Saturday, August 27, 2011

ആശുപത്രികളില്‍ മരുന്നുവിതരണം നിലച്ചു

മരുന്നു വിതരണക്കമ്പനികള്‍ക്കും ഏജന്റുമാര്‍ക്കും കോടികളുടെ വെട്ടിപ്പ് നടത്താനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍(കെഎംഎസ്സിഎല്‍) ടെന്‍ഡര്‍ നടപടികള്‍ വൈകിച്ചതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍ രക്ഷാമരുന്ന് വിതരണം പൂര്‍ണമായും നിലച്ചു. സാമ്പത്തിക വര്‍ഷം ആരംഭിച്ച് അഞ്ചു മാസം പിന്നിട്ടിട്ടും കോര്‍പറേഷന്‍ ടെന്‍ഡര്‍ നടപടികള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണ്. ലോക്കല്‍ പര്‍ച്ചേസിന്റെ പേരില്‍ നാമമാത്രമായ തോതില്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ലഭ്യമാക്കുന്നത്. ഇതിനു പിന്നിലും വലിയ തിരിമറി നടക്കുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ തൊട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍വരെ അവശ്യമരുന്നുകള്‍ കിട്ടാനില്ല. പേപ്പട്ടി പ്രതിരോധ വാക്സിന്‍ , പാരസെറ്റമോള്‍ . ആന്റിബയോട്ടിക്കുകള്‍ , ഗ്ലൗസ്, പഞ്ഞി, കോട്ടണ്‍ ഉള്‍പ്പെടെയുള്ളവ മിക്ക ആശുപത്രികളിലും ലോക്കല്‍ പര്‍ച്ചേസിലൂടെയാണ് ലഭ്യമാക്കുന്നത്. ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഇല്ലാത്ത ആശുപത്രികളിലാവട്ടെ മരുന്നുവിതരണം പൂര്‍ണമായും നിലച്ചു.

2007ല്‍ കോര്‍പറേഷന്‍ നിലവില്‍ വന്നശേഷം എല്ലാ വര്‍ഷവും സാമ്പത്തിക വര്‍ഷാരംഭത്തില്‍ത്തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മരുന്നുകള്‍ എത്തിച്ചിരുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ ഒരു ദിവസംപോലും ആശുപത്രികളില്‍ മരുന്നുക്ഷാമം ഉണ്ടായിട്ടില്ല. കോര്‍പറേഷന്‍ നിലവില്‍ വന്നശേഷം മൂന്നു മാസത്തെ മരുന്നുകള്‍ , മുഴുവന്‍ ആശുപത്രികളിലും ജില്ലാ വെയര്‍ ഹൗസുകളിലും മുന്‍കൂര്‍ സ്റ്റോക്ക് ചെയ്തിരുന്നു. ഇങ്ങനെ മുന്‍സര്‍ക്കാരിന്റെ കാലത്ത് സ്റ്റോക്ക് ചെയ്ത മരുന്നുകളാണ് ജൂണ്‍വരെ വിതരണംചെയ്തത്. ടെന്‍ഡര്‍ നടപടി നീളുന്നുവെന്ന കാരണം പറഞ്ഞ് കഴിഞ്ഞ വര്‍ഷം കരാറെടുത്ത അതേ കമ്പനികളോട് മൂന്നു മാസത്തേക്കു കൂടി മരുന്ന് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ , വില കുറഞ്ഞ മരുന്നുകള്‍മാത്രമാണ് വിതരണംചെയ്തത്. ഈ കമ്പനികള്‍ ബന്ധപ്പെട്ടവര്‍ക്ക് വലിയ കമീഷനും നല്‍കി. വില കൂടിയ മരുന്നുകള്‍ സ്റ്റോക്കില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി ആശുപത്രികള്‍ക്ക് ലോക്കല്‍ പര്‍ച്ചേസിന് അനുമതി നല്‍കി. ഇതിന്റെ മറവില്‍ ചില ആശുപത്രികളില്‍ വന്‍തോതില്‍ കമീഷന്‍ പറ്റി ഉയര്‍ന്ന വില കൊടുത്ത് മരുന്നുകള്‍ വാങ്ങുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന സെന്‍ട്രല്‍ പര്‍ച്ചേസ് സംവിധാനത്തില്‍ നടന്ന അഴിമതികള്‍ക്കു സമാനമായ തോതിലാണ് ഇപ്പോള്‍ കോര്‍പറേഷനില്‍ ഇടപാടുകള്‍ നടക്കുന്നത്. പ്രതിവര്‍ഷം 120-140 കോടി രൂപയുടെ മരുന്നുകളും മരുന്നുപകരണങ്ങളുമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് കോര്‍പറേഷന്‍ മുഖേന വാങ്ങി വിതരണംചെയ്യുന്നത്. ചില മരുന്നുകളുടെ വിതരണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിലും വന്‍ അഴിമതി നടന്നു. ഒരു കമ്പനിമാത്രം ടെന്‍ഡറില്‍ യോഗ്യത നേടിയാല്‍ റീടെന്‍ഡര്‍ വേണമെന്നാണ് ചട്ടം. അതല്ലെങ്കില്‍ , പ്രസ്തുത കമ്പനിയുമായി ചര്‍ച്ച നടത്തി കുറഞ്ഞ വിലയ്ക്ക് കരാര്‍ ഉറപ്പിക്കണം. ഇതു പാലിക്കാതെ രണ്ട് കമ്പനികളുമായി ചൊവ്വാഴ്ച ഏഴുകോടി രൂപയുടെ കരാര്‍ ഉറപ്പിച്ചു. പേപ്പട്ടി പ്രതിരോധ വാക്സിന്‍ വിതരണത്തിനുള്ള കരാറാണ് ഈ രണ്ട് കമ്പനികള്‍ക്കു നല്‍കിയത്. സമാന രീതിയിലാണ് ഓരോ കമ്പനിയുമായും കോര്‍പറേഷന്‍ അധികൃതര്‍ "ധാരണ"യിലെത്തുന്നത്. ഇതിനായി കമ്പനികളുടെ ഏജന്റുമാര്‍ സജീവമായി രംഗത്തുണ്ട്.

