Sunday, August 28, 2011

രാംലീല മൈതാനിയില്‍ ബിസിനസ് കൊഴുക്കുന്നു

ന്യൂഡല്‍ഹി: രാംലീല മൈതാനിയില്‍ തുടരുന്ന അന്നാ ഹസാരെയുടെ സമരം നൂറ് കണക്കിനാള്‍ക്കാര്‍ക്ക് ആദായകരമായ ബിസിനസിന് വഴി തുറന്നു.

സാദിക് ഹസ്സന്‍ എന്ന 15 കാരന്‍ കഴിഞ്ഞ ഒരാഴ്ചയായി സ്‌കൂളില്‍ പോകുന്നില്ല. ഹസാരെയ്ക്ക് പിന്തുണയുമായി എത്തുന്നവരുടെ ത്രിവര്‍ണപതാകയുടെ ചായം പൂശുന്ന പണിയാണിപ്പോള്‍. ഒരാളുടെ മുഖത്ത് ചായം തേക്കുന്നതിന് 10 രൂപവരെ ചാര്‍ജ്. ദിവസം 1000 രൂപവരെ പയ്യന്‍ സമ്പാദിക്കുന്നുണ്ട്. ഹസാരെ ആരാണെന്നോ എന്തിനുവേണ്ടിയാണ് സമരം ചെയ്യുന്നതെന്നോ അറിയാത്ത സാദിക് ഹസ്സനെപ്പോലുള്ളവരാണ് പലവിധ ബിസിനസുകളിലേര്‍പ്പെട്ടിരിക്കുന്നത്.
ത്രിവര്‍ണ ദേശീയപതാകയുടെ വില്‍പ്പനയാണ് തകൃതിയായി നടക്കുന്നത്. അയ്യായിരത്തോളം പേര്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് പല വലുപ്പത്തിലുള്ള ദേശീയപതാകകള്‍ വില്‍ക്കുന്നത്. അഞ്ച് രൂപ മുതല്‍ 1000 രൂപവരെ വിലയുള്ളവ. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് മാച്ച് നടക്കുന്ന സ്റ്റേഡിയത്തിന്റെ ചുറ്റുപാടും പരമാവധി നൂറ് പേരായിരിക്കും ദേശീയ പതാക വില്‍പ്പനക്കാരായി ഉണ്ടാവുക.

'ഐആംഅന്നാ' എന്നെഴുതിയ ഗാന്ധി തൊപ്പികളുടെ വില്‍പ്പനയാണ് മറ്റൊന്ന്. അഞ്ച് രൂപ മുതല്‍ പതിനഞ്ചു രൂപവരെയുള്ള തൊപ്പികളുണ്ട്. ഒരാള്‍ ശരാശരി 700-800 തൊപ്പികള്‍ ഒരു ദിവസം വില്‍ക്കും. പ്രതിദിനം 3500 രൂപ മുതല്‍ 8000 രൂപവരെ സമ്പാദിക്കുന്നവരുണ്ട്. മറ്റ് വല്ല പണിക്കും പോയാല്‍ കിട്ടുന്നതിന്റെ പതിന്മടങ്ങ് കൂലി.

അന്ന മുഖംമൂടികള്‍ (അഞ്ച് രൂപ), അന്ന ബട്ടനുകളും ബാഡ്ജുകളും (10-20 രൂപ), ത്രിവര്‍ണറിസ്റ്റ് ബാന്റ് (10 രൂപ), അന്ന ടീഷര്‍ട്ട് (100-450 രൂപ), ത്രിവര്‍ണ ഹെഡ്ബാന്റ് (10 രൂപ), ത്രിവര്‍ണ അരപ്പട്ട (10-15 രൂപ) എന്നിവയുടെയെല്ലാം ബിസിനസ് പൊടിപൊടിക്കുന്നു. ഡല്‍ഹിയിലെ മൊത്തവ്യാപാരികള്‍ക്കും ഹസാരെയുടെ സമരദിനങ്ങള്‍ സുവര്‍ണകാലം. ഡിമാന്റ് കൂടുന്നതനുസരിച്ച് വിലകൂട്ടുന്ന പ്രവണതയുമുണ്ട്.

മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കും വന്‍ നേട്ടമാണ്. ഹസാരെ സമരം തുടങ്ങിയതിനുശേഷം മൊബൈല്‍ ഫോണുകളിലൂടെ അയയ്ക്കുന്ന എസ് എം എസ് സന്ദേശങ്ങളുടെ എണ്ണത്തില്‍ ഭീമമായ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മന്ത്രിമാരുടെയും എം പിമാരുടെയും വസതികള്‍ക്കുമുന്നില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഓഗസ്റ്റ് 23 ന് അയച്ച ഒരു സന്ദേശം അഞ്ച് കോടി 60 ലക്ഷം പേര്‍ക്കാണ് ലഭിച്ചത്.

