Sunday, October 2, 2011

ബസ് റൂട്ട് കൈമാറിയില്ല; പിള്ളയുടെ സംഘം റോബിനെ ജീവച്ഛവമാക്കി

കോട്ടയം: റൂട്ടടക്കം ബസ് വില്‍ക്കാന്‍ തയ്യാറാകാത്തതിന് ബസുടമയെ പിള്ളയുടെ ക്വട്ടേഷന്‍ സംഘം ബസ് കയറ്റി കൊല്ലാന്‍ ശ്രമിച്ചു. 2007 മേയില്‍ നടന്ന ഈ വധശ്രമക്കേസ് പിള്ള പൊലീസിനെ സ്വാധീനിച്ച് ഇല്ലാതാക്കിയെന്ന് ആക്രമണത്തിനിരയായ ഈരാറ്റുപേട്ടയ്ക്കടുത്ത് പ്ലാശനാലിലെ ബസുടമ പാറക്കല്‍ റോബിന്‍ ഗിരീഷ് (36)പറഞ്ഞു. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയും കുടുംബക്കാരും അനുയായികളും നിയന്ത്രിക്കുന്ന ശരണ്യ ബസ് സര്‍വീസിന് കൂടുതല്‍ കളക്ഷന്‍ നേടിയെടുക്കാനാണ് "റോബിന്‍" ബസ് സര്‍വീസ് നടത്തിയ തന്നെ വകവരുത്താന്‍ ശ്രമിച്ചതെന്ന് റോബിന്‍ ഗീരിഷ് "ദേശാഭിമാനി"യോട് പറഞ്ഞു. അന്നത്തെ അക്രമത്തില്‍ ഗിരീഷിന്റെ വലതുകാലിനും കൈയ്ക്കും സ്വാധീനം നഷ്ടപ്പെട്ടു. ഇടയ്ക്കിടെ കഠിനമായ വേദന വരും. വേദന ശമിപ്പിക്കാനായി എപ്പോഴും ഐസ്ബാഗ് കരുതേണ്ട അവസ്ഥയാണെന്ന് റോബിന്‍ പറഞ്ഞു.

കൊട്ടാരക്കരയില്‍നിന്ന് റാന്നി, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ വഴി എറണാകുളത്തേക്ക് പിള്ളയുടെ ശരണ്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. റാന്നി മുതല്‍ എറണാകുളം വരെയാണ് ഗിരീഷിന്റെ റോബിന്‍ ബസിന് സര്‍വീസുള്ളത്. ഒരേ റൂട്ടില്‍ വരുമ്പോള്‍ സമയത്തെ ചൊല്ലിയുണ്ടായ പകയാണ് ആക്രമണത്തിലെത്തിച്ചത്. ഒരേ പേരിലും കളറിലുമായി ഒറ്റ നോട്ടത്തില്‍ തരിച്ചറിയാന്‍ കഴിയാത്ത നിരവധി ശരണ്യ ബസുകള്‍ ഓടിച്ചാണ് പിള്ളയുടെ സംഘം മറ്റുള്ളവരെ റൂട്ടില്‍നിന്ന് തുരത്തുന്നത്. ഇവയില്‍ പലതിനും പെര്‍മിറ്റ് പോലും ഉണ്ടാകില്ല. ഗതാഗതമന്ത്രിമാരായും മുന്‍ മന്ത്രിമാരായും ഉദ്യോഗസ്ഥരിലുള്ള സ്വാധീനമാണ് മാടമ്പിത്തത്തിന് പിള്ളയുടെ സംഘത്തിന് കവചമാകുന്നത്. ബസ് ചാര്‍ജ് കൂട്ടിയപ്പോള്‍ ചാര്‍ജ് കുറച്ച് വാങ്ങിയതും റോബിനെ ഇവരുടെ കണ്ണിലെ കരടാക്കി.

