കോഴിക്കോട്ടെ വെടിവയ്പാണ് നിയമസഭയില്‍ രാവും പകലും നീണ്ട സത്യഗ്രഹത്തിനും പുറത്ത് വന്‍ ജനകീയപ്രതിഷേധത്തിനും ഇടയാക്കിയത്. വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ത്ത പൊലീസുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടതിന് രണ്ട് എംഎല്‍എമാര്‍ക്ക് രണ്ടുദിവസത്തെ സസ്പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ച ഉമ്മന്‍ചാണ്ടി വെടിവച്ച് പത്തുദിവസമായിട്ടും ഈ പൊലീസുദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടില്ല. സമരത്തിന് വഴിയൊരുക്കിയ എന്‍ജിനിയറിങ് പ്രവേശനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താനേറ്റെടുക്കുന്നതായി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. എതിര്‍ക്കുന്നവരെ വെടിവച്ചുവീഴ്ത്തിയും തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നാണ് പ്രഖ്യാപനത്തിന്റെ അര്‍ഥം. എന്നാല്‍ , കോഴിക്കോട്ടെ ജനകീയപ്രതിരോധത്തിനു മുമ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ധാര്‍ഷ്ട്യത്തിന് അധികം ആയുസ്സുണ്ടായില്ല. വാശിവെടിഞ്ഞ് വിവാദവിദ്യാര്‍ഥിയെ മുസ്ലിംലീഗ് നേതൃത്വത്തിന്റെ ഒത്താശയോടെ വേറൊരിടത്ത് ചേര്‍ക്കേണ്ടിവന്നു. ഇത് ഉമ്മന്‍ചാണ്ടിയെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. താന്‍ അയല്‍സംസ്ഥാനത്ത് പോയി പഠിക്കാമെന്നു പറഞ്ഞെങ്കിലും മുഖ്യമന്ത്രി സമ്മതിച്ചില്ല എന്നാണ് ഈ വിദ്യാര്‍ഥി വെളിപ്പെടുത്തിയത്. എന്തിനാണ് ഇത്രയേറെ വാശിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
സംസ്ഥാനത്തെ പൊലീസ് രാജിലേക്ക് മടക്കിക്കൊണ്ടുപോയിരിക്കുകയാണ് യുഡിഎഫ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്കുശേഷം ആദ്യമായി പൊലിസിന്റെ ഉരുട്ടിക്കൊല നടന്നത്. രണ്ടാമതും മുഖ്യമന്ത്രിയായ ഉടന്‍ പൊലിസിന്റെ ഭീകരമുഖം ഉമ്മന്‍ചാണ്ടി പുനഃസ്ഥാപിച്ചു. തെരുവുകള്‍ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ചോരവീണു കുതിര്‍ന്നു. കോഴിക്കോട്ട് വെടിവച്ച ദിവസംതന്നെയാണ് കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ ഒരു യുവാവിനെ തല്ലിക്കൊന്നത്. നിയമസഭയ്ക്കുള്ളില്‍ ജനപ്രതിനിധികളെ കൈകാര്യംചെയ്യാനും പൊലീസിനെ നിയോഗിച്ചു. ആദിവാസികളുടെ പരമ്പരാഗത വേഷവിധാനം അഴിച്ചുമാറ്റിയതും ചാലക്കുടിയില്‍ ആദിവാസി സ്ത്രീയെ പൊലീസ് സ്റ്റേഷനിലിട്ട് തല്ലിയതും വാളകത്ത് ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ അധ്യാപകനെ ക്രൂരപീഡനത്തിനിരയാക്കിയതുമൊക്കെ ചോദ്യംചെയ്യുന്നത് ഉമ്മന്‍ചാണ്ടിക്ക് സഹിക്കുന്നില്ല. അധ്യാപകനെ ആക്രമിച്ചിട്ട് 23 ദിവസമായി. അതിവേഗം അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ഇപ്പോഴും ഒളിച്ചുകളിക്കുന്നു. ബാലകൃഷ്ണപിള്ളയ്ക്കു വേണ്ടിയുള്ള ഈ കള്ളക്കളി പ്രതിപക്ഷം തുറന്നുകാണിക്കുന്നതും ഉമ്മന്‍ചാണ്ടിയെ വല്ലാതെ പ്രകോപിപ്പിക്കുന്നു.
