Tuesday, December 20, 2011

രാജീവിന്റെയും ഇന്ദിരയുടെയും ജന്മദിന പരസ്യങ്ങള്‍ക്ക് കേന്ദ്രം ചെലവഴിച്ചത് 7.25 കോടി

മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ജന്മദിനാഘോഷ പരസ്യങ്ങള്‍ക്കായി മാത്രം ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൊടിച്ചത് കോടിക്കണക്കിന് രൂപ. രാജീവിന്റെ ജന്മദിനാഘോഷങ്ങളുടെ പരസ്യം ദിനപത്രങ്ങളില്‍ നല്‍കാന്‍ 4.79 കോടി രൂപയും ഇന്ദിരയുടെ ജന്മദിനത്തിനായി 2.46 കോടി രൂപയുമാണ് സര്‍ക്കാര്‍ ഈ വര്‍ഷം ചെലവഴിച്ചത്.

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി സി എം ജടുവ രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. വിവിധ മന്ത്രാലയങ്ങളാണ് ഇതിനായി പണം ചെലവഴിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷ പരസ്യങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം 97 ലക്ഷവും ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം 82 ലക്ഷവും ടൂറിസം മന്ത്രാലയം 79 ലക്ഷവും നഗര ദാരിദ്ര്യ നിര്‍മാര്‍ജന, ഹൗസിംഗ് മന്ത്രാലയം 65 ലക്ഷവും വീതം ചെലവഴിച്ചു. വാര്‍ത്താ വിനിമയ മന്ത്രാലയം(58 ലക്ഷം), സാമൂഹിക നീതി മന്ത്രാലയം(51 ലക്ഷം), വനിതാ, ശിശുക്ഷേമമന്ത്രാലയം(25 ലക്ഷം), മൈക്രോ, ചെറുകിട, ശരാശരി എന്റര്‍പ്രൈസ് മന്ത്രാലയം(21 ലക്ഷം) എന്നിവയാണ് രാജീവിന്റെ ജന്മദിനാഘോഷങ്ങള്‍ക്കായി പണം ചെലവഴിച്ച മറ്റ് മന്ത്രാലയങ്ങള്‍.

ഇന്ദിരയുടെ ജന്മദിനാഘോഷ പരസ്യങ്ങള്‍ക്കായി ഏറ്റവുമധികം പണം ചെലവഴിച്ചത് വാര്‍ത്താവിനിമയ മന്ത്രാലയമാണ്. 60 ലക്ഷം രൂപയാണ് അവര്‍ ചെലവഴിച്ചത്. സാമൂഹിക നീതി മന്ത്രാലയം 56 ലക്ഷവും മൈക്രോ, ചെറുകിട, ശരാശരി എന്റര്‍പ്രൈസ് മന്ത്രാലയം 41 ലക്ഷവും വടക്കുകിഴക്കന്‍ മേഖലകളുടെ ക്ഷേമ മന്ത്രാലയം 25 ലക്ഷവും സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ മന്ത്രാലയം 22 ലക്ഷവും ജലവിഭവ മന്ത്രാലയം വനിതാ, ശിശുക്ഷേമ വികസന മന്ത്രാലയം എന്നിവ 19 ലക്ഷം രൂപ വിതവും ഈയിനത്തില്‍ ചെലവഴിച്ചു.

janayugom 201211

No comments:

Post a Comment