Saturday, August 27, 2011

വിദേശ വാര്‍ത്തകള്‍ - ചൈന, ഫെഡറല്‍ റിസര്‍വ്, പെന്റഗണ്‍

ബഹിരാകാശ കുതിപ്പിന്‌ ചൈന ഒരുങ്ങുന്നു

ബെയ്‌ജിംഗ്‌: ബഹിരാകാശ ഗവേഷണ രംഗത്ത്‌ അമേരിക്കയ്‌ക്ക്‌ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്‌ ചൈനയുടെ തിയാംഗോംങ്ങ്‌ -1 (സ്വര്‍ഗീയകൊട്ടാരം) കുതിച്ചുയരാന്‍ ഒരുങ്ങുന്നു.
ബഹിരാകാശ സാങ്കേതികവിദ്യാരംഗത്ത്‌ ചൈനയുടെ വളര്‍ച്ച വിളംബരം ചെയ്‌തുകൊണ്ടായിരിക്കും 8.5 ടണ്‍ ഭാരമുള്ള ഉപഗ്രഹം ഉയരങ്ങളിലേക്ക്‌ കുതിച്ചുയരുക. സെപ്‌തംബര്‍ 10 നകം വിക്ഷേപണം നടക്കും.

2020 ആകുമ്പോഴേക്കും 60 ടണ്‍ ഭാരമുള്ള ഒരു ബഹിരാകാശ ഗവേഷണകേന്ദ്രം ഭ്രമണപഥത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ആദ്യപടിയാണ്‌ സ്വര്‍ഗീയകൊട്ടാരം. ബഹിരാകാശത്ത്‌ ഇപ്പോള്‍ ഭ്രമണം ചെയ്യുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്‌ 450 ടണ്‍ ഭാരമാണുള്ളത്‌. 2020 ആകുമ്പോഴേക്കും അതിന്റെ കാലാവധി കഴിയും. സ്വര്‍ഗീയ കൊട്ടാരം 10 വര്‍ഷത്തോളം ഭ്രമണപഥത്തിലുണ്ടാകും. ഇപ്പോള്‍ ബഹിരാകാശത്ത്‌ വിവിധ വിഷയങ്ങളെക്കുറിച്ച്‌ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്ന്‌ അസ്‌ട്രോനാട്ടുകള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനം `സ്വര്‍ഗീയകൊട്ടാര'ത്തിലുണ്ടാകും.

ചൈനയുടെ ബഹിരാകാശ സംരംഭം അമേരിക്കയെ വിറളിപിടിപ്പിച്ചിട്ടുണ്ട്‌. സമീപകാലത്ത്‌ ചൈന തങ്ങളുടെ ആദ്യ യുദ്ധവിമാനവാഹിനി രംഗത്തിറക്കിയപ്പോള്‍ അത്‌ ഉയര്‍ത്തിയേക്കാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച്‌ അമേരിക്ക ആശങ്കപ്പെട്ടിരുന്നു. ബഹിരാകാശത്തെ ചൈനയുടെ ദീര്‍ഘകാല പരിപാടി അമേരിക്കയ്‌ക്ക്‌ വെല്ലുവിളിയാകുമെന്ന്‌ ഹെറിറ്റേജ്‌ ഫൗണ്ടേഷന്റെ ഏഷ്യന്‍ പഠനവിഭാഗത്തിലെ ഗവേഷകനായ ഡീന്‍ ചെങ്‌ അഭിപ്രായപ്പെട്ടിരുന്നു. ``അമേരിക്കയുടെ ബഹിരാകാശ മേധാവിത്വത്തെയായിരിക്കും ചൈന വെല്ലുവിളിക്കുക. സുഹൃത്തുക്കളെയും സഖ്യശക്തികളെയും സഹായിക്കുന്നതിനുള്ള അമേരിക്കയുടെ കഴിവിനെ അത്‌ ബാധിക്കും. ഒരാക്രമണം അഴിച്ചുവിടുന്നത്‌ അമേരിക്കയ്‌ക്ക്‌ അത്‌ ഭീഷണിയായി മാറും.''
ബഹിരാകാശ പര്യവേഷണത്തിനുള്ള നാസയുടെ ചിലവ്‌ സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക വെട്ടിക്കുറച്ചിരുന്നു. ഇതിനെ എതിര്‍ത്ത അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍ പറഞ്ഞത്‌ ബഹിരാകാശത്ത്‌ ചൈനയുടെ ആധിപത്യത്തിന്‌ അത്‌ വഴിയൊരുക്കുമെന്നാണ്‌. എന്നാല്‍ അമേരിക്കയും സോവിയറ്റ്‌ യൂണിയനും പ്രയോഗിച്ച ബഹിരാകാശ സാങ്കേതികവിദ്യയെ കവച്ചുവെക്കുന്ന യാതൊന്നും തന്നെ ചൈനക്കില്ലെന്ന്‌ അഭിപ്രായപ്പെടുന്ന ശാസ്‌ത്രജ്ഞരുമുണ്ട്‌.