(കെ എം മോഹന്‍ദാസ്)
കണ്ണുചിമ്മാതെ സഭാതലം, സമരമുഖരിതം രാത്രി
അണയാത്ത ദീപങ്ങള്‍ . ആവേശംചോരാതെ ജനനായകര്‍ . കേരള ചരിത്രത്തില്‍ പുത്തന്‍ ഏട് എഴുതിചേര്‍ത്ത സമരാനുഭവത്തിനാണ് തിങ്കളാഴ്ച ഉച്ചമുതല്‍ ചൊവ്വാഴ്ച കാലത്തുവരെ നിയമ നിര്‍മാണ സഭ സാക്ഷ്യംവഹിച്ചത്. സകലചട്ടവും ലംഘിച്ച് തികഞ്ഞ ധാര്‍ഷ്ട്യത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും നടത്തുന്ന ജനാധിപത്യ ധ്വംസനത്തില്‍ പ്രതിഷേധിച്ച് സാമാജികര്‍ നടത്തിയ സത്യഗ്രഹം സഭയ്ക്കകത്തും പുറത്തും പുതിയ സമരമുഖം തുറന്നു.
നിയമസഭയില്‍ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച രണ്ടംഗങ്ങളെ നടപടിക്രമങ്ങള്‍ ലംഘിച്ച് സസ്പെന്‍ഡുചെയ്യാന്‍ സ്പീക്കറും കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച പകല്‍ 1.35ന് പ്രതിപക്ഷം സത്യഗ്രഹം ആരംഭിച്ചത്. വനിതാ സാമാജികരടക്കം പ്രതിപക്ഷാംഗങ്ങള്‍ ഒന്നാകെ രാത്രി മുഴുവന്‍ സഭയുടെ നടുത്തളത്തില്‍ സത്യഗ്രഹം ഇരുന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളും മുന്‍ മന്ത്രിമാരുമായ സി ദിവാകരന്‍ , എം എ ബേബി, ഇ പി ജയരാജന്‍ , ടി എം തോമസ് ഐസക്, എ കെ ബാലന്‍ , എളമരം കരീം, ജി സുധാകരന്‍ , എസ് ശര്‍മ, മുല്ലക്കര രത്നാകരന്‍ , മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ , മാത്യു ടി തോമസ്, എ എ അസീസ്, എ കെ ശശീന്ദ്രന്‍ എന്നിവരൊക്കെ സഭാതലത്തിലെ പോരാട്ടത്തില്‍ നിറഞ്ഞുനിന്നു. വനിതാ സാമാജികരായ കെ കെ ലതിക, കെ എസ് സലീഖ, പി ഐഷാപോറ്റി, ഇ എസ് ബിജിമോള്‍ , ഗീതാ ഗോപി, ജമീല പ്രകാശം എന്നിവരും സത്യഗ്രഹത്തില്‍ പങ്കെടുത്തു. വിശപ്പടക്കാന്‍ പഴവും കട്ടന്‍ചായയും. തലചായ്ക്കാന്‍ ഷീറ്റുംമാത്രം. ശാരീരികാവശതയുള്ള ചിലര്‍ അര്‍ധരാത്രിക്കുശേഷം സീറ്റിലിരുന്നു മയങ്ങി. ചിലര്‍ തോര്‍ത്തുവിരിച്ച് നിലത്ത് കിടന്നു. ഒന്നു രണ്ട് മണിക്കൂര്‍ മാത്രം. മിക്കവരും വായനയില്‍ മുഴുകി. ചിലര്‍ രാഷ്ട്രീയ-പൊതുപ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവച്ചു. കെ കെ ലതികയും കെ വി അബ്ദുള്‍ ഖാദറും നാടന്‍ പാട്ടും നാടകഗാനങ്ങളും വിപ്ലവഗാനങ്ങള്‍ പാടി. രാഷ്ട്രീയചര്‍ച്ചകളിലും ഇഴനാര് തിരിച്ചുള്ള നിയമനിര്‍മാണ ചര്‍ച്ചകളിലും കനം പിടിച്ചിരുന്ന സഭാതലം ഒരുവേള കലാസ്വാദന വേദിയായി.
