Monday, November 21, 2011

ദരിദ്രരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെ ബ്രിട്ടീഷ് ബിഷപ്പുമാര്‍

പതിനായിരക്കണക്കിന് ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ ബാധിക്കുന്ന തരത്തില്‍ ചെലവുചുരുക്കലിന്റെ പേരില്‍ ജനങ്ങള്‍ക്കുള്ള ക്ഷേമാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ 18 ബിഷപ്പുമാര്‍ രംഗത്ത്. ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് അര്‍ഹമായ പരമാവധി ആനുകൂല്യത്തിന്റെ പരിധി ആഴ്ചയില്‍ 500 പൗണ്ടില്‍ ഒതുക്കാനുള്ള നീക്കമാണ് വിമര്‍ശത്തിനിടയാക്കിയത്. സര്‍ക്കാരിന്റെ നിര്‍ദിഷ്ട ക്ഷേമാനുകൂല്യ നിയന്ത്രണത്തിനെതിരെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ 18 ബിഷപ്പുമാര്‍ "ദി ഒബ്സര്‍വര്‍" പത്രത്തില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലൂടെയാണ് രംഗത്തുവന്നത്. കാന്റര്‍ബെറിയിലെയും യോര്‍ക്കിലെയും ആര്‍ച്ച് ബിഷപ്പുമാരുടെ പിന്തുണയും ഇവരുടെ നീക്കത്തിനുണ്ട്.

തൊഴില്‍രഹിത വേതനം അടക്കമുള്ള ക്ഷേമാനുകൂല്യം വെട്ടിക്കുറയ്ക്കുന്നത് ബാധിക്കുന്നത് ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെയാണെന്ന് ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക എന്നത് തങ്ങളുടെ ധാര്‍മിക ബാധ്യതയാണെന്നും അവര്‍ പറഞ്ഞു. ക്ഷേമാനുകൂല്യ പരിഷ്കരണബില്ലിന് റിപ്പണിലെയും ലീഡ്സിലെയും ബിഷപ്പായ ജോണ്‍ പാക്കര്‍ ഭേദഗതി അവതരിപ്പിച്ചിട്ടുണ്ട്. ഇത് തിങ്കളാഴ്ച പ്രഭുസഭയില്‍ ചര്‍ച്ച ചെയ്യും. ഇത്രയധികം ബിഷപ്പുമാര്‍ ഒന്നിച്ചുചേര്‍ന്ന് ഒരു കത്തില്‍ ഒപ്പിടുന്നത് അസാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിലൂടെ ചെലവിനത്തില്‍ പ്രതിവര്‍ഷം 700 കോടി പൗണ്ട് (ഏകദേശം 57,000 കോടി രൂപ) ചുരുക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ , നിര്‍ദിഷ്ട ആനുകൂല്യ നിയന്ത്രണം എണ്‍പതിനായിരത്തില്‍പ്പരം കുട്ടികളെ ഭവനരഹിതരാക്കുമെന്ന് ബിഷപ്പുമാരെ പിന്തുണയ്ക്കുന്ന ചില്‍ഡ്രന്‍സ് സൊസൈറ്റി പറഞ്ഞു. 2013ലാണ് ഈ ചെലവുചുരുക്കല്‍ പ്രാബല്യത്തിലാകുന്നത്.

deshabhimani 211111

1 comment:

  1. പതിനായിരക്കണക്കിന് ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ ബാധിക്കുന്ന തരത്തില്‍ ചെലവുചുരുക്കലിന്റെ പേരില്‍ ജനങ്ങള്‍ക്കുള്ള ക്ഷേമാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ 18 ബിഷപ്പുമാര്‍ രംഗത്ത്. ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് അര്‍ഹമായ പരമാവധി ആനുകൂല്യത്തിന്റെ പരിധി ആഴ്ചയില്‍ 500 പൗണ്ടില്‍ ഒതുക്കാനുള്ള നീക്കമാണ് വിമര്‍ശത്തിനിടയാക്കിയത്. സര്‍ക്കാരിന്റെ നിര്‍ദിഷ്ട ക്ഷേമാനുകൂല്യ നിയന്ത്രണത്തിനെതിരെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ 18 ബിഷപ്പുമാര്‍ "ദി ഒബ്സര്‍വര്‍" പത്രത്തില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലൂടെയാണ് രംഗത്തുവന്നത്. കാന്റര്‍ബെറിയിലെയും യോര്‍ക്കിലെയും ആര്‍ച്ച് ബിഷപ്പുമാരുടെ പിന്തുണയും ഇവരുടെ നീക്കത്തിനുണ്ട്.

    ReplyDelete