deshabhimani 270811

2 comments:

  1. മരുന്നു വിതരണക്കമ്പനികള്‍ക്കും ഏജന്റുമാര്‍ക്കും കോടികളുടെ വെട്ടിപ്പ് നടത്താനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍(കെഎംഎസ്സിഎല്‍) ടെന്‍ഡര്‍ നടപടികള്‍ വൈകിച്ചതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍ രക്ഷാമരുന്ന് വിതരണം പൂര്‍ണമായും നിലച്ചു.

    ReplyDelete
  2. ആരോഗ്യരംഗത്തെ വാണിജ്യവല്‍ക്കരണവും ക്രിമിനല്‍വല്‍ക്കരണവും തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ എന്‍ ബാലഗോപാല്‍ (സിപിഐ എം) രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ആരോഗ്യവിദ്യാഭ്യാസമേഖലയിലെ വാണിജ്യവല്‍ക്കരണമാണ് അവയവ വ്യാപാര മാഫിയയുടെ വളര്‍ച്ചയ്ക്ക് ഇടയാക്കുന്നതെന്ന് മനുഷ്യാവയവ മാറ്റ ഭേദഗതി നിയമത്തിനുമേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ബാലഗോപാല്‍ പറഞ്ഞു. ചര്‍ച്ചയ്ക്കുശേഷം ബില്‍ രാജ്യസഭ പാസാക്കി. ലോക്സഭ ഈ ബില്‍ നേരത്തെ പാസാക്കിയിരുന്നു. രോഗികള്‍ക്ക് ആവശ്യമായ മനുഷ്യാവയവങ്ങള്‍ ഇന്ന് ലഭിക്കുന്നില്ല. ഒന്നരലക്ഷം പേര്‍ക്ക് മാറ്റിവയ്ക്കാനായി വൃക്ക ആവശ്യമാണ്. എന്നാല്‍ , 4000 പേര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. രക്തദാനം പോലെതന്നെ അവയവദാനത്തെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കണം. സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണം. ബില്ലില്‍ ശുപാര്‍ശചെയ്യുന്ന ദേശീയ അവയവ ബാങ്കിന്റെ മാതൃകയില്‍ സംസ്ഥാനങ്ങളിലും അവയവ ബാങ്ക് സ്ഥാപിക്കണം- ബാലഗോപാല്‍ പറഞ്ഞു.

    ReplyDelete