Monday, November 21, 2011

വല്ലാര്‍പാടത്ത് പ്രതിസന്ധി രൂക്ഷം

വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനലില്‍ കസ്റ്റംസ്, സെസ് അധികൃതര്‍ തമ്മിലുള്ള തര്‍ക്കംമൂലം പ്രതിസന്ധി രൂക്ഷമാകുന്നു. ഇവിടെനിന്ന് കഴിഞ്ഞദിവസം ആരംഭിച്ച യൂറോപ്യന്‍ സര്‍വീസ് നിര്‍ത്തലാക്കുമെന്ന് കപ്പല്‍കമ്പനി മുന്നറിയിപ്പു നല്‍കി. പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊച്ചി തുറമുഖട്രസ്റ്റ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് പരാതി അയച്ചു. അധികാരാവകാശങ്ങളെചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.

വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തുന്ന ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നറുകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നാണ് കസ്റ്റംസ് അധികൃതരുടെ വാദം. എന്നാല്‍ ഇതര കേന്ദ്രങ്ങളില്‍ കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കിയ കണ്ടെയ്നറുകള്‍ കസ്റ്റംസ് പരിശോധിക്കേണ്ടതില്ലെന്ന് സെസ് അധികൃതരും വാദിക്കുന്നു. തൂത്തുക്കുടിയില്‍നിന്ന് കപ്പല്‍മാര്‍ഗമെത്തിയ 60 കണ്ടെയ്നറുകള്‍ കപ്പലില്‍ കയറ്റിയവ ഉള്‍പ്പെടെ കസ്റ്റംസ് അധികൃതര്‍ വെള്ളിയാഴ്ച പരിശോധനയ്ക്കായി തിരിച്ചിറക്കിയിരുന്നു. ഇതേതുടര്‍ന്ന് യൂറോപ്പിലേക്കുള്ള ഈ കണ്ടെയ്നറിന്റെ നീക്കവും സ്തംഭിച്ചു. കപ്പലിന്റെ യാത്ര മണിക്കൂറോളം വൈകി. സെസ് നിയമപ്രകാരം ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നറുകള്‍ പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും സീല്‍പരിശോധന നിര്‍വഹിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് സെസ് അധികൃതരുടെ വാദം. എന്നാല്‍ ഇത് വന്‍ സുരക്ഷാഭീഷണി സൃഷ്ടിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. വല്ലാര്‍പാടം ടെര്‍മിനല്‍ വഴി രക്തചന്ദന കള്ളക്കടത്തുള്‍പ്പെടെയുള്ളവ നടന്ന സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ കപ്പലില്‍നിന്ന് കണ്ടെയ്നറുകള്‍ ഇറക്കിവച്ച സാഹചര്യത്തില്‍ കൊച്ചി യൂറോപ് സര്‍വീസ് തുടര്‍ന്ന് നടത്താനാവില്ലെന്ന് സര്‍വീസ് നടത്തുന്ന കപ്പല്‍കമ്പനി തുറമുഖട്രസ്റ്റിനെ അറിയിച്ചിട്ടുണ്ട്. പ്രമുഖ കപ്പല്‍കമ്പനിയായ സിഎംഎ-സിജിഎം നേതൃത്വത്തില്‍ കഴിഞ്ഞദിവസമാണ് യൂറോപ്പിലേക്ക് ആദ്യമായി ഇവിടെനിന്ന് നെമോ (നോര്‍ത്ത് യൂറോപ്-മെഡിറ്ററേനിയന്‍ -ഓഷ്യാനിയ) സര്‍വീസ് ആരംഭിച്ചത്. ഇവരുടെ രണ്ടാമത് സര്‍വീസായിരുന്നു വെള്ളിയാഴ്ച. കപ്പല്‍കമ്പനിക്കു പുറമെ വല്ലാര്‍പാടം കരാറുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡ് അധികൃതരും തുറമുഖട്രസ്റ്റിനെ ആശങ്കയും അതൃപ്തിയും അറിയിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ടെര്‍മിനലിനെ നിലവിലുള്ള തര്‍ക്കവും മറ്റും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇവരും കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പോര്‍ട്ട്ട്രസ്റ്റ് അധികൃതര്‍ പരാതി നല്‍കിയത്.

deshabhimani 211111

1 comment:

  1. വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനലില്‍ കസ്റ്റംസ്, സെസ് അധികൃതര്‍ തമ്മിലുള്ള തര്‍ക്കംമൂലം പ്രതിസന്ധി രൂക്ഷമാകുന്നു. ഇവിടെനിന്ന് കഴിഞ്ഞദിവസം ആരംഭിച്ച യൂറോപ്യന്‍ സര്‍വീസ് നിര്‍ത്തലാക്കുമെന്ന് കപ്പല്‍കമ്പനി മുന്നറിയിപ്പു നല്‍കി. പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊച്ചി തുറമുഖട്രസ്റ്റ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് പരാതി അയച്ചു. അധികാരാവകാശങ്ങളെചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.

    ReplyDelete