Friday, August 26, 2011

കേസിന്റെ കാര്യം പറയാതിരുന്നതിന് പിരിച്ചുവിട്ടത് തെറ്റ്

നിസ്സാരമായൊരു ക്രിമിനല്‍ക്കേസില്‍ മുമ്പ് പ്രതിയായ കാര്യം ജോലിക്ക് അപേക്ഷ നല്‍കിയപ്പോള്‍ വെളിപ്പെടുത്തിയില്ലെന്ന കുറ്റത്തിന് പൊലീസ് കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി റദ്ദാക്കി. ജോലിക്ക് അപേക്ഷിക്കുന്നതിന് നാലുവര്‍ഷംമുമ്പ് കോടതി വിട്ടയച്ച കേസിന്റെ കാര്യം ഒളിച്ചുവച്ചെന്നാണ് പിരിച്ചുവിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറഞ്ഞ കാരണം. ഇത് നിയമനം റദ്ദാക്കാനുള്ള മതിയായ കാരണമാകില്ലെന്ന് ജ. ആര്‍ വി രവീന്ദ്രനും ജ. എ കെ പട്നായ്ക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

2006ലാണ് രാംകുമാര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഇതിനൊപ്പം നല്‍കിയ സത്യപ്രസ്താവനയില്‍ മറ്റു കാര്യങ്ങള്‍ക്കൊപ്പം തനിക്കെതിരെ ക്രിമിനല്‍ക്കേസുകളൊന്നും ഉണ്ടായിട്ടില്ലെന്നും എഴുതിയിരുന്നു. തെരഞ്ഞെടുത്ത രാംകുമാറിനെ പരിശീലനത്തിന് അയക്കുകയും ചെയ്തു. 2007ല്‍ ഇട്ടാവ ജില്ലയിലെ ജസ്വന്ത്നഗര്‍ പൊലീസ്സ്റ്റേഷനില്‍നിന്ന് ഒരു റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തെത്തി. അതില്‍ പറയുന്നത് 2001ല്‍ രാംകുമാര്‍ ഒരു ക്രിമിനല്‍ക്കേസില്‍ പ്രതിയായിരുന്നുവെന്നാണ്. എന്നാല്‍ ഈ കേസില്‍ 2002ല്‍ത്തന്നെ കുറ്റക്കാരനല്ലെന്നു കണ്ട് രാംകുമാറിനെ ഇട്ടാവ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വിട്ടയച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൊലീസ്സ്റ്റേഷനില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതോടെ ഗാസിയാബാദിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് രാംകുമാറിനെ പിരിച്ചയച്ചു. തെരഞ്ഞെടുത്ത സമയത്ത് നല്‍കിയ പ്രസ്താവനയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയും ശരിയായ വിവരങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തു എന്ന കാരണം കാട്ടിയാണ് പിരിച്ചുവിട്ടത്. രാംകുമാറിന്റെ നിയമനം ക്രമവിരുദ്ധവും നിയമവിരുദ്ധവും ആയിരുന്നുവെന്നും ഉത്തരവില്‍ പറഞ്ഞു.

രാംകുമാര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. പിരിച്ചുവിട്ട ഉത്തരവ് സിംഗിള്‍ ബെഞ്ച് ശരിവച്ചു. ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലും തള്ളി. തുടര്‍ന്നാണ് രാംകുമാര്‍ സുപ്രീം കോടതിയിലെത്തിയത്
(അഡ്വ. കെ ആര്‍ ദീപ)

deshabhimani

1 comment:

  1. നിസ്സാരമായൊരു ക്രിമിനല്‍ക്കേസില്‍ മുമ്പ് പ്രതിയായ കാര്യം ജോലിക്ക് അപേക്ഷ നല്‍കിയപ്പോള്‍ വെളിപ്പെടുത്തിയില്ലെന്ന കുറ്റത്തിന് പൊലീസ് കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി റദ്ദാക്കി. ജോലിക്ക് അപേക്ഷിക്കുന്നതിന് നാലുവര്‍ഷംമുമ്പ് കോടതി വിട്ടയച്ച കേസിന്റെ കാര്യം ഒളിച്ചുവച്ചെന്നാണ് പിരിച്ചുവിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറഞ്ഞ കാരണം. ഇത് നിയമനം റദ്ദാക്കാനുള്ള മതിയായ കാരണമാകില്ലെന്ന് ജ. ആര്‍ വി രവീന്ദ്രനും ജ. എ കെ പട്നായ്ക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

    ReplyDelete