പ്രധാനമന്ത്രിയുടെ പ്രവൃത്തികളെക്കുറിച്ച് അന്വേഷണം നടത്തുന്നത് രാജ്യത്തിന് അപമാനകരമാവുമെന്ന് വാദിക്കുന്ന കോണ്‍ഗ്രസ് സാക്ഷിക്കൂട്ടില്‍നിന്ന് പ്രധാനമന്ത്രി വിസ്താരം നേരിടുന്നതിനെ എങ്ങനെ കാണുന്നുവെന്നതറിയാന്‍ ഏവര്‍ക്കും താല്‍പ്പര്യമുണ്ടാവും. ലോക്പാല്‍ അന്വേഷണപരിധിയില്‍നിന്ന് കുതറിമാറാന്‍ വ്യഗ്രതപ്പെടുന്ന പ്രധാനമന്ത്രിയെ സാക്ഷിക്കൂട്ടില്‍ നിര്‍ത്തി വിസ്തരിക്കണമെന്ന നിലയിലേക്കാണിപ്പോള്‍ കാര്യങ്ങള്‍ എത്തുന്നത്. തന്റെ സ്ഥാനം പ്രതിക്കൂട്ടിലോ സാക്ഷിക്കൂട്ടിലോ എന്നതറിയാതെ വിഷമിക്കുന്ന ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിസ്ഥാനത്ത് തുടരുന്നുവെന്നതിനേക്കാള്‍ അപമാനകരമായി ഈ രാജ്യത്തിനൊന്നും വരാനില്ല.
2ജി സ്പെക്ട്രം കുംഭകോണത്തില്‍ പ്രധാനമന്ത്രിയെ സാക്ഷിയാക്കി വിസ്തരിക്കണമെന്നാണ് പ്രതിസ്ഥാനത്തുള്ളവരില്‍പെട്ട കനിമൊഴിയും എ രാജയും ആവശ്യപ്പെടുന്നത്. വിചാരണ തുടരുകയാണെങ്കില്‍ , പ്രധാനമന്ത്രിയെ സാക്ഷിയാക്കി വരുത്തുമെന്ന് അവരുടെ അഭിഭാഷകന്‍ സുശീല്‍കുമാര്‍ പറഞ്ഞതിനെ, വെറുമൊരു ഭീഷണിയായോ ബ്ലാക്മെയിലിങ് തന്ത്രമായോ കാണേണ്ട കാര്യമില്ല. 2 ജി സ്പെക്ട്രം ലൈസന്‍സ് ഇടപാടില്‍ 1,76,643 കോടി രൂപ രാജ്യത്തിന്റെ ഖജനാവിന് നഷ്ടപ്പെട്ടുവെന്നതാണല്ലോ കേസ്. ലേലം നടത്താതെ ലൈസന്‍സ് വിതരണം ചെയ്തതുകൊണ്ടാണ് നഷ്ടമുണ്ടായതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നുമുണ്ട്. ലേലം വേണ്ട എന്ന് തീരുമാനിച്ചതാരാണ്? ആ തീരുമാനമെടുത്തത് അന്നത്തെ ധനമന്ത്രി പി ചിദംബരത്തിന്റെയും അന്നത്തെ ടെലികോം മന്ത്രി എ രാജയുടെയും സാന്നിധ്യത്തില്‍ മന്‍മോഹന്‍സിങ് തന്നെയാണ് എന്നാണിപ്പോള്‍ വെളിവായിട്ടുള്ളത്. ആ നിലയ്ക്ക് മുഖ്യപ്രതിയോ, കൂട്ടുപ്രതിയെങ്കിലുമോ ആവേണ്ടയാളാണ് മന്‍മോഹന്‍സിങ്. അന്വേഷണ ഏജന്‍സിയായ സിബിഐ അദ്ദേഹത്തിന്റെ കീഴിലായതുകൊണ്ട് സ്വാഭാവികമായും അവര്‍ ആ വഴിക്ക് കടക്കുന്നില്ല. ഒരുവിധ അന്വേഷണവും തന്നിലേക്ക് തിരിയാതിരിക്കാനുള്ള കരുതല്‍ നടപടിയെന്നോണമാണ് ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍പോലും പ്രധാനമന്ത്രിസ്ഥാനം വരാതിരിക്കണമെന്ന് ഉറപ്പുവരുത്താന്‍ മന്‍മോഹന്‍സിങ് കഷ്ടപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍വേണം, മന്‍മോഹന്‍സിങ്ങിനെ സാക്ഷിയായി വിളിപ്പിക്കണമെന്ന കനിമൊഴിയുടെ വക്കീലിന്റെ വാദത്തെ കാണേണ്ടത്.
