സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇതിഹാസം രചിച്ച നെയ്യാറ്റിന്‍കരയില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവയ്പിന് ആഗസ്ത് 31ന് 73 വര്‍ഷം പിന്നിടുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ബ്രിട്ടീഷ് സാമ്രാജ്യം നടത്തിയ കൂട്ടക്കൊലയില്‍ ഒരു സ്ത്രീയടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. നെയ്യാറ്റിന്‍കര നഗരസഭ ലൈബ്രറി കെട്ടിടം സ്ഥിതിചെയ്യുന്ന പഴയ ബസ്സ്റ്റാന്‍ഡ് ജങ്ഷനിലായിരുന്നു ദേശീയ സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെതന്നെ തിരുവിതാംകൂറില്‍ വഴിത്തിരിവിലെത്തിച്ച വെടിവയ്പ് നടന്നത്. കല്ലുവിള പൊടിയന്‍ , അത്താഴമംഗലം രാഘവന്‍ (വീരരാഘവന്‍), നടവൂര്‍കൊല്ല കുട്ടന്‍ , കുട്ടന്‍പിള്ള, വാറുവിളാകം മുത്തന്‍പിള്ള, വാറുവിളാകം പത്മനാഭപിള്ള, മരുത്തൂര്‍ വാസുദേവന്‍ , വീട്ടുമുറ്റത്തു നെല്ലുണക്കുകയായിരുന്ന കാളി എന്ന സ്ത്രീയുള്‍പ്പെടെ എട്ടുപേരാണ് രക്തസാക്ഷിത്വം വരിച്ചത്.
സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ളയെ അറസ്റ്റ്ചെയ്തതോടെയാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ഈ അറസ്റ്റോടെ നെയ്യാറ്റിന്‍കര കിഴക്കേതെരുവിലെ എന്‍ കെ പത്മനാഭപിള്ളയെ പ്രസിഡന്റായി നിര്‍ദേശിച്ചു. ഇതറിഞ്ഞ്, പത്മനാഭപിള്ളയെ അറസ്റ്റ്ചെയ്ത് കാറില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടെങ്കിലും ടിബി ജങ്ഷനില്‍വച്ച് പത്മനാഭപിള്ളയുടെ അഭ്യര്‍ഥനപ്രകാരം സുഹൃത്തിനെ കാണാനായി കാര്‍ നിര്‍ത്തി. വക്കീല്‍ വാസുദേവന്‍പിള്ളയെ പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കാനായിരുന്നു പത്മനാഭപിള്ള ഇതുചെയ്തത്. എന്നാല്‍ , അറസ്റ്റ്വാര്‍ത്ത കാട്ടുതീ പടര്‍ന്നതുപോലെ, നാനാദിക്കിലും ആളുകളെ കൂട്ടി. ടിബി ജങ്ഷനില്‍ തടിച്ചുകൂടിയവര്‍ കാര്‍ തടഞ്ഞു. പത്മനാഭപിള്ളയെ അറസ്റ്റ്ചെയ്ത സിഐഡി സൂപ്രണ്ട് രാമന്‍പിള്ള തന്ത്രപരമായി പത്മനാഭപിള്ളയെയുംകൊണ്ട് ബസില്‍ തിരുവനന്തപുരത്തേക്ക് കടന്നു. രോഷാകുലരായ ജനങ്ങള്‍ കാര്‍ മരുത്തൂര്‍ തോടിലേക്ക് തള്ളിയിട്ട് കത്തിച്ചു. കലാപത്തെ നേരിടാന്‍ പുറപ്പെട്ട ബ്രിട്ടീഷ് സൈനികമേധാവി വാട്കീസിന്റെ നേതൃത്വത്തിലുള്ള കുതിരപ്പട്ടാളത്തെ ബാലരാമപുരത്തുവച്ച് ഫക്കീര്‍ഖാന്റെ നേതൃത്വത്തില്‍ കല്ലേറോടെയാണ് നേരിട്ടത്. പില്‍ക്കാലത്ത് സിപിഐ എമ്മിന്റെ സമുന്നത നേതാവായ ഫക്കീര്‍ഖാനുള്‍പ്പെടെയുള്ളവര്‍ നിഷ്ഠുരമായ മര്‍ദനത്തിനിരയായി. പഴയ ബസ്സ്റ്റാന്‍ഡ് ജങ്ഷനില്‍ എത്തിയ കുതിരപ്പട്ടാളം ജനങ്ങളോട് പിരിഞ്ഞുപോകാന്‍ ആജ്ഞാപിച്ചെങ്കിലും തയ്യാറാകാതെ നിന്ന ജനക്കൂട്ടത്തിനു നേര്‍ക്ക് നിര്‍ദയം വെടിവയ്പ് ആരംഭിക്കുകയായിരുന്നു.
വെടിവയ്ക്കാനോങ്ങിയ വാട്കീസിനുനേരെ നെഞ്ചുവിരിച്ചെത്തിയ അത്താഴമംഗലം രാഘവനായിരുന്നു ആദ്യം വെടിയേറ്റുവീണത്. പിന്നെ നടന്നത് തിരുവിതാംകൂറില്‍ സ്വാതന്ത്ര്യപ്രക്ഷോഭരംഗത്ത് എക്കാലവും വീരസ്മരണകളുയര്‍ത്തുന്ന ചരിത്രനിമിഷങ്ങളാണ്. തുടര്‍ന്ന് ഊരൂട്ടുകാലയില്‍ മഹാത്മാഗാന്ധിയുടെ സന്ദര്‍ശനം ആവേശമുണര്‍ത്തി. 1947-ല്‍ സ്വാതന്ത്ര്യദിനത്തില്‍ വീരരാഘവന്റെ ജന്മസ്ഥലമായ മണലിവിളയിലെ അത്താഴമംഗലത്തുനിന്ന് ജനപ്രവാഹം പ്രകടനമായി സ്വദേശാഭിമാനി പാര്‍ക്കിലെത്തിയതും ആര്‍ക്കും മറക്കാനാകാത്തതായി. രക്തസാക്ഷികളുടെ സ്മൃതിമണ്ഡപം കൃഷ്ണന്‍കോവിലിനുമുന്നിലെ സ്വദേശാഭിമാനി പാര്‍ക്കില്‍ നിലകൊള്ളുന്നുണ്ട്.
(വി ഹരിദാസ്)
ദേശാഭിമാനി 310811

ReplyDelete