കിന്‍ഷാസ: മധ്യ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നവംബര്‍ 28ന് നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ജോസഫ് കബില തെരഞ്ഞെടുക്കപ്പെട്ടതായി തെരഞ്ഞെടുപ്പ് കമീഷന്‍ . എന്നാല്‍ , പ്രധാന എതിര്‍ സ്ഥാനാര്‍ഥി ഇത്തിയെന്‍ തിഷിസെക്കേദി സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരരംഗത്തുണ്ടായിരുന്ന മൂന്നാമന്‍ വിതാല്‍ കമേരെ തിഷിസെക്കേദിയെ പ്രസിഡന്റായി അംഗീകരിച്ചു.
വെള്ളിയാഴ്ച ഫലപ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനമായ കിന്‍ഷാസയിലും മധ്യ നഗരമായ കനാംഗയിലും വ്യാപകമായി അക്രമസംഭവങ്ങളുണ്ടായി. പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോംഗോയുടെ മുന്‍ കൊളോണിയല്‍ അധിപനായ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ പ്രവാസി കോംഗോക്കാരും അക്രമാസക്തരായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭൂരിപക്ഷം പേരും കബിലയുടെ ഭടന്മാരുടെ വെടിയേറ്റാണ് മരിച്ചതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നു.
വെള്ളിയാഴ്ച കിന്‍ഷാസയില്‍ പ്രതിഷേധക്കാര്‍ കാറുകള്‍ക്കും ടയറുകള്‍ക്കും തീയിട്ടതിനെത്തുടര്‍ന്ന് സേനാ സന്നാഹങ്ങള്‍ ശക്തമാക്കി. 20000 സൈനികരെ സേനാ താവളങ്ങളില്‍ സജ്ജരാക്കി. ശനിയാഴ്ച പുലര്‍ന്നപ്പോള്‍ സ്ഥിതി താരതമ്യേന ശാന്തമാണെന്നാണ് റിപ്പോര്‍ട്ട്. കബിലയ്ക്ക് 49 ശതമാനവും തിഷിസെക്കേദിക്ക് 32 ശതമാനവും വോട്ട് ലഭിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പറയുന്നത് എന്നാല്‍ , തനിക്ക് 54 ശതമാനം വോട്ട് ലഭിച്ചതായും കബിലയ്ക്ക് 26 ശതമാനം മാത്രമാണെന്നും തിഷിസെക്കേദി പറയുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ ക്രമക്കേടിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജിമാരുടെ അംഗസംഖ്യ ഏഴില്‍ നിന്ന് 27 ആക്കിയത് അതിന്റെ നിഷ്പക്ഷത സംബന്ധിച്ച് സംശയമുയര്‍ത്തിയിട്ടുണ്ട്.പ്രസിഡന്റായിരുന്ന പിതാവ് ലോറന്റ് കബില വെടിയേറ്റ് മരിച്ചതിനെത്തുടര്‍ന്ന് 2001 ജനുവരിയിലാണ് ജോസഫ് കബില ആദ്യമായി പ്രസിഡന്റായത്.
deshabhimani 111211
No comments:
Post a Comment