ഉത്സവകാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് വിപണിയില്‍ പുഴുവരിക്കുന്നു. പ്രത്യേക പാക്കറ്റില്‍ നല്‍കുന്ന "ക്രിസ്മസ് സമ്മാന"ത്തിലെ അവശ്യസാധനങ്ങളില്‍ പുഴുവിനൊപ്പം ചെളിയും കല്ലും ചത്ത പ്രാണികളും. ഗുണനിലവാരം തീരെയില്ലാത്ത സാധനങ്ങളുമായി ഉപഭോക്താക്കള്‍ തിരിച്ച് സ്റ്റാളിലെത്തുന്നത് സംഘര്‍ഷത്തിനിടയാക്കുന്നു. നവംബര്‍ 25 മുതല്‍ തുറന്ന കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് വിപണികളിലെല്ലാം ഇതാണ് സ്ഥിതി. കട്ട തല്ലിപ്പൊട്ടിച്ചെടുക്കേണ്ട അരിയും പൂത്ത തുവരപരിപ്പുമൊക്കെയായി സര്‍ക്കാരിന്റെ ക്രിസ്മസ് ചന്ത വിപണരംഗത്ത് ഗുണനിലവാരത്തില്‍ "ചരിത്രം" സൃഷ്ടിക്കുകയാണ്.
കണ്‍സ്യൂമര്‍ഫെഡിന്റെ എറണാകുളത്തെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ചാണ് സാധനങ്ങള്‍ വാങ്ങി സ്റ്റാളുകളിലേക്ക് വിതരണത്തിന് എത്തിക്കുന്നത്. ഈ ഇടപാടിനെക്കുറിച്ച് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞവ വാങ്ങിക്കൂട്ടി കമീഷന്‍ അടിച്ചെടുക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 21 ഇനം സാധനം വിതരണംചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒട്ടുമിക്ക സാധനങ്ങളും വിപണിയിലില്ല. ആവശ്യക്കാര്‍ ഏറെയുള്ള ജയ അരി ഇതുവരെ വിപണിയില്‍ എത്തിയിട്ടില്ല. ക്രിസ്മസ് ചന്ത തുടങ്ങുന്നതിനുമുമ്പ് കണ്‍സ്യൂമര്‍ഫെഡ് 16 രൂപയ്ക്കു വിറ്റുകൊണ്ടിരുന്ന ജയ അരി 20 രൂപയാക്കി വിലവിവരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അരിമാത്രമല്ല വെളിച്ചെണ്ണയും പീസ് പരിപ്പും ബിരിയാണി അരിയുമൊന്നും ഒട്ടുമിക്ക ക്രിസ്മസ് ചന്തകളിലും കിട്ടാനില്ല. പൊതുവിപണിയിലേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ വിപണിയിലെത്തുന്നത്. എന്നാല്‍ , പല സാധനങ്ങളുടെയും ഗുണനിലവാരം തീരെ ദയനീയമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റാളില്‍ ചെറുപയര്‍ കിലോയ്ക്ക് 52 രൂപയാണ്. എന്നാല്‍ , പുഴുവരിക്കുന്ന ഈ പയര്‍ വെറുതെ കൊടുത്താല്‍പോലും ആരും വാങ്ങില്ലെന്ന് ജനങ്ങള്‍ രോഷത്തോടെ പ്രതികരിക്കുന്നു.
അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് സാധനങ്ങള്‍ മൊത്തത്തില്‍ വാങ്ങുമ്പോള്‍ ഉണ്ടാകാവുന്ന ചെറിയ പ്രശ്നം മാത്രമാണ് സംഭവിച്ചതെന്ന് കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് ജോയ് തോമസ് "ദേശാഭിമാനി"യോട് പ്രതികരിച്ചു. പ്രശ്നമുള്ള സാധനങ്ങള്‍ മാറ്റിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സബ്സിഡി ചുരുക്കി സപ്ലൈകോയില്‍ ഭക്ഷ്യവസ്തു വിതരണം നിലച്ചു
തൃശൂര്‍ : പൊള്ളും വിലക്കയറ്റത്തിന്റെ കാലത്ത് സാധാരണക്കാരന് താങ്ങാകേണ്ട സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. സബ്സിഡി സാധനങ്ങളുടെ ദൗര്‍ലഭ്യത്തില്‍ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വീര്‍പ്പുമുട്ടുന്നു. മാവേലി സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബാസാറുകളുമടക്കമുള്ള ഔട്ട്ലെറ്റുകളിലേക്ക് അവശ്യസാധനങ്ങളുടെ വിതരണം നിലച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാതെ വരുന്നതോടെ ഉപഭോക്താക്കള്‍ ജീവനക്കാര്‍ക്കെതിരെ തിരിയുന്നത് ഔട്ട്ലെറ്റുകളില്‍ സംഘര്‍ഷം പതിവാക്കിയിട്ടുണ്ട്.
