Tuesday, December 6, 2011

ജനങ്ങള്‍ തടഞ്ഞു, ജ. ജെ ബി കോശി മടങ്ങിപ്പോയി

കുമളി: മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തിയ കേരള മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജ. ജെ ബി കോശിയെ ജനങ്ങള്‍ തടഞ്ഞു. മുല്ലപ്പെരിയാറിലേക്ക് കടത്തിവിടാന്‍ ജനങ്ങള്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് കോശി സന്ദര്‍ശന്‍ റദ്ദാക്കി മടങ്ങപ്പോയി. കുമളി 66 ാം മൈലിലാണ് ദേശീയപാതയില്‍ നൂറുകണക്കിന് കര്‍ഷകര്‍ സംഘത്തെ തടഞ്ഞത്.

മുല്ലപ്പെരിയാര്‍ വിഷയം അത്ര ഗൗരവമുള്ളതല്ലെന്നും മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ചാണ് വഷളാക്കിയതെന്നും രണ്ടാഴ്ച മുമ്പ് കോശി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ കോശിയെ തടഞ്ഞത്. ഇടുക്കി സബ് കലക്ടര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ കോശിക്കൊപ്പമുണ്ടായിരുന്നു. പൊലീസും ഉദ്യോഗസ്ഥരും അഭ്യര്‍ഥിച്ചിട്ടും ജനങ്ങള്‍ സമ്മതിച്ചില്ല. വഴിതടഞ്ഞതിനെത്തുടര്‍ന്ന് മുരിക്കടി തേയില എസ്റ്റേറ്റു വഴി സംഘം മുല്ലപ്പെരിയാറിലേക്കു പോകാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് സന്ദര്‍ശനം റദ്ദാക്കി മടങ്ങി.

എ ജിക്കെതിരെ നടപടി വേണം: പ്രതിപക്ഷം

തിരു: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലം പരിശോധിച്ച് നടപടിയെടുക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഇക്കാര്യത്തില്‍ രൂക്ഷമായി പ്രതികരിച്ചു.

എ ജി യുടെ നിലപാട് പരിശോധിക്കേണ്ടതു തന്നെയാണെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ നിലപാടിനെ തെറ്റിദ്ധരിപ്പിക്കുന്നതാണിതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഡാമിന്റെ ജലനിരപ്പ് 120 അടിയാക്കി താഴ്ത്തണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നുമുള്ള നേരത്തെയുള്ള സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനം യോഗത്തില്‍ വീണ്ടും ആവര്‍ത്തിച്ച് ഉറപ്പിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ , മന്ത്രിമാരായ കെ എം മാണി, കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. ഇരു സംസ്ഥാനങ്ങളുടെയും താല്‍പര്യം സംരക്ഷിച്ചുകൊണ്ട് തീരുമാനമെടുക്കണമെന്നും സമാധാനപരമായ പരിഹാരത്തിനായി ശ്രമിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

സര്‍ക്കാര്‍ നയമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം വി എസ്

തിരു: മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി താങ്ങുമെന്ന മുല്ലപ്പെരിയാര്‍സെല്‍ ചെയര്‍മാന്‍ പരമേശ്വരന്‍ നായര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത് സര്‍ക്കാര്‍ നയമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ എ ജി റിപ്പോര്‍ട്ടു കൊടുത്തതിനെക്കുറിച്ചന്വേഷിക്കുമെന്ന് സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചതിനുതൊട്ടു പിന്നാലെയാണ് ഹൈക്കോടതിയില്‍ ചെയര്‍മാന്‍ വിരുദ്ധറിപ്പോര്‍ട്ടു കൊടുത്തത്. ഇത് സര്‍ക്കാര്‍ നയമാണോയെന്ന് മുഖ്യമന്ത്രി പറയണം. 150 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ പ്രശ്നം തീരുമെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്.

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കിയും ചെറുതോണിയും താങ്ങുമെന്ന് പറയുന്നത് സാമാന്യബോധമുള്ള ആരും അംഗീകരിക്കില്ല. ഇതെല്ലാം മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാക്കുന്നതാണെന്ന വാദം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണം. നാളെ പ്രധാനമന്ത്രിയും ഇതു പറയില്ലെന്നാരു കണ്ടു. ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതിയിലെ കേസ് ദുര്‍ബലപ്പെടുത്തും. കെപിസിസിയുടെയും യുഡിഎഫിന്റെയുമൊക്കെ തീരുമാനത്തിനു വിരുദ്ധമായാണ് ഇപ്പോള്‍ കോടതിയില്‍ സര്‍ക്കാര്‍ നിലപാട്. കൂട്ടുത്തരവാദിത്വം തുലയട്ടെയെന്നാണ് മന്ത്രി ജോസഫ് പറഞ്ഞത്. ആശങ്കയുള്ളതുകൊണ്ടാണ് മാണി പ്രാര്‍ത്ഥനായജ്ഞം നടത്തുന്നത്. കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നമായി ഇതു മാറരുത്. സമരവും പ്രതിഷേധവും അക്രമാസക്തമാവരുതെന്നും വി എസ് ആവശ്യപ്പെട്ടു.

deshabhimani news

No comments:

Post a Comment