Sunday, December 11, 2011

വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശപ്പട്ടികയില്ലാതെ 72 പേരെ സ്ഥലംമാറ്റി

അഴിമതിക്കേസ് അന്വേഷണ സംഘത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെ 72 പൊലീസ് ഉദ്യോഗസ്ഥരെ വിജിലന്‍സില്‍നിന്ന് കൂട്ടത്തോടെ മാറ്റി. ആറുമാസംമുമ്പ് 166 പേരെ വിജിലന്‍സിലേക്ക് മാറ്റിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് വീണ്ടും നിയമനം. വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശപ്പട്ടിക പ്രകാരമായിരിക്കണം വിജിലന്‍സില്‍ നിയമനമെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് കൂട്ടനിയമനം. ഹെഡ്കോണ്‍സ്റ്റബിള്‍ , കോണ്‍സ്റ്റബിള്‍ തസ്തികയിലുള്ള 72 പേരെ സ്ഥലംമാറ്റി നവംബര്‍ 29നാണ് ഡിജിപി ഉത്തരവിറക്കിയത്. ക്രിമിനല്‍സ്വഭാവക്കാരെന്നു കണ്ടതിനെത്തുടര്‍ന്ന് വിജിലന്‍സില്‍നിന്ന് മടക്കി അയച്ച മൂന്നുപേരെയും പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം നേരിട്ടവരും കൈക്കൂലി വാങ്ങിയതിന് കൈയോടെ പിടിയിലായവരും കൂട്ടത്തിലുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ സ്വഭാവപരിശോധന നടത്തി നല്‍കുന്ന ലിസ്റ്റില്‍നിന്നാണ് വിജിലന്‍സില്‍ നിയമനം നല്‍കിയിരുന്നത്. എന്നാല്‍ , പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ നല്‍കിയ ലിസ്റ്റില്‍നിന്നാണ് ഇപ്പോഴത്തെ കൂട്ടസ്ഥലംമാറ്റം. ഇതിനെതിരെ ഡിജിപി, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരെ വിജിലന്‍സ് ഡയറക്ടര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണ സംഘത്തില്‍പ്പെട്ടവരെ കൂട്ടത്തോടെ മാറ്റിയത് കേസുകളുടെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിജിലന്‍സ് ഡിവൈഎസ്പിമാരും എസ്പിമാരും ഡയറക്ടറെ അറിയിച്ചിട്ടുണ്ട്.

വിജിലന്‍സ് ഡയറക്ടറേറ്റിലെ മിനിസ്റ്റീരിയല്‍ തസ്തികയിലുള്ള കോണ്‍ഗ്രസ് നേതാവാണ് സ്ഥലംമാറ്റത്തിന് ചുക്കാന്‍പിടിക്കുന്നത്. കേസുകളുടെ അന്വേഷണത്തില്‍ മികവ് കാട്ടുന്നവരെ വിജിലന്‍സില്‍നിന്ന് തെരഞ്ഞുപിടിച്ച് മാറ്റാനും ഇദ്ദേഹമാണ് പട്ടിക തയ്യാറാക്കുന്നത്. വിജിലന്‍സ് അന്വേഷണം മരവിപ്പിക്കുന്നതിനും പിന്‍വലിപ്പിക്കുന്നതിനും ചരട്വലി നടത്തുന്നതും ഈ ഉദ്യോഗസ്ഥനാണ്. വിജിലന്‍സില്‍ കൂട്ടസ്ഥലംമാറ്റം നല്‍കിയതിനു പിന്നില്‍ അസോസിയേഷനിലെ ചില നേതാക്കള്‍ വന്‍ തുക പിരിച്ചെടുത്തതായി പരാതിയുണ്ട്. വിജിലന്‍സ് അന്വേഷണം നേരിടുന്നവരില്‍നിന്ന് കൈക്കൂലി വാങ്ങാന്‍ അവസരമുണ്ടെന്നു കാട്ടിയാണ് പണപ്പിരിവ്.

deshabhimani 111211

No comments:

Post a Comment