എജിക്കോ സര്‍ക്കാരിനോ ഏതെങ്കിലും വകുപ്പുകള്‍ക്കോ ഇക്കാര്യത്തില്‍ ഒരു തെറ്റും പറ്റിയിട്ടില്ല. എജിയുടെ വാദം മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണ്. അതേസമയം, വിവാദപ്രസ്താവന പിന്‍വലിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, തെറ്റായ പ്രസ്താവന എങ്ങനെ കോടതിയില്‍ വന്നെന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല. കേരളത്തിന്റെ വാദങ്ങളുടെ മുനയൊടിച്ച് തമിഴ്നാടിന് ആയുധം നല്‍കിയ എജിയെ പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് മന്ത്രിമാരും കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളും പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , മന്ത്രിസഭാംഗങ്ങളുടെയും കെപിസിസി നേതൃത്വത്തിന്റെയും ആവശ്യം മുഖ്യമന്ത്രി തള്ളി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന കെപിസിസി നിര്‍വാഹകസമിതിയിലും നടപടിവേണമെന്ന ആവശ്യം ഉയര്‍ന്നു. ഇക്കാര്യം മന്ത്രിസഭ തീരുമാനിക്കുമെന്നാണ് യോഗശേഷം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചത്. മന്ത്രിസഭായോഗത്തിലേക്ക് വിളിച്ചുവരുത്തി തന്റെ നിലപാട് ന്യായീകരിക്കാന്‍ എജിക്ക് മുഖ്യമന്ത്രി അവസരം ഒരുക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവന ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്നും തനിക്ക് ഇങ്ങനെയേ ചെയ്യാനാകൂ എന്നും എജി മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി. എജിയുടെ വിശദീകരണം അതേപടി മന്ത്രിമാര്‍ അംഗീകരിച്ചു. മുല്ലപ്പെരിയാര്‍ പ്രത്യേക സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍നായരും മന്ത്രിസഭായോഗത്തില്‍ നിലപാട് വിശദീകരിച്ചു.
സംസ്ഥാനതാല്‍പ്പര്യം ഹനിക്കുന്ന ഒരു പരാമര്‍ശവും എജിയില്‍നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ജലനിരപ്പും ഡാമിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് എജി അറിയിച്ചത്. തെറ്റായ വാര്‍ത്തകളാണ് ഇതുസംബന്ധിച്ച് വന്നതെന്നും എജി പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. കെ എം മാണിയും പി ജെ ജോസഫും എജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ , അത് എജിക്കു പറയാനുള്ളത് കേള്‍ക്കുന്നതിനുമുമ്പുള്ള നിലപാടാണെന്നായിരുന്നു മറുപടി. എജിയുടെ വിവാദപരാമര്‍ശം സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നപ്പോഴും എജിയുടെ പ്രസ്താവന തമിഴ്നാട് ആയുധമാക്കിയത് ചൂണ്ടിക്കാണിച്ചപ്പോഴും മുഖ്യമന്ത്രി മിണ്ടിയില്ല. എജിയെ സംരക്ഷിക്കാനുള്ള മന്ത്രിസഭാതീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരനടക്കമുള്ളവര്‍ രംഗത്തുവന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി എഴുന്നേറ്റുപോയി. ഒന്നും പറയാനില്ലെന്ന് മന്ത്രി കെ എം മാണിയും പ്രതികരിച്ചു. (പേജ് 5 കാണുക)
കടിച്ചുകീറാന്‍ നിന്നവര്‍ മിണ്ടിയില്ല; നിറചിരിയോടെ എജി മടങ്ങി
തിരു: മന്ത്രിസഭായോഗത്തില്‍ എജിയെ കടിച്ചുകുടയുമെന്ന് വീമ്പുപറഞ്ഞ മന്ത്രിമാര്‍ ഒടുവില്‍ പഞ്ചപുച്ഛമടക്കി വിശദീകരണം കേട്ടിരുന്നതേയുള്ളൂ. തന്റെ ഭാഗം ന്യായീകരിച്ച എജി കെ പി ദണ്ഡപാണിയാകട്ടെ മന്ത്രിമാര്‍ക്കെതിരെ കുത്തുവാക്കുകളും എയ്തുവിട്ടു. ഹൈക്കോടതിയില്‍ നടത്തിയ വെളിപ്പെടുത്തലില്‍നിന്ന് തെല്ലിടപോലും പിന്നോട്ടുപോകാന്‍ എജി തയ്യാറായതുമില്ല. ഗൗരവംപൂണ്ട മുഖവുമായി എത്തിയ എജിയോട് ചിരിച്ചുകൊണ്ട് മടങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതോടെ ക്യാബിനറ്റ് റൂമില്‍ മന്ത്രിമാരുടെ പൊട്ടിച്ചിരിയുയര്‍ന്നു. മന്ത്രിസഭായോഗത്തില്‍ എജി വരുന്നതിനുമുമ്പാണ് മന്ത്രിമാര്‍ക്ക് "പൊട്ടിത്തെറിക്കാന്‍" മുഖ്യമന്ത്രി അവസരം നല്‍കിയത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉപവാസ സമരം കഴിഞ്ഞെത്തിയ മന്ത്രിമാരായ കെ എം മാണിയും പി ജെ ജോസഫുമെല്ലാം വീര്യംചോരാതെ പൊരുതുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എജിയുടെ വിവാദ പ്രസ്താവന കേരളത്തിന്റെ താല്‍പ്പര്യം ഹനിച്ചെന്ന് പി ജെ ജോസഫ് കുറ്റപ്പെടുത്തി. നിയമവകുപ്പുമായി ഒന്നും ആലോചിച്ചിട്ടില്ലെന്ന പരാതിയില്‍ മാണി സംതൃപ്തനായി. എജിയെ കൈവിടാന്‍ മുഖ്യമന്ത്രി തയ്യാറാകില്ലെന്ന് മന്ത്രിമാര്‍ക്ക് നേരത്തേതന്നെ വ്യക്തമായ സൂചന കിട്ടിയിരുന്നു. ഇത് മനസ്സിലാക്കിയ മന്ത്രിമാര്‍ പൊല്ലാപ്പ് വേണ്ടെന്ന് തീരുമാനിച്ചതായാണ് വിവരം. മാണിയും മറ്റും ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രിയാണ് മറുപടി നല്‍കിയത്.