Monday, November 21, 2011

ദേശീയ ബദല്‍


യു പി എ-എന്‍ ഡി എ സഖ്യങ്ങള്‍ക്കെതിരെ ഇടതുപക്ഷ ജനാധിപത്യസ്വഭാവമുള്ള ദേശീയ ബദല്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുമുമ്പ് രൂപീകരിക്കുമെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദാന്‍. ഇന്നലെ ഇവിടെ സമാപിച്ച സി പി ഐ ദേശീയ എക്‌സിക്യൂട്ടീവിന്റെ തീരുമാനങ്ങള്‍ വാര്‍ത്താലേഖകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റത്തിനെതിരെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇടതുപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവരുമെന്ന് എ ബി ബര്‍ദാന്‍ പ്രസ്താവിച്ചു. വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിട്ടും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന യാതൊരു നടപടിയും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ഡി രാജയും സന്നിഹിതനായിരുന്നു.

ഇടതുപക്ഷ ജനാധിപത്യ സ്വഭാവത്തിലുള്ള യു പി എ- എന്‍ ഡി എ ഇതര ബദല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സാധ്യമാകും. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുമുമ്പ് ഈ ബദല്‍ രൂപീകരണമുണ്ടാകും. പ്രാദേശിക പാര്‍ട്ടികളെയാകും ഇതിനായി അണിചേര്‍ക്കുക. പല സംസ്ഥാനങ്ങളിലും എന്‍ ഡി എ-കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളാണ് ഉള്ളതെന്നും ബര്‍ധന്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ബദലിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അദ്വാനിയുടെ യാത്ര തന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനുദ്ദേശിച്ചുള്ളതാണ്. എന്നാല്‍ ഇത് നടക്കാത്ത കാര്യമാണ്. ജമ്മുകാശ്മീരിലെ പ്രശ്‌നബാധിമല്ലാത്ത മേഖലകളില്‍നിന്ന് സേനയ്ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന നിയമം പിന്‍വലിക്കണമെന്ന് ബര്‍ധന്‍ ആവശ്യപ്പെട്ടു. നിയമം റദ്ദാക്കണമെന്നാണ് പാര്‍ട്ടിനിലപാടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ഡിസംബര്‍ 15ന് ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കാന്‍ രണ്ടു ദിവസമായി ചേര്‍ന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി റാലികളും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കും. ഭക്ഷ്യ സുരക്ഷാ ബില്ലില്‍ വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എ പി എല്‍- ബി പി എല്‍ വിഭാഗമായി പാവപ്പെട്ടവരെ വേര്‍തിരിക്കുന്നതിന് പകരം റേഷന്‍ സമ്പ്രദായം സാര്‍വ്വത്രികമാക്കണം. സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് പകരം സബ്‌സിഡി തുക പണമായി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ല. ഭക്ഷ്യധാന്യങ്ങളുടെ അവധിവ്യാപാരം നിര്‍ത്തലാക്കണം. ഭക്ഷ്യ സുരക്ഷാ ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പാസ്സാക്കാന്‍ സമയം നല്‍കുന്നതിനാണ് പ്രതിഷേധദിനമായി ഡിസംബര്‍ 15 തെരഞ്ഞെടുത്തതെന്നും ബര്‍ധന്‍ വ്യക്തമാക്കി.പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ സര്‍ക്കാര്‍ പാസ്സാക്കിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാന്‍ സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. സി പി ഐ ഒക്‌ടോബറില്‍ ഈ ആവശ്യമുന്നയിച്ച് രാജ്യവ്യാപകമായി 24 മണിക്കൂര്‍ നിരാഹാര സമരം സംഘടിപ്പിച്ചിരുന്നു.

രാജ്യത്തെ സമ്പത്ഘടന കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്. പ്രധാനമന്ത്രിയും ധനമന്ത്രിയും സമ്പത് രംഗത്തെ വളര്‍ച്ചയെക്കുറിച്ച് വാചാലമാകുമ്പോഴും നിജസ്ഥിതി മറിച്ചാണ്. ഉത്പാദന രംഗത്തെ വളര്‍ച്ച പിന്നോട്ടടിച്ചിരിക്കുകയാണ്. കയറ്റുമതി മേഖലയിലെ വളര്‍ച്ചയും പിന്നോട്ടാണുള്ളത്. രൂപയുടെ വിലയിടിവും ഈ രംഗത്തെ ദോഷകരമായി ബാധിച്ചു. ഭക്ഷ്യോല്‍പാദനം പ്രകൃതി അനുകൂലമായതുകൊണ്ട് ഉയര്‍ന്നിട്ടുണ്ടെന്ന് മാത്രം. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിയും ഏറെവഷളാണ്. സര്‍ക്കാരിനു മുന്നില്‍ വിഷയങ്ങള്‍ പലതാണുള്ളത്. ഇതില്‍ പലതിലും തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. തെലുങ്കാന വിഷയത്തില്‍ ആന്ധ്രപ്രദേശ് ഒരു മാസമായി നിശ്ചലമായിട്ടും സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ബര്‍ധന്‍ കുറ്റപ്പെടുത്തി. ആഗോള വ്യാപകമായി സാമ്പത്തിക അസ്ഥിരതയും തൊഴിലില്ലായ്മയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. മൂലധന സമ്പത് വ്യവസ്ഥയുള്ള രാജ്യങ്ങളെ ഇത് ഏറെ ബാധിച്ചിരിക്കുന്നു. വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ സമരത്തിന് ഇതാണ് കാരണമായത്. ഇന്ത്യന്‍ സമ്പത് ഘടനയും പ്രതിസന്ധിയിലാണ്. ഒപ്പം രാജ്യത്തെ തൊഴിലില്ലായ്മയും, ബര്‍ധന്‍ പറഞ്ഞു.

മണിപ്പൂരിലെ പ്രശ്‌ന പരിഹാരത്തിനായി നാഗാവിഭാഗത്തിന് സുപ്രാ സംസ്ഥാനം എന്ന ആശയം കേന്ദ്ര ആഭ്യന്തര മന്ത്രി മുന്നോട്ടു വെച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരമൊരു കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി പിന്നിട് പറഞ്ഞു. നാഗാ കൗണ്‍സില്‍ ഇത്തരമൊരാവശ്യ മുന്നോട്ടു വെച്ചതായി അറിയില്ല. അതേസമയം വോട്ടര്‍മാരുടെ മനസ്സറിയാനാണ് ഇത്തരമൊരു നീക്കമെന്നാണ് സര്‍ക്കാര്‍ നിലപാട്്. വടക്കു കിഴക്കന്‍ മേഖലയെ മൊത്തമായി അസ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഇത്തരമൊരു നീക്കം വഴിവെയ്ക്കുമെന്ന് ബര്‍ധന്‍ കുറ്റപ്പെടുത്തി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സി പി ഐ ഇതിനെ ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

janayugom 211111

1 comment:

  1. യു പി എ-എന്‍ ഡി എ സഖ്യങ്ങള്‍ക്കെതിരെ ഇടതുപക്ഷ ജനാധിപത്യസ്വഭാവമുള്ള ദേശീയ ബദല്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുമുമ്പ് രൂപീകരിക്കുമെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദാന്‍. ഇന്നലെ ഇവിടെ സമാപിച്ച സി പി ഐ ദേശീയ എക്‌സിക്യൂട്ടീവിന്റെ തീരുമാനങ്ങള്‍ വാര്‍ത്താലേഖകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete