കേരളത്തിലെ പരവന്‍ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍നിന്ന് നീക്കാനുള്ള ശ്രമം ശക്തമായി എതിര്‍ക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പരവന്‍ സമുദായത്തിനെതിരെ നെറികെട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായി സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. തന്നെ അധിക്ഷേപിച്ചതിനെതിരെ മുന്‍മന്ത്രി എ കെ ബാലന്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ജോര്‍ജിന്റെ നടപടി. ചില കടലാസ് സംഘടനകളെ പ്രലോഭിപ്പിച്ചാണ് പരവന്‍ സമുദായത്തിനെതിരെ പരാതി നല്‍കിയത്. പരാതി മുഖ്യമന്ത്രി കിര്‍ത്താഡ്സിന്റെ പരിശോധനയ്ക്ക് അയച്ചുകൊടുത്തു എന്നറിയുന്നു. കിര്‍ത്താഡ്സില്‍ ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധരായ ഉദ്യോഗസ്ഥരില്ല. ഡയറക്ടറുമില്ല. കേരളത്തിലെ പരവന്‍ സമുദായത്തെ 15 ദിവസത്തിനകം പട്ടികജാതിയില്‍നിന്ന് മാറ്റുമെന്ന് ജോര്‍ജ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ജാതിയെ പീഡിപ്പിക്കാനും അതുവഴി എ കെ ബാലന്‍ നല്‍കിയ പരാതിക്ക് നിയമപിന്‍ബലം ലഭിക്കാതിരിക്കാനുമാണ് ജോര്‍ജിന്റെ ശ്രമം.
പരവന്‍ സമുദായം സാമ്പത്തികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലാണ്. സംസ്ഥാനം രൂപീകരിക്കും മുമ്പുതന്നെ ഈ സമുദായം തിരു- കൊച്ചി പ്രദേശത്ത് പട്ടികജാതിയില്‍പ്പെട്ടിരുന്നു. മലബാര്‍ പ്രദേശത്തെ പരവന്‍ സമുദായത്തെ പട്ടികജാതിയില്‍പ്പെടുത്തി പ്രാദേശിക നിയന്ത്രണം നീക്കംചെയ്തു. 1976ല്‍ പരിഷ്കരിച്ച പട്ടികജാതി ലിസ്റ്റുപ്രകാരം കേരളത്തിലെ എല്ലാ പരവന്‍ സമുദായത്തെയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഈ സമുദായത്തെക്കൂടി ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതിചെയ്തത്. ഇതിന്റെ ഭാഗമായി സംവരണത്തിന്റെയും സാമ്പത്തിക ആനുകൂല്യത്തിന്റെയും തണലില്‍ സമുദായത്തിലെ ചെറിയൊരു വിഭാഗം വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഉയര്‍ച്ച നേടി. എന്നാല്‍ , ബഹുഭൂരിപക്ഷം ഇപ്പോഴും പിന്നോക്കാവസ്ഥയിലാണ്. ഈ സമുദായത്തില്‍പ്പെട്ട പലരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ടികളുടെ നേതാക്കളും പ്രവര്‍ത്തകരുമാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ചെറിയ തോതിലെങ്കിലും പ്രാതിനിധ്യം ലഭിച്ചു.
സാധാരണ പുതുതായി ചില സമുദായങ്ങളെക്കൂടി പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയര്‍ന്നുവരിക. അവശത അനുഭവിക്കുന്ന ഒരു സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍നിന്ന് ഒഴിവാക്കണമെന്ന് ആരും ആവശ്യപ്പെടാറില്ല. പി സി ജോര്‍ജ് ഇത്തരമൊരു ആവശ്യവുമായി വഴിവിട്ട് പ്രവര്‍ത്തിക്കുകയാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി പരിശോധിച്ച് പരവന്‍ സമുദായത്തിന്റെ ആശങ്ക അകറ്റാന്‍ സത്വരനടപടി സ്വീകരിക്കണം. പി സി ജോര്‍ജിന്റെ ഇത്തരം കുത്സിത പ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
ജോര്‍ജിനെ മുഖ്യമന്ത്രി നിയന്ത്രിക്കണം: പരവന്‍ സമുദായ നേതൃത്വം
കോട്ടയം: പരവന്‍ സമുദായം പട്ടികജാതിയില്‍പ്പെട്ടതല്ലെന്നും വ്യാജന്മാരാണെന്നുമുള്ള ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടണമെന്ന് കേരള ഹിന്ദു പരവന്‍ ആന്‍ഡ് ഭരതര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുന്‍മന്ത്രി എ കെ ബാലനെ അപകീര്‍ത്തിപ്പെടുത്താന്‍ ജോര്‍ജും പാര്‍ശ്വവര്‍ത്തികളും ചേര്‍ന്ന് കേരളത്തിലെ പരവന്‍ സമുദായാംഗങ്ങളെയാകെ തേജോവധം ചെയ്യുകയാണ്. പട്ടികജാതിക്കാര്‍ക്കുള്ള അവകാശങ്ങള്‍ അവിഹിതമായി കൈക്കലാക്കുന്ന സമുദായമാക്കി തങ്ങളെ ചിത്രീകരിക്കുന്നു. പട്ടികജാതി സംഘടനാ ഭാരവാഹികള്‍ എന്നവകാശപ്പെടുന്ന ചിലരും ഇതിനു പിന്നിലുണ്ട്. പട്ടികജാതിലിസ്റ്റില്‍ ഉള്‍പ്പെട്ടതും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നതുമായ സമുദായത്തോട് യുഡിഎഫിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെ ജോര്‍ജും പിണിയാളുകളും ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ ഗുണ്ടായിസമാണ് ഈ ആരോപണങ്ങളില്‍ കാണുന്നത്.
പരവന്‍ സമുദായത്തെ വളരെ മുന്‍പു തന്നെ പട്ടികജാതിക്കാരായി അംഗീകരിച്ചതാണ്. 1935 ലെ ആക്ട് പ്രകാരം മദ്രാസ് പ്രവിശ്യയില്‍ മാത്രം 74 സമുദായങ്ങളെ പട്ടികജാതിക്കാരായി അംഗീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ 61-ാമത്തെ സമുദായം പരവന്‍ ആണ്. 1976 ല്‍ കേന്ദ്രസര്‍ക്കാര്‍ പട്ടികജാതിലിസ്റ്റ് പരിഷ്കരിച്ചപ്പോഴും സമുദായത്തെ പട്ടികജാതിലിസ്റ്റില്‍ നിലനിര്‍ത്തി. പരവന്‍ സമുദായം പട്ടികജാതിയില്‍പ്പെട്ടതല്ലെന്ന് ജോര്‍ജിന് ബോധ്യമുണ്ടെങ്കില്‍ കുന്നത്തുനാട് പട്ടികജാതി സംവരണസീറ്റില്‍ ജയിച്ച കോണ്‍ഗ്രസിലെ വി പി സജീന്ദ്രന്റെ നിയമസഭാംഗത്വം കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെടാത്തത് വിചിത്രമാണ്. മുന്‍രാഷ്ട്രപതി കെ ആര്‍ നാരായണനും പരവന്‍ സമുദായാംഗമായിരുന്നു. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതും ഒറ്റപ്പാലം പട്ടികജാതി സംവരണസീറ്റില്‍ നിന്നാണ്. സംസ്ഥാന പ്രസിഡന്റ് എ ആര്‍ മുരളീധരന്‍ , ജനറല്‍ സെക്രട്ടറി കെ കെ കൃഷ്ണന്‍കുട്ടി, സെക്രട്ടറി എം ജി നാരായണന്‍ , വൈസ് പ്രസിഡന്റ് വി കെ രാജു, ഉന്നതാധികാരസമിതി ചെയര്‍മാന്‍ ടി കെ രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 221111
കേരളത്തിലെ പരവന്‍ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍നിന്ന് നീക്കാനുള്ള ശ്രമം ശക്തമായി എതിര്‍ക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പരവന്‍ സമുദായത്തിനെതിരെ നെറികെട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായി സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete