Monday, November 21, 2011

വിദേശ വാര്‍ത്തകള്‍ - ഈജിപ്ത്, ഫുകുഷിമ, വാള്‍സ്റ്റ്രീറ്റ് പ്രക്ഷോഭം

വിദ്യാര്‍ഥികള്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ: വിവാദമാകുന്നു

ഡേവിസ്: കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ പ്രകോപനമൊന്നും കൂടാതെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച പൊലീസ് നടപടി വിവാദമാകുന്നു.

കലാപത്തെ നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകളോടെ എത്തിയ പൊലീസ് വിദ്യാര്‍ഥികള്‍ക്കുനേരെ പെപ്പര്‍ സ്‌പ്രേ ചെയ്യുന്നതിന്റെ മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിട്ടുണ്ട്.

സമാധാനപരമായി അവരവരുടെ സ്ഥാനങ്ങളില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് കുരുമുളക് സ്‌പ്രേ ചെയ്യുന്നതും തല്‍സ്ഥാനങ്ങളില്‍ ചുരുണ്ടുകൂടി വിദ്യാര്‍ഥികള്‍ പ്രതിരോധിക്കുന്നതും പൊലീസ്‌നടപടിയെ അപലപിച്ച് കാഴ്ചക്കാര്‍ ശബ്ദമുയര്‍ത്തുന്നതുമായ വീഡിയോ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

നവംബര്‍ ഒമ്പതിന് കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ബെര്‍ക്കിലി കാമ്പസില്‍ പൊലീസ് വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. സംഭവം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമിടയില്‍ വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തി. യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ലിന്‍ഡ കാത്തി നടുക്കം രേഖപ്പെടുത്തുകയും സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ ചാന്‍സിലറുടെ പങ്കും അന്വേഷണവിധേയമാക്കണമെന്നും അവര്‍ തല്‍സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പ്രക്ഷോഭകര്‍ക്കെതിരെ ന്യൂയോര്‍ക്കിലും മറ്റ് പല നഗരങ്ങളിലും ഉണ്ടായ പൊലീസ് അതിക്രമങ്ങള്‍ സമരത്തിനു പിന്തുണ വര്‍ധിക്കാന്‍ സഹായകമായി.

ഫുകുഷിമയില്‍ നിന്നുള്ള അരിക്ക് ജപ്പാനില്‍ വിലക്ക്

ടോക്യോ: ആണവ ചോര്‍ച്ച സ്ഥിരീകരിച്ച ഫുകുഷിമ ആണവ നിലയത്തിന് സമീപത്തുള്ള പ്രദേശങ്ങളില്‍ നിന്ന് അരി കയറ്റുമതി ചെയ്യുന്നതിന് ജപ്പാന്‍ വിലക്കേര്‍പ്പെടുത്തി. ഈ പ്രദേശങ്ങളിലെ അരിയില്‍ നിന്ന് ഉയര്‍ന്ന തോതിലുള്ള റേഡിയോ ആക്ടീവ് സീസിയത്തിന്റെ അളവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. ആണവനിലയത്തിന് 60 കിലോമീറ്റര്‍ സമീപത്തുള്ള കൃഷിയിടത്തില്‍ നിന്നുള്ള അരിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

മാര്‍ച്ചിലുണ്ടായ ഭൂചലനത്തെയും സുനാമിയെയും തുടര്‍ന്നാണ് ഫുകുഷിമ ആണവനിലയത്തില്‍ ആണവ ചോര്‍ച്ചയുണ്ടായത്. കയറ്റുമതിക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അരിയില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയതെന്നും തുടര്‍ന്ന് അത് ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ യോഗ്യമല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്നും ചീഫ് ക്യാബിനറ്റ് സെക്രട്ടറി ഒസാമു ഫുജിമുറ അറിയിച്ചു. ഫുകുഷിമയിലെ ഒനാമി ജില്ലയില്‍ നിന്നുള്ള അരി കയറ്റുമതി ചെയ്യരുതെന്ന് ഫുകുഷിമ ഗവര്‍ണര്‍ക്ക് അറിയിപ്പു കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓരോ അരിയിലും 630 ബിക്വാറല്‍സ് റേഡിയോ ആക്ടീവ് സീസിയം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് ഇത് 500 ബിക്വാറല്‍സില്‍ കൂടുതലാകാന്‍ പാടില്ല. ചരിത്രത്തിലാദ്യമായാണ് ഈ മേഖലയില്‍ നിന്ന് അരി കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തില്‍ ആണവ വികിരണമുള്ളതായി ഏതാനും മാസങ്ങളായി ജപ്പാനില്‍ ഭീതിയുയര്‍ന്നിട്ടുണ്ട്. മാംസം, കൂണ്‍, തേയില എന്നിവയിലാണ് അണുവികിരണമുണ്ടെന്ന് ഇതുവരെ സംശയിക്കപ്പെട്ടിരുന്നത്.