ക്രിസ്മസ് പുതുവത്സര ബസാറുകളും മാര്‍ക്കറ്റുകളും 19 മുതല്‍ തുറക്കുമെന്നറിയിച്ചിട്ടുണ്ടെങ്കിലും തയ്യാറെടുപ്പുകള്‍ മന്ദഗതിയിലാണ്. പയറ്, ചെറുപയറ്, കടല, കുരുമുളക്, മല്ലി, തുവരപ്പരിപ്പ്, പഞ്ചസാര, പീസ് പരിപ്പ്, കടുക്, ഉലുവ എന്നിവയ്ക്കും ബോധന, മട്ട, പച്ചരി എന്നീ അരികള്‍ക്കുമാണ് കടുത്ത ദൗര്‍ലഭ്യം. അരി അഞ്ചു കിലോ വീതവും, മറ്റുള്ളവ ഓരോ കിലോയുമാണ് നല്‍കുക. അവശ്യ ഭക്ഷ്യ വസ്തുക്കള്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ കിട്ടാതെ വരുന്നതോടെ പൊതുവിപണിയില്‍ വന്‍ വില കൊടുത്ത് വാങ്ങേണ്ടി വരികയാണ് സാധാരണക്കാര്‍ക്ക്. 16 രൂപയ്ക്ക് കിട്ടിയിരുന്ന മട്ട, പച്ചരി, ബോധന അരി തുടങ്ങിയവയ്ക്ക് പൊതുവിപണിയില്‍ 20മുതല്‍ 25 രൂപവരെയാണ് വില. വന്‍പയര്‍ 26.50(പൊതു വിപണിയില്‍ - 46.00)രൂപക്ക് ലഭിച്ചിരുന്നു. പീസ് പരിപ്പ് 18.00(37.60), തുവരപ്പരിപ്പ് 34.00(67.50), വറ്റല്‍ മുളക് 45.00(115.80), മല്ലി 54.40(74.00), ജീരകം 96.00(235.00) കടുക് 22.00(55.00), പഞ്ചസാര 25.00(32.40) എന്നിങ്ങനെയാണ് പൊതു വിപണിയുമായുള്ള വില വ്യത്യാസം.
സപ്ലൈകോയ്ക്ക് സംസ്ഥാനത്തൊട്ടാകെ 891 മാവേലി സ്റ്റോറുകളും 354 സൂപ്പര്‍ മാര്‍ക്കറ്റുകളും മൂന്ന്് ഹൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും 15 പീപ്പിള്‍ ബസാറുകളും ഒമ്പത് ഹോള്‍ സെയില്‍ സബ് ഡിപ്പോകളുമുണ്ട്. ഇവ കൂടാതെ 14 മൊബൈല്‍ സ്റ്റോറുകള്‍ , 13 പെട്രോള്‍ ബങ്കുകള്‍ , മൂന്ന് എല്‍പിജി ഔട്ട് ലെറ്റുകളുമുണ്ട്. 50 ഡിപ്പോകളും തിരുവനന്തപുരം കോട്ടയം, പാലക്കാട്, എറണാകുളം, എന്നിവിടങ്ങളിലായി അഞ്ച് റീജണല്‍ ഓഫീസുകളുമുണ്ട്. തൃശൂര്‍ ജില്ലയില്‍ 114 ഔട്ട് ലെറ്റുകളാണുള്ളത്. ആവശ്യത്തിനുള്ള ജീവനക്കാരില്ലാത്തതും ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഡെപ്യൂട്ടേഷന്‍ നിര്‍ത്തിയിരിക്കുകയാണ്. സ്റ്റോര്‍ കസ്റ്റോഡിയന്‍ അടക്കമുള്ള പ്രധാന ഉദ്യോഗസ്ഥര്‍ക്കും അമിത ചുമതല നല്‍കുകയാണ്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതു വിപണിയില്‍ വില കുറയ്ക്കുന്നതിനുള്ള പ്രധാന ആയുധമായി സപ്ലൈകോയെ മാറ്റിയിരുന്നു. 