Friday, August 26, 2011

കാറ്റാടികമ്പനി: ആരോപണങ്ങളെല്ലാം വിഴുങ്ങി യുഡിഎഫ്

അട്ടപ്പാടി നല്ലശിങ്ക ഊരിലെ ആദിവാസികളുടെ കദനകഥ പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിചാരിയ യുഡിഎഫിന്റെ കപടമുഖം ഇപ്പോള്‍ പുറത്തായി. അട്ടപ്പാടിയില്‍ കാറ്റാടികമ്പനി ആദിവാസിഭൂമി കൈയേറിയെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നെന്നും ആരോപിച്ച് കഴിഞ്ഞ വര്‍ഷം ആഗസ്ത് പത്തിന് അട്ടപ്പാടിയില്‍ മാര്‍ച്ച് നടത്തിയത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ്. അതേ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഭൂമി കമ്പനിയുടെ കൈയിലിരിക്കുമെന്നും കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വരുമാനത്തിലൊരു പങ്ക് ആദിവാസിക്ക് കൊടുക്കുമെന്നും പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മുമ്പ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ഉമ്മന്‍ചാണ്ടി വിഴുങ്ങി.

സുസ്ലോണ്‍ കമ്പനിയില്‍നിന്ന് ഭൂമി തിരിച്ചുപിടിച്ച് ആദിവാസികള്‍ക്ക് കൊടുക്കുംവരെ സമരം എന്നാണ് അട്ടപ്പാടി മാര്‍ച്ചില്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. വയനാട്ടില്‍ ആദിവാസികളെ മുന്നില്‍നിര്‍ത്തി ഭൂമി കൈയേറുന്ന സിപിഐ എം അട്ടപ്പാടിയിലെ ആദിവാസികളെ വഞ്ചിച്ചതായും ഉമ്മന്‍ചാണ്ടി ആരോപിച്ചു. പച്ചയായ തട്ടിപ്പാണ് നടന്നതെന്നും ഭൂമി തിരിച്ചെടുക്കുംവരെ സമരമെന്നും പി കെ കുഞ്ഞാലിക്കുട്ടി, സ്വകാര്യകമ്പനിക്ക് ഭീകരകൊള്ള നടത്താന്‍ സിപിഐ എം കൂട്ടുനിന്നെന്ന് വീരേന്ദ്രകുമാര്‍ , വ്യവസായ ആവശ്യത്തിന് ഇത്തരത്തില്‍ ഭൂമി നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , ഇങ്ങനെ തുടരുന്നു അന്നത്തെ യുഡിഎഫിന്റെ മുതലക്കണ്ണീര്‍ . മാര്‍ച്ച് നയിച്ചവരുടെ കൂട്ടത്തില്‍ ആര്‍ ബാലകൃഷ്ണപിള്ള, സി പി ജോണ്‍ , ഷിബു ബേബിജോണ്‍ , സി ടി അഹമ്മദലി, കെ കൃഷ്ണന്‍കുട്ടി, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

നല്ലശിങ്ക ഊരിലെ ആദിവാസികളുടെ കദനകഥ പറഞ്ഞ് മാതൃഭൂമിയും മനോരമയും വായനക്കാരുടെ കണ്ണ് നനച്ചു. അതുകഴിഞ്ഞ് ഒരുവര്‍ഷം തികഞ്ഞതേയുള്ളൂ. അപ്പോഴേക്ക് യുഡിഎഫിന്റെ മലക്കം മറിഞ്ഞു.

ആദിവാസിക്ക് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് വീണ്ടെടുത്ത് നല്‍കുമെന്നു പറയുക മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ അന്ന് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തു. പരാതി ലഭിച്ച ഉടന്‍ ഒറ്റപ്പാലം ആര്‍ഡിഒയെ അട്ടപ്പാടിയിലേക്ക് അന്വേഷണത്തിന് അയച്ചു. കലക്ടര്‍ക്കായിരുന്നു അന്വേഷണച്ചുമതല. 2010 ജൂലൈ 23ന് കോട്ടത്തറ വില്ലേജ്ഓഫീസില്‍ നടന്ന സിറ്റിങ്ങില്‍ ആദിവാസികളുടെ പരാതി സ്വീകരിച്ചു. പ്രധാനമായും കോട്ടത്തറ വില്ലേജിലെ നല്ലശിങ്കയില്‍ 1273, 1275 സര്‍വേ നമ്പരുകളിലുള്ള ഭൂമിയുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്. ആര്‍ഡിഒയുടെ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണസമിതിയെ ചുമതലപ്പെടുത്തി. ഐടിഡി പ്രോജക്ട്ഓഫീസറും പരാതികള്‍ അന്വേഷിച്ചു. അട്ടപ്പാടിയിലെ ആദിവാസിഭൂമിപ്രശ്നം പരിഹരിക്കുന്നതിന് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ അഗളിയില്‍ ആദിവാസി ഭൂമി സംരക്ഷണം ഓഫീസ് തുറന്നു. വിജിലന്‍സ്, വനം എന്നിങ്ങനെ എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് നടന്നത്.

എന്നാല്‍ , സര്‍ക്കാര്‍ മാറിയതോടെ എല്ലാം തകിടംമറിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആര്‍ഡിഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ആദിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങുന്നത്. യുഡിഎഫ് വിവാദമുണ്ടാക്കിയപ്പോള്‍ യാഥാര്‍ഥ്യം എല്‍ഡിഎഫ് സര്‍ക്കാര്‍ വിശദീകരിച്ചതാണ്. എന്നാല്‍ , മാധ്യമങ്ങളുടെ സഹായത്തോടെ പുകമറ സൃഷ്ടിച്ച് വിവാദം കൊഴുപ്പിക്കുകയായിരുന്നു യുഡിഎഫ്.

deshabhimani 260811

1 comment:

  1. അട്ടപ്പാടി നല്ലശിങ്ക ഊരിലെ ആദിവാസികളുടെ കദനകഥ പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിചാരിയ യുഡിഎഫിന്റെ കപടമുഖം ഇപ്പോള്‍ പുറത്തായി. അട്ടപ്പാടിയില്‍ കാറ്റാടികമ്പനി ആദിവാസിഭൂമി കൈയേറിയെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നെന്നും ആരോപിച്ച് കഴിഞ്ഞ വര്‍ഷം ആഗസ്ത് പത്തിന് അട്ടപ്പാടിയില്‍ മാര്‍ച്ച് നടത്തിയത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ്. അതേ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഭൂമി കമ്പനിയുടെ കൈയിലിരിക്കുമെന്നും കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വരുമാനത്തിലൊരു പങ്ക് ആദിവാസിക്ക് കൊടുക്കുമെന്നും പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മുമ്പ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ഉമ്മന്‍ചാണ്ടി വിഴുങ്ങി.

    ReplyDelete