ഹസാരെയുടെ സമരവുമായി ബന്ധപ്പെട്ട് ഒരു ദിവസം ആറരലക്ഷത്തില്‍പ്പരം എസ് എം എസ് സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ട്. ഹസാരെയുടെ സമരത്തിന് സ്തുതിപാടുന്ന ഒരു ഗാനം കിഴക്കന്‍ ഡല്‍ഹിയിലെ ഗായകരും സൗണ്ട് എന്‍ജിനീയര്‍മാരും മറ്റും ഉള്‍പ്പെടെ ഒരുസംഘം രൂപപ്പെടുത്തി. ഓഗസ്റ്റ് 24 ന് അത് യു ട്യൂബില്‍ ലഭ്യമാക്കുകയും ചെയ്തു പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രതികരണമാണുണ്ടായത്.

പാട്ട് മൊബൈല്‍ ഫോണുകളില്‍ റിംഗ് ടോണുകളായി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

അന്നാ ഹസാരെയുടെ സമരം ലൈവ് ആയി സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ ചാനലുകള്‍ക്ക് പ്രേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നു. പ്രേക്ഷകരുടെ എണ്ണത്തിനൊപ്പം പരസ്യ വരുമാനവും വര്‍ധിക്കുന്നുണ്ട്.

ഹസാരെ സമരം: ബി ജെ പി നിലപാടില്‍ ആര്‍ എസ് എസിനു രോഷം

ന്യൂഡല്‍ഹി: ജന്‍ലോക്പാല്‍ ബില്ലിനായി അന്ന ഹസാരെ നടത്തിയ സമരത്തോട് ബി ജെ പി നേതൃത്വം സ്വീകരിച്ച നിലപാടില്‍ ആര്‍ എസ് എസിനു രോഷം.

കേന്ദ്രസര്‍ക്കാരിനെ ദുര്‍ബലമാക്കാന്‍ ലഭിച്ച സുവര്‍ണാവസരം ബി ജെ പി നേതൃത്വം തുലച്ചുവെന്നാണ് ആര്‍ എസ് എസ് നിലപാട്. എല്‍ കെ അദ്വാനി, സുഷമസ്വരാജ്,. മുരളീമനോഹര്‍ ജോഷി, രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റിലി എന്നിവരെല്ലാം ആര്‍ എസ് എസിന്റെ അപ്രീതിക്കിരയായിട്ടുണ്ട്. ആര്‍ എസ് എസിന്റെ നിര്‍ദേശപ്രകാരമാണ് ഹസാരെയ്ക്ക് സമ്പൂര്‍ണ പിന്തുണയുമായി ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി രംഗത്തുവന്നത്. എന്നാല്‍ ശനിയാഴ്ച പാര്‍ലമെന്റില്‍ രാഷ്ട്രീയ സമവായത്തിന്റെ പാതയിലാണ് ബി ജെ പി നീങ്ങിയത്.
ഹസാരെ സംഘം തയ്യാറാക്കിയ ജന്‍ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകളോട് ബി ജെ പി നേതാക്കള്‍ പൂര്‍ണമായി യോജിച്ചില്ല. ഹസാരെ നിരാഹാരം നടത്തിയ രാംലീല മൈതാനത്തേയ്ക്ക് ബി ജെ പി നേതാക്കളാരും പോയതുമില്ല. ആര്‍ എസ് എസ് നേതൃത്വത്തിന്റെ ഇടപെടലിനു ശേഷമാണ് പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ക്ക് ജന്‍ലോക്പാല്‍ ബില്‍ അടിസ്ഥാനമാക്കണമെന്ന നിലപാടിലേയ്ക്ക് ബി ജെ പി മാറിയത്.

