Tuesday, December 20, 2011

ബി എസ് എന്‍ എല്‍ ഒരു ലക്ഷം ജീവനക്കാരെ ഒഴിവാക്കും

ഹൈദരാബാദ്: പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്ലില്‍നിന്നും ഒരു ലക്ഷം ജീവനക്കാരെ പുറത്താക്കാന്‍ നീക്കം. സ്വയംവിരമിക്കല്‍ പദ്ധതി (വി ആര്‍ എസ്) മുഖേനയാണ് പിരിച്ചുവിടല്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിലേക്കായി 12,000 കോടി ബി എസ് എന്‍ എല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഏകദേശം 16,000 കോടി ഈ പദ്ധതി ആവശ്യത്തിലേയ്ക്കായി വേണ്ടിവരും. കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനുപുറമെ 4,000 കോടി രൂപ കമ്പനി നല്‍കുമെന്ന് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍ കെ ഉപാധ്യായ ഹൈദരാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ലക്ഷം ജീവനക്കാരെ പുറത്താക്കുന്നതിലൂടെ കമ്പനിയുടെ പതിനാറു ശതമാനത്തോളം വരുമാനം നീക്കിവെയ്ക്കാനുള്ള ഉദ്ദേശവും കമ്പനിക്കുണ്ട്.

6,000 കോടി രൂപയുടെ നഷ്ടമാണ് 2010-11 കാലയളവില്‍ ബി എസ് എന്‍ എല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സ്വയം വിരമിക്കല്‍ പദ്ധതിവഴി പിരിഞ്ഞുപോയ ജീവനക്കാര്‍ക്ക് നല്‍കേണ്ടിവന്ന ശമ്പളത്തിന്റെയും മറ്റു ആനുകൂല്യങ്ങളുടെയും പേരിലാണിതെന്നാണ് കമ്പനിയുടെ ഭാഷ്യം. സ്‌പെക്ട്രം ചാര്‍ജായി 19,000 കോടി രൂപ ഗവണ്‍മെന്റിന് നല്‍കേണ്ടിവന്നതും കമ്പനിയുടെ നഷ്ടത്തിനിടയാക്കി എന്നും ഉപാധ്യായ പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍നിന്നും 2,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ കമ്പനിക്ക് അനുവദിച്ചിരുന്നു. 2011 ജൂലൈയില്‍ ഇത് നിര്‍ത്തലാക്കി. ഇത് തുടരണമെന്നും കേന്ദ്രസഹായപദ്ധതിയായി ഇത് കാണരുതെന്നും ചെയര്‍മാന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
പൊതുമേഖലാ-സ്വകാര്യ-പങ്കാളിത്തത്തോടെ വരുമാനനയങ്ങളില്‍ മാറ്റംവരുത്താനും രാജ്യവ്യാപകമായി വാണിജ്യാടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതായും ആര്‍ കെ ഉപാധ്യായ അറിയിച്ചു.

janayugom 201211

1 comment:

  1. പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്ലില്‍നിന്നും ഒരു ലക്ഷം ജീവനക്കാരെ പുറത്താക്കാന്‍ നീക്കം. സ്വയംവിരമിക്കല്‍ പദ്ധതി (വി ആര്‍ എസ്) മുഖേനയാണ് പിരിച്ചുവിടല്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിലേക്കായി 12,000 കോടി ബി എസ് എന്‍ എല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    ReplyDelete