Thursday, August 25, 2011

ടൈറ്റാനിയം: അന്വേഷണപുരോഗതി ഒരാഴ്ചയ്ക്കകം അറിയിക്കണം- കോടതി

ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട മുന്‍ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന പരാതി പരിഗണിക്കുമ്പോഴാണ് ഈ നിര്‍ദേശം. അഴിമതി സംബന്ധിച്ച് 2006ല്‍ നല്‍കിയ രണ്ടു പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ ഇപ്പോഴത്തെ പരാതിയെക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വാദിച്ചപ്പോഴാണ് കോടതി മുന്‍കേസുകളിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അഞ്ചുവര്‍ഷമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

നിലവില്‍ അന്വേഷണം നടക്കുകയാണെന്ന് ബുധനാഴ്ച കേസ് പരിഗണിക്കവേ സര്‍ക്കാര്‍ അഭിഭാഷകന്‍ ആര്‍ എസ് ജ്യോതി കോടതിയില്‍ പറഞ്ഞു. സെബാസ്റ്റ്യന്‍ ജോര്‍ജ്, പേട്ട സ്വദേശി ജി സുനില്‍ എന്നിവരുടെ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിലവിലുള്ള പരാതിയുടെയും അന്വേഷണം നടക്കുന്ന കേസിന്റെയും ആരോപണങ്ങള്‍ സമാനമായതിനാല്‍ പുതിയ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും ഫയല്‍ ചെയ്തു. ഈ വാദത്തെ കേസിന്റെ വാദി എസ് ജയന്റെ അഭിഭാഷകന്‍ എസ് ചന്ദ്രശേഖരന്‍നായര്‍ എതിര്‍ത്തു. അന്വേഷണം നടക്കുന്ന കേസും നിലവിലുള്ള പരാതിയും വ്യത്യസ്തമാണെന്നും അദ്ദേഹം വാദിച്ചു.
സെബാസ്റ്റ്യന്‍ ജോര്‍ജിന്റെ പരാതി 2001ല്‍ നടന്ന 108 കോടിരൂപയുടെ പദ്ധതിയിലുണ്ടായ അഴിമതിയെക്കുറിച്ചാണ്. സുനില്‍ നല്‍കിയ പരാതി ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണെണ്ണ വാങ്ങിയതു സംബന്ധിച്ചും. മലിനീകരണ നിയന്ത്രണത്തിനായി 256 കോടി രൂപയുടെ പദ്ധതിയില്‍ നടന്ന അഴിമതി സംബന്ധിച്ചാണ് പുതിയ പരാതി. ഇവ വ്യത്യസ്ത കേസായതിനാല്‍ നിലവിലുള്ള പരാതി പരിഗണിക്കണമെന്നും ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു. ഈ വാദം ഉന്നയിച്ചപ്പോഴാണ് 2006ല്‍ ആരംഭിച്ച അന്വേഷണം എന്തായെന്ന് ജഡ്ജി പി കെ ഹനീഫ ആരാഞ്ഞത്. ഒരാഴ്ചയ്ക്കകം അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സെപ്തംബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണത്തിന് ഫെഡോ സമര്‍പ്പിച്ച 108 കോടിയുടെ പദ്ധതി മറികടന്ന് മെക്കോണ്‍ എന്ന കമ്പനി നല്‍കിയ 256 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചതാണ് കേസിന് അടിസ്ഥാനം. മെക്കോണിന് പദ്ധതി നല്‍കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തന്നോട് ആവശ്യപ്പെട്ടതായി മുന്‍മന്ത്രി രാമചന്ദ്രന്‍നായര്‍ വെളിപ്പെടുത്തിയിരുന്നു.

deshabhimani 250811

1 comment:

  1. ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട മുന്‍ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന പരാതി പരിഗണിക്കുമ്പോഴാണ് ഈ നിര്‍ദേശം. അഴിമതി സംബന്ധിച്ച് 2006ല്‍ നല്‍കിയ രണ്ടു പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ ഇപ്പോഴത്തെ പരാതിയെക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വാദിച്ചപ്പോഴാണ് കോടതി മുന്‍കേസുകളിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അഞ്ചുവര്‍ഷമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

    ReplyDelete