Tuesday, December 13, 2011

എജി സമര്‍പ്പിച്ചത് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന്റെ അറിവോടെ. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് 48 മണിക്കൂര്‍ സമയം എജി കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട സമയം കോടതി അനുവദിച്ചു.  ഇത് അനുസരിച്ച് എജിയുടെ ഓഫീസ്  മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് എ ജി യുടെ ഓഫീസ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കി. റിപ്പോര്‍ട്ടില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജിയുടെ ഓഫീസിന് റിപ്പോര്‍ട്ട് തിരികെ നല്‍കി. ഇതാണ് എ ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

 ഹൈക്കോടതിയില്‍ എ ജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന്റേതല്ലെന്ന് പറയുന്ന റവന്യൂ മന്ത്രി തിരുവഞ്ചൂരിന്റെ പ്രസ്താവനകള്‍ ഇതോടെ കള്ളമെന്ന് തെളിയുകയാണ്. ഇക്കാര്യങ്ങള്‍ അഡ്വക്കേറ്റ് ജനറല്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എജിയെ  മാറ്റണമെന്ന തീരുമാനത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്നോട്ട് പോയത്. എജിക്കെതിരെ നടപടിയെടുത്താല്‍ റിപ്പോര്‍ട്ടില്‍ റവന്യൂ വകുപ്പിന്റെ ഇടപെടല്‍ വെളിച്ചത്താകും. ഇതോടെ തിരുവഞ്ചൂരിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കേണ്ടിവരും. ഇത് കൂടാതെ തെറ്റായ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കിയതിന് നിവേദിത പി ഹരനെതിരേയും അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടിവരും. ഇത്രമാത്രം ഗുരുതരമായ വിഷയത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍മേല്‍ സംസ്ഥാന റവന്യൂ വകുപ്പിന്റെ അനാസ്ഥ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് ശക്തി പകരും. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ കേരളത്തിന്റെ വാദങ്ങള്‍ തിരസ്‌കരിക്കാന്‍ സാധ്യതയുണ്ടെന്നും നിയമവിദഗ്ധര്‍ പറയുന്നു.

യു ഡി എഫ് സര്‍ക്കാരിന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവസ്ഥ: പന്ന്യന്‍

തളിപ്പറമ്പ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭരണാധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി പി ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിലെ പി യശോദ ടീച്ചര്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവസ്ഥയാണ് സംസ്ഥാനത്തെ യു ഡി എഫ് സര്‍ക്കാരിന്. വിഷയത്തില്‍ ഇടപെടണമെന്ന് പറഞ്ഞ് കെ പി സി സി പ്രസിഡന്റായ രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. എന്നാല്‍ ചെന്നിത്തല കത്ത് നല്‍കേണ്ടത് എ ഐ സി സി പ്രസിഡന്റായ സോണിയാഗാന്ധിക്കാണ്.

സി പി ഐയുടേത് നേരിന്റെ വഴിയാണ്. ഏറെ വൈതരണികളെ നേരിട്ടാണ് സി പി ഐ വളര്‍ന്നു വന്നത്. വ്യക്തമായ നയത്തോടും കാഴ്ചപ്പാടോടും കൂടി സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി പി ഐ. പോസ്‌കോ സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമം നടന്നപ്പോള്‍ അതിനെ നേരിടാന്‍ നേതൃത്വം കൊടുത്തത് സി പി ഐയാണ്. മറ്റു പ്രസ്ഥാനങ്ങളെപ്പോലെ സ്വത്ത് സമ്പാദനമല്ല സി പി ഐയുടെ ലക്ഷ്യമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ ഇ ഇസ്മയില്‍ എം പി, സി എന്‍ ചന്ദ്രന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ആര്‍ ചന്ദ്രമോഹനന്‍, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പള്ളിപ്രം ബാലന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വേലിക്കാത്ത് രാഘവന്‍ സ്വാഗതം പറഞ്ഞു.

കെ വി ഗംഗാധരന്‍, കെ ടി ജോസ്, താവം ബാലകൃഷ്ണന്‍, മഹേഷ് കക്കത്ത്, വി ആയിഷ ടീച്ചര്‍ എന്നിവരടങ്ങിയ പ്രസീഡിയവും സി പി മുരളി, സി രവീന്ദ്രന്‍, സി പി സന്തോഷ് കുമാര്‍, സി കൃഷ്ണന്‍, എം ഗോവി, പന്ന്യന്‍ ഭരതന്‍, എ ബാലകൃഷ്ണന്‍, എന്‍ ബാലന്‍, കെ പി കുഞ്ഞികൃഷ്ണന്‍, എ പ്രദീപന്‍, കെ വി ബാബു, യു ബാലന്‍ എന്നിവരടങ്ങിയ സ്റ്റിയറിങ്ങ് കമ്മിറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. സമ്മേളനം ഇന്ന് സമാപിക്കും.
 
janayugom 131211

1 comment:

  1. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന്റെ അറിവോടെ. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

    ReplyDelete