Thursday, December 8, 2011

മനുഷ്യമതില്‍ നല്‍കുന്ന സന്ദേശം

നാടിന്റെയും നാട്ടുകാരുടെയും സുരക്ഷയെക്കരുതി ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രഖ്യാപിച്ചിട്ടുള്ള "മനുഷ്യമതില്‍" അതിന്റെ യഥാര്‍ഥ സന്ദേശം കേന്ദ്ര- കേരള സര്‍ക്കാരുകളില്‍ എത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ വമ്പിച്ച വിജയമാക്കേണ്ടതുണ്ട്. അതിന്റെ ഗൗരവം മനസിലാക്കി എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി കേരളജനത ഈ മനുഷ്യമതിലില്‍ അണിനിരക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. കേരളത്തിലെ നാല്‍പ്പതുലക്ഷത്തോളം ജനങ്ങളുടെ ജീവരക്ഷ ഉറപ്പാക്കിക്കൊണ്ട് തമിഴ്നാടിന് അര്‍ഹമായ ജലം തടസ്സമില്ലാതെ തുടര്‍ന്നും നല്‍കുക എന്നതാണ് ഇന്നത്തെ ആവശ്യം. എന്നാല്‍ , ഈ ആവശ്യത്തോടു ക്രിയാത്മകമായി പ്രതികരിക്കാന്‍ കൂട്ടാക്കാതെ ഉറക്കം നടിക്കുകയാണ് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ . അന്തര്‍സംസ്ഥാന മാനങ്ങളുള്ള ശ്രമം എന്ന നിലയില്‍ പരിഹാര നടപടികള്‍ക്കു മുന്‍കൈ എടുക്കാന്‍ ചുമതലപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിഷ്ക്രിയത്വത്തിന്റെയും ഉദാസീനതയുടെയും നിലപാടുകള്‍ക്കു പിന്നിലൊളിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അവരെ കര്‍മോന്മുഖതയിലേക്ക് ഉണര്‍ത്തേണ്ടതുണ്ട്. അതിനുള്ള തീവ്രശ്രമങ്ങള്‍ നടത്താന്‍ കേരളത്തിലെ സര്‍ക്കാരിനു ചുമതലയുണ്ട്. എന്നാല്‍ , വിജയകരമായി ആ വഴിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയാതെ വൈകാരിക നാട്യപ്രകടനങ്ങളില്‍ വ്യാപരിക്കുകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ . ഈ അവസ്ഥയിലാണ് ജീവഭയത്തോടെ, അരക്ഷിതബോധത്തോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടുതൊട്ട് താഴേക്കു കടല്‍വരെയുള്ള പ്രദേശങ്ങളിലെ ജനലക്ഷങ്ങള്‍ ഉറക്കമില്ലാത്ത രാവുകള്‍ തള്ളിനീക്കിക്കൊണ്ടിരിക്കുന്നത്. ഇത് തുടരാനാവില്ല. പുതിയ അണക്കെട്ട് നിര്‍മിച്ചുകൊണ്ടും തമിഴ്ജനതയ്ക്ക് അര്‍ഹമായ ജലം തുടര്‍ന്നും അനുവദിച്ചുകൊണ്ടും മുല്ലപ്പെരിയാര്‍പ്രശ്നത്തിന് കോടതിക്കുപുറത്ത് പരിഹാരം കാണാന്‍ നിഷ്ക്രിയത്വം വെടിഞ്ഞ് ഡോ. മന്‍മോഹന്‍സിങ്ങും യുപിഎ സര്‍ക്കാരും മുന്‍കൈയെടുക്കണം.

