Wednesday, August 31, 2011

വിക്കിലീക്സ് രേഖയുടെ പേരില്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമം

അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി സിപിഐ എം നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന വിക്കിലീക്സ് രേഖകളുടെ പേരില്‍ പുകമറ സൃഷ്ടിക്കാന്‍ മാധ്യമശ്രമം. എല്‍ഡിഎഫ് ഭരണകാലത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും മന്ത്രിമാരായ തോമസ് ഐസക്കിനെയും എം എ ബേബിയെയും അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള അന്നത്തെ പ്രതിപക്ഷ കക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ രഹസ്യമായി ഒന്നുമില്ല. ഈ വിവരങ്ങളെല്ലാം അന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുമാണ്.

എന്നാല്‍ , സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും എം എ ബേബിയും തോമസ് ഐസക്കും അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി രഹസ്യചര്‍ച്ച നടത്തിയെന്ന് തോന്നുംവിധമാണ് ചൊവ്വാഴ്ച ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതേസമയം, വി എസ് ഈ ഉദ്യോഗസ്ഥരെ കാണാന്‍ കൂട്ടാക്കിയില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത സൃഷ്ടിച്ചു. ഇതിന്റെ ചുവടു പിടിച്ച് ചാനലുകളും രംഗത്തെത്തി. എന്നാല്‍ , പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും തോമസ് ഐസക്കും വസ്തുത വ്യക്തമാക്കിയതോടെ ഗൂഢാലോചന പൊളിഞ്ഞു. എങ്കിലും പുകമറ സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണ്.

ചര്‍ച്ച നടത്തിയതിന്റെ പേരില്‍ തെറ്റിദ്ധാരണ പരത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് വി എസ് പറഞ്ഞു. ചര്‍ച്ച നടത്തിയത് പാര്‍ടിനയങ്ങള്‍ക്കകത്തുനിന്നുകൊണ്ടാണെന്ന് ഡോ. തോമസ് ഐസക്കും വ്യക്തമാക്കി. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് നിക്ഷേപം പാടില്ലെന്നോ നിക്ഷേപത്തിനായി ചര്‍ച്ചകള്‍ പാടില്ലെന്നോ സിപിഐ എം നയമല്ല. സര്‍ക്കാരുകള്‍ക്ക് വികസന പദ്ധതികള്‍ക്കായി വിദേശസഹായം സ്വീകരിക്കാം. അത്തരം അവസരങ്ങളില്‍ നാടിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായ നിബന്ധന ഉണ്ടാവരുതെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം. ഇതാണ് സിപിഐ എം നയമെന്നിരിക്കെ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ വാര്‍ത്ത ലക്ഷ്യമിടുന്നത് സിപിഐ എം സമ്മേളനങ്ങളെയാണ്. സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ പാര്‍ടിയില്‍ രണ്ട് പക്ഷം എന്ന് വരുത്താന്‍ ഇതിനകം നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞപ്പോഴാണ് പുതിയ തന്ത്രം പയറ്റുന്നത്.

ദേശാഭിമാനി 310811

1 comment:

  1. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി സിപിഐ എം നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന വിക്കിലീക്സ് രേഖകളുടെ പേരില്‍ പുകമറ സൃഷ്ടിക്കാന്‍ മാധ്യമശ്രമം. എല്‍ഡിഎഫ് ഭരണകാലത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും മന്ത്രിമാരായ തോമസ് ഐസക്കിനെയും എം എ ബേബിയെയും അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള അന്നത്തെ പ്രതിപക്ഷ കക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ രഹസ്യമായി ഒന്നുമില്ല. ഈ വിവരങ്ങളെല്ലാം അന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുമാണ്.

    ReplyDelete