Sunday, October 2, 2011

ബാങ്കിലൂടെ ശമ്പളം ട്രഷറിനിക്ഷേപം അട്ടിമറിക്കാന്‍ : ഐസക്

ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ദേശസാല്‍കൃത-പുതുതലമുറ ബാങ്കുകളുടെ എടിഎംവഴി വിതരണം ചെയ്യാനുള്ള തീരുമാനം ട്രഷറി നിക്ഷേപസംവിധാനം അട്ടിമറിക്കാനാണെന്ന് ഡോ.ടി എം തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ യുഡിഎഫ് സര്‍ക്കാരിന്റെ ഈ തീരുമാനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ട്രഷറി വഴിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത്. ഇത് എസ്ബിടി, എസ്ബിഐ ഉള്‍പ്പെടെയുള്ള ദേശസാല്‍കൃത ബാങ്കുകളുടെയും എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് തുടങ്ങിയ പുതുതലമുറ ബാങ്കുകളുടെയും എടിഎംവഴി വിതരണം ചെയ്യാനാണ് തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമായി 10,000 കോടിയോളം രൂപ ഒരുമാസം സര്‍ക്കാര്‍ ട്രഷറി വഴി നല്‍കുന്നു. എല്ലാവരും മുഴുവന്‍ പണവും പിന്‍വലിക്കാത്തുകൊണ്ട് ഈ തുകയുടെ 25 ശതമാനമെങ്കിലും ട്രഷറികളിലുണ്ടാകും. ഈ തുക സംസ്ഥാനത്തിന്റെ വികസനത്തിന് വിനിയോഗിക്കാനാകും. വലിയൊരു തുക അക്കൗണ്ടില്‍ ലഭിക്കുമെന്നതിനാലാണ് ശമ്പളം എടിഎമ്മുകള്‍വഴി നല്‍കാനായി ബാങ്കുകള്‍ രംഗത്തുവന്നത്. ട്രഷറികളില്‍ കമ്പ്യൂട്ടര്‍വല്‍കരണം പൂര്‍ത്തിയായിട്ടില്ലെന്നും പൊലീസ് ഉള്‍പ്പെടെയുള്ള ചില വകുപ്പുകളുടെ ശമ്പളവിതരണം ബാങ്കുകളിലേക്ക് മാറ്റികഴിഞ്ഞുവെന്നുമാണ് ബാങ്കുകളുടെ എടിഎം വഴിയുള്ള ശമ്പളവിതരണത്തെ ന്യായീകരിച്ച് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം ഉടനെ പൂര്‍ത്തീകരിക്കി പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ ശമ്പളവിതരണം ട്രഷറിയിലേക്ക് തിരിച്ചുകൊണ്ടുവരണം. ഇതേക്കുറിച്ച് പൊതുചര്‍ച്ചയ്ക്കുപോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രഹസ്യമായി തീരുമാനം നടപ്പാക്കുകയാണ് ചെയ്തത്. സര്‍ക്കാരിന്റെ നിക്ഷേപം പരമാവധി വര്‍ധിപ്പിക്കാനുള്ള ശ്രമവും ഉണ്ടാകുന്നില്ലെന്ന് ഐസക് പറഞ്ഞു.

deshabhimani 021011

1 comment:

  1. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ദേശസാല്‍കൃത-പുതുതലമുറ ബാങ്കുകളുടെ എടിഎംവഴി വിതരണം ചെയ്യാനുള്ള തീരുമാനം ട്രഷറി നിക്ഷേപസംവിധാനം അട്ടിമറിക്കാനാണെന്ന് ഡോ.ടി എം തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ യുഡിഎഫ് സര്‍ക്കാരിന്റെ ഈ തീരുമാനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ReplyDelete