മലപ്പുറം : മലബാര്‍ കലാപത്തിന്റെ നിണമണിഞ്ഞ ഏടുകളില്‍ ഒന്നായ പൂക്കോട്ടൂര്‍ കലാപത്തിന് വെള്ളിയാഴ്ച 90 വയസ്. ജന്മിത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും ബ്രിട്ടീഷ് മേല്‍ക്കോയ്മയുടേയും ചൂഷണത്തിനെതിരെ ഒരു ജനത നടത്തിയ സമാനതകളില്ലാത്ത പോരാട്ട ചരിത്രമാണ് പൂക്കോട്ടൂര്‍ കലാപം. 1921 ആഗസ്ത് 26നാണ് പൂക്കോട്ടൂരില്‍ രക്തരൂക്ഷിത പോരാട്ടം നടന്നത്. ഖിലാഫത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലാപത്തിന്റെ സിരാകേന്ദ്രം തിരൂരങ്ങാടിയായിരുന്നു. എന്നാല്‍ മലബാര്‍ കലാപത്തില്‍ ഏറെ ദുരന്തം ഏറ്റുവാങ്ങിയത് പൂക്കോട്ടൂരാണ്. ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്പെട്ട പൂക്കോട്ടൂര്‍ വെള്ളക്കാരന്റെ കണ്ണിലെ കരടായിരുന്നു. അവരെ അടിച്ചമര്‍ത്താനായി കണ്ണൂരില്‍നിന്ന് പൂക്കോട്ടൂരിലേക്ക് പട്ടാളം പുറപ്പെട്ടു. ഈ വിവരം ഖിലാഫത്ത് ഓഫീസിലെത്തി. ക്യാപ്റ്റന്‍ മെക്കന്‍റോയിയുടെ നേതൃത്വത്തില്‍ 125 പട്ടാളക്കാരും പൊലീസും 22 ബസുകളിലും ലോറിയിലുമായാണ് മലപ്പുറത്തേക്ക് പറപ്പെട്ടത്. ഇതറിഞ്ഞ് പട്ടാളത്തിന്റെ വരവ് തടസ്സപ്പെടുത്താന്‍ പൂക്കോട്ടൂരുകാര്‍ പാലങ്ങള്‍ പൊളിച്ചു. റോഡില്‍ മരങ്ങളിട്ടും മാര്‍ഗ തടസ്സമുണ്ടാക്കി. 25ന് പട്ടാളം കൊണ്ടോട്ടിവഴി അറവങ്കരയിലെത്തി. എന്നാല്‍ തടസ്സം കാരണം മുന്നോട്ടുപോകാനാകാതെ തിരിച്ചുപോയ പട്ടാളം കൊണ്ടോട്ടിയില്‍ തമ്പടിച്ചു.
പിറ്റേദിവസവും പട്ടാളം വരുന്നെന്ന വിവരമറിഞ്ഞ് പൂക്കോട്ടൂര്‍കാര്‍ സംഘടിച്ചു. മൂവായിരത്തോളം പേരാണ് ആയുധങ്ങളോടെ ഇവിടെ തമ്പടിച്ചത്. റോഡിനടുത്ത തോട്ടില്‍ മാപ്പിളമാര്‍ പട്ടാളത്തെ കാത്ത് ഒളിച്ചിരുന്നു. തൊട്ടടുത്ത വീടുകളിലും മരങ്ങള്‍ക്കുമുകളിലും മാപ്പിളമാര്‍ എന്തിനും സജ്ജരായി നിന്നു. 26ന് രാവിലെ ഒരു എതിര്‍പ്പുമില്ലാതെ പട്ടാളം തോടിന് അടുത്തെത്തി. പെട്ടെന്നാണ് അവിടെനിന്ന് തുരുതുരാ വെടിയുതിര്‍ന്നത്. ആദ്യം ശങ്കിച്ച പട്ടാളവും തിരിച്ചുവെടിവച്ചു. ബോംബെറിഞ്ഞതായും പറയുന്നു. തുടര്‍ന്നുനടന്ന പോരാട്ടത്തില്‍ നിരവധിപേര്‍ മരിച്ചു. പീരങ്കിയും അക്കാലത്തെ ആധുനിക തോക്കും ഉപയോഗിച്ചാണ് ബ്രിട്ടീഷ് പട്ടാളം മാപ്പിളമാരെ നേരിട്ടത്. എന്നിട്ടും ചെറുത്ത്നില്‍പ്പ് അഞ്ചു മണിക്കൂറോളം നീണ്ടു. പലരും കത്തിയുമായി നിറതോക്കിനു മുമ്പിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. 259 പേര്‍ മരിച്ചെന്നാണ് കണക്ക്. എന്നാല്‍ മരിച്ചവര്‍ 400 പേര്‍ വരുമെന്നും പറയുന്നവരുണ്ട്. പൊലീസ് സൂപ്രണ്ട് ലങ്കാസ്കറെ ഏറ്റുമുട്ടലില്‍ മാപ്പിളമാര്‍ വകവരുത്തിയത് വെള്ളക്കാര്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു.
പൂക്കോട്ടൂര്‍ യുദ്ധത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് നാഥന്‍മാരെ നഷ്ടമായി. എങ്കിലും ആരും കരഞ്ഞില്ല. നാടിന്റെ വിമോചന പോരാട്ടങ്ങള്‍ക്ക് ജീവന്‍ദാനം നല്‍കിയ ആ പോരാളികളെ ഇന്നും ഈ നാടും ഇവിടത്തെ മനുഷ്യരും ആരാധിക്കുന്നു. പൂക്കോട്ടൂര്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ചരിത്ര സെമിനാര്‍ ശനിയാഴ്ച രാവിലെ 10ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി 260811
മലബാര്‍ കലാപത്തിന്റെ നിണമണിഞ്ഞ ഏടുകളില്‍ ഒന്നായ പൂക്കോട്ടൂര്‍ കലാപത്തിന് വെള്ളിയാഴ്ച 90 വയസ്. ജന്മിത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും ബ്രിട്ടീഷ് മേല്‍ക്കോയ്മയുടേയും ചൂഷണത്തിനെതിരെ ഒരു ജനത നടത്തിയ സമാനതകളില്ലാത്ത പോരാട്ട ചരിത്രമാണ് പൂക്കോട്ടൂര്‍ കലാപം.
ReplyDelete