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ അലസതയിലും കേന്ദ്രസര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിലും ജനങ്ങള്‍ക്കുള്ള ആശങ്ക ഈ മനുഷ്യമതിലില്‍ പ്രതിഫലിക്കണം. തമിഴര്‍ക്കും മലയാളികള്‍ക്കുമിടയിലുള്ള സാഹോദര്യം തകര്‍ക്കാന്‍ ഒരു പ്രശ്നത്തെയും ഒരു ശക്തിയെയും അനുവദിക്കില്ലെന്ന പ്രതിജ്ഞയോടെയാവണം മനുഷ്യമതില്‍ വിജയിപ്പിക്കേണ്ടത്. വിനാശകരമായ അവസ്ഥ തൊട്ടുമുമ്പില്‍ നില്‍ക്കുന്ന വേളയിലും രാഷ്ട്രീയപക്വതയോടെ, ദേശീയബോധത്തോടെ പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുക്കാത്തപക്ഷം, കോണ്‍ഗ്രസ്-യുപിഎ നേതൃത്വവും മന്‍മോഹന്‍സിങ് സര്‍ക്കാരും ചെയ്യുന്നത് മനുഷ്യരാശിക്കെതിരായ മഹാ കുറ്റകൃത്യമായിത്തീരും. പ്രശ്നത്തിന് രാഷ്ട്രീയപരിഹാരമാണ് വേണ്ടതെന്ന് പരമോന്നത നീതിപീഠംതന്നെ പലവട്ടം നിരീക്ഷിച്ചിട്ടും കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും നിഷ്ക്രിയത്വം പുലര്‍ത്തുന്നത് മനുഷ്യജീവനെയും അതിന്റെ നാശത്തെയും കുറിച്ചുള്ള കരുതലില്ലായ്മയ്ക്ക് ഉദാഹരണമാണെന്നും ഇത് മാപ്പില്ലാത്ത കുറ്റകൃത്യമാണെന്നുമുള്ള മുന്നറിയിപ്പുകൂടിയാവണം ഈ മനുഷ്യമതില്‍ . മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണെന്നതോ, ഒമ്പതുമാസങ്ങള്‍ക്കിടയില്‍ അവിടെ 27 ഭൂചലനങ്ങള്‍ ഉണ്ടായി എന്നതോ, ആധുനിക ശാസ്ത്രീയരീതികളിലല്ല അത് നിര്‍മിച്ചിട്ടുള്ളതെന്നതോ, നഗ്നനേത്രങ്ങള്‍ മുതല്‍ ശാസ്ത്രീയപഠനങ്ങള്‍വരെ അതിന്റെ ബലക്ഷയം സ്ഥിരീകരിക്കുന്നുവെന്നതോ, പ്രഖ്യാപിത ആയുസ്സ് കഴിഞ്ഞ് ആറര പതിറ്റാണ്ടുകൂടി ഡാം പിന്നിട്ടിരിക്കുന്നുവെന്നതോ, അതിന്റെ തകര്‍ച്ച നാല്‍പ്പതുലക്ഷംപേരെ കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോകുമെന്നതോ യുപിഎ സര്‍ക്കാര്‍ ഗൗനിക്കുന്നില്ല എന്നത് ആശങ്കയോടെയേ കാണാനാവൂ. കേന്ദ്രത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനോ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടുത്തി സമ്മര്‍ദം ചെലുത്താനോ അതിന് ഒരു ഏകോപിതരൂപം കൈവരുത്താനോ സംസ്ഥാന സര്‍ക്കാരിനും യുഡിഎഫിനും കഴിയുന്നില്ല എന്നത് ഉല്‍ക്കണ്ഠ വര്‍ധിപ്പിക്കുന്നു. കോടതിയില്‍പോലും പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് കേരളത്തിന്റെ പൊതുതാല്‍പ്പര്യം അപകടപ്പെടുത്തുന്ന അവസ്ഥയാണ് യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നത് എന്നത് നിര്‍ഭാഗ്യകരമാണ്. പുതിയ ഡാം എന്ന ആശയം അന്തര്‍സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ചത് ഇ കെ നായനാരുടെ നേതൃത്വത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് സര്‍ക്കാരാണ്. ശാശ്വതപരിഹാരത്തിനായി ജസ്റ്റിസ് എ എസ് ആനന്ദ് ചെയര്‍മാനായി ഉന്നതാധികാരസമിതിയെ നിയോഗിക്കുന്നതിന് വഴിവച്ചതും ദുരന്തനിവാരണത്തിനുള്ള പദ്ധതി തുടങ്ങിവച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണെന്നത് അഭിമാനപൂര്‍വമേ വിലയിരുത്താനാവൂ. തുടര്‍നടപടികളില്ലാതെ ആ ശ്രമങ്ങളെ വഴിയിലുപേക്ഷിച്ചതും മന്‍മോഹന്‍സിങ്ങിന്റെ നിഷ്ക്രിയത്വം അവസാനിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുപ്പിക്കാന്‍ ഒരു നീക്കവും നടത്താതിരിക്കുന്നതും യുഡിഎഫ് സര്‍ക്കാര്‍ കേരളജനതയോടു ചെയ്യുന്ന കുറ്റകൃത്യമാണ്. സുര്‍ക്കി സമ്പ്രദായപ്രകാരം നിര്‍മിച്ച അണക്കെട്ടിനു പകരമായി ഭൂകമ്പത്തെ അതിജീവിക്കാനുള്ള സംവിധാനമുള്ളതും ആധുനിക ശാസ്ത്രീയ-സാങ്കേതിക സംവിധാനങ്ങളെ അടിസ്ഥാനപ്പെടുത്തുന്നതുമായ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നും തമിഴ്നാടിന് അര്‍ഹതപ്പെട്ട ജലം നല്‍കണമെന്നും മനുഷ്യമതില്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യമാണ്. ഇത് അംഗീകരിക്കപ്പെടുന്ന സാഹചര്യമൊരുക്കാന്‍ ഉത്തരവാദിത്തമുള്ള യുപിഎ സര്‍ക്കാര്‍ നിഷ്ക്രിയത്വം വെടിഞ്ഞ് പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുക്കണമെന്നും അതിലേക്ക് കേന്ദ്രത്തെ നയിക്കുന്ന വിധത്തില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ വൈകാരികനാട്യങ്ങള്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍ കര്‍മരംഗത്തിറങ്ങണമെന്നും ആവശ്യപ്പെടുന്നതാണ് മനുഷ്യമതില്‍ . ദശലക്ഷക്കണക്കായ ജനങ്ങളുടെ ജീവരക്ഷയ്ക്കപ്പുറം പ്രാധാന്യമുള്ളതായി മറ്റൊന്നിനെയും കരുതാത്തവിധം യുദ്ധകാലാടിസ്ഥാനത്തില്‍ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കാനും ഡാം മുതല്‍ കടല്‍വരെയുള്ള താഴ്വാരപ്രദേശങ്ങള്‍ക്കായി രക്ഷാസംവിധാനങ്ങള്‍ക്കുള്ള മാസ്റ്റര്‍പ്ലാന്‍ അടിയന്തരമായി തയ്യാറാക്കാനും ഉള്ള ആവശ്യം അവഗണിക്കപ്പെട്ടുകൂടാ. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കേണ്ടതുണ്ട്. ഇതിനിടെ സ്ഥാപിത താല്‍പ്പര്യക്കാര്‍ ഈ പ്രശ്നത്തെ തമിഴ്- കേരള സമൂഹങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ആ ശ്രമങ്ങളുടെ ദുഷ്ടലാക്ക് മനസിലാക്കി അതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. തമിഴ്- മലയാളി സാഹോദര്യം ഊട്ടിയുറപ്പിക്കുന്നവിധത്തിലാവണം മനുഷ്യമതില്‍ . മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ ഏകോപിതമായ നിലപാട് കൈക്കൊള്ളാന്‍പോലും യുഡിഎഫിനും മന്ത്രിസഭയ്ക്കും കഴിയുന്നില്ല എന്നത് ഉല്‍ക്കണ്ഠാജനകമാണ്. സര്‍ക്കാരിനുവേണ്ടി കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ എഴുതിക്കൊടുക്കുന്നത് ഒന്ന്; വാക്കാല്‍ പറയുന്നത് മറ്റൊന്ന്. കേരളതാല്‍പ്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണ് സര്‍ക്കാര്‍നടപടികള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ .

യുഡിഎഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ നിലപാട് ഒന്ന്; ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന്റേത് മറ്റൊന്ന്. സത്യഗ്രഹം പാടില്ല എന്ന് മുഖ്യമന്ത്രി. സത്യഗ്രഹവുമായി മന്ത്രിമാരായ മാണിയും ജോസഫും! എജിക്ക് ഒരുനിമിഷം ആ സ്ഥാനത്തു തുടരാന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍! എജി മാറേണ്ടതില്ലെന്ന് മുഖ്യമന്ത്രി! നിയമവകുപ്പിന്റെ നിലപാട് ഒന്ന്; നിയമവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ പറയുന്നത് മറ്റൊന്ന്! മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി താങ്ങിക്കൊള്ളുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ . ഉറപ്പില്ലെന്ന് കോടതിയില്‍ സര്‍ക്കാര്‍! ഇങ്ങനെ നോക്കിയാല്‍ വൈരുധ്യം നിറഞ്ഞതാണ് യുഡിഎഫിന്റെ ഇതുസംബന്ധിച്ച നിലപാടുകള്‍ . പരസ്പര വിരുദ്ധമായി പറയാതെ പൊതുനിലപാടില്‍ ഒരുമിക്കാന്‍ യുഡിഎഫ് വൈകിയ വേളയിലെങ്കിലും തയ്യാറാവണം. കേന്ദ്രത്തിന്റെ അവഗണനാ മനോഭാവത്തിനും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ പരസ്പര വിരുദ്ധ നിലപാടുകള്‍ക്കുമിടയില്‍പ്പെട്ടു വലയുകയാണ് മുല്ലപ്പെരിയാര്‍തൊട്ട് കടല്‍വരെയുള്ള താഴ്വാരപ്രദേശങ്ങളിലെ ജനലക്ഷങ്ങള്‍ . ഇവരുടെ ജീവരക്ഷ മുന്‍നിര്‍ത്തിയുള്ള മഹാസംരംഭമാണ് മനുഷ്യമതില്‍ ; ഒപ്പം തമിഴ്നാടിനവകാശപ്പെട്ട ജലവിഹിതം ഉറപ്പാക്കാനുംകൂടിയാണിത്. ദേശീയബോധത്തോടും രാഷ്ട്രീയ പക്വതയോടുംകൂടി പ്രശ്നപരിഹാരം സൃഷ്ടിക്കാനുള്ള വിവേകം കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്കുണ്ടാവുന്നതിന് സഹായകമാവുംവിധം വിജയകരമാവട്ടെ മനുഷ്യമതിലും, അനുബന്ധ മനുഷ്യച്ചങ്ങലകളും!

