Monday, December 12, 2011

ബെല്ലാരി ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടി

ചില്ലറ വില്‍പനമേഖലയിലെ വിദേശ നിക്ഷേപത്തേയും മുല്ലപ്പെരിയാര്‍ അണക്കെട്ടിെന്‍റ സുരക്ഷിതത്വത്തേയും സംബന്ധിച്ച കോലാഹലങ്ങള്‍ക്കിടയില്‍ , ഏറെ ശ്രദ്ധിക്കപ്പെടാതെപോയ വാര്‍ത്തയാണ്, അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലെ ബല്ലാരി റൂറല്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം. മൂന്നുവര്‍ഷം മുമ്പ് വമ്പിച്ച ഭൂരിപക്ഷത്തോടെ ആ മണ്ഡലത്തില്‍നിന്ന് ജയിച്ച ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇത്തവണ ദയനീയമായി പരാജയപ്പെട്ട് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട്, ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കാകെ നാണക്കേട് വരുത്തിവെച്ച വാര്‍ത്ത ആ കോലാഹലത്തില്‍ തല്‍ക്കാലം മുങ്ങിപ്പോയെങ്കിലും അത് ബിജെപിക്കുണ്ടാക്കിയ അപമാനം കുറച്ചൊന്നുമല്ല. ബിജെപിയും അവരുടെ വൈതാളികരുംകൂടി ഏറെ പണിപ്പെട്ട് തെക്കേ ഇന്ത്യയില്‍ വിരിയിപ്പിച്ചെടുത്ത താമര, ഖനിയില്‍ നിന്നുയര്‍ന്ന കരിയും ചൂടും ഏറ്റ് കരിഞ്ഞുണങ്ങിപ്പോകുന്ന പ്രക്രിയയാണ് അതില്‍ പ്രകടമാകുന്നത്.

ഖനി മാഫിയാത്തലവന്മാരായ റെഡ്ഡി സഹോദരന്മാരുടെ അടുത്ത സുഹൃത്തായ ശ്രീരാമലു, ഖനന അഴിമതിയെക്കുറിച്ചുള്ള ലോകായുക്തയുടെ കുറ്റാരോപണത്തെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവെച്ചുണ്ടായ ഒഴിവിലേക്കാണ് വീണ്ടും തിരഞ്ഞെടുപ്പുണ്ടായത്. ബിജെപി നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന റെഡ്ഡി സഹോദരന്മാരുമായി ആലോചിച്ച് പുതിയ പാര്‍ടിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ശ്രീരാമലു, നേതൃത്വത്തെ വെട്ടിലാക്കിക്കൊണ്ടാണ് വീണ്ടും തന്റെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായത്. അദ്ദേഹത്തിെന്‍റ പണക്കൊഴുപ്പും മസില്‍പവറും കഴിച്ചാല്‍ പിന്നെ ബിജെപിക്ക് അവിടെ എത്രമാത്രം സ്വാധീനമുണ്ടെന്നതിന്റെ തെളിവാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുടെ ദയനീയമായ പരാജയം. ബിജെപിയിലെ ഉള്‍പ്പോരിനെപ്പോലും തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ ഗതികേടും ബെല്ലാരി തുറന്നു കാണിക്കുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളോടെതിര്‍ക്കാന്‍ തയ്യാറാവാതെ, അവര്‍ക്ക് ഗുണകരമാകുന്ന സമീപനം സ്വീകരിച്ച ജനതാദള്‍ എസിന്റെ നിലപാടും വിലയിരുത്തപ്പെടേണ്ടതാണ്. ബെല്ലാരിയില്‍ ശ്രീരാമലു വിജയിച്ചത് പണക്കൊഴുപ്പുകൊണ്ടാണെന്ന ബിജെപി ഔദ്യോഗിക നേതൃത്വത്തിന്റെ വ്യാഖ്യാനം അവരുടെ മുന്‍കാല തന്ത്രങ്ങളെത്തന്നെയാണ് തുറന്നുകാണിക്കുന്നത്. ബെല്ലാരി റൂറലിനോടൊപ്പം ഉപ തിരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിലെ ദക്ഷിണ കൊല്‍ക്കത്ത പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുബ്രതാ ബക്ഷിയാണ് ജയിച്ചത്.

മുഖ്യമന്ത്രിയായ മമതാബാനര്‍ജി ലോകസഭാംഗത്വം രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന ഈ മണ്ഡലം, രണ്ടു പതിറ്റാണ്ടിലേറെയായി മമതയുടെ മണ്ഡലമായിരുന്നു. അതിനാല്‍ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഐ (എം)നെ തോല്‍പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അവിടെ വിജയിച്ചതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ വലിയ അത്ഭുതമൊന്നും കാണുന്നില്ല. ഇതോടൊപ്പം ഹരിയാന സംസ്ഥാനത്തിലെ രണ്ട് അസംബ്ലി മണ്ഡലങ്ങളില്‍ നടന്ന ഉപ തിരഞ്ഞെുടപ്പില്‍ രതിയ സീറ്റില്‍ ഐഎന്‍എല്‍ഡി സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിച്ചുവെങ്കില്‍ ആദംപൂരില്‍ ഹരിയാന ജനഹിത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുമുന്നില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണുണ്ടായത്. മേല്‍പറഞ്ഞ നാല് ഉപ തിരഞ്ഞെടുപ്പുകളില്‍ എല്ലാംകൊണ്ടും ശ്രദ്ധേയമായത് കര്‍ണാടകത്തിലെ ഭരണകക്ഷിയായ ബിജെപിക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവെച്ചേക്കാവുന്ന, പ്രതിച്ഛായ ഏറെ തകര്‍ത്ത ബെല്ലാരി റൂറലിലെ നാണംകെട്ട തോല്‍വിതന്നെയാണ്.

നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക

1 comment:

  1. ബെല്ലാരിയില്‍ ശ്രീരാമലു വിജയിച്ചത് പണക്കൊഴുപ്പുകൊണ്ടാണെന്ന ബിജെപി ഔദ്യോഗിക നേതൃത്വത്തിന്റെ വ്യാഖ്യാനം അവരുടെ മുന്‍കാല തന്ത്രങ്ങളെത്തന്നെയാണ് തുറന്നുകാണിക്കുന്നത്.

    ReplyDelete