ഡല്‍ഹിയില്‍നിന്നു രാത്രി പതിനൊന്നിനു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സഭയ്ക്കുള്ളില്‍ എത്തിയതോടെ ആവേശം ഇരട്ടിയായി. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , നിയമസഭാ സെക്രട്ടറി പി ഡി രാജന്‍ എന്നിവരെത്തി കിടക്ക അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അംഗങ്ങള്‍ നിരസിച്ചു. കാലത്ത് 8.30ന് സഭാ നടപടികള്‍ ആരംഭിക്കുമ്പോഴേക്കും അംഗങ്ങള്‍ നടുത്തളത്തില്‍ ഇരുന്ന് മുദ്രാവാക്യം വിളി തുടങ്ങി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും വേണ്ടെന്നുവച്ചു. സര്‍ക്കാര്‍ ബിസിനസ് പത്ത് മിനിറ്റു കൊണ്ട് പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്കു പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. കാര്യപരിപാടികള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ ഒളിച്ചോടിയപ്പോഴും പ്രതിപക്ഷം സമരം തുടര്‍ന്നു. പ്രക്ഷോഭം ശക്തമാക്കാനും സമരം അവസാനിപ്പിക്കാനും തീരുമാനിച്ചശേഷംസാമാജികര്‍ സെക്രട്ടറിയറ്റിലേക്കു മാര്‍ച്ചുചെയ്തു. സത്യഗ്രഹം തുടങ്ങുംമുമ്പ് സഭയില്‍ കയറിയ ഏതാനും മാധ്യമപ്രവര്‍ത്തകരും ആദ്യാവസാനം സഭയ്ക്കകത്തുണ്ടായിരുന്നു. സത്യഗ്രഹം തുടങ്ങിയ ശേഷം പുറത്തുനിന്ന് മാധ്യമപ്രവര്‍ത്തകരെ സഭക്കകത്തേക്ക് വിട്ടില്ല.
(ജി രാജേഷ്കുമാര്‍)
ചരിത്രമായി പതിനെട്ടര മണിക്കൂര്‍ നീണ്ട ബഹുജന സത്യഗ്രഹം
നിയസഭയ്ക്കകത്ത് ജനപ്രതിനിധികള്‍ നടത്തിയ സത്യഗ്രഹത്തിന് സഭയ്ക്ക് പുറത്ത് ആയിരങ്ങള്‍ പങ്കെടുത്ത റാലിയോടെ ഉജ്വല സമാപനം. ജനപ്രതിനിധികളുടെ സത്യഗ്രഹത്തിന് പിന്തുണയുമായി സഭാകവാടത്തില്‍ പതിനെട്ട് മണിക്കൂര്‍ നീണ്ട ബഹുജന മുന്നേറ്റത്തിനാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. പ്രത്യേക ആഹ്വാനമൊന്നുമില്ലാതെ ആയിരങ്ങള്‍ സ്വമേധയാ ഒഴുകിയെത്തിയതോടെ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത ജനസഞ്ചയത്തിനാണ് തിങ്കളാഴ്ച വൈകിട്ട് നാലു മണി മുതല്‍ ചൊവ്വാഴ്ച രാവിലെ പത്തരവരെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. നിയമസഭയില്‍ ഭരണപക്ഷം ഏകപക്ഷീയമായി പ്രമേയം അവതരിപ്പിച്ച് രണ്ട് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രതിപക്ഷം സഭയ്ക്കകത്ത് സത്യഗ്രഹം ആരംഭിച്ചത്. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിയമസഭയ്ക്കകത്ത് സത്യഗ്രഹമനുഷ്ഠിക്കുന്ന വാര്‍ത്ത ചാനലുകളിലൂടെ പുറത്തു വരാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും നിയമസഭാ മന്ദിരത്തിനടുത്തേക്ക് പ്രവഹിച്ചു. ജനപ്രവാഹത്തിന്റെ തീവ്രത ബോധ്യപ്പെട്ട പൊലീസ് നിയമസഭയ്ക്ക് അടുത്ത് യുദ്ധസ്മാരകത്തിനടുത്ത് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടര്‍ന്ന് ജനങ്ങള്‍ അവിടെ കുത്തിയിരുന്ന് അനുഭാവ സത്യഗ്രഹം ആരംഭിച്ചു.