ഗിരീഷിനോട് പിള്ളയും മാനേജര്‍ മനോജ്കുമാറും ബസും റൂട്ടും വില്‍ക്കുന്നോയെന്ന് പലവട്ടം ചോദിച്ചിട്ടുണ്ട്. എന്നാല്‍ , ഗിരിഷ് ബസ് നല്‍കാന്‍ തയ്യാറായില്ല. പിന്നെ ഭീഷണിയും വധശ്രമവുമായി. 2007 മേയിലാണ് ശരണ്യ ബസിടിപ്പിച്ച് ഗിരീഷിനെ കൊല്ലാന്‍ ശ്രമിച്ചത്. ഈരാറ്റുപേട്ടയില്‍ നിര്‍ത്തിയിട്ടിരുന്ന ഗിരീഷിന്റെ കാറില്‍ ബസ് ഇടിപ്പിച്ചു. നിര്‍ത്താതെപോയ ബസിനെ ഗിരീഷ് ബൈക്കില്‍ പിന്തുടരുന്നതിനിടെ ബസ് ഡ്രൈവര്‍ ഗിരീഷിനോട് ഓവര്‍ടേക്ക് ചെയ്യാന്‍കൈകൊണ്ട് സിഗ്നല്‍ നല്‍കി. ഗിരിഷ് മറികടക്കുന്നതിനിടെ ബസ് വലത്തേക്ക് വെട്ടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിലിടിച്ച് മറിഞ്ഞുവീണു. ഗിരീഷിന്റെ കൈപ്പത്തിയും ഇടുപ്പെല്ലും തകര്‍ന്നു. മേലുകാവ് പൊലീസ് ഇപ്രകാരം തയ്യാറാക്കിയ എഫ്ഐആറില്‍ അരമണിക്കൂറിനുള്ളില്‍ തിരുത്തല്‍ വന്നു. ഫോറന്‍സിക് വിദഗ്ധര്‍പോലും അര മണിക്കൂര്‍ കൊണ്ട് സ്ഥലത്തെത്തി. ഗിരീഷിന്റെ ബൈക്ക് ഓട്ടോയിലിടിച്ചതായി റിപ്പോര്‍ട്ട് വന്നു. അവസാനം ഗിരീഷിനുള്ള മെഡിക്കല്‍ ക്ലെയിമും ലഭിക്കാത്ത നിലയിലുള്ള ആസൂത്രണമാണ് സംഘം നടത്തിയത്.

കേരള കോണ്‍ഗ്രസ് ബിയുടെ കൊല്ലം ജില്ലാ നേതാവാണ് പിള്ളയുടെ ഗുണ്ടായിസങ്ങളുടെയും അക്രമങ്ങളുടെയും ചുക്കാന്‍ പിടിക്കുന്നതെന്ന് ഗീരിഷ് പറഞ്ഞു. ഈ സംഘത്തെ കൃത്യമായി ചോദ്യംചെയ്താല്‍ വാളകത്ത് അധ്യാപകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഗൂഢാലോചനയും പുറത്തുവരുമെന്നും വൈകിയാല്‍ തന്റെ കേസിലേതുപോലെ തെളിവുകള്‍ മാറ്റിമറിക്കുമെന്നുംഗിരീഷ് പറഞ്ഞു.

deshabhimani 021011

1 comment:

  1. റൂട്ടടക്കം ബസ് വില്‍ക്കാന്‍ തയ്യാറാകാത്തതിന് ബസുടമയെ പിള്ളയുടെ ക്വട്ടേഷന്‍ സംഘം ബസ് കയറ്റി കൊല്ലാന്‍ ശ്രമിച്ചു. 2007 മേയില്‍ നടന്ന ഈ വധശ്രമക്കേസ് പിള്ള പൊലീസിനെ സ്വാധീനിച്ച് ഇല്ലാതാക്കിയെന്ന് ആക്രമണത്തിനിരയായ ഈരാറ്റുപേട്ടയ്ക്കടുത്ത് പ്ലാശനാലിലെ ബസുടമ പാറക്കല്‍ റോബിന്‍ ഗിരീഷ് (36)പറഞ്ഞു. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയും കുടുംബക്കാരും അനുയായികളും നിയന്ത്രിക്കുന്ന ശരണ്യ ബസ് സര്‍വീസിന് കൂടുതല്‍ കളക്ഷന്‍ നേടിയെടുക്കാനാണ് "റോബിന്‍" ബസ് സര്‍വീസ് നടത്തിയ തന്നെ വകവരുത്താന്‍ ശ്രമിച്ചതെന്ന് റോബിന്‍ ഗീരിഷ് "ദേശാഭിമാനി"യോട് പറഞ്ഞു. അന്നത്തെ അക്രമത്തില്‍ ഗിരീഷിന്റെ വലതുകാലിനും കൈയ്ക്കും സ്വാധീനം നഷ്ടപ്പെട്ടു. ഇടയ്ക്കിടെ കഠിനമായ വേദന വരും. വേദന ശമിപ്പിക്കാനായി എപ്പോഴും ഐസ്ബാഗ് കരുതേണ്ട അവസ്ഥയാണെന്ന് റോബിന്‍ പറഞ്ഞു.

    ReplyDelete