2016 ന്‌ മുമ്പുതന്നെ `സ്വര്‍ഗീയകൊട്ടാര'ത്തിന്റെ രണ്ടുംമൂന്നും ദൗത്യങ്ങള്‍കൂടി ബഹിരാകാശത്തേക്കയക്കാന്‍ ചൈനയ്‌ക്ക്‌ പരിപാടിയുണ്ട്‌.

സാമ്പത്തിക മാന്ദ്യം; ഉടന്‍ നടപടിയില്ലെന്ന്‌ ഫെഡറല്‍ റിസര്‍വ്‌ ചെയര്‍മാന്‍

വാഷിംഗ്‌ടണ്‍: അമേരിക്കയെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക്‌ ഉടനടി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ ഫെഡറല്‍ റിസര്‍വ്‌ ചെയര്‍മാന്‍ ബെന്‍ ബെര്‍ണാന്‍കെ വ്യക്തമാക്കി. ബെര്‍ണാന്‍കെയുടെ വാക്കുകള്‍ക്ക്‌ കാതോര്‍ത്തിരുന്ന വിപണി ഇതോടെ നിരാശയിലായി.

ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ഒട്ടനവധി മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച്‌ സാമ്പത്തികരംഗത്തെ ശക്‌തിപ്പെടുത്തുകയാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. വാര്‍ഷിക സാമ്പത്തിക വളര്‍ച്ചാ നിരക്കിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന്‌ സാമ്പത്തിക നില ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഫലപ്രദമായ എന്തെങ്കിലും നടപടി ഫെഡറല്‍ റിസര്‍വ്‌ സ്വീകരിക്കുമെന്ന്‌ പരക്കെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കാര്യമായ ഒരു പ്രഖ്യാപനവുമുണ്ടായില്ല. സെപ്‌തംബര്‍ മാസത്തില്‍ ചേരുന്ന ഫെഡറല്‍ റിസര്‍വിന്റെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ അനന്തര നടപടികള്‍ സ്വീകരിക്കുവെന്ന്‌ ബെര്‍ണാന്‍കെ പറഞ്ഞു.

പെന്റഗണ്‍ റിപ്പോര്‍ട്ടിനെതിരെ ചൈനയുടെ രൂക്ഷവിമര്‍ശനം

ബെയ്‌ജിംഗ്‌: ചൈനീസ്‌ സേനയെക്കുറിച്ച്‌ അമേരിക്കന്‍ പ്രതിരോധമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ ചൈന രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ കൈകടത്താന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന്‌ ചൈനീസ്‌ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചൈനീസ്‌ സേന ഭീഷണിയാണെന്നു വരുത്താനും അയല്‍ രാജ്യങ്ങളെ പ്രകോപിച്ച്‌ സംഘര്‍ഷം സൃഷ്‌ടിക്കാനുമുളള കളികളാണ്‌ അമേരിക്ക നടത്തുന്നതെന്ന്‌ ചൈന ആരോപിച്ചു.

ചൈനയുടെ സൈനിക-സുരക്ഷാ വളര്‍ച്ചയെക്കുറിച്ച്‌ പെന്റഗണ്‍ തയ്യാറാക്കിയ 94 പേജുളള റിപ്പോര്‍ട്ടില്‍ പലയിടത്തും ചൈനയുടെ സൈനിക വളര്‍ച്ച അയല്‍രാജ്യങ്ങള്‍ക്ക്‌ ഭീഷണിയാണെന്ന്‌ പരാമര്‍ശിച്ചിട്ടുണ്ട്‌. ഈ മാസം 24 ന്‌ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വിവിധ പ്രദേശങ്ങളെച്ചൊല്ലിയുളള ചൈനയുടെ തര്‍ക്കങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. പ്രധാനമായും ജപ്പാന്‍ ഉള്‍പ്പെടെയുളള രാജ്യങ്ങളുമായി ദ്വീപസമൂഹങ്ങളുടെ അവകാശത്തിനായുളള ചൈനയുടെ തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