സഭയ്ക്കകത്ത് കയറി വിവരങ്ങള്‍ ആരായാന്‍ ശ്രമിച്ച മുന്‍ സ്പീക്കറും മുന്‍മന്ത്രിയുമായ എം വിജയകുമാര്‍ , മുന്‍മന്ത്രിമാരായ എന്‍ കെ പ്രേമചന്ദ്രന്‍ , വി സുരേന്ദ്രന്‍പിള്ള, ബിനോയ് വിശ്വം എന്നിവരെപ്പോലും കടത്തിവിട്ടില്ല. ഇവര്‍ സഭാ കവാടത്തിന് മുന്നില്‍ രാത്രി ഏറെ വൈകുംവരെ സത്യഗ്രഹമിരുന്നു. മാധ്യമ പ്രവര്‍ത്തകരെയും അകത്തേക്ക് കടത്തിവിട്ടില്ല. ഇതിനിടയിലും രാത്രി വൈകുവോളം ജനങ്ങള്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. മുദ്രാവാക്യം വിളിച്ചും വിപ്ലവഗാനങ്ങള്‍ ആലപിച്ചും ചൊവ്വാഴ്ച പുലരുംവരെ സമരക്കാര്‍ ആവേശം പ്രകടിപ്പിച്ചു. തടിച്ചുകൂടിയ ആയിരങ്ങള്‍ ചൊവ്വാഴ്ച രാവിലെ എംഎല്‍എമാര്‍ സഭയില്‍നിന്ന് പുറത്തേക്ക് വരുന്നതുവരെ പിരിഞ്ഞു പോയില്ല. എംഎല്‍എമാര്‍ പ്രകടനമായി യുദ്ധസ്മാരകത്തിനടുത്തെത്തി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ , ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ അഭിവാദ്യംചെയ്തു.
deshabhimani 191011
ജനങ്ങളുടെ നീതിബോധവും ക്ഷമാശക്തിയും വെല്ലുവിളിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിളിച്ചുവരുത്തുന്നത് അതിശക്തമായ സമരങ്ങള്‍ . അതിവേഗം ബഹുദൂരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വിഷയങ്ങളില്‍ ഒളിച്ചുകളിക്കുകയാണ്. നൂലിഴഭൂരിപക്ഷമേ ഉള്ളൂവെങ്കിലും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന് തെല്ലും കുറവില്ല. തങ്ങള്‍ എല്ലാ കൊള്ളരുതായ്മകളും കാണിക്കും, പ്രതിപക്ഷം സഭയില്‍ വെറുതെയിരുന്നുകൊള്ളണം എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ജനാധിപത്യബോധത്തിന്റെ നിര്‍വചനം. തെറ്റുകള്‍ ചോദ്യംചെയ്യുമ്പോള്‍ പ്രതിപക്ഷം കുഴപ്പമുണ്ടാക്കുന്നു എന്നാക്ഷേപിക്കുകയാണ് അദ്ദേഹം. ജനാധിപത്യമൂല്യങ്ങളും നിയമസംവിധാനങ്ങളും മുഖ്യമന്ത്രി വകവയ്ക്കുന്നതേയില്ല. അധികാരം ഉന്മത്തനാക്കിയ മുഖ്യമന്ത്രി സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതില്‍ റെക്കോഡ് സൃഷ്ടിച്ചു. സസ്പെന്‍ഷന്‍ പ്രമേയം താന്‍ സഭയിലിരുന്ന് പെട്ടെന്നെഴുതി എന്നതാണ് ഇതില്‍ ഒടുവിലത്തേത്.
ReplyDelete