രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മണ്‍മറഞ്ഞ മലയാളി ചലച്ചിത്രപ്രതിഭകളോട് അനാദരം. അന്തരിച്ച വിദേശ ചലച്ചിത്ര പ്രതിഭകളോടുള്ള ബഹുമാനാര്‍ഥം മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ കഴിഞ്ഞവര്‍ഷം അന്തരിച്ച മലയാള ചലച്ചിത്ര പ്രതിഭകളെ അക്കാദമി മറന്നു. കേരളത്തില്‍ നവ സിനിമയുടെ തുടക്കക്കാരില്‍ ഒരാളായ സംവിധായകന്‍ രവീന്ദ്രന്‍ , പ്രമുഖ ഛായാഗ്രാഹകന്‍ വിപിന്‍ദാസ്, സിനിമയിലും മികച്ച സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ കാക്കനാടന്‍ , സംഗീത സംവിധായകന്‍ ജോണ്‍സണ്‍ , പ്രമുഖ നടി ആറന്മുള പൊന്നമ്മ, വടക്കന്‍പാട്ട് സിനിമകളുടെ തിരക്കഥാകൃത്ത് ശാരംഗപാണി, ഗാനരചയിതാവും അഭിനേതാവുമായ മുല്ലനേഴി തുടങ്ങിയ നിരവധിപേര്‍ ഈവര്‍ഷം മലയാളത്തോട് വിടപറഞ്ഞു. ഇവരുടെ ചിത്രങ്ങള്‍ ഇക്കുറി മേളയ്ക്കില്ല. ഹോമേജ് വിഭാഗത്തില്‍ ഇവരുടെ ചിത്രങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ച് ചോദിക്കുമ്പോള്‍ അക്കാദമി അധികൃതര്‍ കൈമലര്‍ത്തുന്നു. ഹോമേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രതിഭകളുടെ ജീവചരിത്രം ഉള്‍പ്പെടുത്തി അക്കാദമി പുസ്തകമിറക്കുന്ന കീഴ്വഴക്കമുണ്ട്. ഇക്കുറി അതുമില്ല. അഭിനയപ്രതിഭ എലിസബത്ത് ടെയ്ലര്‍ , ഫ്രഞ്ച് ചലച്ചിത്രകാരന്‍ റൗള്‍ റൂയ്സ്, ബംഗ്ലാദേശി സംവിധായകന്‍ താരിഖ് മസൂദ്മണികൗള്‍ എന്നിവരുടെ ചിത്രങ്ങളാണ് ഹോമേജില്‍ ഉള്‍പ്പെടുത്തിയത്.
സിനിമാ ചരിത്രത്തില്‍ നിര്‍ണായക സാന്നിധ്യങ്ങളായ ഹരിജന്‍ (തെലുങ്ക്, 1976), ഇനിയും മരിച്ചിട്ടില്ലത്ത നമ്മള്‍ (1997), ഒരേ തൂവല്‍ പക്ഷികള്‍ (1988) എന്നിവ ഒരുക്കിയ രവീന്ദ്രന്‍ നിരവധി ഡോക്കുമെന്ററികളും സംവിധാനം ചെയ്തു. ചലച്ചിത്രനിരൂപണരംഗത്തും മികച്ച സംഭാവന നല്‍കി. രവീന്ദ്രന്റെ മരണശേഷമുള്ള ചലച്ചിത്രമേളയില്‍ അദ്ദേഹത്തിന്റെ ചിത്രം ഒഴിവാക്കിയതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ മുകളില്‍ നിന്നുള്ള തീരുമാനമാണെന്നാണ് ചില അക്കാദമി ഭാരവാഹികളുടെ മറുപടി. മലയാളത്തില്‍ ആധുനികതയുടെ വക്താവായ കാക്കനാടന്‍ ഓണപ്പുടവ (സംവിധാനം-കെ ജി ജോര്‍ജ്), പാര്‍വതി, പറങ്കിമല (ഭരതന്‍) എന്നിവയ്ക്ക് തിരക്കഥയൊരുക്കി. കമലിന്റെ ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസിന്റെ കഥ കാക്കനാടന്റേതാണ്. ജെ സി ഡാനിയേല്‍ പുരസ്കാരം നേടിയ ആറന്മുള പൊന്നമ്മയുടെ ചിത്രങ്ങള്‍ ഒഴിവാക്കിയതിനും ന്യായീകരണമില്ല.
ആറന്മുള പൊന്നമ്മയുടെ ചിത്രങ്ങള്‍ മുമ്പ് മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്നാണ് അധികൃതരുടെ നിലപാട്. മണിമുഴക്കം, കബനി നദി ചുമന്നപ്പോള്‍ , അവളുടെ രാവുകള്‍ , ചില്ല്, ഒരിടത്തൊരു ഫയല്‍വാന്‍ , ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയവയുടെ ഛായാഗ്രാഹകന്‍ വിപിന്‍ ദാസിനെയും അക്കാദമി മറന്നു. പശ്ചാത്തല സംഗീതമൊരുക്കുന്നതിന് രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ ജോണ്‍സണ്‍ ഈ രംഗത്ത് തന്റേതായ പാത വെട്ടിത്തുറന്ന വ്യക്തിയാണ്. ശാരംഗപാണി മലയാളസിനിമയുടെ കറുപ്പും വെളുപ്പും കാലഘട്ടത്തില്‍ ഉദയ-നവോദയ സ്റ്റുഡിയോകള്‍ക്ക് വേണ്ടി മാത്രം മുപ്പതിലേറെ വടക്കന്‍പാട്ട് സിനിമകളുടെ തിരക്കഥ ഒരുക്കി. നടന്‍ മധു സംവിധാനം ചെയ്ത ആദ്യ ചിത്രം പ്രിയയുടെ നിര്‍മാതാവും പ്രമുഖ വിതരണക്കാരനുമായ എന്‍ പി അബുവും ഈ വര്‍ഷമാണ് അന്തരിച്ചത്. മധുവിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കൂട്ടത്തിലും പ്രിയ ഉള്‍പ്പെടുത്തിയിട്ടില്ല.
വിരുന്നുകാരി മുതല്‍ പരിണയം വരെ സിനിമാചരിത്രത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്താനാകാത്ത ഏഴു ചിത്രത്തിന്റെ നിര്‍മാതാവായ ഉദ്യോഗസ്ഥ വേണു, പി എന്‍ മേനോന്‍ ഒരുക്കിയ റോസിയുടെ നിര്‍മാതാവ് മണിസ്വാമി, തമിഴ്-മലയാളം ചിത്രങ്ങളില്‍ സജീവമായിരുന്ന നടി സുജാത തുടങ്ങിയവരും ഈവര്‍ഷം മലയാളത്തോട് വിടപറഞ്ഞു. അന്തരിച്ച സംവിധായകന്‍ മോഹന്‍ രാഘവന്റെ ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി അക്കാദമി ഹോമേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു.
(ഗിരീഷ് ബാലകൃഷ്ണന്‍)
deshabhimani 131211
രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മണ്‍മറഞ്ഞ മലയാളി ചലച്ചിത്രപ്രതിഭകളോട് അനാദരം. അന്തരിച്ച വിദേശ ചലച്ചിത്ര പ്രതിഭകളോടുള്ള ബഹുമാനാര്‍ഥം മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ കഴിഞ്ഞവര്‍ഷം അന്തരിച്ച മലയാള ചലച്ചിത്ര പ്രതിഭകളെ അക്കാദമി മറന്നു.
ReplyDelete