Tuesday, December 20, 2011

ഇന്ത്യ-റഷ്യ ഉച്ചകോടി തന്ത്രപ്രധാനം

കഴിഞ്ഞദിവസം മോസ്‌കോയില്‍ സമാപിച്ച ഇന്ത്യ-റഷ്യ ഉച്ചകോടി ഇരുരാജ്യങ്ങളുടെയും നയതന്ത്ര ചരിത്രത്തിലും സാമ്പത്തിക ബന്ധങ്ങളിലും അതിപ്രധാനമായ ഒരു കാല്‍വയ്പ്പാണ്. സമകാലിക ആഗോള സാമ്പത്തിക രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-റഷ്യാ ബന്ധങ്ങളില്‍ വര്‍ധിച്ചുവരുന്ന ഊഷ്മളതയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കൂടംകുളം ആണവപദ്ധതി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ക്ക് പത്രമാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യം കാരണം ഇന്ത്യ-റഷ്യാ ബന്ധത്തില്‍ സാമ്പത്തിക രാഷ്ട്രീയ മേഖലകള്‍ക്കു നല്‍കിയ ഊന്നല്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് ഒരു വസ്തുതയാണ്. കൂടംകുളത്തും തമിഴ്‌നാട്ടിലും രാജ്യത്താകെ തന്നെയും ആണവപദ്ധതിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധവും ജനവികാരവും കണക്കിലെടുക്കാതെ നടന്ന മോസ്‌കോ പ്രഖ്യാപനം അപലപനീയമാണ്. എന്നാല്‍ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ഇരുരാജ്യങ്ങളിലും വന്‍ സ്വാധീനം ചെലുത്താവുന്ന ധാരണകളും തീരുമാനങ്ങളും അര്‍ഹമായ പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടതുണ്ട്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് അതിശൈത്യത്തിലേക്ക് നീങ്ങിയ ഉഭയകക്ഷിബന്ധങ്ങള്‍ പുനഃസ്ഥാപിച്ച പന്ത്രണ്ടാമത് വാര്‍ഷിക ഉച്ചകോടിയാണ് ഇപ്പോള്‍ നടന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വാണിജ്യം ഇപ്പോള്‍ പത്ത് ബില്യന്‍ ഡോളര്‍ എന്നാണ് കണക്കാക്കുന്നത്. ഇരുരാജ്യങ്ങളുടെ ജനസംഖ്യാ വിഭവശേഷി, പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന നയതന്ത്രബന്ധങ്ങള്‍, സാധ്യതകള്‍ എന്നിവ പരിശോധിക്കുമ്പോള്‍ ഇത് തുലോം തുച്ഛമാണെന്ന് പറയാതെ വയ്യ. ഇപ്പോള്‍ നടന്ന ഉച്ചകോടിയില്‍ വരുന്ന നാലുവര്‍ഷക്കാലത്തിനിടയില്‍ ഇത് രണ്ടിരട്ടിയാക്കാന്‍ ധാരണയായിട്ടുണ്ട്.

അമേരിക്കയും യൂറോപ്പും ഉള്‍പ്പെട്ട ഒന്നാം ലോകരാഷ്ട്രങ്ങള്‍ ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയെയാണ് നേരിടുന്നത്. മൂന്നുവര്‍ഷങ്ങളായി തുടരുന്ന ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുന്ന അന്തരീക്ഷമല്ല ആഗോള സാമ്പത്തികരംഗത്ത് കാണപ്പെടുന്നത്. ഈ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടന യില്‍ ഏല്‍പ്പിച്ചിരിക്കുന്ന ആഘാതങ്ങള്‍ മറച്ചുവയ്ക്കാന്‍ പോലും ഭരണാധികാരികള്‍ക്ക് കഴിയാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് നിലനില്‍ക്കണമെങ്കില്‍ അമേരിക്കയ്ക്കും യൂറോപ്പിനും പകരം വിപണികള്‍ കണ്ടെത്തിയേ മതിയാവൂ. ഇപ്പോഴത്തെ ഇന്ത്യ-റഷ്യ ചര്‍ച്ചകളും കരാറുകളും അത്തരമൊരു സാധ്യതയാണ് നമുക്ക് മുന്നില്‍ തുറന്നുതരുന്നത്. പെട്രോളിയം, പ്രകൃതിവാതകം, പ്രതിരോധം, വ്യോമയാനം, ബാങ്കിംഗ്, ധനവ്യാപാരം, ഔഷധനിര്‍മ്മാണം, രാസവളം, ആരോഗ്യം എന്നിങ്ങനെ ഏറ്റവും അടിസ്ഥാനമേഖലകളില്‍ വ്യാപാര വ്യാവസായിക ബന്ധങ്ങള്‍ക്കാണ് ഇന്ത്യ, റഷ്യ ഉടമ്പടികള്‍ വഴി തുറക്കുന്നത്.

സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ സാമ്പത്തിക തകര്‍ച്ചയെ തടയാന്‍ അത്യധികം ആക്രമണോത്സുകമായ ഇടപെടലുകള്‍ക്കാണ് ശ്രമം നടത്തി വരുന്നത്. അഫ്ഗാനിസ്ഥാനും ഇറാനുമടക്കം ഏഷ്യയിലും മധ്യപൂര്‍വ്വദേശത്തും ഉത്തര ആഫ്രിക്കയിലും നഗ്നമായ ഇടപെടലുകള്‍ക്കാണ് അമേരിക്കയും നാറ്റോയും ശ്രമങ്ങള്‍ നടത്തുന്നത്. എണ്ണയടക്കം പ്രകൃതിവിഭവങ്ങള്‍ കയ്യടക്കാന്‍ കഴിയുംവിധം ജനാധിപത്യ പോരാട്ടങ്ങളെ അട്ടിമറിക്കാനും പാവഭരണകൂടങ്ങളെ പ്രതിഷ്ഠിക്കാനുമാണ് ശ്രമം. ലിബിയയില്‍ അന്താരാഷ്ട്ര നിയമങ്ങളെ അപ്പാടെ കാറ്റില്‍ പറത്തി അത്തരമൊരു ഇടപെലിനാണ് അമേരിക്കയും നാറ്റോയും നേതൃത്വം നല്‍കിയത്. ഇറാനില്‍ സമാനമായ ഇടപെടലിനാണ് ശ്രമം തുടര്‍ന്നു വരുന്നത്. ഇതിനെ ചെറുക്കണമെങ്കില്‍ ആഗോള രാഷ്ട്രീയ ബലാബലത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേമതിയാവൂ. അത്തരമൊരു രാഷ്ട്രീയ മാറ്റത്തില്‍ ഇന്ത്യക്കും റഷ്യക്കും നിര്‍ണ്ണായക പങ്കാണ് വഹിക്കാന്‍ കഴിയുക.

അമേരിക്ക നയിക്കുന്ന ഏകധ്രുവലോകം ജനാധിപത്യത്തിനു നേരെ കനത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. തകരുന്ന തങ്ങളുടെ സമ്പദ്ഘടനയെ നിലനിര്‍ത്താന്‍ ലോകവ്യാപകമായ ചൂഷണമാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. ഇതിനെതിരായ പ്രതിരോധത്തില്‍ ഇന്ത്യയും റഷ്യയും ചൈനയും ദക്ഷിണാഫ്രിക്കയും ബ്രസീലും ഉള്‍പ്പെട്ട നവസാമ്പത്തിക ശക്തികള്‍ ഒരുമിച്ചു പറയേണ്ടതുണ്ട്. അത്തരമൊരു ആഗോള പ്രതിരോധത്തില്‍ ഇന്ത്യക്കും റഷ്യക്കും മൗലികമായ ഉത്തരവാദിത്വമാണ് നിര്‍വഹിക്കാനുളളത്. ഇപ്പോള്‍ പൂര്‍ത്തീകരിച്ച ഉച്ചകോടി ഈ ദിശയിലേക്കുള്ള കാല്‍വെയ്പായി മാറുമെന്ന് പ്രതീക്ഷിക്കാം.

janayugom editorial 201211

No comments:

Post a Comment