Tuesday, November 22, 2011

കരിക്കുലം കമ്മിറ്റിയില്‍ നിന്ന് ഹൃദയകുമാരി രാജിവച്ചു

പുതുതായി രൂപീകരിച്ച ജംബോ കരിക്കുലം കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കമ്മിറ്റി അംഗം ബി ഹൃദയകുമാരി  രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് ഹൃദയകുമാരി വ്യക്തമാക്കുന്നതെങ്കിലും കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന.

കരിക്കുലം കമ്മിറ്റി വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമത്തിനാണ് ഇതോടെ തന്നെ തിരിച്ചടി ഏറ്റിരിക്കുന്നത്. ജംബോ കമ്മിറ്റി രൂപീകരിച്ചിട്ടും കരിക്കുലം കമ്മിറ്റിയിലില്‍ ഇടതുപക്ഷ അധ്യാപക സംഘടനകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍പോലും വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇതിനകം തന്നെ ഉയര്‍ന്നത്.

ചരിത്രത്തിലില്ലാത്ത അത്ര വലിയ കരിക്കുലം കമ്മിറ്റിയാണ് ഇപ്പോള്‍ രൂപീകരിച്ചത്. 44 അംഗ കമ്മിറ്റിയില്‍ 43 അംഗങ്ങളും ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സംഘടനാ പ്രതിനിധികളും മുസ്ലിംമത പണ്ഡിതന്‍മാരും ബൗദ്ധിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്. ഇതാണ് ഇപ്പോള്‍ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 24 അംഗ കരിക്കുലം കമ്മിറ്റിയാണ് രൂപീകരിച്ചിരുന്നത്. ഇതില്‍ എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ അപ്പാടെ അട്ടിമറിച്ച് കമ്മിറ്റിയെ പൂര്‍ണ്ണമായും വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് യു ഡി എഫ് സര്‍ക്കാര്‍ നടത്തിയത്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ സ്വന്തം നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. കമ്മിറ്റിയില്‍ അംഗമായി യു ഡി എഫ് സര്‍ക്കാര്‍ നിയമിച്ച കവയിത്രി കൂടിയായ അധ്യാപിക ബി ഹൃദയകുമാരിയുടെ രാജിയോടെ സര്‍ക്കാര്‍ കമ്മിറ്റി വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് ഇതോടെ ശകതമായിരിക്കുകയാണ്.

മുന്‍ യു ഡി എഫ് സര്‍ക്കാരും കരിക്കുലം കമ്മിറ്റിയില്‍ മറ്റ് പ്രതിപക്ഷ അധ്യാപക സംഘടനാ പ്രതിനിധികളെക്കൂടി കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പല മന്ത്രിമാര്‍ അന്ന് മാറി വകുപ്പ് ഭരിച്ചെങ്കിലും കമ്മിറ്റി വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചില്ല. കോണ്‍ഗ്രസിന്റെയും, ലീഗിന്റെയും മാത്രം 12 ഓളം പേരെയാണ് ഇപ്പോള്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലീഗിന്റെ മാത്രം മൂന്നോളം പേരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കി വരുന്ന ഭൂരിപക്ഷം പേരും ലീഗിന്റെ ബൗദ്ധികാചാര്യന്‍മാരാണ്.  വിദ്യാഭ്യാസ രംഗത്തെ പച്ചവല്‍ക്കരിക്കാനുള്ള മുസ്ലീം ലീഗിന്റെ ശ്രമത്തിനാണ് ഇപ്പോള്‍ ഹൃദയകുമാരിയുടെ രാജിയോടെ ഉള്ളില്‍ നിന്നുതന്നെ തിരിച്ചടി നേരിട്ടിരിക്കുന്നത്.

ജി ഗിരീഷ്‌കുമാര്‍ janayugom 221111

No comments:

Post a Comment