2010-11 വര്‍ഷത്തില്‍ 2320 കോടിയായിരുന്നു വിറ്റുവരവ്. എല്‍ഡിഎഫ് സര്‍ക്കാര്‍ സബ്സിഡിയായി 80 കോടി ബജറ്റില്‍ വകയിരുത്തിയപ്പോള്‍ യുഡിഎഫ് 50 ആയി ചുരുക്കി. അതും കൊടുക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണം പറയുന്നത്. എംഡിയായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എം എസ് ജയക്ക് അധിക ചുമതല നല്‍കിയെങ്കിലും നീക്കം പാളി. എറണാകുളത്തുള്ള ഹെഡ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തുള്ള ഡയറക്ടര്‍ക്ക് കാര്യക്ഷമമായി നിര്‍വഹിക്കാനായില്ല. തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ് എംഡിയായി ഡോ. എം ബീന ചാര്‍ജെടുത്തത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം വിതരണം പൂര്‍വ സ്ഥിതിയിലാകുമെന്നും എറണാകുളത്തെ ജനറല്‍ മാനേജര്‍ ഓഫീസ് അറിയിച്ചു. മന്ത്രി ടി എം ജേക്കബിന്റെ മരണശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വകുപ്പ് കൈകാര്യം ചെയ്ത കാലത്താണ് പര്‍ച്ചേസിങ്ങും വിതരണവും അവതാളത്തിലായത്. തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന് കഴിഞ്ഞ ദിവസം ചുമതല കൈമാറിയിട്ടുണ്ടെങ്കിലും കാര്യമായ മാറ്റമില്ല.
deshabhimani 101211
ഉത്സവകാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് വിപണിയില്‍ പുഴുവരിക്കുന്നു. പ്രത്യേക പാക്കറ്റില്‍ നല്‍കുന്ന "ക്രിസ്മസ് സമ്മാന"ത്തിലെ അവശ്യസാധനങ്ങളില്‍ പുഴുവിനൊപ്പം ചെളിയും കല്ലും ചത്ത പ്രാണികളും. ഗുണനിലവാരം തീരെയില്ലാത്ത സാധനങ്ങളുമായി ഉപഭോക്താക്കള്‍ തിരിച്ച് സ്റ്റാളിലെത്തുന്നത് സംഘര്‍ഷത്തിനിടയാക്കുന്നു. നവംബര്‍ 25 മുതല്‍ തുറന്ന കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് വിപണികളിലെല്ലാം ഇതാണ് സ്ഥിതി. കട്ട തല്ലിപ്പൊട്ടിച്ചെടുക്കേണ്ട അരിയും പൂത്ത തുവരപരിപ്പുമൊക്കെയായി സര്‍ക്കാരിന്റെ ക്രിസ്മസ് ചന്ത വിപണരംഗത്ത് ഗുണനിലവാരത്തില്‍ "ചരിത്രം" സൃഷ്ടിക്കുകയാണ്.
ReplyDeleteകണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് ചന്തയിലേക്ക് ഗുണമേന്മയില്ലാത്ത സാധനങ്ങള്‍ നല്‍കിയാല്‍ വിതരണക്കാരെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ്.കേന്ദ്രീകൃത പര്‍ച്ചേസിങ് രീതിയിലൂടെ കണ്‍സ്യൂമര്‍ഫെഡ് വിതരണക്കാരില്‍നിന്നു വാങ്ങുന്ന സാധനങ്ങള്‍ 19 ജില്ലാ നീതി ഗോഡൗണിലൂടെയാണ് ക്രിസ്മസ് ചന്തകളില്‍ എത്തിക്കുന്നത്. ഏതെങ്കിലും ഗോഡൗണ്‍ മാനേജര്‍മാര്‍ ഗുണനിലവാരമില്ലാത്ത സാധനം സ്വീകരിച്ചാല്‍ അവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് ചന്തകളില്‍ ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണംചെയ്യുന്നത് സംബന്ധിച്ച് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ReplyDelete