Saturday, December 10, 2011

തമിഴ്നാടിന് കല്‍പന നല്‍കാനാവില്ല: ആന്റണി

കണ്ണൂര്‍ : മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിന് കല്‍പന നല്‍കാനാവില്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. നിശ്ചയിച്ച ചര്‍ച്ച നടന്നില്ലെങ്കിലും കേന്ദ്രം മനസ്സുമടുത്ത് പിന്‍മാറില്ല. രണ്ടു കുട്ടരുടേയും വാദങ്ങള്‍ കേട്ട് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യും. നിയമപരമായ കല്‍പന രൂപത്തില്‍ തീരുമാനമെടുത്ത് അടിച്ചേല്‍പിക്കാനാവില്ല. കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയേയും ജലവിഭവ മന്ത്രിയേയും താന്‍ അറിയിച്ചു. കോടതി നടപടികള്‍ക്ക് സമാന്തരമായി പ്രശ്നപരിഹാരത്തിനുള്ള ശക്തമായ ശ്രമങ്ങള്‍ കേരളം മുന്നോട്ടുകൊണ്ടുപോകും. തര്‍ക്കം കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടാനിടയാക്കരുത്. തമിഴനും മലയാളിയും തമ്മിലുള്ള അക്രമമായി വളരാതിരിക്കാന്‍ ഇരു സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയപാര്‍ടികളും ജാഗ്രത പുലര്‍ത്തണം. ആണവ ശക്തിയായ പാകിസ്ഥാനിലെ അസ്ഥിരാവസ്ഥ ആശങ്കാജനകമാണ്. സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്്. പാകിസ്ഥാനില്‍ കെട്ടുറപ്പും സമാധാനവും ഇന്ത്യയുടേയും ആവശ്യമാണ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടത്തുന്നതും ഭീകരന്‍മാര്‍ താവളമടിക്കുന്നതും തടയാന്‍ പാകിസ്ഥാന്‍ ഗവര്‍മെണ്ട് നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. മുംബൈ ഭീകരാക്രമണ കേസിലെ മുഴുവന്‍ പ്രതികളെ പിടികൂടുന്നതിന് സഹായകമായ നിലപാടും അവര്‍ സ്വീകരിച്ചിട്ടില്ല. ഇതൊക്കെയാണെങ്കിലും അയല്‍ രാജ്യവുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

കേരളത്തിന്റെ ഭദ്രമല്ലാത്ത സാമ്പത്തികനില പരിഗണിച്ച് പ്രത്യേക സാമ്പത്തിക സഹായം കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണ്. ഏഴിമല നാവിക അക്കാദമി രണ്ടാംഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 140 കോടിയുടെ പദ്ധതിയാണിത്്. ഇവിടെ പരിശീലനം നല്‍കുന്ന കേഡറ്റുകളുടെ എണ്ണം 1200 ആയി ഉയര്‍ത്തും. ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി 2014 ല്‍ പൂര്‍ത്തിയാകും. കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട്ടേക്ക് മാറ്റാന്‍ തീരുമാനമായതാണ്.കണ്ണൂരില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം തീരുമാനം മരവിപ്പിച്ചിരിക്കുയാണ്്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ നിയന്ത്രിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലേ ഇല്ലെന്ന് ആന്റണി വ്യക്തമാക്കി. കണ്ണൂര്‍ സൈനിക ആശുപത്രി ഉള്‍പടെ രാജ്യത്തെ 44 ആശുപത്രികള്‍ നവീകരിക്കും. കന്റോണ്‍മെന്റ് നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരഹാരം കാണും. പരിയാരം മെഡിക്കല്‍ കോളേജ് പ്രതിരോധവകുപ്പ് ഏറ്റെടുക്കാന്‍ ആലോചിച്ചിട്ടേയില്ലെന്ന് ആന്റണി ചോദ്യത്തിന് മറുപടി നല്‍കി. പ്രസ്ക്ലബ് പ്രസിഡണ്ട് കെ എന്‍ ബാബു അധ്യക്ഷനായി. സെക്രട്ടറി സി കെ കുര്യാച്ചന്‍ സ്വാഗതം പറഞ്ഞു.