അയല്‍രാജ്യമായ ഇന്ത്യയ്‌ക്ക്‌ ചൈന വന്‍ഭീഷണിയാണുയര്‍ത്തുന്നതെന്ന്‌ പെന്റഗണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും നവീനമായ ഖരഇന്ധനം ഉപയോഗിക്കുന്ന മിസൈലുകള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കു സമീപം ചൈന വിന്യസിച്ചിരിക്കുന്നു എന്ന ഗുരുതരമായ ആരോപണവും പെന്റഗണ്‍ ഉന്നയിച്ചിട്ടുണ്ട്‌.

ശാസ്‌ത്രസാങ്കേതിക മേഖലയുടെ വികസനം ഉള്‍ക്കൊണ്ടു കൊണ്ട്‌ പുതിയ ആയുധങ്ങള്‍ നിര്‍മിക്കുന്നത്‌ ചൈനയുടെ അവകാശമാണെന്ന്‌ പ്രതിരോധ വക്‌താവ്‌ യാങ്‌ യൂജിന്‍ പറഞ്ഞു. ചൈനയുടെ പരമാധികാരവും അഖണ്‌ഡതയും കാത്തുസൂക്ഷിക്കുന്നതോടൊപ്പം സാമ്പത്തികമായും സാമൂഹികമായും മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ്‌ ചൈന മുന്നേറുന്നത്‌. ഒരുരാജ്യത്തേയും ശത്രുവായിക്കണ്ടല്ല ചൈന നീങ്ങുന്നതെന്നും വക്‌താവ്‌ പറഞ്ഞു.

തയ്‌വാനുമായുളള ചൈനയുടെ ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി ഇപ്പോഴും തന്ത്രപരമായി ലക്ഷ്യം വച്ചിരിക്കുന്ന ദിശകളിലൊന്ന്‌ തയ്‌വാനാണെന്നും പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്ക എപ്പോഴും ചൈനയെ ഭൂതക്കണ്ണാടിയിലൂടെ നോക്കിക്കാണാനാണ്‌ ശ്രമിച്ചിട്ടുളളതെന്ന്‌ പ്രതിരോധ വക്‌താവ്‌ അഭിപ്രായപ്പെട്ടു. ചൈനയെക്കുറിച്ചുളള പഠനത്തിനായി ലക്ഷക്കണക്കിന്‌ ഡോളറാണ്‌ അമേരിക്ക ചെലവഴിക്കുന്നത്‌. എഴുന്നൂറ്‌ ബില്യണ്‍ ഡോളര്‍ പ്രതിരോധത്തിനായി ചെലവഴിക്കുന്ന അമേരിക്കയാണ്‌ ചൈനയെ വിമര്‍ശിക്കുന്നതെന്നും പ്രതിരോധ വക്‌താവ്‌ ചൂണ്ടിക്കാട്ടി. 2010ല്‍ ലോകത്താകെ പ്രതിരോധ ആവശ്യത്തിനായി ചെലവഴിച്ചതിന്റെ 40 ശതമാനമാണിത്‌. അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ ചൈനയെക്കുറിച്ച്‌ സംശയവും തെറ്റിദ്ധാരണയും വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ അമേരിക്ക ഒഴിഞ്ഞു നില്‍ക്കണമെന്നും പ്രതിരോധ വക്‌താവ്‌ ആവശ്യപ്പെട്ടു.

ജനയുഗം 270811

1 comment:

  1. ബെയ്‌ജിംഗ്‌: ബഹിരാകാശ ഗവേഷണ രംഗത്ത്‌ അമേരിക്കയ്‌ക്ക്‌ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്‌ ചൈനയുടെ തിയാംഗോംങ്ങ്‌ -1 (സ്വര്‍ഗീയകൊട്ടാരം) കുതിച്ചുയരാന്‍ ഒരുങ്ങുന്നു.
    ബഹിരാകാശ സാങ്കേതികവിദ്യാരംഗത്ത്‌ ചൈനയുടെ വളര്‍ച്ച വിളംബരം ചെയ്‌തുകൊണ്ടായിരിക്കും 8.5 ടണ്‍ ഭാരമുള്ള ഉപഗ്രഹം ഉയരങ്ങളിലേക്ക്‌ കുതിച്ചുയരുക. സെപ്‌തംബര്‍ 10 നകം വിക്ഷേപണം നടക്കും.

    ReplyDelete