പ്രധാനമന്ത്രിയെ സാക്ഷിയായി വരുത്തുന്നതിന് നിയമതടസ്സമൊന്നുമില്ല. പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാള്‍ക്ക് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അതാവശ്യമാണ് എന്നുവന്നാല്‍ , പ്രത്യേകിച്ചും കേസിനാസ്പദമായ സംഭവത്തില്‍ പങ്കുള്ളയാളാണ് വിളിക്കപ്പെടേണ്ടത് എന്നും വന്നാല്‍ , കേസ് ആ നിലയ്ക്കുതന്നെ നീങ്ങും. ഇന്ത്യന്‍ പ്രധാനമന്ത്രി കുംഭകോണക്കേസില്‍ സാക്ഷിക്കൂട്ടില്‍ ചെന്നുനില്‍ക്കും. ഡോ. മന്‍മോഹന്‍സിങ് ഈ വിധത്തില്‍ തെരുവില്‍മുതല്‍ കോടതിയില്‍വരെ വാദവിവാദങ്ങളിലൂടെ വലിച്ചിഴയ്ക്കപ്പെടുമ്പോഴും അങ്ങനെയുള്ള വ്യക്തി പ്രധാനമന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ കോണ്‍ഗ്രസ് അപാകത കാണുന്നില്ല. ഇങ്ങനെയുള്ള ഒരു വ്യക്തിയാണ് പ്രധാനമന്ത്രിസ്ഥാനത്തുള്ളത് എന്നതാണ് രാജ്യത്തിന് അപമാനകരം എന്നതും കാണുന്നില്ല. ഇന്ത്യയില്‍ ഇന്നോളം ഒരു പ്രധാനമന്ത്രിയും ഒരു കേസിലും സാക്ഷിപറയാന്‍ പോകേണ്ട അവസ്ഥയുണ്ടായിട്ടില്ല. ഒരു രാഷ്ട്രപതി ഇത്തരം സാഹചര്യം നേരിട്ടിട്ടുണ്ട്. വി വി ഗിരി. അതാകട്ടെ, അഴിമതിക്കേസിലല്ല, മറിച്ച് അദ്ദേഹത്തിന്റെതന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ്. അഴിമതിക്കേസില്‍ സാക്ഷിക്കൂട്ടില്‍ കയറാന്‍പോവുന്ന ആദ്യ പ്രധാനമന്ത്രി എന്ന സ്ഥാനം മന്‍മോഹന്‍സിങ്ങിന് അവകാശപ്പെട്ടതുതന്നെ. പ്രധാനമന്ത്രി അറിഞ്ഞാണ് എല്ലാം നടന്നതെന്ന് ഇതേ കേസിലെ മറ്റൊരു പ്രതിയായ അന്നത്തെ ടെലികോം മന്ത്രി എ രാജയും കോടതി മുമ്പാകെ പറഞ്ഞിട്ടുണ്ട്. ചെയ്യുന്നത് നിയമവിരുദ്ധമായിരുന്നെങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി അന്ന് അത് തടഞ്ഞില്ല. ഈ ചോദ്യത്തിന് മന്‍മോഹന്‍സിങ് ഉത്തരം പറയേണ്ട നില വരും. സാക്ഷി ക്രമേണ പ്രതിയായി മാറിക്കൂടായ്കയില്ല എന്നു ചുരുക്കം. പ്രധാനമന്ത്രിസ്ഥാനത്തിന്റെ പരിവേഷംകൊണ്ടു മാത്രമാണ് മന്‍മോഹന്‍സിങ് ഇന്ന് പ്രതിക്കൂട്ടിലാവാതെ നില്‍ക്കുന്നത്. ആ സ്ഥാനത്തിന്റെ മറപിടിച്ചാണ് അദ്ദേഹം അന്വേഷണത്തെ തന്നിലെത്താതെ തിരിച്ചുവിടുന്നത്. ഈ നില മാറുമെന്നതിന്റെ സൂചനയാണിപ്പോള്‍ കാണുന്നത്. 