Saturday, October 1, 2011

പിള്ളയുടെ മൊബൈല്‍: ജയില്‍ ഡി ജി പിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു

ആര്‍ ബാലകൃഷ്ണ പിള്ള സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് കാണിച്ച് നാല് മാസം മുമ്പ് ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ട് വര്‍ഷം വരെ തടവും, 10,000 രൂപ പിഴയും ലഭിക്കാവുന്ന ഈ കുറ്റത്തെക്കുറിച്ചുള്ള ജയില്‍ ഡി ജി പി യുടെ റിപ്പോര്‍ട്ട് നാല് മാസത്തോളം മുന്നിലുണ്ടായിരുന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകനോട് ഫോണില്‍ സംസാരിച്ച പിള്ളയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറയുന്നത്.

കഴിഞ്ഞ മെയ് 18 നാണ് പിള്ള മൊബൈല്‍ ഫോണ്‍ ജയിലിനുള്ളില്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ജയില്‍ ഡി ജി പി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ അതേ ദിവസം തന്നെയാണ് ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ച് നാല് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇതിന്‍മേല്‍ യാതൊരു നടപടിയും സ്വീകരരിച്ചില്ലെന്ന് മാത്രമല്ല പിള്ളയ്ക്ക് പഞ്ച നക്ഷത്ര ചികില്‍സ നേടാനുള്ള സൗകര്യം ഒരുക്കി നല്‍കുകയും ചെയ്തു. 2010 ല്‍ പിള്ളയുടെ മകന്‍ കെ ബി ഗണേഷ്‌കുമാര്‍ കൂടി ഉള്‍പ്പെട്ട നിയമസഭ പാസ്സാക്കിയ പരിഷ്‌കരിച്ച ജയില്‍ നിയമ പ്രകാരം ഇത് രണ്ട് വര്‍ഷം തടവും, പതിനായിരം രൂപ പിഴയും അല്ലങ്കില്‍ ഇവ രണ്ടും കൂടെയോ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ്. 'കേരള പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ് മാനേജ്‌മെന്റ് ആക്ട് 2010' ലെ കുറ്റങ്ങളും, ശിക്ഷകളും ഉള്‍പ്പെടുന്ന അധ്യായം 81 ല്‍ ഉപവകുപ്പ് 27 ല്‍ ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. 'ശിക്ഷിക്കപ്പെട്ട ആള്‍ ഏതെങ്കിലും ആളിന് എഴുതിയോ, വാക്കാലോ, അടയാളങ്ങളാലോ മൊബൈല്‍ ഫോണ്‍ വഴിയോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴിയോ ഏതെങ്കിലും സന്ദേശങ്ങള്‍ അയയ്ക്കുന്നത് കുറ്റകരമാണ്' എന്ന് ഇത് സംബന്ധിച്ച വകുപ്പില്‍ വ്യക്തമാക്കുന്നു. ഈ കുറ്റത്തിന് ശിക്ഷ ലഭിക്കാന്‍ ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ട് തടവ് പുള്ളി ഇത്തരത്തിലുള്ള കുറ്റം ചെയ്തിട്ടുണ്ട് എന്ന് കുറ്റം നടന്ന പരിധിയിലെ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രം മതിയാകുമെന്ന് അധ്യായം 83 ലും, 86(2) ല്‍ പറയുന്നുണ്ട്. എന്നാല്‍ ഇവിടെ ഇത്തരമൊരു റിപ്പോര്‍ട്ട് ജയില്‍ ഡി ജി പി തന്നെ നാല് മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയസാഹചര്യത്തില്‍പ്പോലും പിള്ളയ്‌ക്കെതിരെ യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. പിള്ള ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും മറ്റ് തടവുകാര്‍ക്കായി അനുവദിച്ചിട്ടുള്ള കോയിന്‍ ഫോണ്‍ ഉഫയോഗിക്കുന്നില്ലെന്നും, ഇതിനാല്‍ പിള്ളയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ മുഖ്യമന്ത്രി തന്നെ പ്രത്യേക അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിള്ള മൊബൈല്‍ കൈവശം വച്ച് ഉപയോഗിക്കുന്ന വിവരം ഡി ജി പി ഉള്‍പ്പെടെയുള്ള എല്ലാ ജയില്‍ ജീവനക്കാര്‍ക്കും, തടവുകാര്‍ക്കും വ്യക്തമായി അറിയുമായിരുന്നു. എങ്കിലും പിള്ളയുടെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരും ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ജയിലില്‍ സ്ഥാപിച്ചിട്ടുള്ള കോയിന്‍ ഫോണില്‍ നിന്നുള്ള ഫോണ്‍ സന്ദേശങ്ങള്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്വീകര്‍ത്താവിന് ലഭ്യമാവുകയുള്ളൂ. ഈ സാഹചര്യത്തില്‍ പിള്ള ജയിലിലെ കോയിന്‍ ഫോണ്‍ ഉപയോഗിക്കാതെ സ്വന്തം ഫോണ്‍ ഉപയോഗിച്ചിരുന്നു എന്നത് പിള്ളക്കായി പ്രത്യേക പരിഗണന ജയിലില്‍ നല്‍കിയിരുന്നു എന്നതിന് തെളിവാണ്. പിള്ളയുടെ ഫോണിലേയ്ക്ക് ഉന്നത രാഷ്ട്രീയ നേതാക്കള്‍ തന്നെ ആ സമയത്ത് വിളിച്ചിരുന്നു എന്നാണ് അറിയുന്നത്. അഴിമതി കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച പിള്ളയ്ക്ക് മികച്ച സൗകര്യങ്ങളാണ് ജയിലില്‍ ഒരുക്കിയിരുന്നത്. പിള്ളയ്ക്ക് ലഭിച്ച പരോള്‍ പോലും ചട്ടപ്രകാരമല്ല ലഭിച്ചതെന്ന് ആദ്യമേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. പരോളില്‍ പുറത്തിറങ്ങിയ ആള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ പാടില്ലെന്ന ചട്ടവും പിള്ള ലംഘിച്ചു. തന്റെ സ്‌കൂളിലെ അധ്യാപകനെ മര്‍ദ്ദിച്ചതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും, ഇക്കാര്യങ്ങള്‍ ഫോണിലൂടെ പറയാന്‍ പാടില്ലെന്ന് തനിക്ക് അറിയാമെന്നും പിള്ള മാധ്യമ പ്രവര്‍ത്തകനോട് പറയുന്നതിന്റെ ശബ്ദരേഖ സ്വകാര്യ ചാനലുകള്‍ രണ്ട് ദിവസം മുമ്പ് പുറത്തു വിട്ടിരുന്നു. ഇക്കാര്യങ്ങള്‍ താന്‍ ഫോണിലൂടെ പറഞ്ഞതായി പുറത്ത് പറയരുതെന്നും തന്നെ ഉപദ്രവിക്കരുതെന്നും പിള്ള പറയുന്നുണ്ട്. തടവിലിരിക്കുമ്പോള്‍ ഏതൊക്കെ കാര്യങ്ങള്‍ ചെയ്യാം, ഏതൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല എന്ന് മുന്‍ ജയില്‍ മന്ത്രി കൂടിയായ പിള്ളയയ്ക്ക് അറിവുള്ളതാണെന്ന് പിള്ളയുടെ ഈ മൊഴിയിലൂടെ തന്നെ വ്യക്തമാണ്. അതായത് താന്‍ ചെയ്ത കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ എന്തെന്ന് വ്യക്തമായ അറിവുണ്ടായിട്ടും നിയമം ലംഘിക്കാന്‍ പിള്ളയെ പ്രേരിപ്പിക്കുന്നത് യു ഡി എഫ് സര്‍ക്കാര്‍ എന്ത് സംഭവിച്ചാലും തന്നെ സംരക്ഷിക്കുമെന്ന വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.

ജി. ഗിരീഷ്‌കുമാര്‍ janayugom 011011

1 comment:

  1. ആര്‍ ബാലകൃഷ്ണ പിള്ള സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് കാണിച്ച് നാല് മാസം മുമ്പ് ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ട് വര്‍ഷം വരെ തടവും, 10,000 രൂപ പിഴയും ലഭിക്കാവുന്ന ഈ കുറ്റത്തെക്കുറിച്ചുള്ള ജയില്‍ ഡി ജി പി യുടെ റിപ്പോര്‍ട്ട് നാല് മാസത്തോളം മുന്നിലുണ്ടായിരുന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകനോട് ഫോണില്‍ സംസാരിച്ച പിള്ളയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറയുന്നത്.

    ReplyDelete