രാംലീല മൈതാനത്ത് ഈ ദിവസങ്ങളിലെല്ലാം ആര്‍ എസ് എസിന്റെയും അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ സജീവമായുണ്ടായിരുന്നു. പരിഷത്ത് പരസ്യമായിത്തന്നെ ഹസാരെയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. തന്ത്രപരമായ കാരണങ്ങളാല്‍ പരസ്യമായി പിന്തുണച്ചില്ലെങ്കിലും ഹസാരെയുടെ സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ ആര്‍ എസ് എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം സമവായത്തിന്റെ പാതയില്‍ ബി ജെ പി നേതാക്കള്‍ നിലകൊണ്ടതോടെയാണ് നിതിന്‍ ഗഡ്ക്കരിയോട് ഹസാരെ അനുകൂല പ്രസ്താവനയിറക്കാന്‍ ആര്‍ എസ് എസ് ആവശ്യപ്പെട്ടത്. ആര്‍ എസ് എസിന്റെ നോമിനിയായി ബി ജെ പിയുടെ തലപ്പത്ത് എത്തിയ ഗഡ്ക്കരി അവസരത്തിനൊത്തുയരുന്നില്ലെന്നും ദുര്‍ബലനാണെന്നുമുള്ള പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. അദ്വാനിയുള്‍പ്പെടെയുള്ള മുന്‍നിര നേതാക്കള്‍ തനിക്ക് പ്രവര്‍ത്തിച്ച് മുന്നേറാനുള്ള അവസരം തരുന്നില്ലെന്ന് ഗഡ്ക്കരി ആര്‍ എസ് എസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഹസാരെയുടെ സമരം അവസാനിപ്പിക്കാനുള്ള സാഹചര്യമൊരുങ്ങിയതില്‍ ആര്‍ എസ് എസ് നേതൃത്വം അസന്തുഷ്ടരാണ്. സമരം കഴിയുന്നത്ര നീട്ടിക്കൊണ്ടു പോകുകയെന്നതായിരുന്നു അവരുടെ തന്ത്രം.

അതേസമയം ഹസാരെയുടെ സമരം നീട്ടിക്കൊണ്ടുപോയതില്‍ ആര്‍ എസ് എസുമായി ബന്ധം പുലര്‍ത്തുന്ന ഹസാരെ സംഘത്തിലെ ചിലരാണെന്ന് വ്യക്തമായിട്ടുണ്ട്. കിരണ്‍ബേദി, അരവിന്ദ്‌കേസ്‌രിവാള്‍, പ്രശാന്ത് ഭൂഷന്‍ എന്നിവരാണ് പ്രതിക്കൂട്ടില്‍. മൂന്ന് ദിവസം മുമ്പ് നടന്ന സര്‍വകക്ഷി യോഗത്തിന്റെ അഭ്യര്‍ഥനയനുസരിച്ച് തന്നെ സമരം അവസാനിപ്പിക്കാന്‍ ഹസാരെക്ക് കഴിയുമായിരുന്നു. എന്നാല്‍ കടുംപിടുത്ത നിലപാടിലൂടെ സമരം നീട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ഇവരാണ്.

ഒരു ഉപദേശകസംഘം ഹസാരെയെ തെറ്റായ വഴിയിലൂടെ നയിക്കുകയാണെന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന് അവര്‍ ഭീഷണി ഉയര്‍ത്തുകയാണെന്നും ഹസാരെയെ അനുകൂലിച്ചിരുന്ന ചില പ്രമുഖര്‍ തന്നെ പരസ്യമായി പറഞ്ഞു. തിഹാര്‍ ജയിലില്‍ നിന്നും പുറത്തുവരുമ്പോള്‍ മരണംവരെ ഉപവസിക്കുകയില്ലെന്ന ഉറപ്പ് ഡല്‍ഹി പൊലീസിന് നല്‍കിയിരുന്നതായി സ്വാമി അഗ്‌നിവേശ് പറഞ്ഞു.

സമരം വഷളാക്കിയത് കേന്ദ്രത്തിന്റെ പിടിപ്പുകേട്: ഗുരുദാസ്

ന്യൂഡല്‍ഹി: അഴിമതിക്കെതിരായ സമരത്തെ വഷളാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് സി പി ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗുരുദാസ് ദാസ് ഗുപ്ത ലോക്‌സഭയില്‍ പറഞ്ഞു. ലോക്പാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി സര്‍ക്കാരിനും രാജ്യത്തിനും വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ നിഷ്ഫലമായി. അഴിമതി രാജ്യത്തെ സാധാരണക്കാരന്റെ ജീവിതത്തെ ദോഷകരമായി ബാധിച്ചതാണ് അന്നാ ഹസാരെയുടെ സമരത്തിന് വന്‍ജനപിന്തുണ ലഭിക്കാന്‍ ഇടയാക്കിയത്. മാറിമാറിവന്ന സര്‍ക്കാരുകള്‍ അഴിമതിയില്‍ മുങ്ങി. എല്ലാ സര്‍ക്കാരുകളും ലോക്പാല്‍കൊണ്ട് കളിച്ചു. ഒരു പുതിയ തുടക്കത്തിന് സമയമായി. ഒരു നിയമംകൊണ്ട് അഴിമതി പൂര്‍ണമായും തടയാനാകില്ല. പക്ഷെ ഈ നിയമംകൊണ്ട് ജനങ്ങള്‍ക്കുള്ള സന്ദേശം വ്യക്തമാകണം. ലോക്പാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഗുരുദാസ് പറഞ്ഞു.

