര്‍ സുധീഷ്, മരുമക്കള്‍ : അഡ്വ: വിശ്വംഭരപ്പണിക്കര്‍ ,പുഷ്പ,സിന്ധു,വിദ്യ,ലക്ഷ്മി
വെണ്‍പാല മാക്സിസത്തില്‍ അടിയുറച്ച വിപ്ലവകാരി
"1948ല്‍ എസ്ബി കോളേജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഗ്രൗണ്ടിന് സമീപമുള്ള മരത്തണലില്‍ ഒരു സൃഹൃത്ത് പുസ്തകം വായിക്കുന്നു. അങ്ങോട്ടേക്ക് ചെന്നപ്പോള്‍ പെട്ടെന്ന് പുസ്തകംമാറ്റി. അസഹിഷ്ണുത തോന്നിയ ഞാന്‍ അത് ബലമായി പിടിച്ചുവാങ്ങി. പുറത്ത് പറയരുതെന്ന് പറഞ്ഞ് എന്നോട് കേണപേക്ഷിച്ചു. ഇല്ലെന്ന് പറഞ്ഞ് ആ പുസ്തകം വാങ്ങി എന്റെ ബുക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു. വീട്ടിലെത്തി അതു തുറന്ന് നോക്കി. പുറംതാളില്‍ ഒരു സ്ത്രീ ഉയര്‍ത്തിപിടിച്ച അരിവാളിന്റെയും പുരുഷന്‍ ഉയര്‍ത്തിപ്പിടിച്ച ചുറ്റികയുടെയും ചിത്രം. നിരോധിക്കപ്പെട്ട പുസ്തകമായിരുന്നു അത്. മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളായിരുന്നു അതില്‍ . ഇഎംഎസ്, രണദിവെ, സുന്ദരയ്യ എന്നിവരുടെ ലേഖനങ്ങള്‍ . അതില്‍ ഇഎംഎസ് എഴുതിയ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഒരു കടത്തുവഞ്ചി എന്ന ലേഖനം എന്നെ ചിന്തിപ്പിച്ചു. ഒരു പുതിയ ചിന്താമണ്ഡലത്തിലേക്കെന്റെ വഴിതുറന്നത് ഈ ലേഖനമാണ്...."
ഞാനങ്ങനെ കമ്മ്യുണിസ്റ്റായി. വെണ്‍പാലയുടെ ഓര്‍മ്മകുറിപ്പുകളിലാണ് ഈ പരാമര്‍ശം. “ചെറുപ്പത്തില്‍ ഈശ്വര ഭക്തനായിരുന്ന ഞാന്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വായിച്ചതോടെ അതുവരെ പുലര്‍ത്തിപോന്ന ചിന്തകളുടെ എതിര്‍ ദിശയിലേക്ക് യാത്ര തുടങ്ങി...“
പിന്നെ (വെണ്‍പാല) പാര്‍ടിപ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ തുടങ്ങി. ആ യാത്രയില്‍ എന്നും തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കുമൊപ്പം ചേര്‍ന്ന് മധ്യതിരുവിതാംകൂറില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതനായി. വിദ്യാര്‍ഥി-യുവജന സംഘടനാ പ്രവര്‍ത്തകനായും അധ്യാപകനായും സേവനം അനുഷ്ടിക്കുമ്പോള്‍ നിരവധി തവണ പൊലീസ് മര്‍ദ്ദനത്തിനും ജയില്‍ വാസത്തിനും ഇരയായി. 1952ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായി. പാര്‍ടിയുടെ വെണ്‍പാല സെല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ആ വര്‍ഷം തന്നെ തിരുവല്ല ടൗണ്‍ മേഖലാ ഓര്‍ഗനൈസറായി. 53ല്‍ ടൗണ്‍ എല്‍ഒസി സെക്രട്ടറിയായി. 55ല്‍ തിരുവല്ല താലൂക്ക് കമ്മറ്റി അംഗമായി. പാര്‍ടി പിളര്‍പ്പിന് ശേഷം സിപിഐ എം തിരുവല്ല താലൂക്ക് കമ്മറ്റി അംഗമായിരുന്ന വെണ്‍പാല 1981ല്‍ തിരുവല്ല താലൂക്ക് സെക്രട്ടറിയായി. ആലപ്പുഴ ജില്ലാ കമ്മറ്റി അംഗമായിരുന്നു. 1982ല്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി രൂപീകരിച്ചപ്പോള്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 85ല്‍ സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1993 വരെ സംസ്ഥാന കമ്മറ്റി അംഗവും 1997 വരെ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവുമായിരുന്നു. 6 പാര്‍ടി കോണ്‍ഗ്രസുകളില്‍ പങ്കെടുത്തു. 1979 മുതല്‍ 95 വരെ രണ്ടു തവണ കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ടിച്ചു.
സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, റൂറല്‍ എംപ്ലോയ്മെന്റ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗം, മധ്യതിരുവിതാംകൂര്‍ കരിമ്പ് കര്‍ഷക സംഘം സ്ഥാപക സെക്രട്ടറി, കെപിടിയു ആലപ്പുഴ ജില്ലാ സെക്രട്ടറി, കെഎസ്വൈഎഫ് തിരുവല്ല താലൂക്ക് സെക്രട്ടറി, എഫ്എസ്ഇടിഒ ആദ്യ താലൂക്ക് പ്രസിഡന്റ്, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ താലൂക്ക് സെക്രട്ടറി, ലോക സമാധാന കമ്മിറ്റിയുടെ ആദ്യ താലൂക്ക് സെക്രട്ടറി, ചെത്തുതൊഴിലാളി യൂണിയന്‍ തിരുവല്ല താലൂക്ക് സെക്രട്ടറി, എന്‍എംആര്‍ യൂണിയന്‍ താലൂക്ക് സെക്രട്ടറി, നെയ്ത്ത് തൊഴിലാളി യൂണിയന്‍ ആദ്യ താലൂക്ക് പ്രസിഡന്റ്, മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ ആദ്യ താലൂക്ക് പ്രസിഡന്റ്, പിആര്‍എഫ് ഫാം വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ,് തിരുവല്ല ഗുവേര തീയറ്റേഴ്സ് പ്രസിഡന്റ്, കുറ്റൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973ല്‍ അധ്യാപക സമരത്തില്‍ പങ്കെടുത്തതിന് മാവേലിക്കര ജയിലിലും, 74ല്‍ റെയില്‍വേ സമരത്തില്‍ പങ്കെടുത്തതിന് പത്തനംതിട്ട സബ്ജയിലിലും, 76ല്‍ അടിയന്തരാവസ്ഥ സമയത്ത് മാവേലിക്കര സബ്ജയിലിലുമായി മൂന്നു തവണ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു: പി കെ സി
പത്തനംതിട്ട: പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ വലിയപങ്ക് വഹിച്ച നേതാവാണ് അന്തരിച്ച സിപിഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന വെണ്‍പാല രാമചന്ദ്രനെന്ന് പുന്നപ്ര വയലാര്‍ സമരസേനാനിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി കെ ചന്ദ്രാനന്ദന്‍ അനുസ്മരിച്ചു. തിരുവല്ലയില്‍ ആദ്യകാലത്ത് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാനിയായിരുന്നു രാമചന്ദ്രന്‍ . തിരുവല്ല എസ്എന്‍വി ഹൈസ്കൂള്‍ അധ്യാപകനായിരുന്നു. പാര്‍ടി സംസ്ഥാന കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് രാമചന്ദ്രന്‍ പിള്ള ആവശ്യപ്പെട്ട പ്രകാരം രാമചന്ദ്രന്‍ ജോലി രാജിവച്ച് മുഴുവന്‍ സമയ പാര്‍ടി പ്രവര്‍ത്തകനായി. പിന്നീട് വെണ്‍പാലയില്‍നിന്ന് താമസം മാറ്റി.