2ജി സ്പെക്ട്രം ഇടപാടുകൊണ്ട് രാജ്യത്തിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന് വരുത്തിത്തീര്‍ക്കാനാണ് കനിമൊഴിയും രാജയും വാദത്തിലൂടെ ശ്രമിക്കുന്നത്. നഷ്ടം സംഭവിച്ചുവെന്ന് പ്രധാനമന്ത്രി കോടതിയില്‍ പറഞ്ഞാല്‍ ആ നഷ്ടത്തിനുത്തരവാദിയാവുക പ്രധാനമന്ത്രിയാണെന്നുവരും. അതുകൊണ്ടുതന്നെ, നഷ്ടമുണ്ടായിട്ടില്ല എന്ന തങ്ങളുടെ വാദമേ പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടാവുകയുള്ളൂ എന്നും ആ പഴുതിലൂടെ തങ്ങള്‍ക്കും രക്ഷപ്പെടാനാകുമെന്നും കനിമൊഴിയും രാജയും പ്രതീക്ഷിക്കുന്നുണ്ടാകും. പക്ഷേ, പ്രധാനമന്ത്രി എന്തുചെയ്യും?
1,76,643 കോടിയുടെ നഷ്ടമുണ്ടായതായുള്ള കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ ഏത് വാദംകൊണ്ട് മറച്ചുപിടിക്കും? സ്വയം രക്ഷപ്പെടാന്‍ വേണ്ടി കനിമൊഴിയുടെയും രാജയുടെയും പക്ഷം ചേരുമോ? കൗതുകകരമായ കാര്യങ്ങള്‍ രാജ്യം കാണാനിരിക്കുന്നതേയുള്ളൂ. ബന്ധപ്പെട്ട ഫയലുകളൊന്നും താന്‍ കണ്ടിട്ടില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍ അത് വിലപ്പോവില്ല. കണ്ടതിന് രേഖകളുണ്ട്. തങ്ങളുടെ ഇഷ്ടക്കാരുടെ അപേക്ഷകളെല്ലാം വന്നയുടന്‍ ലൈസന്‍സ് അപേക്ഷാ സ്വീകരണത്തിന്റെ അവസാനതീയതി ഏകപക്ഷീയമായി മുന്നോട്ടാക്കിയ തീരുമാനം പ്രധാനമന്ത്രികൂടി അറിഞ്ഞാണെടുത്തത് എന്നതിന് തെളിവുകളുണ്ട്. പഴയ ലൈസന്‍സിന്റെ വില നിരക്കില്‍ ലേലം കൂടാതെ പുതിയ ലൈസന്‍സ് നല്‍കാമെന്ന് തീരുമാനിച്ചത് മന്‍മോഹന്‍സിങ്ങിന്റെയും ചിദംബരത്തിന്റെയും സാന്നിധ്യത്തിലാണ് എന്നുള്ളതിനും തെളിവുണ്ട്. അങ്ങനെയൊക്കെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഖജനാവിന് വമ്പന്‍ നഷ്ടമുണ്ടായതെന്ന കാര്യം സിഎജി രേഖാമൂലം സ്ഥിരീകരിക്കുന്നുമുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി എന്ത് നിലപാടെടുക്കും?
