Monday, November 21, 2011

വെളിച്ചം നിഷേധിക്കുന്നത് 53,000 കുടുംബത്തിന്

സൗജന്യ വൈദ്യുതികണക്ഷന്‍ നല്‍കുന്നത് അവസാനിപ്പിച്ചതോടെ ബോര്‍ഡ് വെളിച്ചം നിഷേധിക്കുന്നത് 53,000 ദരിദ്ര കുടുംബത്തിന്. മുന്‍ഗണനാ പദ്ധതി പ്രകാരം രജിസ്റ്റര്‍ചെയ്ത് ഏഴുമാസത്തിലേറെയായി കാത്തിരിക്കുന്ന അപേക്ഷകരില്‍ പകുതിയിലേറെയും മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലക്കാരാണ്. വയനാട്ടിലെ ആദിവാസി കുടുംബങ്ങളുടെ അപേക്ഷയും ഇക്കൂട്ടത്തിലുണ്ട്. പോസ്റ്റിനും വയറിനും മറ്റ് ഉപകരണങ്ങള്‍ക്കും ബോര്‍ഡിന് ചെലവാകുന്ന തുക (എസ്റ്റിമേറ്റ് തുക) മുന്‍കൂര്‍ ഈടാക്കി മാത്രമേ പുതിയ കണക്ഷന്‍ നല്‍കേണ്ടതുള്ളൂ എന്ന് ഒക്ടോബര്‍ 28ന് ബോര്‍ഡ് ഇറക്കിയ ഉത്തരവാണ് ഇവരെ ഇരുട്ടിലാക്കിയത്. 50 രൂപ രജിസ്ട്രേഷന്‍ തുക അടച്ച് 2011 ഏപ്രില്‍ ഒന്നുമുതല്‍ വൈദ്യുതിക്ക് കാത്തിരിക്കുന്ന അപേക്ഷകര്‍ ഇക്കൂട്ടത്തിലുണ്ട്. ഉത്തരവ് ഇറങ്ങുന്നതിനുമുമ്പ് സ്വീകരിച്ച അപേക്ഷകളില്‍ റഗുലേറ്ററി കമീഷന്റെ നിര്‍ദേശപ്രകാരമേ കണക്ഷന്‍ നല്‍കൂ എന്നാണ് ബോര്‍ഡിന്റെ തീരുമാനം. അതിനാല്‍ , വീട്ടില്‍ വെളിച്ചമെത്താന്‍ 53,000 കുടുംബം കമീഷന്റെ തീരുമാനം വരുന്നതുവരെ ഇനിയും കാത്തിരിക്കണം.

എസ്റ്റിമേറ്റ് തുക മുന്‍കൂര്‍ അടയ്ക്കാതെ ബോര്‍ഡ് പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല. മുമ്പ് അപേക്ഷ നല്‍കിയവരും എസ്റ്റിമേറ്റ് തുക അടയ്ക്കണമെന്നാണ് കമീഷന്റെ തീരുമാനമെങ്കില്‍ പോസ്റ്റ് ഇല്ലാതെ വൈദ്യുതി ലഭിക്കാനിടയുള്ളവര്‍പോലും 1850 രൂപ കൂടുതലായി അടയ്ക്കേണ്ടി വരും. ഒരു പോസ്റ്റ് വേണമെങ്കില്‍ 10,000 രൂപ അടയ്ക്കണം.

കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമാക്കുക എന്ന ലക്ഷ്യവുമായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉള്‍പ്രദേശങ്ങളില്‍പ്പോലും സൗജന്യമായി പോസ്റ്റുകള്‍ അനുവദിച്ച് കണക്ഷന്‍ നല്‍കിയിരുന്നു. ഇപ്രകാരം പാലക്കാട്്, തൃശൂര്‍ , എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 99 ശതമാനം വീട്ടിലും വൈദ്യുതി എത്തിച്ചു. 84 നിയമസഭാ മണ്ഡലങ്ങള്‍ പൂര്‍ണമായി വൈദ്യുതീകരിച്ചു. നാലു ജില്ലയ്ക്കും 84 മണ്ഡലത്തിനും മുന്‍ സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യമാണ് യുഡിഎഫ് മറ്റുള്ള 10 ജില്ലയ്ക്കും 56 നിയമസഭാ മണ്ഡലത്തിനും നിഷേധിച്ചത്. സംസ്ഥാനത്ത് ഒരു വര്‍ഷം നല്‍കുന്ന ശരാശരി നാലു ലക്ഷം വൈദ്യുതി കണക്ഷനില്‍ 1.5 മുതല്‍ രണ്ടു ലക്ഷംവരെ സൗജന്യമായാണ് അനുവദിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും വികലാംഗര്‍ , 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ , അര്‍ബുദരോഗികള്‍ , ജവാന്മാര്‍ തുടങ്ങിയ പ്രത്യേക മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ കണക്ഷനാണ് ബോര്‍ഡ് നിര്‍ത്തിയത്. കൃഷിക്കും ചെറുകിട വ്യവസായങ്ങള്‍ക്കും നല്‍കിയ സൗജന്യവും നിര്‍ത്തി.
(ഡി ദിലീപ്)

deshabhimani 211111

1 comment:

  1. സൗജന്യ വൈദ്യുതികണക്ഷന്‍ നല്‍കുന്നത് അവസാനിപ്പിച്ചതോടെ ബോര്‍ഡ് വെളിച്ചം നിഷേധിക്കുന്നത് 53,000 ദരിദ്ര കുടുംബത്തിന്. മുന്‍ഗണനാ പദ്ധതി പ്രകാരം രജിസ്റ്റര്‍ചെയ്ത് ഏഴുമാസത്തിലേറെയായി കാത്തിരിക്കുന്ന അപേക്ഷകരില്‍ പകുതിയിലേറെയും മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലക്കാരാണ്. വയനാട്ടിലെ ആദിവാസി കുടുംബങ്ങളുടെ അപേക്ഷയും ഇക്കൂട്ടത്തിലുണ്ട്.

    ReplyDelete