തിരുമൂലപുരത്തെ കുടികിടപ്പ് സമരം, കരിമ്പ് കര്‍ഷക സമരം, അധ്യാപക സമരം എന്നിവയില്‍ നേതൃത്വപരമായ പങ്കു വഹിച്ചു. 1946ല്‍ നാഗര്‍കോവില്‍ തക്കലയില്‍ പ്രവര്‍ത്തിച്ചിരുന്ന പഞ്ചസാര ഫാക്ടറി തിരുവല്ല പുളിക്കീഴിലേക്ക് മാറ്റി. ഫാക്ടറിയില്‍നിന്ന് കരിമ്പ് കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നടന്ന പോരാട്ടത്തില്‍ രാമചന്ദ്രന്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. ഈ മേഖലയില്‍ ആദ്യ കുടികിടപ്പ് സമരം നടന്നത് തിരുമൂലപുരത്താണ്. സമരം നയിക്കാന്‍ രാമചന്ദ്രന്‍ മുന്നിലുണ്ടായിരുന്നു. രാജ്യത്തെ സാഹചര്യത്തില്‍ വലിയ മാറ്റമാണ് 1957 ലെ ഇഎംഎസ് ഗവണ്‍മെണ്ട് സംഭാവന ചെയ്തത്. സര്‍ക്കാരിനെതിരെയുള്ള വിമോചന സമരത്തിന്റെ തുടക്കം നിരണത്തുനിന്നായിരുന്നു. 59 ല്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായി ഇഎംഎസ് ഗവണ്‍മെണ്ടിനെ പിരിച്ചുവിട്ടു. ഈ സമയത്ത് നിരണത്ത് ഇലഞ്ഞിക്കല്‍ ബേബിയുടെ നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്താനുള്ള ശ്രമമുണ്ടായി. ക്രിസ്ത്യന്‍ കുടുംബങ്ങളില്‍പ്പെട്ട സത്രീകളും പുരുഷന്മാരും രംഗത്തിറങ്ങി. ഇതിനെതിരെ കര്‍ഷകത്തൊഴിലാളികള്‍ സമരം സംഘടിപ്പിച്ചു. കുഞ്ഞൂഞ്ഞ് എന്ന സഖാവ് രക്തസാക്ഷിയായി. ഈ സമരത്തിലും രണ്ടാം കൃഷിക്ക് വേണ്ടിയുള്ള സമരത്തിലും കച്ചികെട്ട് സമരത്തിലും മുന്‍പന്തിയില്‍ രാമചന്ദ്രനുണ്ടായിരുന്നു.
മുണ്ടശ്ശേരിമാഷുടെ വിദ്യാഭ്യാസ ബില്ലിനെതിരെ പിന്തിരിപ്പന്‍ ശക്തികള്‍ നടത്തിയ സമരത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും രാമചന്ദ്രന്‍ ശക്തമായ സാന്നിധ്യമായിരുന്നു. പിന്നീട് പത്തനംതിട്ട ജില്ല രൂപീകരിച്ച ശേഷം ജില്ലാ സെക്രട്ടറിയറ്റംഗം എന്ന നിലയിലും പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിലും സമര-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍നിന്ന ഉജ്വലനായ പോരാളിയായിരുന്നു രാമചന്ദ്രന്‍ . വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച സഖാവായിരുന്നു രാമചന്ദ്രനെന്നും ചന്ദ്രാനന്ദന്‍ അനുസ്മരിച്ചു.
ഉത്തമനായ കമ്മ്യൂണിസ്റ്റ്: അനന്തഗോപന്‍
പത്തനംതിട്ട: വെണ്‍പാല രാമചന്ദ്രന്റെ മരണത്തോടുകൂടി കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഉത്തമനായ ഒരു കമ്യൂണിസ്റ്റിനെക്കൂടി നഷ്ടമായെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദര്‍ശ സംഹിതകളില്‍ അടിയുറച്ചുനിന്ന് ഒരു പുരുഷായുസ്സുമുഴുവന്‍ പാര്‍ടിക്കുവേണ്ടി നടത്തിയ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടും. തിരുവല്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടി ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന വെണ്‍പാല രാമചന്ദ്രന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മിനോടൊപ്പംനിന്നു.
74ലെ അധ്യാപക സമരത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ച വെണ്‍പാല രാമചന്ദ്രന്‍ പിന്നെ അധ്യാപകവൃത്തിയില്‍നിന്ന് രാജിവെച്ചാണ് മുഴുവന്‍ സമയ പാര്‍ടി പ്രവര്‍ത്തനത്തില്‍ മുഴുകിയത്. തിരുമൂലപുരം എസ്എന്‍വി ഹൈസ്കൂളില്‍ തന്റെ അധ്യാപകനായിരുന്ന വെണ്‍പാല രാമചന്ദ്രനില്‍നിന്നാണ് താന്‍ പാര്‍ടി പ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. കെഎസ്വൈഎഫ് തിരുവല്ല താലൂക്ക് പ്രസിഡണ്ടായിരുന്ന വെണ്‍പാല രാമചന്ദ്രനില്‍നിന്നാണ് താന്‍ താലൂക്ക് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുന്നത്. പിന്നീട് സിപിഐ എം തിരുവല്ല താലൂക്ക് സെക്രട്ടറി സ്ഥാനവും വെണ്‍പാലയില്‍നിന്ന് ഏറ്റെടുക്കുകയായിരുന്നു.