കോണ്‍ഗ്രസും പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഒരുപോലെ ഇരുട്ടില്‍ തപ്പുകയാണ്. ഇരുട്ടില്‍ തപ്പിത്തടഞ്ഞു വീഴുന്ന ഒരാള്‍ രാജ്യത്തെ നയിക്കണമോ? അഴിമതിക്കേസില്‍ സാക്ഷിയോ പ്രതിതന്നെയോ ആകാന്‍ പോകുന്ന ഒരാള്‍ പ്രധാനമന്ത്രിസ്ഥാനത്ത് തുടരണമോ? ആ ചോദ്യങ്ങളാണിന്ന് രാജ്യത്തിനു മുന്നിലുള്ളത്. ഈ അവസ്ഥ നേരിടുന്ന ഒരാള്‍ പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്നു എന്നതാണ് യഥാര്‍ഥത്തില്‍ രാജ്യത്തിന് അപമാനകരം. പ്രധാനമന്ത്രിസ്ഥാനത്തെ ലോക്പാല്‍ അന്വേഷണ പരിധിയിലാക്കിയാല്‍ അത് രാജ്യത്തിന് അപമാനകരമാണെന്ന് പറയുന്നവര്‍ രാജ്യത്തിന് ഏറ്റവും അപമാനമുണ്ടാക്കുന്നത് ഇത്തരമൊരാള്‍ പ്രധാനമന്ത്രിസ്ഥാനത്ത് തുടരുന്നതാണെന്നത് തിരിച്ചറിയണം. ആ സ്ഥാനത്തുനിന്ന് മന്‍മോഹന്‍സിങ്ങിനെ മാറ്റാന്‍ കോണ്‍ഗ്രസിന് കഴിയാത്തത് അതിന്റെ നേതൃത്വംകൂടി ഉള്‍പ്പെട്ട് നടന്ന കൂട്ടുകച്ചവടമാണ് 2ജി സ്പെക്ട്രം ഇടപാട് എന്നതിനെ ആവര്‍ത്തിച്ച് സ്ഥിരീകരിക്കുകയാണ്.
deshabhimani editorial 250811
പ്രധാനമന്ത്രിയുടെ പ്രവൃത്തികളെക്കുറിച്ച് അന്വേഷണം നടത്തുന്നത് രാജ്യത്തിന് അപമാനകരമാവുമെന്ന് വാദിക്കുന്ന കോണ്‍ഗ്രസ് സാക്ഷിക്കൂട്ടില്‍നിന്ന് പ്രധാനമന്ത്രി വിസ്താരം നേരിടുന്നതിനെ എങ്ങനെ കാണുന്നുവെന്നതറിയാന്‍ ഏവര്‍ക്കും താല്‍പ്പര്യമുണ്ടാവും. ലോക്പാല്‍ അന്വേഷണപരിധിയില്‍നിന്ന് കുതറിമാറാന്‍ വ്യഗ്രതപ്പെടുന്ന പ്രധാനമന്ത്രിയെ സാക്ഷിക്കൂട്ടില്‍ നിര്‍ത്തി വിസ്തരിക്കണമെന്ന നിലയിലേക്കാണിപ്പോള്‍ കാര്യങ്ങള്‍ എത്തുന്നത്. തന്റെ സ്ഥാനം പ്രതിക്കൂട്ടിലോ സാക്ഷിക്കൂട്ടിലോ എന്നതറിയാതെ വിഷമിക്കുന്ന ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിസ്ഥാനത്ത് തുടരുന്നുവെന്നതിനേക്കാള്‍ അപമാനകരമായി ഈ രാജ്യത്തിനൊന്നും വരാനില്ല.
ReplyDelete