നിയമ നിര്‍മാണത്തിനുള്ള പാര്‍ലമെന്റിന്റെ പരമാധികാരത്തെയും അവകാശത്തെയും അടിയറവയ്ക്കാന്‍ ഒരു കാരണവശാലും അനുവദിച്ചുകൂടെന്ന് ലോക്പാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ സി പി ഐ അംഗം ഡി രാജ രാജ്യസഭയില്‍ പറഞ്ഞു. അഴിമതി തടയാന്‍ ശക്തമായ സംവിധാനം ജനങ്ങളുടെ മൊത്തത്തിലുള്ള ആവശ്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ദീര്‍ഘകാലമായി ഈ ആവശ്യം ഉന്നയിക്കുന്നു. എന്നാല്‍ ഭരണാധികാരികള്‍ ഇതിനോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് പുലര്‍ത്തിയത്. സര്‍ക്കാര്‍ ഇനിയും ഇത്തരം സമീപനം തുടരാന്‍ അനുവദിച്ചുകൂടെന്നും രാജ പറഞ്ഞു.

ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് അന്നാ ഹസാരെ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന് ബി ജെ പി അംഗം സുഷമാ സ്വരാജ് ലോക്‌സഭയില്‍ പറഞ്ഞു. ഒമ്പത് തവണ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വന്നതാണ്. ബില്‍ പാസാക്കാത്തതില്‍ ബി ജെ പിയും കുറ്റക്കാരാണ്. നിയമം നടപ്പാക്കുന്നതിനായി ഹസാരെ സമയ പരിധി നിശ്ചയിച്ചതില്‍ തെറ്റില്ലെന്നും സുഷമ ലോക്‌സഭയില്‍ പറഞ്ഞു.

അതേസമയം ലോക്‌സഭയും രാജ്യസഭയും ലോക്പാല്‍ സംബന്ധിച്ച് ശബ്ദവോട്ട് നടത്താതിരുന്നത് പൊതു സമൂഹത്തിന്റെ അതൃപ്തിക്ക് ഇടയാക്കി. സഭയുടെ വികാരം മാനിച്ച് എന്നനിലയ്ക്കാണ് ഇരുസഭകളും ലോക്പാല്‍ വിഷയത്തില്‍ അന്നാ ഹസാരെ ഉയര്‍ത്തിയ വിഷയങ്ങളോട് പ്രതികരിച്ചത്. സഭയുടെ വികാരം ഉള്‍ക്കൊണ്ട് ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ പ്രമേയം സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനമെടുത്തതായി ലോക്‌സഭാ നേതാവ് പ്രണബ് കുമാര്‍ മുഖര്‍ജി വ്യക്തമാക്കി.

'ലോക്പാല്‍' ആദ്യം പ്രയോഗിച്ചത് സിംഗ്‌വിയുടെ പിതാവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ലോക്പാല്‍ എന്ന വാക്ക് ആദ്യം പ്രയോഗിച്ചത്, ഇപ്പോള്‍ ലോക്പാല്‍ ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തലവന്‍ അഭിഷേക് സിംഗ്‌വിയുടെ പിതാവ് എല്‍ എം സിംഗ്‌വി. ജന്‍ ലോക്പാല്‍ ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ ബി ജെ പി നേതാവ് അരുണ്‍ ജയ്റ്റ്‌ലിയാണ് ലോക്പാലുമായി ബന്ധപ്പെട്ട കൗതുകകരമായ വസ്തുത ചൂണ്ടിക്കാട്ടിയത്.

1963 ഏപ്രില്‍ 13ന് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് എല്‍ എം സിംഗ്‌വി ലോക്പാല്‍ എന്ന വാക്ക് ഉപയോഗിച്ചത്. പരാതിപരിഹരിക്കുന്നയാള്‍ എന്ന അര്‍ഥത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഓംബുഡ്‌സ്മാന്‍ എന്ന സ്‌കാന്‍ഡിനേവിയന്‍ പദത്തിന്റെ ഇന്ത്യന്‍ രൂപമായാണ് സിംഗ്‌വി ലോക്പാല്‍ എന്നു പ്രയോഗിച്ചത്. എല്‍ എം സിംഗ്‌വിയുടെ മകന്‍ ഇപ്പോള്‍ ലോക്പാല്‍ ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സമിതിയുടെ തലവനായത് കൗതുകകരമായ യാദൃച്ഛികതയാണെന്ന് ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഈ മഹത്തായ പൈതൃകം അദ്ദേഹം കാത്തുസൂക്ഷിക്കുമെന്നാണ് കരുതുന്നതെന്ന് ജയ്റ്റ്‌ലി പ്രസംഗത്തില്‍ പറഞ്ഞു. 1968ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന വൈ ബി ചവാനാണ് ലോക്പാല്‍ ബില്‍ ആദ്യം സഭയില്‍ അവതരിപ്പിച്ചത്.