വലിയകാവ് മിച്ചഭൂമി സമരത്തില്‍ വെണ്‍പാലയോടൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞു. 82ല്‍ പത്തനംതിട്ട ജില്ലാ രൂപീകരണത്തോട് പാര്‍ടിയുടെ തിരുവല്ല താലൂക്ക് സെക്രട്ടറിയും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായി. തുടര്‍ന്ന് പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗവുമായി. കര്‍മനിരതമായ അഞ്ച് പതിറ്റാണ്ട് കാലം ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിച്ച വെണ്‍പാല രാമചന്ദ്രന്റെ വേര്‍പാട് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അനന്തഗോപന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
deshabhimani 280811
"1948ല്‍ എസ്ബി കോളേജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഗ്രൗണ്ടിന് സമീപമുള്ള മരത്തണലില്‍ ഒരു സൃഹൃത്ത് പുസ്തകം വായിക്കുന്നു. അങ്ങോട്ടേക്ക് ചെന്നപ്പോള്‍ പെട്ടെന്ന് പുസ്തകംമാറ്റി. അസഹിഷ്ണുത തോന്നിയ ഞാന്‍ അത് ബലമായി പിടിച്ചുവാങ്ങി. പുറത്ത് പറയരുതെന്ന് പറഞ്ഞ് എന്നോട് കേണപേക്ഷിച്ചു. ഇല്ലെന്ന് പറഞ്ഞ് ആ പുസ്തകം വാങ്ങി എന്റെ ബുക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു. വീട്ടിലെത്തി അതു തുറന്ന് നോക്കി. പുറംതാളില്‍ ഒരു സ്ത്രീ ഉയര്‍ത്തിപിടിച്ച അരിവാളിന്റെയും പുരുഷന്‍ ഉയര്‍ത്തിപ്പിടിച്ച ചുറ്റികയുടെയും ചിത്രം. നിരോധിക്കപ്പെട്ട പുസ്തകമായിരുന്നു അത്. മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളായിരുന്നു അതില്‍ . ഇഎംഎസ്, രണദിവെ, സുന്ദരയ്യ എന്നിവരുടെ ലേഖനങ്ങള്‍ . അതില്‍ ഇഎംഎസ് എഴുതിയ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഒരു കടത്തുവഞ്ചി എന്ന ലേഖനം എന്നെ ചിന്തിപ്പിച്ചു. ഒരു പുതിയ ചിന്താമണ്ഡലത്തിലേക്കെന്റെ വഴിതുറന്നത് ഈ ലേഖനമാണ്...."
ReplyDelete"സമാധാനമായിരിക്ക്... സഖാവിനെപോലെ എല്ലാം തരണം ചെയ്യാന്‍ കഴിയണം." വെണ്‍പാല രാമചന്ദ്രന്റെ ഭാര്യ പൊന്നമ്മയുടെ കരം പിടിച്ച് പിണറായിയുടെ ആശ്വാസ വാക്കുകള്‍ . മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ യത്നിച്ച സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ നൊമ്പരപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ എത്തിതായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . വെണ്‍പാല രാമചന്ദ്രന്റെ വസതിയില്‍ ഞായറാഴ്ച പകല്‍ മൂന്നരയോടെ എത്തിയ പിണറായി വെണ്‍പാലയുടെ ഭാര്യ പൊന്നമ്മ, സഹോദരി ഭദ്രാമ, സഹോദരി ഭര്‍ത്താവ് പി കെ സി എന്നിവരെയും മക്കളെയും മറ്റു ബന്ധുക്കളെയും ആശ്വസിപ്പിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ , സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ , ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. ആര്‍ സനല്‍കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ReplyDelete