ഹോര്‍ട്ടികോര്‍പ്പില്‍ അഴിമതിക്ക് കളമൊരുക്കി പച്ചക്കറി ശേഖരണം വീണ്ടും ഇടനിലക്കാരെ ഏല്‍പ്പിക്കുന്നു. ഇത് സംബന്ധിച്ച തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് നടത്തേണ്ടിയിരുന്ന പച്ചക്കറി ശേഖരണം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. പകരം ഓണത്തിന്ആവശ്യമായ പച്ചക്കറികള്‍ ശേഖരിച്ച് ഹോര്‍ട്ടികോര്‍പ്പിന് നല്‍കാന്‍ മുമ്പ് ആക്ഷേപങ്ങള്‍ക്ക് വിധേയനായ കരാറുകാരന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ കരാറുകാരനെക്കൊണ്ട് ഇടപാട് നടത്താനുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ തീരുമാനം ഉന്നതതലത്തിലെ സമ്മര്‍ദം മൂലമാണെന്നാണ് സൂചന.
എല്‍ ഡി എഫ് സര്‍ക്കാരാണ് ഹോര്‍ട്ടികോര്‍പ്പില്‍ നിലനിന്നിരുന്ന കരാര്‍ പര്‍ച്ചേസ് അവസാനിപ്പിച്ച് നേരിട്ട് പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് ശേഖരിക്കാന്‍ തീരുമാനിച്ചത്. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കുന്നതിനാല്‍ ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് തന്നെ നേരിട്ട് ലഭിക്കുമായിരുന്നു. ഇടനിലക്കാരന് കമ്മിഷന്‍ നല്‍കേണ്ടതില്ലാത്തതിനാല്‍ ഹോര്‍ട്ടികോര്‍പ്പിനും ഇത് വന്‍ ലാഭമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് അപ്പാടെ അട്ടിമറിച്ചുകൊണ്ട് വീണ്ടും കരാര്‍ സമ്പ്രദായം തിരികെക്കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഓപ്പണ്‍ മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുതലായാണ് കരാറുകാര്‍ ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറികള്‍ നല്‍കുന്നത്. ഇത് വില്‍പ്പനയെ കാര്യമായി ബാധിക്കും. ഓണക്കാലത്തെ കുതിച്ച് കയറുന്ന വിലക്കയറ്റത്തിന് ആക്കവും വര്‍ധിപ്പിക്കും. അമ്പത് ലക്ഷത്തോളം രൂപയുടെ വിറ്റുവരവാണ് ഓണക്കാലത്ത് ഹോര്‍ട്ടി കോര്‍പ്പിന് ഉണ്ടാവുന്നത്. കരാര്‍ വിതരണം ആരംഭിക്കുന്നതോടെ വിറ്റുവരവ് ഇടിയും. സാധാരണയായി ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ മികച്ച വില നല്‍കി സംഭരിക്കുകയും അവ വിറ്റഴിക്കുകയും ചെയ്യുകയാണ് പതിവ്. പ്രാദേശികമായി ലഭിക്കാത്ത ഇനങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ പോയി മൊത്തത്തില്‍ ശേഖരിച്ച് വിപണന കേന്ദ്രങ്ങള്‍ വഴി വില്‍ക്കുമായിരുന്നു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ വിപണന ശാലകളിലെവിടെയും ശേഖരിക്കുന്നതിനാല്‍ അത് കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന ആത്മവിശ്വാസം കുറച്ചായിരുന്നില്ല. ഇവയെല്ലാമാണ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. ഉല്‍സവ സമയങ്ങളില്‍ സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ്പിന് സബ്‌സിഡിയും നല്‍കുമായിരുന്നു. എന്നാല്‍ ഇനി ഇവയുടെ പ്രയോജനം ലഭിക്കുന്നത് സാധാരണ കര്‍ഷകര്‍ക്കായിരിക്കില്ല, മറിച്ച് ഇടനിലക്കാര്‍ക്ക് ആയിരിക്കും.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടന്‍ തന്നെ ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാനുള്ള നീക്കം നടന്നിരുന്നു. ആദ്യഘട്ടമായി സവാള, തക്കാളി എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നൂറ് ദിവസം പൂര്‍ത്തിയാക്കിയതോടെ പൂര്‍ണമായും കരാര്‍ വിതരണത്തിനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. കരാര്‍ വിതരണ സമ്പ്രദായമാണ് ഹോര്‍ട്ടികോര്‍പ്പിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഹോര്‍ട്ടികോര്‍പ്പിന്റെ പകുതിയോളം ജില്ലാ കേന്ദ്രങ്ങള്‍ പൂട്ടിയിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയിരുന്ന ഹോര്‍ട്ടികോര്‍പ്പ് കഴിഞ്ഞ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം മൂന്ന് കോടിയിലധികം രൂപ ലാഭവും ഇരുപത് കോടിയോളം രൂപ വിറ്റുവരവും ഉണ്ടാക്കിയിരുന്നു. എന്നാല്‍ കരാര്‍ വിതരണം തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തോടെ ഹോര്‍ട്ടികോര്‍പ്പിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകും.
ഹോര്‍ട്ടികോര്‍പ്പില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കരാര്‍ വിതരണം ഏര്‍പ്പെടുത്തുന്നതെന്നാണ് അധികൃതരുടെ പക്ഷം. ഡയറക്ട് പര്‍ച്ചേയ് അഴിമതിക്ക് വഴിവയ്ക്കുന്നെന്നും കരാര്‍ വിതരണം ഏര്‍പ്പെടുത്തിയാല്‍ അഴിമതി കുറയ്ക്കാനാകുമെന്നാണ് ഹോര്‍ട്ടികോര്‍പ് എം ഡി പറയുന്നത്.
(ജി ഗിരീഷ്‌കുമാര്‍)
janayugom 280811
ഹോര്‍ട്ടികോര്‍പ്പില്‍ അഴിമതിക്ക് കളമൊരുക്കി പച്ചക്കറി ശേഖരണം വീണ്ടും ഇടനിലക്കാരെ ഏല്‍പ്പിക്കുന്നു. ഇത് സംബന്ധിച്ച തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് നടത്തേണ്ടിയിരുന്ന പച്ചക്കറി ശേഖരണം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. പകരം ഓണത്തിന്ആവശ്യമായ പച്ചക്കറികള്‍ ശേഖരിച്ച് ഹോര്‍ട്ടികോര്‍പ്പിന് നല്‍കാന്‍ മുമ്പ് ആക്ഷേപങ്ങള്‍ക്ക് വിധേയനായ കരാറുകാരന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ കരാറുകാരനെക്കൊണ്ട് ഇടപാട് നടത്താനുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ തീരുമാനം ഉന്നതതലത്തിലെ സമ്മര്‍ദം മൂലമാണെന്നാണ് സൂചന.
ReplyDelete