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷമായിരുന്നു എജിയുടെ രംഗപ്രവേശം. എജി വിശദീകരണം തുടങ്ങിയതോടെ മന്ത്രിമാര്‍ കേള്‍വിക്കാരായി. ജലനിരപ്പ്, ഡാമിന്റെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് കോടതിയില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു എജിയുടെ വിശദീകരണം. സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ സത്യവാങ്മൂലത്തില്‍ ഒതുങ്ങിനിന്നതേയുള്ളൂ. കോടതിയില്‍ കയറുംമുമ്പ് പലതവണ ദുരന്തനിവാരണത്തിന്റെ ചുമതലക്കാരനായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ എന്നിവരുമായി സംസാരിച്ചിരുന്നെന്നും എജി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ പ്രതിക്കൂട്ടിലാകുമെന്ന് കണ്ടതോടെ മുഖ്യമന്ത്രി ഇടപെട്ടു. അനുബന്ധ സത്യവാങ്മൂലം നല്‍കി വിട്ടുപോയത് പരിഹരിക്കാമെന്നായി മുഖ്യമന്ത്രി. ഇതിനായി മന്ത്രിസഭാ ഉപസമിതിയും രൂപീകരിച്ചു. എജിക്ക് മന്ത്രിസഭയുടെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
രാജിക്കത്ത് നല്‍കി മടങ്ങേണ്ടിവരുമെന്ന് പ്രതീക്ഷിച്ച എജിക്ക് മന്ത്രിമാര്‍ പിന്തുണ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് പിന്നീട് നടന്നത്. തിരികെ പോകുമ്പോള്‍ ചിരിക്കുന്ന മുഖത്തോടെയായിരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന സ്വീകരിച്ച എജി ക്യാബിനറ്റ് മുറിയില്‍ നിന്ന് ചിരിച്ചുകൊണ്ടാണ് ഇറങ്ങിയത്. കാറില്‍ കയറി മടങ്ങുംവരെ അദ്ദേഹം പ്രസന്നവദനനായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എജിക്ക് പിന്നാലെ വിവാദ പ്രസ്താവന നടത്തിയ വിദഗ്ധസമിതി ചെയര്‍മാന്‍ എം കെ പരമേശ്വരന്‍നായരെയും മന്ത്രിസഭായോഗത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വിശദീകരണം നല്‍കിയശേഷം സ്ഥാനം ഒഴിയുമെന്നാണ് അദ്ദേഹം ബുധനാഴ്ച അടുപ്പമുള്ളവരോടെല്ലാം പറഞ്ഞത്. പക്ഷേ മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹവും നിലപാട് മാറ്റി. മന്ത്രിമാര്‍ ഉറച്ചപിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് നിലപാട് മാറ്റിയതെന്നാണ് പരമേശ്വരന്‍നായരുടെ വെളിപ്പെടുത്തല്‍ . എജിയെ സംരക്ഷിക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ കലാപം ഉയര്‍ന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചതായാണ് വിവരം. വി എം സുധീരന്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു.
എജിയെ സംരക്ഷിച്ച മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല: വി എസ്
ചപ്പാത്ത്: കേരളത്തിന്റെ താല്‍പര്യത്തിന് എതിരായ നിലപാടെടുത്ത അഡ്വക്കറ്റ് ജനറലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചപ്പാത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഇടുക്കി താങ്ങിക്കോളുമെന്ന അബദ്ധജടില സത്യവാങ്മൂലം കോടതിയില്‍ നല്‍കിയ എജിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം സംസ്ഥാനത്ത് ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. എജിയുടെ നിലപാട് തിരുത്തുമെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഉറപ്പ് വീണ്ടും അട്ടിമറിച്ചതായി മന്ത്രിസഭായോഗം പരാമര്‍ശിച്ച് വി എസ് വ്യക്തമാക്കി. അഞ്ചു ജില്ലകളിലെ ലക്ഷക്കണക്കിന് ജനതയെ കൊലയ്ക്ക് കൊടുക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. തമിഴ്നാടിനുവേണ്ടി കേരളത്തിനെതിരായ ഭ്രാന്തന്‍ വാദവുമായി മുന്‍പും എജി പോയിട്ടുണ്ട്. സംസ്ഥാന താല്‍പ്പര്യത്തെ ബലികഴിക്കുന്ന എജിയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നേടിയ മേല്‍ക്കൈ അട്ടിമറിക്കുംവിധമാണ് കാര്യങ്ങളുടെ പോക്ക്. കേരളത്തിന്റെ വാദമുഖങ്ങളെ ദുര്‍ബലമാക്കുന്ന നിലപാടെടുക്കുന്ന എജിയെ വെച്ചുപൊറുപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് ജനവിരുദ്ധമാണെന്നും വി എസ് പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ എന്‍ കെ പ്രേമചന്ദ്രന്‍ , പി സി തോമസ്, എംഎല്‍എമാരായ കെ കെ ജയചന്ദ്രന്‍ , എ കെ ശശീന്ദ്രന്‍ , വി എസ് സുനില്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 081211
No comments:
Post a Comment