മരണംവരെ സമരമെന്ന് ജോസഫ്; പ്രധാനമന്ത്രി വാതുറക്കണമെന്ന് മാണി

മുല്ലപ്പെരിയാര്‍ഭീഷണി മറികടക്കുന്നതിനുള്ള പോംവഴി തേടിയ പ്രത്യേക ചര്‍ച്ചയിലും നിയമസഭയില്‍ നിറഞ്ഞത് ആശങ്ക. പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാകണമെന്ന പൊതുവികാരമാണ് മൂന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സഭാംഗങ്ങള്‍ പങ്കുവച്ചത്. അണക്കെട്ടിന്റെ സുരക്ഷ, തമിഴ്നാടിന് വെള്ളം. ഈ രണ്ടു കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് സഭ ഒരേവികാരത്തില്‍ വ്യക്തമാക്കി. മരണംവരെ നിരാഹാരം നടത്തുമെന്ന മന്ത്രി പി ജെ ജോസഫിന്റെ പ്രഖ്യാപനവും പ്രധാനമന്ത്രി വാതുറക്കണമെന്ന മന്ത്രി കെ എം മാണിയുടെ ആവശ്യവും സഭയില്‍ വേറിട്ട ശബ്ദമായി. ചര്‍ച്ചയ്ക്കൊടുവില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം സഭ ഐകകണ്ഠ്യേന അംഗീകരിച്ചു.

അതേസമയം, പ്രശ്നപരിഹാരത്തിനുള്ള പുതിയ നിര്‍ദേശങ്ങളൊന്നും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞില്ല. എജിയുടെ വിവാദവെളിപ്പെടുത്തല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. എജിക്ക് വിവരം നല്‍കിയത് ഏത് വകുപ്പില്‍നിന്നാണെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മന്ത്രിമാര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ഡാം സുരക്ഷാനിയമം നടപ്പാക്കിയില്ലെങ്കില്‍ ക്രിസ്മസ് കഴിഞ്ഞാല്‍ രാജ്ഘട്ടില്‍ മരണംവരെ ഉപവാസം കിടക്കുമെന്ന് ജോസഫ് പ്രഖ്യാപിച്ചപ്പോള്‍ സഭയില്‍ ഇങ്ങനെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ , ജോസഫ് ക്ഷമചോദിച്ച് തലയൂരി. ഉപവാസം കിടക്കുമെന്നു പറയാന്‍ പാടില്ലെന്ന ചട്ടമില്ലെന്ന് കോടിയേരി ബാലകൃഷ്ണനും ഇടപെട്ട് പറഞ്ഞു. വട്ടമേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച നടത്തി, തമിഴ്നാട് തെറ്റുചെയ്തെങ്കില്‍ അത് വാതുറന്ന് പറയാന്‍ പ്രധാനമന്ത്രി തയ്യാറാകണം-മാണി പറഞ്ഞു. കോണ്‍ഗ്രസ് നയപരമായ തീരുമാനം എടുത്താല്‍ അടുത്ത ദിവസം പ്രശ്നം തീരുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാര്‍ എടുത്ത നിലപാടിനെതുടര്‍ന്നാണ് 2006ല്‍ സുപ്രീംകോടതിയില്‍നിന്ന് എതിരായി വിധിയുണ്ടായത്. അന്നത്തെ വാദഗതിയാണ് ഇപ്പോള്‍ എജി ഹൈക്കോടതിയില്‍ ഉന്നയിച്ചത്. എജിയുടെ നിലപാടിനെതുടര്‍ന്നാണ് അതുവരെ മൗനമായിരുന്ന തമിഴ്നാട് രംഗത്തുവന്നത്-കോടിയേരി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ എജിയെ ക്യാബിനറ്റില്‍ വിളിച്ചുവരുത്തി അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. എജിക്ക് വിവരം നല്‍കിയതില്‍ കുറ്റക്കാരനായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല-വി എസ് പറഞ്ഞു. മുള്ളും മുനയും വച്ചാണ് കോടിയേരി സംസാരിച്ചതെന്ന് എജിയുടെ സത്യവാങ്മൂലത്തെ ന്യായീകരിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെയും മറ്റും സമരം വഞ്ചനയാണെന്ന് സി ദിവാകരന്‍ പറഞ്ഞു. തങ്ങളെ ആപത്തിലേക്ക് എറിയരുതേയെന്നാണ് മുല്ലപ്പെരിയാര്‍ജനതയുടെ നിലവിളിയെന്ന് ഇ എസ് ബിജിമോള്‍ പറഞ്ഞു. വി ഡി സതീശന്‍ , ജോസ് തെറ്റയില്‍ , എം വി ശ്രേയാംസ്കുമാര്‍ , എ എ അസീസ്, കെ ടി ജലീല്‍ , എം പി അബ്ദുസമദ് സമദാനി, ബെന്നി ബഹനാന്‍ , ടി എ അഹമ്മദ് കബീര്‍ , തോമസ്ചാണ്ടി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഭരണകക്ഷിബെഞ്ചില്‍ കളിചിരി, തമാശ

ജനങ്ങളെയാകെ മുള്‍മുനയിലും ഉല്‍ക്കണ്ഠയിലും നിര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനം ഭരണകക്ഷി അംഗങ്ങളുടെ കളിചിരിയിലും തമാശക്കളിയിലും മുങ്ങി. ചര്‍ച്ചയുടെ ഗൗരവം ചോര്‍ത്തിക്കൊണ്ട് മന്ത്രിമാരും ചീഫ് വിപ്പും ഉള്‍പ്പെടെയുള്ള ഭരണകക്ഷി അംഗങ്ങള്‍ സ്വകാര്യ സംഭാഷണത്തിലും ശുപാര്‍ശകളിലും കളിചിരി തമാശകളിലും മുഴുകിയപ്പോള്‍ സ്പീക്കര്‍ അഞ്ച് തവണ ഇടപെട്ടു. അംഗങ്ങളോട് പറയാനല്ലാതെ പുറത്താക്കാന്‍ കഴിയില്ലല്ലോ എന്ന് സഹികെട്ട് സ്പീക്കര്‍ക്ക് പറയേണ്ടിവന്നു.

മന്ത്രി കെ ബി ഗണേശ്കുമാര്‍ സഭ തുടങ്ങി അഞ്ച് മിനിറ്റിന് ശേഷം കഴിയുന്നതുവരെ സ്വന്തം സീറ്റിലിരുന്നില്ല. ടി എന്‍ പ്രതാപനും ഷാഫി പറമ്പിലിനുമൊപ്പം പിന്‍സീറ്റിലിരുന്ന മന്ത്രി സഭ പിരിയുന്നതുവരെ കൈയിലുള്ള എന്തോ സാധനം നോക്കിയിരിക്കുകയായിരുന്നു. മൂവരും സഭാനടപടികളെക്കുറിച്ച് അറിഞ്ഞ മട്ടും ഭാവിച്ചില്ല. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് തലങ്ങും വിലങ്ങും നടക്കുമ്പോള്‍ ജി സുധാകരന്‍ ഭരണകക്ഷി അംഗങ്ങളുടെ സമീപനം സ്പീക്കറുടെ ശ്രദ്ധയില്‍പെടുത്തി. സഭയില്‍ "അലഞ്ഞു നടക്കുന്ന" മന്ത്രി പി കെ അബ്ദുറബ്ബിനോടും ചീഫ് വിപ്പ് പി സി ജോര്‍ജിനോടും സ്പീക്കര്‍ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. മറ്റു ചില ഭരണകക്ഷി അംഗങ്ങള്‍ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കാനും ശുപാര്‍ശ ചെലുത്താനുമുള്ള അവസരമാക്കി സമ്മേളനത്തെ മാറ്റി.