ഹസാരെയ്ക്ക് പിന്തുണ; യുവതി ജീവനൊടുക്കി

കോലാപുര്‍: അന്നാ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. ശുഭാംഗി കരാന്തെ എന്ന 33കാരിയാണ് വീട്ടിലെ ഫാനില്‍ സാരിയില്‍ തൂങ്ങി മരിച്ചത്. അന്നാ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ശുഭാംഗി ആത്മഹത്യാ കുറിപ്പില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തുനിന്ന് അഴിമതി നിര്‍മാര്‍ജനം ചെയ്യണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനൊടുക്കുന്നതെന്ന് ശുഭാംഗിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. രാജ്യത്ത് പാവങ്ങള്‍ പട്ടിണി കിടക്കുകയാണ്. അവര്‍ക്ക് ജീവിക്കാനാവശ്യമായ പണം കിട്ടുന്നില്ല. സ്വകാര്യ കമ്പനികളില്‍ പോലും കാര്യമായ ശമ്പളമില്ല. കൃഷിഭൂമി ഉള്ളതുകൊണ്ട് തനിക്ക് ജീവിക്കാനാവും. എന്നാല്‍ കൃഷിഭൂമി ഇല്ലാത്തവരുടെ സ്ഥിതി ഇതല്ല. അവര്‍ പട്ടിണിയിലാണ്. ജോലി കിട്ടിയാല്‍ എല്ലാം ശരിയാവുമെന്നാണ് പാവങ്ങള്‍ കരുതുന്നത്. എന്നാല്‍ ജോലി കിട്ടാന്‍ പണം വേണം. അവര്‍ക്ക് എവിടെനിന്നാണ് പണം കിട്ടുകയെന്ന് യുവതി ആത്മഹത്യാ കുറിപ്പില്‍ ചോദിക്കുന്നു.

അന്നാ ഹസാരെ സത്യഗ്രഹമിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല. അപ്പോള്‍ പിന്നെ നമുക്ക് എന്തു ചെയ്യാന്‍ പറ്റും? താന്‍ ഇതാണ് ചെയ്യുന്നതെന്ന് ശുഭാംഗി പറയുന്നു. സമൂഹത്തിനു വേണ്ടിയാണിത്. ഇതില്‍ തനിക്ക് ഖേദമില്ല. സര്‍ക്കാര്‍ ഇതു മനസ്സിലാക്കട്ടെയെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.

രണ്ടു കുട്ടികളുള്ള ശുഭാംഗിയുടെ ഭര്‍ത്താവ് വിനായക് കരാന്തെ മിറാജ് വ്യവസായ എസ്റ്റേറ്റില്‍ ജോലി ചെയ്യുകയാണ്.

janayugom news

1 comment:

  1. രാംലീല മൈതാനിയില്‍ തുടരുന്ന അന്നാ ഹസാരെയുടെ സമരം നൂറ് കണക്കിനാള്‍ക്കാര്‍ക്ക് ആദായകരമായ ബിസിനസിന് വഴി തുറന്നു.

    സാദിക് ഹസ്സന്‍ എന്ന 15 കാരന്‍ കഴിഞ്ഞ ഒരാഴ്ചയായി സ്‌കൂളില്‍ പോകുന്നില്ല. ഹസാരെയ്ക്ക് പിന്തുണയുമായി എത്തുന്നവരുടെ ത്രിവര്‍ണപതാകയുടെ ചായം പൂശുന്ന പണിയാണിപ്പോള്‍. ഒരാളുടെ മുഖത്ത് ചായം തേക്കുന്നതിന് 10 രൂപവരെ ചാര്‍ജ്. ദിവസം 1000 രൂപവരെ പയ്യന്‍ സമ്പാദിക്കുന്നുണ്ട്. ഹസാരെ ആരാണെന്നോ എന്തിനുവേണ്ടിയാണ് സമരം ചെയ്യുന്നതെന്നോ അറിയാത്ത സാദിക് ഹസ്സനെപ്പോലുള്ളവരാണ് പലവിധ ബിസിനസുകളിലേര്‍പ്പെട്ടിരിക്കുന്നത്.

    ReplyDelete