ഈജിപ്ത് വീണ്ടും പ്രക്ഷോഭാഗ്നിയില്‍

കെയ്റോ: ഹുസ്നി മുബാറക്കിന്റെ സ്വേച്ഛാധിപത്യഭരണത്തെ തൂത്തെറിഞ്ഞ ഈജിപ്ത് ജനത ജനാധിപത്യ ഭരണസംവിധാനത്തിനായി വീണ്ടും തെരുവിലേക്ക്. അധികാരം സിവിലിയന്‍ സര്‍ക്കാരിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന കെയ്റോയിലെ തഹ്രിര്‍ ചത്വരത്തിലേക്ക് ജനങ്ങള്‍ വീണ്ടും ഒഴുകിയെത്തി. കെയ്റോയിലും മറ്റ് മൂന്ന് നഗരങ്ങളിലും തെരുവിലിറങ്ങിയ ആയിരക്കണക്കിന് പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. കെയ്റോയിലും അലക്സാന്‍ഡ്രിയയിലുമായി രണ്ടുപേര്‍ കൊല്ലപ്പെട്ടു. എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. "രണ്ടാം വിപ്ലവ"മെന്നാണ് പത്രങ്ങള്‍ പുതിയ പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത്.

ശനിയാഴ്ച രാവിലെ പ്രതിഷേധവുമായെത്തിയ പ്രക്ഷോഭകര്‍ വൈകിട്ടോടെ തഹ്രിര്‍ ചത്വരത്തിലേക്ക് കടന്നു. ഇവരെ പിരിച്ചുവിടാന്‍ സുരക്ഷാസേന റബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ , പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ നിലയുറപ്പിച്ച പ്രക്ഷോഭകര്‍ നിരത്തിലെ സിമന്റ് കട്ടകളുമായി പൊലീസിനെ നേരിട്ടു. ഫെബ്രുവരിയില്‍ മുബാറക്കിനെ താഴെയിറക്കിയ 18 ദിനപ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു തഹ്രിര്‍ ചത്വരത്തിലെ കാഴ്ച. രാത്രി മുഴുവന്‍ നീണ്ട സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അലക്സാന്‍ഡ്രിയയില്‍ റബര്‍ ബുള്ളറ്റ് കൊണ്ട് പരിക്കേറ്റാണ് ഇരുപത്തഞ്ചുകാരന്‍ മരിച്ചത്. കെയ്റോ, അലക്സാന്‍ഡ്രിയ, അസ്വാന്‍ , സൂയസ് നഗരങ്ങളില്‍ സംഘര്‍ഷത്തില്‍ 40 പൊലീസുകാര്‍ ഉള്‍പ്പെടെ 750 പേര്‍ക്ക് പരിക്കേറ്റെന്ന് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട്ചെയ്തു. 18 പേരെ അറസ്റ്റ്ചെയ്തു.

സൂയസില്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ ആയിരത്തോളം പേര്‍ തടിച്ചുകൂടി. സ്റ്റേഷനിലേക്ക് കല്ലേറുണ്ടായതിനെത്തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുംചെയ്തു. ഫെബ്രുവരി 11ന് മുബാറക്കിനെ അധികാരഭ്രഷ്ടനാക്കിയശേഷം ഭരണനേതൃത്വം ഏറ്റെടുത്ത സൈനിക കൗണ്‍സിലിനെതിരെ ശക്തമായ മുദ്രാവാക്യങ്ങളുമായാണ് ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ശനിയാഴ്ച വൈകിട്ട് തഹ്രിര്‍ ചത്വരത്തില്‍ ഒത്തുകൂടിയത്. രാജ്യത്ത് രാഷ്ട്രീയ പരിഷ്കരണം നടപ്പാക്കുന്നതിലും സിവിലിയന്‍ സര്‍ക്കാരിന് അധികാരം കൈമാറുന്നതിലും സൈനിക ഭരണാധികാരികള്‍ വിമുഖത കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജനം വീണ്ടും പ്രക്ഷോഭരംഗത്തേക്ക് നീങ്ങിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം അധികാരം കൈമാറുമെന്നാണ് പട്ടാള കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 28ന് ആരംഭിക്കുകയാണെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

janayugom/deshabhimani 211111

1 comment:

  1. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ പ്രകോപനമൊന്നും കൂടാതെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച പൊലീസ് നടപടി വിവാദമാകുന്നു.

    ReplyDelete