deshabhimani editorial 081211

1 comment:

  1. കേന്ദ്രത്തിന്റെ അവഗണനാ മനോഭാവത്തിനും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ പരസ്പര വിരുദ്ധ നിലപാടുകള്‍ക്കുമിടയില്‍പ്പെട്ടു വലയുകയാണ് മുല്ലപ്പെരിയാര്‍തൊട്ട് കടല്‍വരെയുള്ള താഴ്വാരപ്രദേശങ്ങളിലെ ജനലക്ഷങ്ങള്‍ . ഇവരുടെ ജീവരക്ഷ മുന്‍നിര്‍ത്തിയുള്ള മഹാസംരംഭമാണ് മനുഷ്യമതില്‍ ; ഒപ്പം തമിഴ്നാടിനവകാശപ്പെട്ട ജലവിഹിതം ഉറപ്പാക്കാനുംകൂടിയാണിത്. ദേശീയബോധത്തോടും രാഷ്ട്രീയ പക്വതയോടുംകൂടി പ്രശ്നപരിഹാരം സൃഷ്ടിക്കാനുള്ള വിവേകം കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്കുണ്ടാവുന്നതിന് സഹായകമാവുംവിധം വിജയകരമാവട്ടെ മനുഷ്യമതിലും, അനുബന്ധ മനുഷ്യച്ചങ്ങലകളും!

    ReplyDelete