പ്രധാനമന്ത്രിയെ ജയലളിത വകവയ്ക്കുന്നില്ല: ചെന്നിത്തല

മുല്ലപ്പെരിയാര്‍ വിഷയം ഇരു സംസ്ഥാനങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി അയച്ച കത്ത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വകവയ്ക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല. ഈ നിലപാട് മാറ്റി കോടതിക്ക് പുറത്ത് ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് തമിഴ്നാട് തയ്യാറാകണമെന്ന് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിലൂടെ ഭീതിയും ദുരന്തവും പരസ്യവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് എം പി അബ്ദുള്‍ സമദ് സമദാനി കുറ്റപ്പെടുത്തി. വിഷയം ലൈവായി നിര്‍ത്താനുള്ള മാധ്യമ ശ്രമത്തിന്റെ ഭാഗമായാണ് കുട്ടികളെപ്പോലും ഉപയോഗിച്ച് പ്രകടനങ്ങള്‍ നടത്തുന്നതെന്ന് സമദാനി ആരോപിച്ചു. ആരും രാഷ്ട്രീയപ്രേരിത സമരം ഇളക്കിവിടുന്നില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. സുപ്രീംകോടതി വിധിവരെ കാത്തിരിക്കാന്‍ കേരളത്തിനാകില്ലെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. മാണി വിഭാഗത്തിന്റെ സമരത്തെ കക്ഷിതിരിച്ച് കാണേണ്ടതില്ലെന്ന് ടി എ അഹമ്മദ് കബീര്‍ പറഞ്ഞു. സുരക്ഷിതമായി ജീവിക്കാനുള്ള പൗരന്റെ അവകാശത്തിന്മേലാണ് തമിഴ്നാട് കടന്നുകയറുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.


തത്സമയ സംപ്രേഷണം പറ്റില്ലെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനം തത്സമയ സംപ്രേഷണം ചെയ്യാന്‍ ചാനലുകളെ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി. ഈ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാണെന്ന് ആവര്‍ത്തിച്ച് പറയുന്ന മുഖ്യമന്ത്രിയാണ് ചാനലുകള്‍ക്ക് വിലയ്ക്ക് ഏര്‍പ്പെടുത്തിയത്. മുമ്പ് വിവിധ വിഷയങ്ങള്‍ വന്നപ്പോള്‍ എല്ലാം തത്സമയ സംപ്രേഷണം ആകട്ടെ എന്ന് പറഞ്ഞ് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ഇതിനായി സ്പീക്കറില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തത് മുഖ്യമന്ത്രിയാണ്. എന്നാല്‍ , മുല്ലപ്പെരിയാര്‍ ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യുന്നതിനെ മുഖ്യമന്ത്രി എതിര്‍ത്തു. ചാനലുകളെ അംഗീകരിക്കാത്ത കാര്യം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരണപക്ഷം അനുവദിക്കാതെ താനെന്ത് ചെയ്യാനാണെന്ന് സ്പീക്കര്‍ ചോദിച്ചു.

ഭരണപക്ഷം ഭയപ്പെട്ടതുപോലെ തന്നെയാണ് സഭയില്‍ സംഭവിച്ചതും. ക്രിസ്മസ്സിനു ശേഷം രാജ്ഘട്ടില്‍ മരണംവരെ ഉപവാസമിരിക്കുമെന്ന മന്ത്രി പി ജെ ജോസഫിന്റെ പ്രഖ്യാപനം ഭരണപക്ഷത്തെ ഞെട്ടിച്ചു. പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ് കെ എം മാണി കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ ഇടതുപക്ഷത്തിന്റെ കാര്യം കൂടി പറയൂ എന്ന് കുഞ്ഞാലിക്കുട്ടി മാണിയെ ഉപദേശിച്ചെങ്കിലും ചെവിക്കൊണ്ടില്ല. എജിയെ ന്യായീകരിക്കാന്‍ തുനിയാത്ത മാണി അതെല്ലാം മുഖ്യമന്ത്രി പറയുമെന്ന വിശ്വാസം പ്രകടിപ്പിക്കുകയുംചെയ്തു.

deshabhimani news

No comments:

Post a Comment